Current Date

Search
Close this search box.
Search
Close this search box.

ബുദ്ധിയുടെ പ്രാധാന്യം

ചിന്ത എന്നുള്ളത് മനുഷ്യ ജീവിതത്തിലെ പ്രധാന ഘടകമാണ്. കോടാനുകോടി മനുഷ്യരുടെയും ചിന്തകൾ വ്യത്യസ്തമാണ്. ഈ വ്യത്യസ്തതകൾക്കിടയിലും അത്ഭുതകരമായ ചില സംഭവങ്ങൾ ചിലരുടെയെങ്കിലും ജീവിതത്തിൽ കാണാനാവും.

ഏതൊരു കാര്യവും ചെയ്യുവാൻ കഴിവുള്ളവനാണ് അല്ലാഹു എന്നതിന്റെ മഹത്വം നമ്മുടെ ജീവിതത്തിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നതാണ്. രണ്ടാളുകൾ ഒരേ സമയത്ത് ഒരേ കാര്യത്തെ കുറിച്ച് ചിന്തിക്കുന്നതായും ,ഒരു കാര്യത്തിൽ സമാനമായ കാഴ്ചപ്പാട് പുലർത്തുന്നതായും, സമാനാഭിപ്രായങ്ങൾ പങ്ക് വെക്കുന്നതായുമുള്ള അനുഭവങ്ങൾ നമുക്കുണ്ടാവാം. കൂടാതെ, ഒരാൾക്ക് മറ്റൊരാളുടെ മനസ്സ് വായിക്കാൻ ആവുക എന്നതും അത്ഭുതമായി തോന്നാം.

മനുഷ്യന്റെ സവിശേഷതകളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബുദ്ധി. എന്നാൽ, ചിന്ത ഓരോ മനുഷ്യ ജീവിതത്തിനും അവലംബമാണ്. ഈ മനുഷ്യ ബുദ്ധിയെ ഉണർത്താനും അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും അല്ലാഹു ഖുർആനിൽ പലയിടങ്ങളിലായി വ്യത്യസ്ത പ്രയോഗങ്ങൾ നടത്തിയതായി കാണാം.

﴿ ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ} (191-03)
മനുഷ്യൻ, നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ.

﴿ وَسَخَّرَ لَكُم مَّا في ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ جَمِيعٗا مِّنۡهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ﴾(13- 45)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തൻറെ വകയായി അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

﴿ أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفٗا كَثِيرٗا ﴾ (82-04)
അവർ ഖുർആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരിൽ നിന്നെങ്കിലുമായിരുന്നെങ്കിൽ അവരതിൽ ധാരാളം പൊരുത്തക്കേടുകൾ കണ്ടെത്തുമായിരുന്നു

﴿ فَقُلۡنَا ٱضۡرِبُوهُ بِبَعۡضِهَاۚ كَذَٰلِكَ يُحۡيِ ٱللَّهُ ٱلۡمَوۡتَىٰ وَيُرِيكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ ﴾(73-2)
അപ്പോൾ നാം പറഞ്ഞു: നിങ്ങൾ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തിൽ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കവൻ കാണിച്ചുതരുന്നു.

﴿ وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ ﴾(62-56)
ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങൾക്കറിയാമല്ലോ. എന്നിട്ടും നിങ്ങൾ ചിന്തിച്ചറിയാത്തതെന്ത്?

മനുഷ്യ ശരീരത്തിൽ അതിന്റെ സുഖമമായ ചലനത്തിന് വേണ്ടി അല്ലാഹു വ്യത്യസ്തമായ അവയവങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവ ഓരോന്നിന്റേയും ഉപയോഗങ്ങൾ വ്യത്യസ്തവുമാണ്. അവയിൽ ഏതെങ്കിലുമൊന്ന് നിശ്ചലമാവുകയോ , സ്ഥാനം മാറുകയോ ചെയ്താൽ അത് ശരീരത്തിന്റെ ഘടനയിൽ എന്തെല്ലാം നാശങ്ങൾക്ക് കാരണമാകുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ.

സൂറഃ മുഅ്മിനൂൻ, സൂറഃ ഹജ്ജ് തുടങ്ങിയ സൂറത്തുകളിൽ മനുഷ്യ സൃഷ്ടിപ്പിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും അല്ലാഹു സ്പഷ്ടമായി വിവരിക്കുന്നുണ്ട്. ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ചാൽ മാത്രമേ അതിന്റെ ഉപയോഗങ്ങളെയും അത്ഭുതങ്ങളെയും കുറിച്ച് അറിയുവാൻ സാധിക്കുകയുള്ളൂ.

ഇമാം ഗസ്സാലിയുടെ “മിശ്ക്കാത്തുൽ അൻവാർ” എന്ന പുസ്തകത്തിൽ ബുദ്ധിയുടെ പ്രാധാന്യം വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. കണ്ണിനെ ബുദ്ധിയുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നു: “കണ്ണ് അതിനെ കാണുന്നില്ല, അറിയുന്നുമില്ല. പക്ഷെ, ബുദ്ധിയാകട്ടെ സ്വന്തത്തെയും, മറ്റൊന്നിനെയും, അതിന്റെ ഗുണങ്ങളെയും കുറിച്ച് അറിയുകയും ചെയ്യുന്നു. ഓരോ മനുഷ്യനും തന്റെ ബുദ്ധിയുപയോഗിച്ച് തന്റേതായ കഴിവിനെയും, അറിവിനെയും നല്ലവണ്ണം അറിയാൻ സാധിക്കുന്നു. അതേക്കുറിച്ചാണ് അല്ലാഹു സൂറഃ ബഖറയിൽ 164-ാം ആയത്തിന്റെ അവസാനത്തിൽ {لآيات لقوم يعقلون} ” ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീർച്ച” എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ചിന്തകൾ എന്നത് ഓരോ അവസരത്തിലൂടെയും നമ്മുടെ അറിവുകളിലൂടെയും പല സ്വാധീനങ്ങളിലൂടെയും പുതുതായി ഉണ്ടാകുന്ന ഒന്നാണ്. അതുകൊണ്ടാണ് നമ്മുടെ ചിന്താഗതികൾ ഒക്കെ ഓരോ സമയവും മാറി മാറി വരുന്നത്. പത്തു വർഷം മുമ്പ് നമുക്ക് ഉണ്ടായിരുന്ന ചിന്താഗതി ആയിരിക്കില്ല ഇപ്പോൾ നമുക്കുള്ളത്.

” ചിന്തകൾ” മാറി മറിഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഹൃദയത്തിന്റെ ഇത്തരം മാറിമറിയുന്ന ചിന്തകൾ കൊണ്ടാണ് വിശ്വാസി അവിശ്വാസി ആവുന്നതും അവിശ്വാസി വിശ്വാസി ആവുന്നതുമെല്ലാം. അതുകൊണ്ടാണ് മുഹമ്മദ് നബി (സ) വിശ്വാസികളോട് ഇപ്രകാരം പ്രാർത്ഥിക്കാൻ കൽപ്പിച്ചതും.

اللَّهُمَّ يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ‏.‏ “ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, നീ എന്റെ ഹൃദയത്തെ നിന്റെ സത്യമതത്തിൽ സ്ഥിരപ്പെടുത്തി നിർത്തണേ.”

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ ‘ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാർഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങൾക്ക്‌ നിൻറെ അടുക്കൽ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവൻ. (ഖുർആൻ 3: 8)

വസ്തുക്കളുടെ ബാഹ്യ രൂപമാണ് കണ്ണ് കൊണ്ടു കാണാൻ സാധ്യമാകുന്നത്. എന്നാൽ ബുദ്ധിയാകട്ടെ, ഒരു സംഭവത്തിന്റെ ഉൾതലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നു. ഓരോ വസ്തുക്കളുടെ കാരണങ്ങളെയും, നിമിത്തങ്ങളെയും കുറിച്ച് അവ ഗവേഷണം നടത്തുന്നു. എന്തിൽ നിന്നാണ് അവ ഉത്ഭവിച്ചത്, എന്തൊക്കെ മൂല്യങ്ങളാണ് അതിൽ അടങ്ങുന്നത്, അങ്ങനെ പലതും.

സൃഷ്ടിപ്പിൽ മനുഷ്യർക്ക് പ്രത്യേകമായി നൽകിയ ബുദ്ധി, ചിന്ത എന്നത് നേരായി ഉപയോഗപ്പെടുത്തുമ്പോഴാണ് നാഥൻ പറഞ്ഞു വെച്ച നേരായ മാർഗത്തിലേക്ക് (صراط المستقيم) തിരിയുന്നതും അതിന്റെ ഫലമായി പഞ്ചേന്ദ്രിയ ലോകം അഥവാ ഈയൊരു ചെറിയ ലോകം ബുദ്ധിപരമായ ആ ലോകത്തേക്കുള്ള കോണിപ്പടിയാണെന്ന് തിരിച്ചറിയുന്നതും, അവിടം നിന്നുള്ള(പരലോകം) ഫലം കാംക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുന്നതും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles