Current Date

Search
Close this search box.
Search
Close this search box.

ശാഹീനാവുക; ശവംതീനി പക്ഷി ആവാതിരിക്കുക

ഇഖ്ബാലിയൻ കവിതകളിൽ പ്രതീകങ്ങളുടെ രൂപമെടുത്ത ബിംബവത്കരണങ്ങളിൽ ശാഹീൻ എന്ന ആശയത്തിന് വേറിട്ട സ്ഥാനമുണ്ട്.

تو شاہیں ہے، پرواز ہے کام تیرا
ترے سامنے آسماں اور بھی ہیں
(തൂ ശാഹീൻ ഹെ , പർവാസ് ഹെ കാം തേരാ
തെരേ സാംനേ ആസ്മാ ഓർ ഭീ ഹേം)
നീ രാജാളി പക്ഷിയാണ് ; പറക്കലാവണം നിന്റെ ധർമം …
നിന്റെ മുമ്പിൽ എത്രയോ ആകാശങ്ങളുണ്ട്.

സൗദിയടക്കമുള്ള രാഷ്ട്രങ്ങളുടെ ദേശീയ പക്ഷിയായ ‘ഫാല്‍ക്കണ്‍’ എന്ന പ്രാപിടിയന്‍ വർഗത്തിൽ പെട്ട പക്ഷിയാണ് ശാഹീൻ. അറബികളുടെ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളതും പക്ഷികളിലെ രാജാവായി അറിയപ്പെടുന്നതുമാണ് ശാഹീൻ. പൗരാണിക കാലം മുതലെ അറബികള്‍ ഇവയെ ഇണക്കി വളര്‍ത്താനും സംരക്ഷിക്കാനും ശ്രദ്ധിച്ചു പോരുന്നു . ഇവയെ ഉപയോഗിച്ച് വേട്ടയാടാനും സംരക്ഷിക്കാനും പരിശീലനം നൽകാനും അറബികളില്‍ ചിലര്‍ ഇന്നും പതിനായിരക്കണക്കിന് റിയാല്‍ ചെലവിടുന്നു. പ്രാപിടിയന്‍, വ്യോമ ചക്രവര്‍ത്തി,രാജാളി പക്ഷി, ആകാശത്തിലെ വേട്ടനായ എന്നീ പേരുകളിലും ഇവ വിശേഷിപ്പിക്കപ്പെടുന്നു. ചീറ്റപ്പുലിയെക്കാള്‍ വേഗത്തില്‍ സഞ്ചാരം നടത്താന്‍ ശാഹീനുകള്‍ക്ക് കഴിയും.

മേലോട്ട് ലക്ഷ്യത്തിലേക്ക് മാത്രം നോക്കി പറക്കുന്ന ശാഹീനുകളുടെ വിപരീത ബുദ്ധിയുള്ള വർഗം പക്ഷികളാണ് കിർഗിസ് എന്ന ശവംതീനി പക്ഷികൾ. എപ്പോഴും എവിടെയും ശവം മാത്രം അന്വേഷിച്ചു നടക്കുന്ന ഗിർജിസുകളല്ല അനുക്രമം ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ശാഹീനുകളാവണം എന്നതാണ് ഇഖ്ബാലിയൻ ദാർശനികത.

الفاظ و معانی میں تفاوت نہیں لیکن
مُلّا کی اذاں اور، مجاہد کی اذاں اور
پرواز ہے دونوں کی اسی ایک فضا میں
کرگس کا جہاں اور ہے، شاہیں کا جہاں اور

(അൽഫാസോ മആനീ മേ തഫാവുത് നഹീ ലേകിൻ
മുല്ലാ കി അസാൻ ഓർ മുജാഹിദ് കി അസാൻ ഓർ
പർവാസ് ഹെ ദോനോം കി ഇസീ ഏക് ഫിസാ മേം
കിർഗിസ് കാ ജഹാ ഓർ ശാഹീൻ കാ ജഹാ ഓർ )

[വാക്കുകളിലും അർത്ഥത്തിലും വ്യത്യാസമില്ല
മുല്ലയുടെ ബാങ്ക് വേറെ, മുജാഹിദിന്റെ ബാങ്ക് മറ്റൊന്ന്
രണ്ടിന്റെയും പറക്കൽ ഒരേ അന്തരീക്ഷത്തിലാണ് , പക്ഷേ ശവംതീനി പക്ഷിയുടെ ലോകമല്ല ശാഹീനിന്റേത് ]

