Current Date

Search
Close this search box.
Search
Close this search box.

ഇണകള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുമ്പോള്‍

ആവര്‍ത്തനവിരസത ഒട്ടുമില്ലാത്ത രണ്ട് കാര്യങ്ങളാണ് ഭക്ഷണവും ദാമ്പത്യവും. എത്ര ആവര്‍ത്തിച്ച് പറഞ്ഞാലും മടുപ്പ് വരാത്ത വിഷയങ്ങള്‍. രണ്ടും പല നിലക്കും ബന്ധപ്പെട്ട വിഷയങ്ങള്‍. എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങളും. സന്തോഷത്തിനും ആനന്ദത്തിനും വേണ്ടിയാണ് ഭക്ഷണവും ദാമ്പത്യവും അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. വിവാഹം കുരിശ് ചുമക്കാനുള്ളതാണെന്ന് വന്നാല്‍ അതിന് ആരെങ്കിലും മുതിരുമോ? ജീവിതത്തെ അലോസരപ്പെടുത്തുന്ന ഭാരങ്ങള്‍ ലഘൂകരിക്കാനാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ സംഭവിക്കുന്നതാകട്ടെ പലപ്പോഴും നേര്‍ വിപരീതവും. സമൂഹത്തിലെ ഒരു ചെറിയൊരു വിഭാഗത്തിന്‍റെ ദാമ്പത്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നമ്മുടെ എല്ലാവരുടേയും ഉറക്കം കെടുത്തുന്നു.

ഭാര്യയില്‍ പുളകംകൊള്ളാന്‍ കഴിയാത്ത ഭര്‍ത്താവും ഭര്‍ത്താവില്‍ ആനന്ദം കണ്ടത്തൊന്‍ കഴിയാത്ത ഭാര്യമാരുമുണ്ട്. ദാമ്പത്യ ബന്ധം അല്ലാഹു നല്‍കിയ അനുഗ്രഹമാണ്. ചിലര്‍ക്കെങ്കിലും പ്രാപിക്കാന്‍ കഴിയാത്ത മധുരക്കനി. ദീനിന്‍റെ പകുതിയാണ് വിവാഹം കഴിക്കല്‍ എന്ന് പ്രവാചകന്‍ പറഞ്ഞു. ഭാര്യയായാലും ഭര്‍ത്താവായാലും ആ പകുതിയെ ഉപേക്ഷിക്കുകയൊ പാതിവഴിയിലാക്കുകയൊ ചെയ്യുന്നത് ദീനിനെ പകുതിയാക്കുന്നതിന് തുല്യമല്ലേ? അല്ലാഹുവിന്‍റെ കോപം ക്ഷണിച്ച്വരുത്തുന്നതിന്‍റെ അപകടം നമുക്കറിയാം. മാപ്പ് നല്‍കി മുന്നോട്ട് പോയാല്‍ അല്ലാഹുവും നമുക്ക് മാപ്പ് നല്‍കും.

അല്ലാഹുവിനെ സന്തോഷിപ്പിക്കാന്‍ എന്തെളുപ്പം. പൊറുത്ത് തരൂ ഉടയ തമ്പുരാനെ എന്ന് പറയുകയേ വേണ്ടു. മനസ്സിന്‍റെ വിശാലതയോടെ ഭര്‍ത്തവും ഭാര്യയും ഇങ്ങനെ പറയുന്നു എന്ന് വെക്കുക. ആ നിമിഷം അവര്‍ മണ്ണില്‍ നിന്ന് ഉയര്‍ന്ന് വിണ്ണിന്‍റെ വിഹായസ്സില്‍ പറക്കുന്ന പൂമ്പാറ്റകളായി. അപ്പോള്‍ മാലാഖമാരുടെ ചിറകുകള്‍ക്ക് ചുവടെയാണ് അവര്‍ പരിലസിക്കുന്നത്. ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കൊടി, താന്‍ വളര്‍ന്ന വീടും ഏറെ സ്നേഹിക്കുന്ന പരിസരവും ഉപേക്ഷിച്ച് അന്ന് വരെ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍റെ കൂടെ ഇറങ്ങി പോവുമ്പോള്‍ കരഞ്ഞ് പോവും. വീട്ട് മുറ്റത്തുള്ള ചെടികളും വല്ലരികളും മാത്രമല്ല വളര്‍ത്ത്പൂച്ച പോലും ആ കണ്ണീരിന്‍റെ ഗന്ധം അനുഭവിക്കും.

Also read: നല്ലൊരു വ്യക്തിത്വത്തിലേക്ക് മനസ്സിനെ പരുവപ്പെടുത്താം

ഭാര്യയും സന്ദര്‍ഭത്തിനനുസരിച്ച് ഉയരണം. ഭര്‍ത്താവിനെ കുറിച്ച് പരാതി വേണ്ട. ജോലി സ്ഥലത്ത് നിന്ന് അല്‍പം വൈകിയാല്‍ മുഖം കറുപ്പിക്കേണ്ട കാര്യമില്ല. പുഞ്ചിരയോടെ അയാളെ സ്വീകരിക്കുന്നത് പുണ്യമാണെന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചത്? വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പോവുന്നത് എവിടെയാണെന്ന് പറഞ്ഞില്ലന്ന് കരുതി കുറുമ്പിച്ച് നില്‍ക്കേണ്ടതുണ്ടൊ എന്ന് അവള്‍ ചിന്തിക്കണം. അയാള്‍ തൊഴിലിന് പോവാതെയിരുന്നാലുള്ള അവസ്ഥ എന്തായിരിക്കും? ജോലി സ്ഥലത്ത് സമ്മര്‍ദ്ദം കൂടുകയാവാം. ജീവിത ചെലവ് വര്‍ധിക്കുകയാണ്. സാഹചര്യം മാറി വരുന്നു. ഭാര്യയും ജോലി ചെയ്യേണ്ടി വരാം. മുല്യങ്ങള്‍ മാറിയിട്ടില്ല. പരസ്പര ബഹുമാനവും ആദരവും എപ്പോഴും ഉണ്ടാവണം. ഭാര്യക്ക് സ്വയം സമാശ്വാസം കണ്ടത്തൊനുള്ള അനേകം വഴികള്‍.

ശുഐബ് നബിയുടെ വീട്ടില്‍ എട്ട് വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് മകള്‍ സഫൂറയെ മൂസാ നബിക്ക് വിവാഹം കഴിച്ച് കൊടുക്കുന്നത്. നബി മൂസാ (അ) ക്ക് മഹര്‍ സ്വരൂപിക്കാനുള്ള കാലവിളംബം മാത്രമായിരുന്നൊ ഇത്? അതല്ല ശുഐബ് നബിക്ക് മകളെ ഏല്‍പിക്കാനുദ്ദേശിക്കുന്ന ചെറുപ്പക്കാരന്‍റെ മനസ്സ് വായിക്കാനുള്ള സമയ ദൈര്‍ഘ്യമൊ? ഏതായാലും കൊള്ളാം. ദാമ്പത്യ ജീവിതത്തില്‍ സ്വയം സംയമനം പാലിക്കുക. ഏത് സമയവും മരിക്കാം. നല്ല വാക്ക് പറയല്‍ ആരാധനയാണ്. നാവ് വൃത്തികേടാണെങ്കില്‍ നമസ്കരിച്ചിട്ട് കാര്യമില്ല. പ്രഭാത നമസ്കാര സമയത് രണ്ട് പേരും ഉറങ്ങിയാല്‍ എങ്ങനെ സന്തോഷം കിട്ടും? അല്ലാഹുവിനെ സന്തോഷിപ്പിക്കുക. അവന്‍ നമ്മേയും സന്തോഷിപ്പിക്കും.

മനഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവാചക വിവരണം കാണാം. പ്രശസ്ത ഈജ്പ്ഷ്യന്‍ പണ്ഡിതന്‍ അംറ് ഖാലിദ് തന്‍റെ “ഹൃദയത്തില്‍ നിന്നുളള വചനങ്ങള്‍” എന്ന കൃതിയില്‍ അത് ഇങ്ങനെ ഉദ്ധരിക്കുന്നു: ജീവിതാരംഭം തൊട്ടെ, ആദം സൃഷ്ടിക്കപ്പെട്ടത് മുതല്‍, പ്രണയവും ആരംഭംകുറിച്ചിട്ടുണ്ട്. ഹദീസില്‍ വിവരിച്ചത് പോലെ, ആദമിന് സ്വര്‍ഗ്ഗ പ്രവേശം ലഭിച്ചുവെങ്കിലും അദ്ദേഹത്തിന് ഒരുതരം ഏകാന്തത അനുഭവപ്പെട്ടു. താന്‍ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് അറിഞ്ഞിട്ടും. എന്തൊ ഒന്നിന്‍റെ കുറവ്.

തനിക്ക് ഹവ്വയെ വേണമെന്ന ശക്തമായ തോന്നല്‍. ഭാവനയില്‍ വിടര്‍ന്ന വാക്കുകളൊന്നുമല്ല ഇത്. റസൂലിന്‍റെ ഹദീസില്‍ ഉദ്ധരിക്കപ്പെട്ട കാര്യം. ആദം നിദ്രയിലായിരിക്കെ അല്ലാഹു അദ്ദേഹത്തിന്‍റെ വാരി എല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചു. അദ്ദേഹം ഉണര്‍ന്നപ്പോള്‍ ഹവ്വയെ പാര്‍ശ്വ ഭാഗത്ത് കണ്ടു. ആദം ചോദിച്ചു: നീ ആരാണ്?
അവള്‍ പറഞ്ഞു: ഞാന്‍ ഒരു സ്ത്രീ
ആദം: നിന്‍റെ പേര്?
അവള്‍: ഹവ്വ
ആദം: എന്തിനാണ് നീ സൃഷ്ടിക്കപ്പെട്ടത്?
അവള്‍: താങ്കള്‍ക്ക് എന്നില്‍ ഹൃദയശാന്തി നുകരാന്‍.

Also read: ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

ആദം ഹവ്വയില്‍ അഭയം പ്രാപിക്കേണ്ടത് സമാധനത്തിന്‍റെ പ്രതീകമെന്നാണ് ഹവ്വ പറഞ്ഞതിന്‍റെ പൊരുള്‍. ഹവ്വ ആദമിന്‍റെ അടിമയൊ സ്വകാര്യസ്വത്തൊ അല്ല. ലോകത്തുള്ള സകല ആദമിന്‍റെ പുത്രന്മാരേയും ഉണര്‍ത്തുന്ന കാര്യം ഹവ്വ ചാരത്തില്ലാതെ നിങ്ങള്‍ക്ക് സമാധനമില്ല എന്നാണ്. ഇതാണ് നമ്മുടെ ദീന്‍. ഇതാണ് നമ്മുടെ ഇസ്ലാം. പേജ്: 77

തലങ്ങൂം വിലങ്ങൂം കോര്‍ത്തിണക്കിയ സങ്കീര്‍ണ്ണമായ അനേകം ചങ്ങലകള്‍ പോലെയാണ് കുടുംബ ബന്ധങ്ങള്‍. ഈ ചങ്ങലകളിലൂടെ സ്നേഹ തരംഗമാണ് പ്രവഹിക്കുന്നതെങ്കില്‍ തലമുറകളോളം കുടുംബത്തില്‍ സ്നേഹം നിലനില്‍ക്കും. ചങ്ങലയുടെ ഏതൊ തുമ്പത്ത് വിദ്വേഷത്തിന്‍റെ, വെറുപ്പിന്‍റെ തരംഗമാണ് പ്രവഹിക്കുന്നതെങ്കില്‍ ജീവിതം അശ്വസ്ഥമാവും. സമാധാനം മരീചികയായി മാറും. ദാരിദ്ര്യം അതിശീഘ്രം കടന്ന് വരും.

