Current Date

Search
Close this search box.
Search
Close this search box.

ഏക സിവിൽ കോഡും സി.പി.എമ്മും മോരും മുതിരയും പോലെയാണ്, എന്നിട്ടും..

ഏക സിവിൽ കോഡ് വിഷയം ബി.ജെ.പിയും കേന്ദ്ര സർക്കാറും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിവെക്കുന്ന ഏറ്റവും മൂർച്ചയേറിയ ആയുധമാണെന്നതിൽ തർക്കമില്ല. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണമികവും രാജ്യപുരോഗതിയും ചുണ്ടിക്കാട്ടി വോട്ട് ചോദിക്കാനുള്ള ആത്മവിശ്വാസം ബി.ജെ.പിക്ക് ഇക്കാലമത്രയും ഉണ്ടായിട്ടില്ല എന്നത് എല്ലാവർക്കുമറിയാവുന്നതാണ്. അപ്പോൾപിന്നെ ധ്രുവീകരണ അജണ്ടകൾ പുറത്തെടുത്ത് അവ പരമാവധി ആളിക്കത്തിക്കുകയും അതുവഴി ഒരുവിഭാഗത്തിന്റെ വോട്ടുറപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ എക്കാലത്തെയും കുടിലതന്ത്രം. ഇത് ബി.ജെ.പിയുടെയും കേന്ദ്രത്തിന്റെയും കഥ!

പക്ഷേ, ഇവിടെ കേരളത്തിൽ സി.പി.എമ്മിന്റെ കഥ ഇതിലും രസകരമാണ്. കേരളം ഭരിക്കുന്ന പിണറായിയും സി.പി.എമ്മും ഏക സിവിൽ കോഡ് വീണുകിട്ടിയ ആയുധമായി ഉപയോഗിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കേരളം എന്ന O വട്ടത്തിൽ മാത്രം ഒതുങ്ങിയ സി.പി.എം അടുത്തൊരു തെരഞ്ഞെടുപ്പോടെ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് ഏറ്റവുമധികം തിരിച്ചറിയുന്നത് സി.പി.എം തന്നെയാണ്. അങ്ങനെയിരിക്കെ തങ്ങൾക്ക് രക്ഷപ്പെടാൻ ബി.ജെ.പി സർക്കാർ തന്നെ വെച്ചുനീട്ടിയ പിടിവള്ളിയായി UCCയെ അവർ കാണുന്നു. അപ്പോൾപിന്നെ അത് ഉപയോഗിക്കാൻ തന്നെയാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

ഒരുകാലത്ത് ഇസ്‌ലാമിക ശരീഅത്തിനെതിര ആഞ്ഞടിച്ച, ഇപ്പോഴും ആഞ്ഞും അല്ലാതെയും അടിച്ചുകൊണ്ടിരിക്കുന്ന സി.പിഎം എന്നും ഏക സിവിൽ കോഡിന് അനുകൂലമായിരുന്നു. സവർണ്ണ വരേണ്യതയുടെ എല്ലാ അട്ടിപ്പേറും ചുമന്നുനടക്കുന്ന സി.പി.എമ്മിനെ സംസന്ധിച്ചിടത്തോളം UCC ഒരുകാലത്തും എതിർക്കപ്പെടേണ്ട അപരാധമായി കണക്കാക്കിയിട്ടില്ല. കാരണം ഏക സിവിൽ കോഡെന്ന പേരിൽ ഇവിടെ നടപ്പിലാക്കുക സവർണ്ണ സിവിൽ കോഡായിരിക്കുമെന്നത് തർക്കമറ്റതാണല്ലോ. അതുകൊണ്ട് തന്നെ ബി.ജെ.പി കഴിഞ്ഞാൽ ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നവർ സി.പി.എമ്മുകാർ തന്നെയാണ്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ അതിലേറ്റവുമധികം സന്തോഷിക്കുന്നവരിൽ മുൻനിരയിലുണ്ടാകുക സി.പി.എമ്മുകാരായിരിക്കും. എന്നിട്ടുമിപ്പോൾ പൊടുന്നനെ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിനെതിരെ ഇവന്മാർ രംഗത്തവരുന്നത് എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം.
കേന്ദ്രത്തിൽ ബിജെപി ഏക സിവിൽ കോഡ് മുസ്‌ലിമേതര വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ മുസ്‌ലിം വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനാണ് സിപിഎം ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം. ഇക്കാര്യത്തിൽ ഇരുകൂട്ടരും വോട്ട്ബാങ്കിൽ കണ്ണുംനട്ട്, കാപട്യത്തിന്റെ തേരിലേറി നടത്തുന്ന കുടിലതയാണെന്നതിൽ യോജിക്കുന്നു.

