Current Date

Search
Close this search box.
Search
Close this search box.

Your Voice

കുടിയേറ്റ കൊളോണിയലിസത്തെ ചിത്രീകരിക്കുന്ന ‘ദ പ്രസൻറ്’

നിരന്തരമായ അതിക്രമങ്ങള്‍ തകര്‍ത്ത ഫലസ്തീനകളുടെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ പുനരാവിഷ്‌കാരത്തിന്റെ പ്രതീക്ഷയില്‍ ‘അല്‍ ഹുല്‍മുല്‍അറബി’ലെ വരികള്‍ പറയുന്നതുപോലെ തലമുറകള്‍ പലതും കടന്നു പോകും. 1882 ലെ ആലിയ മുതല്‍ ഇന്നുവരെയുള്ള കുടിയേറ്റ കൊളോണിയലിസത്തിന്റെ കഥ പറയുന്ന, നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം ഫലസ്തീനികള്‍ ഇന്നും സ്വന്തം മണ്ണില്‍ നഷ്ടദേശത്തിന്റെ പൊള്ളുന്ന ഓര്‍മ്മയും പേറി രണ്ടാംകിട പൗരന്മാരായി കഴിയുന്നു.

നഷ്ടപ്പെട്ട സ്വത്വത്തിന്റെ പുനരാവിഷ്‌കാരം സാധ്യമാക്കുകയും കുടിയേറ്റ കൊളോണിയലിസത്തിന്റെ വംശീയ മനോഭാവങ്ങളെയും വിവേചന സമീപനങ്ങളെയും വരച്ചുകാട്ടുകയും ചെയ്യുന്ന സാഹിത്യപരവും കലാപരവുമായ നിരവധി ഫലസ്തീനിയന്‍ മുന്നേറ്റങ്ങള്‍ കാണാന്‍ സാധിക്കും. മഹ്‌മൂദ് ദര്‍വീശിന്റെ കവിതകളും ഗസാന്‍ കനഫാനിയുടെ കഥകളും റംസി ബാറൂദിനെ പോലുള്ളവരുടെ ആത്മകഥകളും കമാല്‍ ബുല്ലാത്തയുടെ ചിത്രങ്ങളും നാജി അല്‍അലിയുടെ കാര്‍ട്ടൂണുകളും പോലെ ഫലസ്തീനികള്‍ നേരിടുന്ന അസഹ്യമായ അപ്പാര്‍ത്തീഡിന്റെ പ്രയോഗങ്ങളെ പുറത്തുകൊണ്ടുവന്ന ഒന്നായിരുന്നു 2020 ല്‍ പുറത്തിറങ്ങിയ ഫറാഹ് നെബുല്‍സിയുടെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലവിഷന്‍ അവാര്‍ഡ് ലഭിച്ച ‘ദ പ്രസന്റ് ‘ എന്ന സിനിമ.

വംശീയതയുടെ പ്രകടനങ്ങള്‍ക്കും പ്രകടിത ഭാവങ്ങള്‍ക്കും രാഷ്ട്ര സുരക്ഷയുടെ ന്യായീകരണങ്ങള്‍ നല്‍കുന്നതിലൂടെ അതില്‍ ഞെരിഞ്ഞമര്‍ന്ന് ജീവിക്കുന്ന ഒരു ജനതയുടെ ഭാഗം അവിടെനിന്ന് അപ്രത്യക്ഷമാകുന്നുണ്ട്. എന്നാല്‍ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അത്തരം വിവേചനങ്ങളുടെ പ്രതീകങ്ങളെ തുറന്നുകാട്ടുന്നുണ്ട് നെബുല്‍സിയുടെ സിനിമ. 25 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം 14 മില്യണോളം വരുന്ന ഫലസ്തീനികളുടെ ദുരിതങ്ങള്‍ പേറിയ ദൈനംദിന ജീവിതത്തെയാണ് ചിത്രീകരിക്കുന്നത്. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് ഒരു ഗിഫ്റ്റ് വാങ്ങാനായി പുറത്തിറങ്ങിയ ഒരു ഫലസ്തീനി നേരിടുന്ന വിവേചനങ്ങളാണ് കഥയുടെ പ്രതിപാദ്യ വിഷയം. പ്രധാന കഥാപാത്രമായ യൂസുഫ് ഖാലിദി ഒരു ഒഴിഞ്ഞ സ്ഥലത്ത് ഷീറ്റ് വിരിച്ച് കിടക്കുന്നത് കാണിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. ഇസ്രായേല്‍ ചെക്ക് പോസ്റ്റ് കടക്കാന്‍ കാത്തിരിക്കുന്ന അയാള്‍ സൂര്യോദയം പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്, കാരണം രാവിലെയാണ് ചെക്ക് പോസ്റ്റ് തുറക്കുക.

തുറന്ന ചെക്ക് പോസ്റ്റ് കടക്കാനുള്ള ഇടുങ്ങിയ വഴി യൂസുഫ് അടക്കം നൂറുകണക്കിനാളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യൂസുഫിന്റെ ജോലി കഴിഞ്ഞുള്ള വീട്ടിലേക്കുള്ള യാത്ര എന്നും ഇങ്ങനെ തന്നെയാണ്. മറ്റുള്ള ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി യൂസുഫിന് ആ ദിവസം പ്രധാനപ്പെട്ടതായിരുന്നു. തന്റെ വിവാഹ വാര്‍ഷികമായിരുന്നു അന്ന്. വീട്ടിലെത്തിയ യൂസുഫിനെ കാണുന്ന മകള്‍ യാസ്മിന്‍ പിതാവിനെ സന്തോഷത്തോടെ ഉപ്പാ എന്ന് വിളിച്ച് ഓടിവരുന്ന രംഗമാണ് പിന്നീട്. ഒരു ദിവസം മുഴുവന്‍ പിതാവിന്റെ കൂടെ ഇരിക്കാന്‍ ലഭിച്ച സന്തോഷം അവളുടെ മുഖത്ത് പ്രകടമാണ്. വിവാഹ വാര്‍ഷികമായതിനാല്‍ ഭാര്യയായ നൂറിന് ഗിഫ്റ്റ് വാങ്ങണമെന്ന് പറഞ്ഞ് മകളുമൊത്ത് ഷോപ്പിങ്ങിന് ഇറങ്ങാന്‍ നില്‍ക്കുന്ന യൂസുഫ് ഭാര്യയോട് തനിക്കുള്ള ഗിഫ്റ്റ് ചോദിക്കുന്നുണ്ട്. മകള്‍ യാസ്മിനെ അന്ന് രാത്രി നേരത്തെ ഉറക്കുമെന്ന വാഗ്ദാനമാണ് നൂര്‍ യൂസുഫിന് സമ്മാനമായി കൊടുത്തത്.

കേടുവന്ന ഫ്രിഡ്ജ് അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാന്‍ പ്രയാസപ്പെടുന്ന നൂറിനെ യൂസുഫ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഷോപ്പിങ്ങിനു പോകുന്നത് വളരെ അടുത്തുള്ള സ്ഥലത്തേക്ക് തന്നെയായിരുന്നെങ്കിലും അതിനും ചെക്ക് പോസ്റ്റ് കടക്കേണ്ടതുണ്ട്. ഫലസ്തീനികള്‍ ചെക്ക് പോസ്റ്റിന്റെ ഇടുങ്ങിയ വഴിയില്‍ പരിശോധനക്ക് വേണ്ടി ക്യു ആയി നില്‍ക്കുമ്പോള്‍ അതുവഴി വന്ന ഒരു ജൂത കുടുംബം അവരുടെ വാഹനവുമായി യാതൊരു തടസ്സവുമില്ലാതെ കടന്നുപോകുന്നത് കാണുന്ന യൂസുഫ് അടക്കമുള്ള ഫലസ്തീനികള്‍ അവരുടെ ഉള്ളിലെ അരിശം അടക്കിപ്പിടിച്ച് കൊണ്ടങ്ങനെ നിന്നു. എങ്ങോട്ടാണെന്ന് ചോദിക്കുന്ന ഇസ്രായേലി പോലീസിനോട് തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലേക്കാണെന്ന് യൂസുഫ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അവര്‍ അതിന് ചെവി കൊടുക്കുന്നില്ല. അടുത്തുള്ള പോലീസുകാരനെ ചൂണ്ടി ‘അയാള്‍ക്ക് എന്നെ അറിയാമെന്ന്’ യൂസുഫ് പറയുമ്പോള്‍ പരിഹസിക്കുന്ന ഇസ്രായേല്‍ പോലീസിന്റെ മുഖത്ത് പ്രകടമാകുന്നത് അപ്പാര്‍ത്തീഡിന്റെ ഭാവങ്ങളാണ്. അതിനിടയില്‍ മകള്‍ യാസ്മിന്‍ തന്നെ ഏല്‍പ്പിച്ച അവള്‍ക്കാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്ത് പോലീസിന് വായിച്ച് കേള്‍പ്പിച്ചുകൊണ്ട് തന്റെ ഉദ്ദേശം ഷോപ്പിംഗ് ആണെന്ന് പറയാന്‍ യൂസഫ് ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടുപേരെയും വ്യത്യസ്ത റൂമുകളിലേക്ക് മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. തന്റെ സഹിക്കാനാവാത്ത നടുവേദന കടിച്ചമര്‍ത്തി നിസ്സഹായതയോടെ മകളുടെ മുഖത്തുനോക്കുന്ന യൂസുഫ് യഥാര്‍ത്ഥത്തില്‍ ഫലസ്തീനികളുടെ കാലുഷ്യം നിറഞ്ഞ ദൈനംദിന ജീവിതത്തിന്റെ പ്രതീകം മാത്രമാണ്.

ചെക്കിംഗ് കഴിഞ്ഞ് കുറച്ചു നടന്ന് പിന്നിലുള്ള മകളെ തിരിഞ്ഞുനോക്കുന്ന യൂസുഫ് കാണുന്നത് മകളുടെ പാന്റ് നനഞ്ഞിരിക്കുന്നതാണ്. ‘എന്നോട് പറയാമായിരുന്നില്ലേ’ എന്ന് യൂസുഫ് മകളോട് പറയുമ്പോള്‍ ‘ഞാന്‍ പറഞ്ഞാലും നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ, അത് കൊണ്ടാണ് ഞാന്‍ പറയാതിരുന്നത്’ എന്ന് പറയുന്ന മകള്‍ യഥാര്‍ത്ഥത്തില്‍ നിസ്സഹായനായ ആ പിതാവിനെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. ചെക്ക് പോസ്റ്റ് അനുഭവങ്ങളെ മറന്ന് രണ്ടുപേരും നടന്നു. ഷോപ്പിംഗ് മാളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ നടുവേദന സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ അവിടുത്തെ സ്റ്റാഫിനോട് പെയ്ന്‍ കില്ലര്‍ ചോദിച്ചെങ്കിലും അത് തീര്‍ന്നു പോയിരുന്നു. ഭാര്യക്ക് സമ്മാനമായി കരുതിയ ഫ്രിഡ്ജ് യൂസുഫ് ആദ്യമേ ഓര്‍ഡര്‍ ചെയ്തിരുന്നു. ഫ്രിഡ്ജ് കാണിച്ചുതന്ന സ്റ്റാഫിനോട് അത് വീട്ടില്‍ എത്തിച്ചു തരാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു.

ഇസ്രായേലി ചെക്ക് പോസ്റ്റ് തുടങ്ങുന്നിടത്ത് നില്‍ക്കുന്ന പോലീസ് അവരുടെ പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തുന്നതാണ് പിന്നീടുള്ള രംഗം. വണ്ടിയുമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ യൂസുഫ് ഫ്രിഡ്ജ് വെക്കാന്‍ ഉപയോഗിച്ച ട്രോളി പിന്നീട് തിരിച്ചു നല്‍കാമെന്ന വാഗ്ദാനത്തോടെ സ്റ്റാഫില്‍ നിന്നും വാങ്ങി റോഡിലൂടെ അത് ഉന്തി കൊണ്ട് ചെക്ക് പോസ്റ്റില്‍ എത്തിച്ചു. യുസുഫ് തന്റെ പച്ച നിറത്തിലുള്ള ഐ.ഡി കാണിച്ചു. പിന്നീട് കുറച്ച് നേരം പോലീസിന്റെ പ്രഹസനമായിരുന്നു. ഫ്രിഡ്ജ് എന്തിനാണ്, അതിനുള്ളില്‍ എന്താണ് ഉള്ളത് എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. യുസുഫ് മകളുടെ മാറിയ പാന്റ് ഒരു കവറിലാക്കി വെച്ചിരുന്നു. കയ്യിലുള്ള സാധനങ്ങള്‍ മുഴുവന്‍ പരിശോധിക്കുന്ന സമയത്ത് അതെടുത്ത പോലീസ് ‘നിങ്ങള്‍ വൃത്തിയില്ലാത്ത വരാണെന്ന്’ പറഞ്ഞ് യുസുഫിനോട് ആക്രോശിച്ച് കൊണ്ട് പെട്ടെന്ന് തന്നെ പോവാന്‍ പറഞ്ഞു. യുസുഫ് തന്റെ അരിശം അടക്കി പിടിച്ച് മകളെയും കൂട്ടി പോവാനൊരുങ്ങി. എന്നാല്‍ ചെക്ക് പോസ്റ്റ് കവാടത്തിലൂടെ ഫ്രിഡ്ജുമായി യൂസഫിന് കടക്കാന്‍ കഴിഞ്ഞില്ല. കാരണം, ഫ്രിഡ്ജ് കടത്താന്‍ മാത്രം വീതി അതിന് ഉണ്ടായിരുന്നില്ല. കവാടത്തിലൂടെ കടക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ യുസുഫ് പോലീസിനോടത് പറഞ്ഞപ്പോള്‍ ഫലസ്തീനികളുടെ വഴി ഇതിലൂടെ മാത്രമാണെന്നായിരുന്നു മറുപടി. താന്‍ എന്നും കാണുന്ന, തന്നെ അറിയുന്ന അവി എന്ന പോലീസ് ഉദ്യോഗസ്ഥനോട് യുസുഫ് റോഡിലൂടെ പോകാന്‍ അനുവദിക്കണമെന്ന് ദയനീയമായി പറഞ്ഞുവെങ്കിലും, അറബികളുടെ വഴി ഇതാണ് എന്നായിരുന്നു മറുപടി.

പോലീസിന്റെ പ്രഹസനവും അസഹ്യമായ നടുവേദനയും കൂടി ഒരുമിച്ചായപ്പോള്‍ അയാള്‍ക്ക് ഇനി ക്ഷമിക്കാന്‍ പറ്റില്ല എന്നായി. നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് പറഞ്ഞ് അയാള്‍ പോലീസുകാരോട് ആക്രോശിക്കാന്‍ തുടങ്ങി. മുന്നിലുള്ള മേശയില്‍ അടിച്ചുകൊണ്ട് യൂസുഫ് ഒച്ച വെച്ച് അവരുമായി സംഘര്‍ഷത്തിലായി. ഇതിനിടയില്‍ യാസ്മിന്‍ പോലീസിനെ ഗൗനിക്കാതെ ഫ്രിഡ്ജ് വെച്ച ട്രോളി റോഡിലൂടെ ഉന്തി കൊണ്ട് പോവുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ചെക്ക് പോസ്റ്റുകളും പെര്‍മിറ്റുകളും ഐ.ഡികളും കൊണ്ട് പൊറുതിമുട്ടി ജീവിക്കുന്ന ഫലസ്തീനികളുടെ ദുരിതങ്ങളെയും സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായും രണ്ടാംകിട പൗരന്മാരായും ജീവിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയ കുടിയേറ്റ കൊളോണിയല്‍ സംവിധാനത്തെയുമാണ് ‘ദ പ്രസന്റ്’ ചിത്രീകരിക്കുന്നത്.

നഷ്ടപ്പെട്ട രാഷ്ട്രത്തെയും സംസ്‌കാരത്തെയും അതിന് കാരണക്കാരായ അധിനിവേശകരുടെ അധികാര ഗര്‍വ്വിനെയും കുറിച്ച് ലോകത്തോട് വിളിച്ച് പറയുന്ന നിരവധി സിനിമകളും സാഹിത്യ രചനകളും അധിനിവേശ കാലം മുതല്‍ തന്നെ ഫലസ്തീനില്‍ നിന്നുണ്ടായിട്ടുണ്ട്. നഷ്ടപ്പെട്ട രാഷ്ട്രത്തിന്റെ പുനസ്ഥാപനം ഓര്‍മ്മകളില്‍ നിലനില്‍ക്കുന്ന കാലത്തോളം അത്തരം മുന്നേറ്റങ്ങള്‍ അറുതിയില്ലാതെ തുടരുമെന്ന് നിസ്സംശയം പറയാം.

Related Articles