താന്‍ ഇറങ്ങിവന്ന സ്വന്തം ഭവനത്തിലേക്ക് പോവാന്‍ ഭര്‍തൃ മാതാവിന്‍റേയും നാത്തൂന്‍റേയും സമ്മതം വേണം എന്ന് വെക്കുക. അവര്‍ അതിന് വീറ്റോ പ്രയോഗിച്ചാല്‍ എന്തായിരിക്കും ആ കുട്ടിയുടെ മാനസികാവസ്ഥ? ആര്‍ക്കും ആരേയം മാറ്റാന്‍ കഴിയില്ല. അവനവനല്ലാതെ. അതിനാല്‍ ഇന്ന് മുതല്‍ എന്‍റെ നേര്‍പാതിയെ സനേഹിക്കുമെന്ന് തീരുമാനിക്കുക. അവളുടെ സന്തോഷം എന്‍റെ സന്തോഷമാണെന്നും.

ശബ്ദം കുറച്ച് മയത്തില്‍ സംസാരിക്കാം. പ്രണയത്തിന് ശബ്ദം തന്നെ ആവശ്യമില്ല. മൗനം പല പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്. ഉഗ്രകോപിയായ ഭാര്യക്ക് മനസ്സിലാവുന്ന ഭാഷ ദീര്‍ഘമായ മൗനമാണ്. ആ മൗനത്തില്‍ അവള്‍ നിങ്ങളോട് മാപ്പിന് കേഴും. ഭാര്യയുമായുള്ള പിണക്കത്തിന് മൗനത്തിലൂടെയായിരുന്നു ഖലീഫ ഉമര്‍ പരിഹാരം കണ്ടിരുന്നത്. കഴുതയുടെ സംസാരമാണ് ഏറ്റവും വെറുക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നു. അറിയാതെ തെറ്റ് ചെയ്യുന്നവരെ തിരുത്താം. അറിഞ്ഞ്കൊണ്ട് തെറ്റ്ചെയ്യുന്നവരോട് കാലമാണ് പ്രതികാരം ചെയ്യുക. ഒരുപക്ഷെ അത് കൂടുതല്‍ രൗദ്ര സ്വഭാവമുള്ളതാവാം.

ഖുര്‍ആന്‍ പറയുന്നു: അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്. 30:21 ദാമ്പത്യ ജീവിതത്തിന്‍റെ മൂന്ന് അസ്ഥിവാരങ്ങള്‍ ഈ സൂക്തത്തില്‍ നിന്നു നിര്‍ദ്ധാരണം ചെയ്തെടുക്കാം. സമാധാനം, സ്നേഹം, കാരുണ്യം എന്നിവയാണത്. അതില്‍ കെട്ടിപ്പടുത്ത ദാമ്പത്യ വല്ലരിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയില്ല.

ഒരാള്‍ ജ്ഞാനിയോട് ചോദിച്ചൂ: എന്‍റെ മകളെ ഞാന്‍ ആര്‍ക്ക് വിവാഹം ചെയ്തു കൊടുക്കണം? അദ്ദേഹം പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് വിവാഹം ചെയ്ത് കൊടുത്തോളൂ. വരന്‍ അവളെ സ്നേഹിച്ചാല്‍ അവരുടെ ദാമ്പത്യ ജീവിതം പുഷ്കലമാവും. ഏതെങ്കിലും കാരണത്താല്‍ വധുവിനോട് പിണക്കം തോന്നിയാല്‍, അയാള്‍ സൗമ്യതയോടെ പെരുമാറും. വരന്‍ അവളെ അക്രമിക്കുമെന്ന ഭയം വേണ്ട. കാരണം അയാള്‍ ഒരു സത്യവിശ്വാസിയണ്.

Related Articles