Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുൽ അഖ്സയിലെ മുറാബിത്വാത് എന്ന സ്ത്രീ ചെറുത്തുനിൽപ്പുകാർ

മസ്ജിദുൽ അഖ്‍സയെന്ന വിശുദ്ധ ഭവനത്തിന് വേണ്ടി ബലിയർപ്പിക്കാൻ ഒരു വലിയ കാലഘട്ടവും വിലയേറിയ പരിശ്രമവും ആത്മാവും നൽകിയ പുരുഷ യോദ്ധാക്കളുടെ ചരിത്രം നമുക്കെല്ലാം പരിചയമായിരിക്കും. എന്നാൽ സിയോണിസ്റ്റുകൾക്കെതിരെ പോരാടുന്ന മുറാബിത്വാത് എന്ന വനിതാ പ്രസ്ഥാനത്തിന്റെ പങ്ക് അപൂർവമായി മാത്രമേ പലർക്കും അറിയൂ. അഖ്സ മസ്ജദിനെ സംരക്ഷിച്ചു കൊണ്ടാണ് അവർ അവരുടെ ചെറുത്ത് നിൽപ്പ് ഇസ്രായേലിനെതിരെ പ്രകടമാക്കുന്നത്.

അധിനിവേശ കാലത്തുടനീളം, ഖുദ്‍സിലുള്ള ഫലസ്തീനികൾ സയണിസ്റ്റുകളുടെ അക്രമണത്തിനെതിരെ ചെറുത്തുനിൽപ്പായി നിലയുറപ്പിച്ചിട്ടുണ്ട്. അനുഗ്രഹീതമായ അഖ്‍സ പള്ളിയുടെ മുറ്റത്തേക്കുള്ള നുഴഞ്ഞുകയറ്റത്തിലൂടെ ഖുദ്‍സിനെ താൽക്കാലികമായും സ്ഥലപരമായും ക്രമേണ വിഭജിക്കാനുള്ള സയണിസ്റ്റ് അസ്തിത്വത്തിന്റെ ശക്തമായ സംഘടിത ശ്രമങ്ങൾക്കിടയിൽ ജൂത സുലൈമാനിയ്യ ടെമ്പിൾ സ്ഥാപനം എന്ന ​ഗൂഡലക്ഷ്യവും അവർക്കുണ്ട്. അഖ്‌സ മസ്‍ജിദിന്റെ കവാടത്തിൽ നിലയുറപ്പിച്ച അധിനിവേശ സേന അഖ്സയിൽ പ്രവേശിക്കുന്നവരുടെ പ്രായവും സവിശേഷതകളും മതവും നിർണ്ണയിച്ചതിന് ശേഷം പല ഫലസ്തീനികളെയും അറസ്റ്റ് ചെയ്യുന്നത് ഇന്നും തുടരുകയാണ്. യഥാർത്ഥത്തിൽ ഇസ്രയേലിന്റെ ലക്ഷ്യം അനുഗ്രഹീതമായ അഖ്‍സ പള്ളിയെ യഹൂദവത്കരിക്കുക എന്നതാണ്.

കൂട്ടമായി വരുന്ന മുസ്ലിം യുവാക്കളെ അഖ്‌സയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണ്. പ്രായമായവർക്കും സ്ത്രീകൾക്കും മാത്രമേ കുറച്ചു കാലമായി അധിനിവേശ സൈന്യം പള്ളിയിൽ പ്രവേശനം അനുവദിക്കുന്നൊള്ളൂ. അഖ്‌സയെ ശൂന്യമാക്കാനുള്ള ശ്രമങ്ങളാണിത്. 2010-ൽ അനീതിയെ തടയാനും അധിനിവേശ പദ്ധതിയെ പരാജയപ്പെടുത്താനും വ്യവസ്ഥാപിതവും സംഘടിതവുമായ ഒരു പ്രസ്ഥാനം ആരംഭിക്കാൻ ഖുദ്‍സിലെ ഫലസ്തീനി സ്ത്രീകൾ തീരുമാനിച്ചു. അങ്ങനെയാണ് മുറാബിത്വാത് എന്നറിയപ്പെട്ട എന്ന ഒരു സ്ത്രീ സംഘം രൂപപ്പെടുന്നത്.

അനുഗ്രഹീതമായ അഖ്‌സ മസ്‍ജിദിനടുത്ത് താമസിക്കുകയും അവിടെ തുടരുകയും പള്ളി ഒഴിഞ്ഞുകിടക്കാതിരിക്കാൻ പള്ളി പരിസരം വിട്ടുപോകാതിരിക്കുകയും ചെയ്യുക എന്നതാണ് റിബാത് കാെണ്ട് അർത്ഥമാക്കുന്നത്. അവരുടെ ദൈനംദിന ജോലികളും സാധാരണ കർമങ്ങളുമടക്കം നിർവഹിക്കുന്നതും പള്ളിയെ ചുറ്റി പറ്റിയായിരിക്കും. യോ​​ഗ്യരായ സത്രീകളെയായിരുന്നു മുറാബിത്വാതിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഫലസ്തീനികളും അധിനിവേശ സൈനികരും തമ്മിൽ ​സംഘട്ടനമുണ്ടാവുന്ന അവസരത്തിൽ അഖ്‍സയിൽ അല്ലാഹു അക്ബർ എന്ന് വിളിച്ചു കൊണ്ട് മുറാബിത്വാത് സ്ത്രീകൾ നിറയും. ഫലസ്തീനി സ്ത്രീകളുടെ തക്ബീറിന് മുമ്പിൽ വിറച്ച് സൈന്യം പിൻവാങ്ങലാണ് പതിവ്. നിലയുറപ്പിച്ച സ്ത്രീകളുടെ എണ്ണം വർദ്ധിച്ച ശേഷം അവർ അഖ്‍സയിൽ പ്രവേശിക്കുന്നതിനും ഒളിക്കുന്നതിനും സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെ നേരിടുന്നതിനും ധാരാളം മാർ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2016-ലെ മുറാബിത്വാത്തുകളുടെ സ്ഥിതിവിവരക്കണക്കുകൾ അധിനിവേശ സൈന്യത്തെ ആശങ്കയിലാക്കിയിരുന്നു. ഈ വനിതാ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിൽ മറ്റൊന്ന് അഖ്‌സ മസ്ജിദിനെ പരിചയപ്പെടുത്തുകയും ഡോക്യുമെന്റ് ചെയ്യുകയും ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹങ്ങൾക്ക് അതിന്റെ വാർത്തകൾ എത്തിക്കുകയും ചെയ്യുക എന്നതാണ്. അഖ്‌സയുടെ ശബ്ദവും അതിനെ അപമാനിക്കുന്നവർക്കെതിരായ അക്രമാസക്തമായ കരവുമാണ് മുറാബിത്വാത്. അവർ എന്നും അഖ്‌സ ഘടനയുടെ അവിഭാജ്യ ഘടകമാണ്.

ടെലിവിഷനിലും സോഷ്യൽ വെബ്സൈറ്റുകളിലും തെരുവുകളിലും ഇടവഴികളിലും അവർ അഖ്‌സയിലെ പ്രശ്‌നങ്ങലെ കുറിച്ച് സംസാരിക്കുന്നു. അവരെ പിന്തുടരുന്നതിലൂടെ മുസ്ലിം ലോകം അഖ്‍സയെ കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരായിട്ടുണ്ടാകണം. അഖ്‍സയിലെ പ്രശ്നത്തെക്കുറിച്ചും പള്ളിക്ക് എന്താണ് സംഭവിക്കുന്നതെന്നും അറിയാത്ത മുസ്ലിംകൾ അവിടുത്തെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും അറിഞ്ഞു കൊണ്ടേയിരിക്കുന്നത് അവരിലൂടെയാണ്. അഖ്‍സയിൽ നിന്നുള്ള ബാങ്കുകൾ കേൾക്കുന്നത് പോലെ ഏറ്റുമുട്ടലുകളും അറസ്റ്റുകളും നിത്യമായി അഖ്‍സ മസ്ജിദിൽ നടക്കുന്നു എന്നത് ലോകത്തിന്റെ മുമ്പിൽ കൊണ്ടു വന്നത് ഈ സ്ത്രീ സംഘമാണ്. അഖ്‍സക്ക് മുമ്പിൽ മുറാബിത്വാത് ഭക്ഷണമൊരുക്കുന്നത് അധിനിവേശ സൈന്യത്തെ രോഷകുലരാക്കുമായിരുന്നു. ഈ അവസരത്തിലാണ് ഫലസ്തീനികളുടെ ഇഷ്ട ഭക്ഷണമായ മഖ്‌ലൂബയും മഹ്‌ഷിയും സൈന്യം അഖ്‍സയുടെ അങ്കണത്തിൽ നിരോധിച്ചത്.

മുറാബിത്വാത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം സ്ത്രീകളും പ്രവർത്തിക്കുന്നുണ്ട്. മൊറോക്കൊകാരിയായ നാൽപതിയാറുകാരി ഫാത്തിമ നൈമിനെ സംബന്ധിച്ചിടത്തോളം കുട്ടികളോടും കുടുംബത്തോടുമുള്ള അതേ ശ്രദ്ധ മുറാബിത്വാത്തിലും അവർ ചെലുത്തുന്നു. റിബാത് എന്ന ആശയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അൽ-ഖൻസ അൽ-മുഹാസിരി പറയുന്നത് അധിനിവേശ സേന അഖ്‍സ മസ്ജിദിലെ മുറാബിത്വാത്തീങ്ങളിൽ പെട്ട അധ്യാപിക ഹനാദി അൽവാനിയെ ആക്രമിച്ചതിന് ശേഷമാണ് ഈ ആശയം ആരംഭിച്ചതെന്നാണ്. സൈന്യം ഹൽവാനിയെ അറസ്റ്റ് ചെയ്യുകയും അവളുടെ ഹിജാബ് നീക്കം ചെയ്യുകയും ചെയ്തു. അങ്ങനെ ഒരു കൂട്ടം പെൺകുട്ടികൾ ഒരുമിച്ച് ‘എനിക്ക് എന്റെ ഹിജാബ് തിരികെ തരൂ’ എന്ന തലക്കെട്ടിൽ ഒരു വിഷ്വൽ വർക്ക് തയ്യാറാക്കി. ഇത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഈ ശ്രമം താമസിയാതെ അധിനിവിഷ്ട ന​ഗരങ്ങളിലെ സ്ത്രീ​കളെ ഒരു ടീമായി മാറ്റുകയും ലോകമെമ്പാടുമുള്ള വനിതാ പ്രവർത്തകർക്ക് മുറാബിത്വാത്തിൽ ചേരാനുള്ള വഴി തുറക്കുകയും ചെയ്തു.

വീടിനെയും ഭർത്താവിനെയും പരിപാലിക്കുക, കുട്ടികളെ വളർത്തുക, ഭക്ഷണം, ശാരീരിക ക്ഷമത എന്നിവ കൈകാര്യം ചെയ്യുന്ന മുറാബിത്വാത്തിലെ സ്ത്രീകൾ അവരുടെ വീടുകളേക്കാളുപരിയായി തങ്ങളുടെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭവനമായ വിശുദ്ധ ഭവനത്തെയാണ് കാണുന്നത്. അവരുടെ കഥകളും ദൃഢമായ രീതികളും പരിശ്രമവും വളരെ വലുതാണ്. അവരുടെ പോരാട്ടം അല്ലാഹുവിന്റെ വഴിയിലാണ്. അഖ്‌സ അവരുടെ ഹൃദയങ്ങളെ അറിയുന്നു. കാരണം അവർ അഖ്‍സയുടെ പുത്രിമാരാണ്. അഖ്‍സയുടെ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അഖ്‍സ അവരെക്കുറിച്ച് “ഇവർ എന്റെ പെൺമക്കളാണ്” എന്ന് പറയാതിരിക്കില്ല. മുറാബിത്വാതായിട്ടുള്ള ഹനാദി ഹല്വാനി, ഖദീജ ഖ്വായിസ്, ഐദ അൽ-സിദാവി, സമാഹ് മഹ്മീദ് തുടങ്ങി നിരവധി സ്ത്രീകൾ അവരുടെ ജീവിതം അഖ്‍സക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. അഖ്‍സയുടെ ചുറ്റും ജീവിക്കുന്ന ഓരോ മുറാബിത്വാതി സ്ത്രീയുടെയും പ്രയത്നവും സമയവും സമ്പത്തും ജീവിതവും അഖ്‍സക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്.

 

കടപ്പാട്: അൽ-ജസീറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles