Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്തവ വിശ്വാസികളോട് വിനയപൂർവ്വം

‘മുസ്ലിംകൾ ഇതര മതാനുയായികളെ നശിപ്പിക്കണമെന്ന് വിശ്വസിക്കുന്നവരാണ്. അതിനവരെ പ്രേരിപ്പിക്കുന്നത് അവരുടെ വേദഗ്രന്ഥമാണ്. പ്രണയം, മയക്ക് മരുന്ന് പോലുള്ളവയെല്ലാം അതിനായുപയോഗിക്കുന്നു.’അടുത്ത കാലത്തായി ക്രൈസ്തവ മതമേധാവികളിലൊരു വിഭാഗം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണമാണിത്. നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ വിപാടനത്തിനുമായി നടത്തുന്ന അധ്വാന പരിശ്രമങ്ങൾക്ക് ഖുർആൻ ഫ്രയോഗിച്ച ജിഹാദ് എന്ന മഹത്തായ സാങ്കേതിക പദത്തെ ഈ ദുഷ്പ്രചരണത്തിനായി വളരെ തെറ്റായി ഉദ്ധരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു.

അതിനാൽ ചില അനിഷേധ്യ സത്യങ്ങൾ കള്ളം പറയാനും പ്രചരിപ്പിക്കാനും പാടില്ലെന്ന് അംഗീകരിക്കുന്ന സത്യസന്ധരായ കൈസ്തവ വിശ്വാസികളുടെ സജീവ ശ്രദ്ധക്കായി സമർപ്പിക്കുന്നു.

ഖുർആനും പ്രവാചക ചര്യയും പിന്തുടരുന്നതിൽ അല്പം പോലും വീഴ്ച വരുത്താതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് മുസ്ലിംകൾ. ക്രൈസ്തവ പുരോഹിതന്മാർ പ്രചരിപ്പിക്കുന്നതാണ് വസ്തുതയെങ്കിൽ നീണ്ട പതിനാല് നൂറ്റാണ്ട് കാലം മുസ്ലിംകൾ ഭരിച്ച മുസ്ലിം നാടുകളിൽ മറ്റു മതക്കാരാരും ഉണ്ടാകുമായിരുന്നില്ല.മുസ്ലിം സ്പെയിനിൽ സംഭവിച്ചപോലെ. കുരിശ് സേന അവിടം അധീനപ്പെടുത്തി അരനൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും ഒരൊറ്റ മുസ്ലിമുമില്ലാത്ത വിധം എല്ലാവരെയും കൊന്നൊടുക്കുകയോ നാടുകടത്തുകയോ നിർബന്ധിച്ച് മതംമാറ്റുകയോ ആണല്ലോ ചെയ്തത്.

എന്നാൽ 14 നൂറ്റാണ്ടിലേറെക്കാലം മുസ്ലിംകൾ ഭരിച്ച ഈജിപ്തിൽ 10 ശതമാനം ക്രിസ്ത്യാനികളുണ്ട്. അഞ്ഞൂറിലേറെ ചർച്ചകളുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന ബുത്വുറസ് ഗാലി ഈജിപ്തിലെ ക്രൈസ്തവ രാഷ്ട്രീയ നേതാവാണ്. മുസ്ലിം ഭരണത്തിന് കീഴിൽ പതിനാല് നൂറ്റാണ്ട് പിന്നിട്ട ശേഷവും ഇറാഖിൽ അഞ്ചു ലക്ഷം ക്രിസ്ത്യാനികളുണ്ട്. അത് ജനസംഖ്യയുടെ എട്ട് ശതമാനമാണ്. സദ്ദാം ഹുസൈൻറെ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന താരിഖ് അസീസ് ക്രൈസ്തവ സഹോദരനാണ്. യാക്കോബായ സഭയുടെ ആസ്ഥാനം ഇപ്പോഴും ഇറാഖാണ്.കേരളത്തിൽ നിന്ന് പോലും അവിടെ സന്ദർശനത്തിനെത്തുന്ന മതാദ്ധ്യക്ഷന്മാർ സർക്കാർ അതിഥികളായി പരിഗണിക്കപ്പെടുകയും സ്വീകരിക്കപ്പടുകയും ചെയ്യുന്നു.

സിറിയയിൽ 10 ശതമാനവും ലെബനോനിൽ 36 ശതമാനത്തിലേറെയും ക്രൈസ്തവ മതാനുയായികളാണ്. ഇറാനിൽ അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയിൽ ക്രിസ്ത്യാനികളുണ്ട്. 600 ചർച്ചകളും.

ലോകത്തിലെ നാല് ജൂത ചാരിറ്റബിൾ ആശുപത്രികളിലൊന്ന് ഇറാനിലാണുള്ളത്.

പ്രവാചകൻറെ കാലത്തിനു ശേഷം നാല് നൂറ്റാണ്ട് പിന്നിടുമ്പോൾ ഈ നാടുകളിലെ മുസ്ലിം ജനസംഖ്യ 50 ശതമാനത്തിൽ താഴെയായിരുന്നു. പിന്നീട് അവിടെ മുസ്ലിംകൾ വർദ്ധിച്ചതെങ്ങനെയെന്ന് തോമസ് അർനാൾഡ് ചരിത്ര രേഖകളുദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും മറ്റു നാടുകളിലും മുസ്ലിംകളുടെ എണ്ണം വർദ്ധിക്കുന്നതു പോലെത്തന്നെ മറ്റു ജനവിഭാഗങ്ങൾ ഇസ്ലാം സ്വീകരിച്ചതിലൂടെയാണ് അതുണ്ടായത്.

800 വർഷത്തെ മുസ്ലിം ഭരണത്തിനു ശേഷം 1707 മാർച്ച് മൂന്നിന് ഇന്ത്യയിലെ അവസാനത്തെ മുസ്ലിം ഭരണാധികാരി മരിക്കുമ്പോൾ ഇവിടത്തെ മുസ്ലിം ജനസംഖ്യ ഒരു ശതമാനം മാത്രമായിരുന്നുവെന്ന് എഫ്.ബർണിയൻ Travels in Mugal Empire എന്ന കൃതിയിൽ രേഖപ്പെടുത്തുന്നു. (ഉദ്ധരണം: എം.എൻ. ശ്രീവാസ്തവ. ഇന്ത്യ ചരിത്രം, പുറം: 1) ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ഇസ്ലാം വ്യാപകമായി പ്രചരിക്കുകയും മുസ്ലിം ജനസംഖ്യ ഗണ്യമായി വർധിക്കുകയും ചെയ്തത്. അധികാരമുള്ളപ്പോഴല്ല, ഭരണകൂടത്തിൻറെ മർദ്ദന, പീഢനങ്ങറ്റുവാങ്ങി പ്രയാസകരമായ കാലത്തിലൂടെ കടന്നുപോയപ്പോഴാണ് ഇസ്ലാം വിശ്വാസികളുടെ വിശുദ്ധ ജീവിതം അനുഭവിച്ചറിഞ്ഞ് ഇന്നാട്ടുകാർ അതിൻറെ അനുയായികളായി മാറിയത്. അമേരിക്കയിലും യൂറോപ്പിലും ഇപ്പോൾ സംഭവിക്കുന്നതും അതുതന്നെയാണല്ലോ.

ഇതിൻറെ മറുവശത്ത് യൂറോപ്പിൻറെയും അമേരിക്കയുടെയും നേതൃത്വത്തിൽ എന്തെല്ലാമാണ് സംഭവിച്ചതെന്ന് ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഫെർഡിനാൻറ് അധികാരത്തിൽ വന്നശേഷം സ്പെയിനിൽ എത്ര ലക്ഷങ്ങളാണ് മതത്തിൻറെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്?

ലോകത്തിലെ വിവിധ നാടുകളിൽ ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും സ്പെയിനും പോർച്ചുഗലുമൊക്കെ അധിനിവേശം നടത്തി എത്ര ലക്ഷങ്ങളെയാണ് കൊന്ന് തള്ളിയത്.? എത്ര ജനകോടികളുടെ എത്ര കോടി സ്വത്തുക്കളാണ് കൊള്ളയടിച്ച് കൊണ്ടുപോയത്? ജാലിയൻവാലാബാഗിൽ കൂട്ടക്കൊല നടത്തിയത് ആരാണ്? നിരപരാധികളായ നിരവധി പേരെ ശ്വാസംമുട്ടിച്ച് കൊന്ന വാഗൺ ട്രാജഡി സംഘടിപ്പിച്ചത് ആരാണ്? എത്ര കോടി രൂപയുടെ ഇന്ത്യൻ സമ്പത്താണ് ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയത്?

കൊളംബസിൻറെയും വാസ്കോഡിഗാമയുടെയും അധിനിവേശങ്ങളിൽ എത്ര ലക്ഷങ്ങളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്? ഒന്നും രണ്ടും ലോക ഭീകര യുദ്ധങ്ങളിൽ എത്ര കോടികളെയാണ് യൂറോപ്യൻ നാടുകൾ കൊന്നൊടുക്കിയത്? വിയറ്റ്നാമിൽ എന്തൊക്കെയാണ് അമേരിക്ക കാട്ടിക്കൂട്ടിയത്? രണ്ടാം ലോക ഭീകര യുദ്ധത്തിനു ശേഷം മാത്രം അമേരിക്ക 70 നാടുകളിലായി 14 കോടിയെ കൊന്നൊടുക്കിയില്ലേ? ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയും ബ്രിട്ടനും കൊന്നുതള്ളിയത് എത്ര ലക്ഷങ്ങളെ? ഇങ്ങനെ എത്രയെത്ര കോടികളെയാണ് യൂറോപ്പും അമേരിക്കയും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയത്!

അതിനാൽ എന്തോ ഗൂഢലക്ഷ്യങ്ങളോടെ ഒരു അപരനെ ശത്രുവായി പ്രതിഷ്ഠിച്ച് വർഗീയതയും മത വിദ്വേഷവും പരസ്പര വൈരവും വെറുപ്പും വളർത്താനുള്ള ഹീന ശ്രമങ്ങളെ ക്രൈസ്തവ മതവിശ്വാസികൾ തിരിച്ചറിയണമെന്നും നേതൃത്വത്തിൻറെ തെറ്റായ നിലപാടുകൾ തിരുത്തണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

 

Related Articles