Current Date

Search
Close this search box.
Search
Close this search box.

അപരനാണ് പ്രധാനം

സ്വന്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്ത്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. 1990 കള്‍ക്ക് ശേഷം നവ ലിബറല്‍ ചിന്താഗതിയാണ് ലോകത്ത് പ്രചുര പ്രചാരം നേടികൊണ്ടിരിക്കുന്നത്. മിക്ക ആളുകളും അവരവരുടെ ചെറിയ ലോകത്തിലേക്ക് ചുരുങ്ങികൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ഭരണകൂടങ്ങളും ഇത്തരമൊരു സ്വാര്‍ത്ഥതയുടെ സമീപനം സ്വീകരിക്കുമ്പോള്‍ പൗരന്മാരും അതെ രൂപത്തില്‍ ചിന്തിക്കുക സ്വാഭാവികമാണ്. ലോക സമ്പത്തിന്‍റെ സിംഹഭാഗവും ഏതാനും ശതകോടീശ്വരന്മാരുകെ കൈകളില്‍ കുമിഞ്ഞ്കൂടുകയും ചെയ്യുന്നു.

ഇതിന്‍റെ ഫലമായി രൂപം കൊണ്ടിട്ടുളള സാമ്പത്തിക അസമത്വത്തിന്‍റെ അശ്വസ്ഥതയാണ് നാം എല്ലായിടത്തും കണ്ട്കൊണ്ടിരിക്കുന്നത്. അവനവനിലേക്ക് ചുരുങ്ങാനുള്ള സ്വാര്‍ത്ഥതയാണ് ഇതിന് പിന്നിലെ മന:ശ്ശാസ്ത്രം. അപരന്‍ എങ്ങനെ എങ്കിലൂം ജീവിച്ചുകൊള്ളട്ടെ. എന്‍റെ ജീവിതം സുഖവും സന്തോഷകരവുമാവണം എന്ന ചിന്തയാണ് പരക്കെ പ്രചരിച്ച്കൊണ്ടിരിക്കുന്നത്. ആഗോളമാന്ദ്യവും കൂടി പിടിമുറുക്കിയതോടെ എല്ലാവരും കൂടുതല്‍ സ്വന്തത്തിലേക്ക് ഉള്‍വലിയുകയാണ്.

Also read: ജഹൻ പനഹ്: ലോകത്തിൻറെ അഭയകേന്ദ്രമായി അറിയപ്പെട്ട ഡൽഹി നഗരം

സ്വന്തത്തിന് പ്രാധാന്യം കൊടുക്കുന്നതില്‍ നിന്ന് അപരന് പ്രധാന്യം കൊടുക്കുമ്പോഴാണ് മനുഷ്യന്‍ മൃഗീയാവസ്ഥയില്‍ നിന്നും മാനവിയതയിലേക്ക് ഉയരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യര്‍ക്കിടയില്‍ സ്വാധീനം നേടണം എന്ന് ആഗ്രഹിക്കുന്ന ഏതൊരു പ്രസ്ഥാനവും ഈയൊരു ധര്‍മ്മബോധം വളര്‍ത്തുന്നില്ലങ്കില്‍ ആ പ്രസ്ഥാനത്തിന്‍റെ, അത് എത്ര വലിയ വിപ്ലവകരമായ മുദ്രാവാക്യങ്ങള്‍ ഉദ്ഘോഷിച്ചാലും ശരി, ജനങ്ങള്‍ക്കിടയില്‍ വേരോട്ടം ലഭിക്കുകയില്ല.

രോഗം കാരണത്താല്‍ നിങ്ങള്‍ സ്വയം ചികില്‍സ തേടുന്നതും അപരന് രോഗം വരുമ്പോള്‍ നിങ്ങള്‍ അവരെ ചികില്‍സിക്കുന്നതും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ മറ്റുള്ളവരെ ചികില്‍സിക്കാന്‍ ആരംഭിക്കുന്നതോടെ നിങ്ങളുടെ രോഗം ഭേദമാവാന്‍ തുടങ്ങുന്നു. അത് നിങ്ങള്‍ക്ക് വലിയ സന്തോഷവും ആത്മനിര്‍വൃതിയും നല്‍കുന്നു. അത്തരമൊരു ജനസേവന പ്രവര്‍ത്തനത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പോസിറ്റിവ് എനര്‍ജി മറ്റൊരു ഔഷധത്തിലൂടെ ലഭിച്ചുകൊള്ളണമെന്നില്ല.

മറ്റൊരു ഉദാഹരണം കൂടി ശ്രദ്ധിക്കൂ. ഒരു കുട്ടി എപ്പോഴാണ് ഏറ്റവും നന്നായി പഠിക്കാന്‍ ആരംഭിക്കുന്നത്? ആ കുട്ടി തന്‍റെ കൂട്ടുകാരെ പഠിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ്. ഒരു കുടുംബത്തിലെ കുറേ കുട്ടികളില്‍ ഏറ്റവും നല്ല കുട്ടി ആരാണ്? ആ കുടുംബത്തില്‍ ഏറ്റവും കുടുതല്‍ സേവനം ചെയ്യുന്ന കുട്ടികളാണ്. അത്തരം കുട്ടികളെ കുടുംബാംഗങ്ങള്‍ക്കെല്ലാം ആവശ്യമായി വരും. മറ്റുള്ളവര്‍ക്ക് പ്രധാന്യം കൊടുക്കുന്നതിലൂടെ സ്വയം ഉന്നതിയിലത്തൊമെന്നത് പ്രപഞ്ചത്തിലെ അലംഘനീയമായ നിയമാമാണ്.

ദു:ഖം, വ്യഥ, എന്നിവയില്‍ നിന്ന് മുക്തമാവാന്‍ ആഗ്രഹിക്കുന്നവര്‍ എന്താണ് ചെയ്യേണ്ടത്? സംശയമില്ല, തന്‍റെ മുഖത്ത് പുഞ്ചിരിയുടെ പാലാഴിവട്ടം വിരിയിക്കുക എന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞു: മുഖത്തെ പുഞ്ചിരികൊണ്ട് തന്‍റെ സഹോദരനെ സമീപിക്കുന്നത് പുണ്യമാണ്. അതിലൂടെ പുഞ്ചിരിച്ച വ്യക്തിക്കും അപരനും സന്തോഷം കിട്ടുന്നു. അപരര്‍ക്ക് ഏറെ പ്രാധാന്യം കൊടുത്ത സമൂഹമായിരുന്നു പ്രവാചകന്‍റെ കാലത്തെ മദീനയിലെ അന്‍സാരി സമൂഹം.

Also read: ഹിജ്റയും വിശ്വാസത്തിന്റെ സ്ഥാനവും

മക്കയില്‍ നിന്ന് സര്‍വ്വതും ത്യജിച്ച് മദീനയിലത്തിയവരെ ഇരുകൈകള്‍ നീട്ടീ സ്വീകരിച്ചു. ആവശ്യമായതെല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി. അങ്ങനെ അപരനോട് ഉദാര സമീപനം സ്വീകരിച്ചവര്‍ ആരും ദരിദ്രരായിത്തീരാന്‍ ഇടയില്ല. അപരനെ സഹായിക്കുക എന്നത് ഇസ്ലാമിന്‍റ അടിസ്ഥാന കര്‍മ്മങ്ങളില്‍ ഒന്നാണ്. ഖുര്‍ആന്‍ പറയുന്നു: …പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്‍റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍. 59:9

Related Articles