Current Date

Search
Close this search box.
Search
Close this search box.

വിജയം നേടാൻ മുറുകെ പിടിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇഹപര വിജയം ആഗ്രഹിക്കുന്നവർ എപ്പോഴും മുറുകെ പിടിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുകയാണ് ഈ കുറിപ്പിൻറെ ലക്ഷ്യം. അവ മുറുകെ പിടിച്ചാൽ നമുക്ക് ഇഹ പരലോകത്ത് വിജയിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. അതിൽ പ്രഥമഗണനീയം വിജ്ഞാനം ആർജ്ജിക്കലാണ്. അറിവ് ശക്തിയും ആനന്ദവുമാണ്. ഇമാം ശാഫി പറഞ്ഞു: നീ ഇഹത്തിൽ വിജയിക്കണമെങ്കിൽ, അറിവ് നേടുക. പരലോകത്ത് വജയിക്കാനും അറിവ് തന്നെയാണ് വഴി. ഇരുലോകത്ത് വിജയിക്കണമെങ്കിൽ, അറിവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

അറിവുള്ളവർക്കാണ് ലോകത്ത് മേൽകോയ്മ നേടാൻ സാധിക്കുക എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇസ്റായേൽ. ഇസ്റായേൽ രാജ്യം സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ അവർ അവിടെ വൈജ്ഞാനിക അടിത്തറ പാകുന്നതിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് ലഭിച്ച കണക്കനുസരിച്ച്, ഇസ്റായേൽ 1912 ൽ ഹൈഫയിൽ Al Takhnyon Technical Institute സ്ഥാപിച്ചു. 1918 ൽ അൽ ഖുദുസിൽ ഹീബ്രൂ യൂനിവേർസിറ്റിയും 1946 Weismann Research Institute ഉം, 1948 Military Research Unit ഉം 1948 ൽ Microbiology Institute സ്ഥാപിച്ചു. ഇന്ന് അതിൻറെ എത്രയോ ഇരട്ടി സ്ഥാപനങ്ങൾ അവിടെ പ്രവർത്തിക്കുന്നുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

ഒരു രാജ്യത്തിൻറെ വിസ്തൃതി, ജനസംഖ്യ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നിവ പ്രസ്തുത രാജ്യത്തിൻറെ ശക്തിയെ പ്രതിബിംബിക്കുന്ന ഘടകങ്ങളാണ്. ഇത് മൂന്നു വിഭവങ്ങളുമില്ലാത്ത രാജ്യമാണ് ഇസ്റായീൽ. എന്നിട്ടും അവർ വികസനത്തിൻറെ അടിസ്ഥാനമായി ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും ആശ്രയിച്ചതിനാൽ, ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് അവർ ഒഴിച്ചുകൂടാൻ കഴിയാത്ത ജനതയായി. അവരിൽ ഓരോ 10,000 പേരിലും ചുരുങ്ങിയത് 45 പേർ ഉന്നത ശാസ്ത്രജ്ഞന്മാരാണ്. മൊത്തം മനുഷ്യ വിഭവത്തിൻറെ 33 ശതമാനം ജനങ്ങൾ ഗവേഷണത്തിലൂം സാങ്കേതിക വിദ്യയുടെ വികസനത്തിലും മുഴുകിയിരിക്കുന്നു.

അറിവ് വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിരന്തരമായ പ്രാർത്ഥനയാണ്. രണ്ടാമത്തെ മാർഗ്ഗം അധ്യാപനവൃത്തിയിൽ ഏർപ്പെടുക എന്നതും മൂന്നാമത്തെ മാർഗ്ഗം ഗ്രന്ഥരചനയിൽ ഏർപ്പെടുക എന്നതുമാണ്. വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൻറെ അവസ്ഥ എന്താണ്? സമൂഹത്തിലെ വളരെ ചെറിയ വിഭാഗത്തിന് മാത്രം ഗുണം ചെയ്യുന്ന, ഒരു കെ റയിൽ പദ്ധതിക്ക് ബദലായി പത്ത് മെഡിക്കൽ യൂനിവേർസിറ്റികളെങ്കിലും സ്ഥാപിച്ചിരുന്നെങ്കിൽ, എല്ലാവരും അതിനെ സ്വാഗതം ചെയ്യുകയും, ലോക ജനതയുടെ ആരോഗ്യത്തിനായി കേരളത്തിലെ മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താനും സാധിച്ചേനെ.

പ്രവർത്തനങ്ങൾ
വിജയം നേടാൻ മുറുകെ പിടിക്കേണ്ട രണ്ടാമത്തെ കാര്യം പ്രവർത്തനനിരതരാവുക എന്നതാണ്. പ്രവർത്തനമില്ലാത്ത വിജ്ഞാനം കേവലം മസ്തിഷ്ക വ്യായാമം മാത്രമാണ്. വൈജ്ഞാനികതയിൽ ഊന്നിയ പ്രവർത്തനങ്ങൾ മാത്രമെ വിജയത്തിലേക്ക് എത്തിക്കുകയുള്ളൂ. വ്യക്തിയായാലും സമൂഹമായാലും രാഷ്ട്രമായാലും പ്രവർത്തനങ്ങളില്ലാതെ വിജയിച്ച ചരിത്രമില്ല. ഇന്ന് കാണുന്ന വികസിത രാജ്യങ്ങൾ പുരോഗതിയുടെ ഉത്തുംഗതയിലത്തെിയത് ആസൂത്രിതമായ പ്രവർത്തനങ്ങൾകൊണ്ടാണ്. പൂർവ്വ കാല മുസ്ലിംങ്ങൾ ഉന്നതിയിലത്തെിയിരുന്നതും അതേ കാരണം കൊണ്ടാണ്. ഇന്ന് അവർ പിന്നോക്കം നിൽക്കുന്നത് പ്രവർത്തനത്തിൽ പിന്നോക്കം നിൽക്കുന്നത് കൊണ്ടാണ്.

പ്രയോജനപ്രദമായ പ്രവർത്തനങ്ങളിലൂടെയാണ് അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുക എന്ന് നമുക്കറിയാം. ഖുർആൻ പറയുന്നു: പറയുക: നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവൻറെ ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കർമങ്ങൾ കാണും. അവസാനം അകവും പുറവും അറിയുന്നവൻറെ അടുത്തേക്ക് നിങ്ങൾ ചെന്നത്തെും. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ വിവരമറിയിക്കും.9:105 ശരീരം നിഷ്ക്രിയമാവുന്നതിന് മുമ്പ് നല്ലതിനായി പ്രവർത്തിക്കുക.

കൂടുതൽ പ്രസംഗിക്കുകയും കുറച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ജനതയായിമാറുന്നതിന് പകരം അതിന് നേരെ വിപരീതമാവുമ്പോഴാണ് പുരോഗതി കൈവരിക്കാൻ കഴിയുക. കുട്ടികളെ പഠിപ്പിക്കുവാൻ സ്കൂൾ വേണം എന്ന് ഘോരംഘോരം പ്രസംഗിച്ചത്കൊണ്ട് പ്രയോജനമുണ്ടാവില്ല എന്ന് പറയുന്നില്ലെങ്കിലും, സ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് പുരോഗതിയിലേക്ക് നയിക്കുക എന്ന കാര്യത്തിൽ സംശയമില്ല. ഖുർആൻ പറയുന്നു: പിന്നെ അവർക്കുശേഷം നിങ്ങളെ നാം ഭൂമിയിൽ പ്രതിനിധികളാക്കി. നിങ്ങളെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കിക്കാണാൻ.10:14

ദഅ് വത്
നെറ്റ് വർക്കിലൂടെയുള്ള കൂട്ടായ പ്രവർത്തനമാണ് എല്ലാ വിജയങ്ങളുടേയും നിദാനം. മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും ചെറുപ്രാണികൾ പോലും ടീം സ്പിരിറ്റോടെ, സംഘടിതമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. അതിനുള്ള ബോധവൽകരണത്തിൻറെ പേരാണ് ദഅ് വത് അഥവാ പ്രവർത്തനങ്ങളിലേക്ക് ആളുകളെ അടുപ്പിക്കാനുള്ള ക്ഷണമാണത്. അവരെ അതിലേക്ക് യുക്തിപൂർവ്വം ക്ഷണിക്കുകയും പങ്കാളികളാക്കുകയും ചെയ്യുക.

ക്ഷമ
മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ ചെയ്യുവാൻ അസാമാന്യമായ ക്ഷമ അനിവാര്യമാണ്. കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ക്ഷമയും സഹനവും കൂടാതെ കഴിയുകയില്ല. ഭൗതികലോകത്ത് അനിവാര്യവും ഇസ്ലാമിക ശരീഅത്തിൽ നിർബന്ധവുമായ കാര്യമാണ് ക്ഷമ. ക്ഷമ രോഗചികിൽസക്ക് മരുന്നും പരീക്ഷിക്കപ്പെടുന്നവർക്കും പ്രബോധകർക്കും കുടുംബാങ്ങൾക്കും തൊഴിലിലേർപ്പെടുന്നതിനുമുള്ള പഥേയവുമാണ്. ക്ഷമ കൂടാതെ ഒരു കാര്യത്തിലും വിജയിക്കുക സാധ്യമല്ല.

തഖ് വ
ഇസ്ലാം നിശ്ചയിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മൂല്യമാണ് തഖ് വ. മുകളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ നമ്മെ ആന്തരികമായി പ്രചോദിപ്പിക്കേണ്ട മൂല്യമാണ് തഖ് വ. മുകളിൽ സൂചിപ്പിച്ച നാല് കാര്യങ്ങൾ ചെയ്യുന്നത് അല്ലാഹുവിൻറെ പ്രീതി ആർജ്ജിക്കാനാണെന്നും അതിൽ വീഴ്ചവരുത്തുന്നത് അവൻറെ ശിക്ഷക്ക് വിധേയനാവുമെന്ന ബോധമാണ് തഖ് വ. അല്ലാഹു കൽപിച്ചതും നിരോധിച്ചതുമായ എല്ലാ കാര്യങ്ങളും ജീവിതത്തിൽ മുറുകെ പിടിക്കലാണ് അത്.

Related Articles