Current Date

Search
Close this search box.
Search
Close this search box.

ആ പരാതിയുടെ പൊരുൾ

ഒരിക്കൽ ഒരു സ്ത്രീ ഖലീഫ ഉമറിന്റെ അടുക്കലെത്തി. അഭിവാദ്യം ചെയ്തശേഷം അവർ തൻ്റെ ഭർത്താവിനെ കുറിച്ച് പറയാൻ തുടങ്ങി. അദ്ദേഹം നല്ല ഭക്തനും സൽകർമ്മങ്ങൾ ചെയ്യുന്നവനുമാണ്. ഒരുപക്ഷേ അദ്ദേഹത്തെപ്പോലെ സൽകർമ്മങ്ങൾ ചെയ്യുന്നവർ മറ്റാരും ലോകത്ത് ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ അയാളെ പോലെയോ അതിലേറെയോ സദ്കർമ്മങ്ങൾ ചെയ്യുന്നവരായിരിക്കും. ഇത്രയും പറഞ്ഞ് പിന്നീട് ഒരു കാര്യം പറയാൻ ഓങ്ങിയെങ്കിലും അവൾ പെട്ടെന്ന് ചിന്താവിഷ്ടയായി .ഒരു വേള ലജ്ജാമുഖിയായി. പെട്ടെന്നവൾ , വിശ്വാസികളുടെ നേതാവേ, എന്നോട് ക്ഷമിച്ചാലും എന്ന് പറഞ്ഞൊഴിഞ്ഞു.!

ഖലീഫയുടെ മറുവാക്ക്:
“എന്തായാലും ഭർത്താവിനെ പുകഴ്ത്തി പറയുന്ന നിന്നെ ഞാൻ പ്രശംസിക്കുന്നു. നിനക്ക് ദൈവത്തിങ്കൽ പ്രതിഫലം പ്രതീക്ഷിക്കാം”.
സ്ത്രീ തിരിച്ചു പോയപ്പോൾ ഈ സംഭാഷണം കേട്ട് നിന്നിരുന്ന കഅബ് ഇബ്നു സുറൂർ അസ്ദി എന്ന സഹാബി ഖലീഫ ഉമറിനോട് പറഞ്ഞു. ആ സ്ത്രീ പറയാതെ പറഞ്ഞ കാര്യം താങ്കൾ ഉൾകൊണ്ടില്ലെന്ന് തോന്നുന്നു. അവർ ഒരു പരാതി പറയുകയായിരുന്നു എന്നായി കഅബ്.
“പരാതിയോ! അങ്ങനെയൊന്നും ഉണ്ടായില്ലല്ലൊ?” ഉമർ ആശ്ചര്യപ്പെട്ടു.

“എന്നാൽ അതാണ് ശരി.ആ സ്ത്രീ അവരുടെ ഭർത്താവിനെ കുറിച്ച് പരാതി പറയുകയായിരുന്നു താങ്കളോട് ” – കഅബ് തീർത്ത് പറഞ്ഞു.
“എങ്കിൽ അവരെ വിളിക്കൂ! ഒപ്പം അവളുടെ ഭർത്താവിനെയും എത്തിക്കണം. രണ്ടുപേരും ഖലീഫയുടെ മുമ്പിൽ ഹാജർ!

ഉടനെ ഖലീഫ ഉമർ കഅ്ബിനോട് പറഞ്ഞു: ഉം ! നീ തന്നെ ഇവരുടെ പരാതി കേട്ട് വിധി പറയൂ. !
വിശ്വാസികളുടെ നേതാവേ! താങ്കൾ ഉണ്ടായിരിക്കെ ഞാനെന്ത് വിധി പറയാൻ !?
“അതെ, നീയാണല്ലോ ആ സ്ത്രീയുടെ വാചാലതയുടെ ആന്തരികാർത്ഥം വായിച്ചെടുത്തത്”. ഉമർ (റ) പറഞ്ഞു.
കഅബ് ഉടനെ ആ സ്ത്രിയുടെ നേരെ തിരിഞ്ഞ് ഖുർആനിൽ നിന്ന് ഒരു സൂക്തം പാരായണം ചെയ്തു.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. (ഖു:4:3) അതിലെ സൂചകം അവർക്ക് പിടികിട്ടിയിട്ടുണ്ടാവണം.

തുടർന്ന് അവളുടെ ഭർത്താവിന് നേരെ തിരിഞ്ഞ് “താങ്കൾ ദിവസവും സുന്നത്ത് നോമ്പനുഷ്ടിക്കാറുണ്ടല്ലേ! അതെ – അയാൾ സമ്മതിച്ചു.
എങ്കിൽ ഒരു കാര്യം ചെയ്യുക. മൂന്ന് ദിവസം വ്രതമെടുക്കുക. ഒരു ദിവസം വ്രതം അനുഷ്ഠിക്കാതെ വിടുക. ആ ദിവസം താങ്കൾ ഇവർക്കായി നീക്കിവെക്കുക.
മൂന്ന് രാത്രികൾ ഐഛിക (നഫ്ൽ) നമസ്കാരം നിർവഹിക്കുക. ഒരു രാത്രി ഇവളോടൊത്ത് കഴിയുക. ആ ദമ്പതികൾ ഇരുവരും ഖലീഫയെ അഭിവാദ്യം ചെയ്ത് പതുക്കെ തിരിഞ്ഞ് നടന്നു.
“കൊള്ളാമല്ലൊ, നിൻ്റെ ആദ്യപ്രസ്തവത്തേക്കാൾ എനിക്കിഷ്ടമായത് നിൻ്റെ രണ്ടാമത്തെ തീർപ്പാണ്”. ഉമർ ആ സഹാബിവര്യനെ ശ്ലാഘിച്ചു. പിന്നീട് ഖലീഫ ഉമർ കഅബിനെ ബസറയിലെ ജഡ്ജി യായി നിശ്ചയിച്ചത് ചരിത്രം.

(കഅബ് ഇബ്നു സുറൂർ അസ്ദി ജാഹിലിയ്യ കാലത്ത് കൃസ്ത്യാനിയായിരുന്നു. ഇസ്ലാം സ്വീകരിച്ചതിൽ പിന്നെ സത്യസന്ധനും ആരാധകാര്യങ്ങളിൽ തൽപരനുമായി. ഹദീസുകളൊന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അദ്ദേഹത്തിൻ്റെ ദീർഘദൃഷ്ടിയും കാഴ്ചപ്പാടുകളും കാരണമായി ഖലീഫ ഉമർ (റ) ബസറയിലെ ഗവർണറാക്കി. ഖലീഫ ഉസ്മാൻ്റെ കാലത്തും അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ജമൽ യുദ്ധത്തിൽ ആഇശ (റ) യുടെ പക്ഷത്ത് നിന്ന് പോരാടി മരണം വരിച്ചു).

Related Articles