മണിക്കൂറില്‍ 350 കിലോമീറ്റര്‍വരെ കുത്തനെ പറക്കാന്‍ കഴിയുന്ന ഇവകള്‍ ഇരകളെ അതിവേഗം കൈപിടിയിലൊതുക്കും. മാംസഭുക്കായ ഇവയുടെ ഇരകള്‍ പക്ഷികളും ഉരഗങ്ങളും മറ്റു സസ്തനികളുമാണ്. ഇവയുടെ ആവാസ വ്യവസ്ഥയും അവയെ സംരക്ഷിക്കേണ്ട വിധവും സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങളും അവക്ക് വേണ്ടിവരുന്ന മരുന്നും വേട്ടയാടാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളും പ്രത്യേകമാണ് .

വിവിധതരം ഫാല്‍ക്കണുകളെ ചികിത്സിക്കാന്‍ ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക ആശുപത്രികള്‍ തന്നെ ഉണ്ട്. ഇതില്‍ ഏറ്റവും പ്രസിദ്ധമായ ഹോസ്പിറ്റലാണ് റിയാദിലെ ഫഹദുബ്നു സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍റര്‍.

തല കഴുത്തിന് ചുറ്റും പൂര്‍ണമായും തിരിക്കാന്‍ കഴിയുമെന്ന അപൂര്‍വതയും ശാഹീനിനുണ്ട്. ശത്രുവോ ഇരയോ എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ എത്ര അകലെ നിന്നും സാധിക്കും എന്നതാണ് കഴുത്തിന്റെ ആ ഇലാസ്തികതയുടെ മെച്ചം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇഖ്ബാലിന്റെ ആദ്യ കവിത “ഹിമാല” പ്രസിദ്ധീകരിക്കപ്പെട്ടത്. അതിനു ശേഷം അഞ്ചാറു വർഷത്തോളം അദ്ദേഹത്തിന്റെ ദേശസ്നേഹത്തിന്റെയും നല്ല അഭിരുചിയുടെയും ഇണങ്ങിച്ചേരുന്ന സ്വഭാവത്തിന്റെയും പ്രതിഫലനമായ കവിതകളായിരുന്നു തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കവിതകളിൽ ദേശീയതയുടെ ചിഹ്നങ്ങളും ബിംബങ്ങളുമെല്ലാം ഉരുവം കൊണ്ടത് ഇക്കാലയളവിലാണ്. പിന്നീടദ്ദേഹം യൂറോപ്പിലേക്ക് യാത്ര ചെയ്യുകയും കേംബ്രിഡ്ജിലും ഹൈഡൽബർഗിലും (ജർമ്മനി) കുറച്ചുകാലം താമസിക്കുകയും ചെയ്തു. ആ സമയത്ത് സാർവ്വദേശീയതയുടെയും ഇസ്ലാമിക നവജാഗരണത്തിന്റെയും രൂപകങ്ങളായി ഇഖ്ബാലിയൻ സങ്കേതങ്ങൾ.

ജർമ്മനിയിൽ താമസിച്ച ഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായ ബൗദ്ധിക സ്വാധീനങ്ങളിൽ, നീഷേയുടെ ചൈതന്യത്തിന്റെ തത്വശാസ്ത്രം പ്രത്യേകം ശ്രദ്ധേയമാണ്. പ്രത്യയശാസ്ത്ര വൃത്തങ്ങൾക്ക് പുറത്ത് കടന്ന് അന്തരീക്ഷം പ്രക്ഷുബ്ധമാക്കുന്നതായിരുന്നു നിഷേ ചിന്തകൾ . കൈസർ വില്യമിന്റെ നേതൃത്വത്തിൽ ലോകം കീഴടക്കാനുള്ള ഒരുക്കത്തിലായിരുന്നു നിഷേ ഫാനുകൾ. ജർമ്മൻ ജീവിതവും ദർശനവും കാഴ്ചപ്പാടും അവിടെ നിന്നും ലഭിച്ച ആത്മജ്ഞാനവും ഇഖ്ബാലിന്റെ ചിന്താ സമ്പ്രദായത്തിൽ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സ്വാധീനത്തിന്റെ അടയാളപ്പെടുത്തലാണ് ഇഖ്ബാൽ കവിതകളിലെ ബിംബവത്കരണങ്ങൾ . ഇഖ്ബാലിന്റെ കവിതകളിൽ ശാഹീന്റെ മറ്റൊരു പ്രയോഗമായ ശഹ്ബാസ് നാം കാണുന്നത് അദ്ദേഹത്തിന്റെ ആദ്യകാല കവിതയായ “മർഗെ ഹവ” എന്ന ഒന്നാം ലോക യുദ്ധകാലത്ത് രചിക്കപ്പെട്ട വരികളിലാണ്. യൂറോപ്പിലായിരിക്കുമ്പോഴാണ് ഏറ്റവും സജീവമായ രാഷ്ട്ര സങ്കൽപ്പം അദ്ദേഹത്തിൽ ഉരുവം കൊണ്ടത്.

ശക്തി, വേഗത, ദീർഘവീക്ഷണം, ഉന്നതിയിലുള്ള പറക്കൽ എന്നിവയുടെ രൂപകമായാണ് ബാലെ ജിബ്രീലിൽ ആദ്യമായി ശാഹീനെ യുവജനങ്ങൾക്ക് ജീവിതത്തിന്റെ ഏറ്റവും മികച്ച മാതൃകയായി അവതരിപ്പിച്ചത്.

ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കവിതകളിൽ മിന്നാമിനുങ്ങ് (ജുഗ്നൂ ), ഈയാംപാറ്റ (പർവാനാ ), മയിൽ (ത്വാവൂസ്, മോർ ), വാനമ്പാടി (ബുൽബുൽ), പ്രാവ് (കബൂതർ ), മാൻ (ഹിരൺ) എന്നീ പ്രതീകങ്ങളെ നിർലോഭം ഉദ്ധരിച്ചിട്ടുണ്ട്. എന്നാലവയിൽ
പരുന്ത്, ശാഹീൻ എന്നിവക്ക് പ്രത്യേക പരിഗണനയും ആദരവും നല്കി കാണുന്നു. ഇഖ്ബാലിന്റെ യുവാക്കളെ കുറിച്ച അവബോധവും പ്രതീക്ഷയുമാണ് നിസ്സാര ഉപമകളേക്കാൾ ശക്തമായ രൂപകങ്ങൾക്ക് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

ഉദാഹരണത്തിന് :
کر بلبل و طاوس کی تقلید سے توبہ
بلبل فقط آواز ہے، طاوس فقط رنگ
( കർ ബുൽബുലോ ത്വാവൂസ് കീ തഖ്ലീദ് സേ തോബാ
ബുൽബുൽ ഫഖത് ആവാസ് ഹെ , ത്വാവൂസ് ഫഖത് രംഗ് )
ബുൽബുലിനെയും മയിലിനെയും അനുകരിക്കുന്നതിൽ തൗബ ചെയ്യൂ ..
ബുൽബുൽ ശബ്ദം മാത്രം, മയിലോ വെറും നിറം …

ഇഖ്ബാലിയ്യാതിലെ ശാഹീന്റെ ഉപമ കേവലം കാവ്യാത്മകമായ ഉപമയല്ല; ആത്മാഭിമാനത്തിന്റെ എല്ലാ സവിശേഷതകളും ശാഹീനുണ്ട് . പട്ടിണിയാണെങ്കിലും മറ്റൊരാളുടെ കൈകൊണ്ട് കൊല്ലപ്പെട്ട ഇരയെ തിന്നുകയില്ല. എവിടെയും കൂടുണ്ടാക്കില്ല , ഉയരത്തിൽ പറക്കുന്നു , ഏകാന്തനാണ്, മൂർച്ചയുള്ള കണ്ണുണ്ട് , ശത്രുവിനെ നിഷ്പ്രയാസം വിരട്ടി ഓടിക്കുവാനുള്ള ആത്മ വിശ്വാസവും ശക്തിയും ഊർജ്ജവും കഠിനാദ്ധ്വാനവും ശാഹീന്റെ മാത്രം മുഖമുദ്രയാണ്.

സ്വയം ആദരവും (Self esteem) സ്വാതന്ത്ര്യവുമാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ഗുണം . അതുകൊണ്ടാണ് മറ്റുള്ളവരുടെ ദയയാൽ കിട്ടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി അവൻ മുന്നോട്ട് വരാത്തത് . ആ ഗുണം ശാഹീനിലാണ് ഏറ്റവും കൂടുതൽ പ്രകടം . അഭിമാന ബോധമുള്ള ജീവിയാണ് ശാഹീൻ . തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ശാഹീൻ വഴിയിൽ കണ്ടുമുട്ടുന്ന ശവങ്ങളെ പരിഗണിക്കാത്തതും അതുകൊണ്ട് തന്നെ. കിർഗിസിൽ നിന്നും ശാഹീനെ വ്യതിരിക്തത നല്കുന്ന പ്രധാന ഗുണവും അതു തന്നെ.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles