Current Date

Search
Close this search box.
Search
Close this search box.

മനസ്സ് പാകമാവാത്തതെന്ത് ?

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവമാണ്. സ്ഥിരമായി വെള്ളിയാഴ്ച നേരത്തെ പള്ളിയിൽ പോകും. കഴിഞ്ഞ ആഴ്ച ചില ഒഴിച്ച് കൂടാനാകാത്ത കാരണങ്ങളാൽ കുറച്ചു താമസിച്ചു. ഞങ്ങളുടേത് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. കച്ചവടക്കാർ അധികവും മുസ്ലിംകൾ തന്നെയാണ്. കൊറോണക്ക് മുമ്പ് പതിനൊന്നു മണിക്ക് തന്നെ കടകൾ അടച്ചിരിക്കും. കൊറോണ വന്നപ്പോൾ പള്ളികളിലെ കൂട്ട നമസ്കാരങ്ങൾ നിർത്തലാക്കി. കൊറോണയുടെ വിലക്ക് നീങ്ങിയിട്ടും ആളുകൾ ജുമുഅക്ക് വരികയോ കച്ചവടം നിർത്തുകയോ ചെയ്യുന്നില്ല. ഈ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ചില കച്ചവടക്കാരോട് സംസാരിച്ചു…..”

കൊറോണ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു എന്നുവേണം പറയാൻ. ആളുകൾ ഒഴിഞ്ഞു പോയ പള്ളികൾ ഇപ്പോഴും പകുതി പോലും സജീവമായിട്ടില്ല. ഇസ്ലാമിൽ പുരുഷന്മാർക്ക് നമസ്കാരം എന്ന് പറഞ്ഞാൽ അത് സമയാസമയങ്ങളിൽ അടുത്തുള്ള പള്ളിയിലാണ് നിർവ്വഹിക്കേണ്ടത്. കാരണമില്ലാതെ ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കൽ ഇസ്ലാമിൽ തെറ്റാണ്. പ്രശസ്ത സഹാബി ഇബ്നു മസ്ഊദു (റ) ഒരിക്കൽ ഇങ്ങിനെ പറഞ്ഞു “ യഥാർത്ഥ മുസ്ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ സമീപിക്കുവാൻ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കിൽ ബാങ്ക്‌ വിളിക്കുന്ന സ്ഥലത്തുവെച്ച്‌ അവൻപതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന്‌ സാന്മാർഗ പന്ഥാവ് അല്ലാഹുകാണിച്ചുകൊടുത്തിരിക്കുന്നു. ഇവ (നമസ്ക്കാരങ്ങൾ) ആ സാന്മാർഗ്ഗ പന്ഥാവിൽ പെട്ടതാകുന്നു.നിശ്ചയം, ജമാഅത്തിൽ പങ്കെടുക്കാത്ത ഇവൻ തന്റെ വീട്ടിൽ വെച്ച്‌ ഒറ്റക്ക്‌ നമസ്കരിക്കും പോലെനിങ്ങളും സ്വന്തം ഭവനങ്ങളിൽ വെച്ച്‌ നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാൽ നിശ്ചയം, നിങ്ങൾ വഴിപിഴച്ചവരായിത്തീരും. നിശ്ചയം അറിയപ്പെടുന്ന മുനഫിഖല്ലാതെ മറ്റാരും കാരണം കൂടാതെ ജമാഅത്ത് നമസ്കാരം ഒഴിവാക്കിയിരുന്നില്ല . ചില ആളുകൾരണ്ടാളുകളുടെ (ചുമലിൽ) നയിക്കപ്പെട്ട്‌ കൊണ്ട്‌ വന്ന്‌ നമസ്കാരത്തിന്റെ സഫിൽനിർത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം).

യുദ്ധ സമയങ്ങളിൽപോലും ജമാഅത്തു നമസ്കാരം ഒഴിവാക്കാൻ അനുവാദമില്ല. ഭയം രോഗം പോലുള്ള കാരണം കൊണ്ടല്ലാതെ ജമാഅത്തു നമസ്കാരം ഉപേക്ഷിക്കുന്നവന് നമസ്കാരം തന്നെയില്ല എന്നാണ് പ്രവാചക വചനം. നമസ്കാരം ഒരു ആരാധന എന്നതിനപ്പുറം ഇസ്ലാമിന്റെ അടയാളം കൂടിയാണ്. ഒരാൾ മുസ്ലിമാകുന്നു എന്നതിന്റെ ബാഹ്യമായ അടയാളമായി നമസ്കാരത്തെ മനസ്സിലാക്കപ്പെടുന്നു . മറ്റൊന്ന് വിശ്വാസിയെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം കൂടിയാണ് നമസ്കാരം. നമസ്കാരം നിലനിർത്തുക എന്നത് കൊണ്ട് ഉദ്ദേശം കേവലം നമസ്കരിക്കുക എന്നതല്ല അതിന്റെ പൂർണതയോടെ നിലനിർത്തുക എന്നതാണ് . അതിന്റെ ശ്രേണികളിൽ മുഖ്യമാണ് ജമാഅത്തു നമസ്കാരങ്ങൾ . മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ആ രീതിയിൽ നമസ്കാരം മനസ്സിലാക്കപ്പെട്ടിട്ടില്ല. നമസ്ക്കരിക്കുന്നതൽ അധികവും അത് നിർവഹിക്കുന്നത് വീടുകളിൽ വെച്ചാണ്‌.

പക്ഷെ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ജമാഅതതായി മാത്രമേ നടക്കൂ. അതിൽ പങ്കു ചേരുക എന്നത് ഇസ്ലാം നിർബന്ധമാക്കി. പ്രവാചകന്റെ ഹിജ് റക്ക് മുമ്പ് തന്നെ ജുമുഅ നിർബന്ധമാക്കിയിട്ടുണ്ട് എന്നും അഭിപ്രായമുണ്ട്. മക്കയിൽ അത്തരം ഒരു നമസ്കാരം നടത്താൻ കഴിയാത്ത കാരണം അത് നീണ്ടു പോയി. പ്രവാചകൻ മദീനയിൽ വരുന്നതിനു മുമ്പ് തന്നെ മദീനക്കാർ ജുമുഅ നിർവഹിച്ചിരുന്നു എന്നും വായിക്കാം, പ്രവാചകൻ മദീനയിൽ എത്തിയ ആദ്യ വെള്ളിയാഴ്ച തന്നെ ജുമുഅ ആരംഭിച്ചു. ആളുകൾ ജുമുഅയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്ന സമയത്താണ് സൂറ ജുമുഅയിലെ ജുമുഅ നമസ്കാരത്തെ കുറിച്ച വചനം അവതീർണമായത് എന്ന് പറയപ്പെടുന്നു. ജുമുഅ ദിവസം ബാങ്കിന് ശേഷം നടത്തപ്പെടുന്ന എല്ലാ വ്യവഹാരങ്ങളും ഇസ്ലാം നിരോധിച്ചു . “ നിഷിദ്ധം “ എന്നാണ് അതിനെ കുറിച്ച് പണ്ഡിതർ പറയുന്നത്. കാരണമില്ലാതെ തുടർച്ചയായി മൂന്ന് ജുമുഅ നഷ്ടപ്പെടുത്തുന്നവന്റെ ഹൃദയം അള്ളാഹു അടച്ചു കളയുമെന്നൊക്കെ ഹദീസുകളിൽ കാണാം.

കൊറോണ കാലത്ത് എല്ലായിടവും അടച്ചപ്പോൾ ആരാധനാലയങ്ങളും അടച്ചു. കുട്ടികളും അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവരും പുറത്തിറങ്ങരുത് എന്ന സർക്കാർ ഉത്തരവ് നിലവിൽ വന്നു. വളരെ തെറ്റായ രീതിയിലാണ്‌ ജനം ഈ കൽപ്പനയെ മനസ്സിലാക്കിയത്. ആളുകൾ പള്ളിയല്ലാത്ത എല്ലായിടത്തും സജീവമായി. ജുമുഅ ഇല്ലാത്തതിനാൽ കടകൾ അടക്കുക. മറ്റു ജോലികളിൽ നിന്നും മാറി നിൽക്കുക എന്നത് അനിവാര്യതയല്ലാതായി. ജുമുഅ ജമാഅത്തുകൾ നിർബന്ധ കാര്യങ്ങളാണ്. ചില സാഹചര്യങ്ങളിൽ അതിൽ ഇളവു വന്നു. സന്ദർഭം അവസാനിച്ചാൽ ഇളവുകൾ ഇല്ലാതാവും. നിർബന്ധം തിരിച്ചു വരും. കൊറോണ പൂർണമായും മാറിയില്ലെങ്കിലും ജനത്തിന് അതിനെ കുറിച്ച ആശങ്ക മാറിയിരിക്കുന്നു. പഴയത് പോലെ നമ്മുടെ പൊതു ഇടങ്ങൾ സജീവമായി. പക്ഷെ ഇസ്ലാമിന്റെ കാര്യത്തിൽ പലർക്കും ഇപ്പോഴും കൊറോണ തന്നെയാണ് . ജുമുഅ ജമാഅത്തുകൾ അവർക്കിപ്പോഴും നിർബന്ധമില്ല എന്നവർ സ്വയം കരുതുന്നു. അവർ പഴയ ജാഹിലിയ്യത്തിൽ തുടർന്ന് പോകുന്നു. കച്ചവടം അനുവദനീയമാണ്. പക്ഷെ അനുവദനീയമല്ലാത്ത സമയത്തെ കച്ചവടം കൊണ്ട് നിഷിദ്ധത കൂടി നല്ല മുതലിലേക്ക് ചേർക്കുന്നത് നല്ല കാര്യമായി കരുതാൻ കഴിയില്ല.

നമസ്കാരം ഉപേക്ഷിക്കുന്നവരേ മതത്തെ തകർക്കുന്നവർ എന്ന ഗണത്തിലാണ്‌ ഇസ്ലാം ഉൾപ്പെടുത്തിയത്. മാറിയ കാലത്ത് ആളുകളെ പള്ളികളിലേക്ക്‌ തിരിച്ചു കൊണ്ട് വരിക എന്ന വമ്പിച്ച ദൌത്യം കൂടി മുസ്ലിം നേതൃത്വങ്ങൾ ചെയ്യേണ്ടി വരുന്നു. മഹല്ലുകൾ കേന്ദ്രീകരിച്ചു അത്തരം പ്രവർത്തങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു. സിനിമ തിയ്യറ്റർ തുറന്നപ്പോൾ പെട്ടെന്ന് തന്നെ ആളുകൾ തിരിച്ചു വന്നു. മറ്റുള്ളിടത്തും സമാന സാഹചര്യമാണ് . പക്ഷെ പള്ളിയിലേക്കും ജുമുഅയിലേക്കും പഴയതു പോലെ കടന്നു വരാൻ മാത്രം പലരുടെയും മനസ്സുകൾ ഇപ്പോഴും പാകമായിട്ടില്ല .

Related Articles