യഥാർഥത്തിൽ UCC ഒരു മുസ്‌ലിം പ്രശ്നമേയല്ല. ധാരാളം വൈവിധ്യങ്ങളുള്ള ഇന്ത്യയുടെ പ്രകൃതത്തിനേൽപ്പിക്കുന്ന കനത്ത പ്രഹരമാണിത്. എന്നിട്ടും കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ സി.പി.എമ്മും ഇതൊരു മുസ്‌ലിം ഇഷ്യൂ മാത്രമാക്കി ചുരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ പിറകേ കൂടിയ ബി.ജെ.പിയെ നമുക്ക് മനസ്സിലാക്കാം. എന്താണ് അവരുടെ അജണ്ടയെന്നതും വ്യക്തമാണ്. എന്നാൽ ഇക്കാലമത്രയും ഏക സിവിൽ കോഡിനനുകൂലമായി മാത്രം ശബ്ദിക്കുകയും ശരീഅത്തിനെതിരെ ഗർജ്ജിക്കുകയും ചെയ്തുകൊണ്ടിരുന്ന സി.പി.എമ്മിന് പൊടുന്നനെ മുസ്‌ലിം പ്രേമം പിടികൂടിയത് എന്തുകൊണ്ടായിരിക്കും. ഇതൊരു മുസ്‌ലിം പ്രശ്നമായി ഇപ്പോൾ മാത്രം ഉയർത്തിക്കൊണ്ട് വരാൻ ഇവർ ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വളരെ എളുപ്പമാണ്. അധികം പഴക്കമില്ലാത്ത സി.എ.എ, എൻ.ആർ.സി സമരകാലത്തെ സി.പി.എമ്മിന്റെയും പിണറായി സർക്കാറിന്റെയും “മധുരമനോഹര” സ്മരണകൾ മറക്കാൻ കാലമായിട്ടില്ലല്ലോ. മുസ്‌ലിം കർതൃത്വം സ്വയമണിഞ്ഞും മുസ്‌ലിം ഐഡന്റിറ്റിയിൽ നടന്ന സമരങ്ങളത്രയും തീവ്രവാദ മുദ്ര ചാർത്തി അടിച്ചമർത്തിയും നടത്തിയ സി.പി.എം പിണറായി തേർവാഴ്ചയുടെ ദുരന്തം ഇന്നും അനുഭവിക്കുന്ന ധാരാളം പേർ ഇവിടെയുണ്ട്. സമരകാലത്ത് മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കുന്ന മുദ്രാവാക്യം മുഴക്കിയ കൊടുംകുറ്റവാളികൾക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത പിണറായി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടകളടച്ച കച്ചവടക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചാർത്തി കേസെടുത്തു. സമരവുമായി ബന്ധപ്പെട്ട് ഇന്നും 600-ലധികം കേസുകളാണ് നിലനിൽക്കുന്നത്. ഞങ്ങളാണ്, ഞങ്ങൾ മാത്രമാണ് മുസ്‌ലിംകളോട് കൂറുള്ളവർ എന്ന് സ്ഥാപിക്കാൻ വേണ്ടി നടത്തുന്ന രാഷ്ട്രീയ ആഭാസങ്ങൾ മാത്രമാണ് സി.പി.എമ്മിന്റെ മുസ്‌ലിം പ്രേമമെന്ന് നന്നായി തെളിയിച്ച സുപ്രധാന സമരമായിരുന്നു സി.എ.എ, എൻ.ആർ.സി സമരം. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ധാരാളം ജനവിഭാഗങ്ങളെ ബാധിക്കുന്ന ഏകീകൃത വ്യക്തിനിയമം എന്ന അത്യധികം ഗൗരവമേറിയ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കുന്നതിന് പകരം, കേവലം മുസ്‌ലിം പ്രശ്നമായി മാത്രം ചിത്രീകരിച്ച് കോഴിക്കോട്ടങ്ങാടിയിൽ സെമിനാർ നടത്തി സി.പി.എമ്മുകാർ നാടകം കിളിക്കുന്നത്.

സി.പി.എമ്മിന് ഇക്കാര്യത്തിൽ തരിമ്പെങ്കിലും ആത്മാർഥതയുണ്ടങ്കിൽ, കഴിഞ്ഞകാലങ്ങളിൽ സ്വീകരിച്ച നിലപാടുകളിൽ അണുകിട ക്ഷമാപണ മനസ്സുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഒറ്റക്കാര്യമാണ്. ഡൽഹിയെ പ്രകമ്പനം കൊള്ളിക്കുന്ന പടുകൂറ്റൻ പ്രകടനമൊന്നും നിങ്ങൾ നടത്തണമെന്ന് ഞങ്ങൾ പറയുന്നില്ല. അതിനുള്ള കെൽപ്പൊന്നും നിങ്ങൾക്കില്ലെന്ന് ഞങ്ങൾക്ക് നന്നായറിയുകയും ചെയ്യാം. അതുകൊണ്ട് നിങ്ങൾചെയ്യേണ്ടത് ഇത്രമാത്രം. ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ഏതെങ്കിലുമൊരു മൂലയിൽ കൊണ്ടുപോയി (ദൽഹിയിലെ എ.കെ.ജി ഭവനത്തിലുള്ള സ്റ്റാഫുകളെ മാത്രം ഉപയോഗിച്ചാലും മതി) നാല്‌ പ്ലക്കാഡും പിടിച്ച് ഏക സിവിൽ കോഡ് വിരുദ്ധ സമരത്തന്റെ ഉത്ഘാടനം കുറിക്കുക. പിന്നീട് കേരളത്തിന്റെ തലസ്ഥാന നഗരിയെ ഇളക്കിമറിക്കുന്ന പടുകൂറ്റൻ UCC വിരുദ്ധ സമരകാഹളമുയർത്തുക. കേരളത്തിലെ പാർട്ടി മെഷിണറിയും സർക്കാർ സംവിധാനവും ഉപയോഗിച്ച് ഇക്കാര്യം ഒരു ദേശീയ ഇഷ്യുവായി ഉയർത്തിക്കൊണ്ട് വരിക. അതല്ലാതെ കേരളത്തിന്റെ മുസ്‌ലിം ആസ്ഥാന കേന്ദ്രമായറിയപ്പെടുന്ന കോഴിക്കോട് സെമിനാർ നടത്തുകയല്ല വേണ്ടത്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles