Your Voice

പ്രളയത്തോളം പ്രതീക്ഷ വേണം

പ്രതിസന്ധികളും പരീക്ഷണങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചുണ്ടാക്കിയതെല്ലാം നിമിഷനേരം കൊണ്ട് ഒലിച്ചു പോയ അനുഭവങ്ങൾ നാം കണ്ടും കേട്ടുമിരിക്കുന്നു.ഇഹലോകജീവിതം നശ്വരമാണെന്ന് നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമുക്കു ചുറ്റും നടക്കുന്ന പ്രകൃതിക്ഷോഭങ്ങൾ.ക്രമം തെറ്റിയ പ്രകൃതിക്കു മുന്നിൽ ആധുനിക മനുഷ്യൻ എത്രയോ നിസ്സഹായനാണ് !

“ആകാശത്തിൽ നിന്നു നാം ജലം വർഷിച്ചു.അപ്പോൾ മനുഷരും മൃഗങ്ങളുമെല്ലാം ഭക്ഷിക്കുന്ന ഉൽപ്പന്നങ്ങൾ ഭൂമിയിൽ തിങ്ങി വളർന്നു.അങ്ങനെ ഭൂമി വസന്തമണിഞ്ഞ് അലംകൃതമാവുകയും അതിന്റെ ഉടമകൾ തങ്ങൾ വിളവെടുക്കാൻ പ്രാപ്‌തരായിരിക്കുന്നുവെന്ന് കരുതുകയും ചെയ്തപ്പോൾ പെട്ടെന്ന് രാത്രിയോ പകലോ നമ്മുടെ വിധി അതിനെ പിടികൂടുന്നു.അങ്ങനെ നാമതിനെ നിശേഷം നശിപ്പിച്ചു കളയുന്നു.ഇന്നലെ അവിടെ ഒന്നും തന്നെ മുളച്ചിട്ടേ ഇല്ലാത്തതു പോലെ.ചിന്തിക്കുന്നവർക്കു നാം ഇവ്വിധം ദൃഷ്ടാന്തങ്ങൾ വിവരിച്ചു കൊടുക്കുകയാവുന്നു.” (10:24)

ഇഹലോകത്തെ സുഖസൗകര്യങ്ങളിൽ നാം അഭിരമിച്ചു പോകുമ്പോൾ സർവ്വശക്തനിൽ നിന്നുള്ള ഓർമപ്പെടുത്തലാണ്‌ പ്രകൃതിക്ഷോഭങ്ങളും മറ്റും.കണ്ണടച്ചു തുറക്കുമ്പോഴേക്കും എല്ലാം ഭൂമി വിഴുങ്ങിയിട്ടുണ്ടാവും. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് നാഥനിലേക്കടുക്കുവാനുള്ള അവസരമാണ്.അവന്റെ പരീക്ഷണങ്ങളെ ക്ഷമയോടും സമചിത്തതയോടും കൂടി നേരിട്ട് വിജയിയാവാനുള്ള അവസരം.
“ഭയാശങ്കകൾ,ക്ഷാമം,ജീവനാശം,ധനനഷ്ടം,വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീർച്ചയായും പരീക്ഷിക്കുന്നതാണ്.ഈ സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്തയറിക്കുവിൻ”(2:155)

ഒരു സത്യവിശ്വാസിക്ക് ഈ ലോകത്തും പരലോകത്തും സംഭവിക്കുന്നതെല്ലാം നൻമയാണ്.തന്റെ ജീവിതത്തിൽ സംഭവിക്കുന്ന നൻമയെയും തിൻമയെയും ഇഹപരലോകത്തേക്കുള്ള പ്രതീക്ഷയും പ്രതിഫലവുമാക്കാനുള്ള അൽഭുതകരമായ കഴിവവനുണ്ട്.നമുക്ക് സുപരിചിതമായ ഒരു നബി വചനമുണ്ടല്ലോ “സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ! അവന്റെ കാര്യങ്ങളെല്ലാം അവന് ഗുണകരമായിരിക്കും. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവന് സന്തോഷകരമായത് വല്ലതും ഭവിച്ചാല്‍ അവന്‍ നന്ദികാണിക്കുന്നു. അപ്പോള്‍ അതവന് ഗുണമായിത്തീരുന്നു. അവന് ഉപദ്രവകരമായത് വല്ലതും ഭവിച്ചാല്‍ അവന്‍ ക്ഷമിക്കുകയും ചെയ്യും. അപ്പോള്‍ അതും അവന് ഗുണമായിത്തീരുന്നു”

സർവലോകനാഥന്റെ പരമമായ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചു മുന്നേറാൻ നമുക്ക് കഴിയണം. സത്യനിഷേധികളല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശപ്പെടുകയില്ല.സത്യവിശ്വാസി ഈ ലോകത്തെ ഏതൊരു പരീക്ഷണത്തെയും നെഞ്ചൂക്കോടെ നേരിടും.അവന്റെ അതിജീവനശേഷി അപാരമാണ്.നിരന്തരമായ പരീക്ഷണങ്ങളെ നേരിട്ടു മാത്രമേ ഒരാൾക്ക് അത് നേടിയെടുക്കാനാവൂ. “ഭൂമിയിലോ നിങ്ങൾക്കു തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല,നാമതു സൃഷ്ടിക്കും മുൻപ് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ.ആ വിധം ചെയ്യുക അല്ലാഹുവിന്‌ വളരെ എളുപ്പമാകുന്നു.നിങ്ങൾക്ക് എന്ത് തന്നെ പാഴായി പോയാലും അതിൽ വിഷാദിക്കാതിരിക്കാനും അല്ലാഹു നൽകുന്ന ഒന്നിലും മതിമറന്ന് സന്തോഷിക്കാതിക്കാനുമത്രെ അത്.”(57:22-23)

നമ്മുടെ മുൻഗാമികളെല്ലാം കഠിനമായ പരീക്ഷണങ്ങളെ നേരിട്ടവരാണ്.എല്ലാത്തിനും മീതെ അല്ലാഹുവിനെയും അവന്റെ തൃപ്തിയെയും പ്രതിഷ്ഠിച്ചവരാണ്.ഈമാനിന്റെ തിളക്കം പ്രയാസങ്ങളെയും പ്രതിസന്ധികളെയും നിഷ്പ്രഭമാക്കും.ഖലീലുല്ലാഹി ഇബ്റാഹീം (അ) യുടെ ജീവിതം തന്നെ പരീക്ഷണങ്ങളും പ്രതിസന്ധികളുമായിരുന്നു.അതിനെയെല്ലാം ഈമാനിന്റെ കരുത്തിനാൽ മറികടന്നതു കൊണ്ടാണ് അല്ലാഹുവിങ്കൽ സവിശേഷ സ്‌ഥാനം ഇബ്റാഹീം (അ) ക്കുള്ളത്.നൂഹ് (അ) പ്രയാസങ്ങളുടെ പ്രളയത്തിന്‌ മേൽ ആദർശത്തിന്റെ കപ്പലോട്ടിയിട്ടുണ്ട്. മൂസ (അ) പ്രതിസന്ധിക്കടലിന്‌ നടുവിലൂടെ വഴിവെട്ടിയിട്ടുണ്ട്.നാഥനിൽ ഭരമേൽപ്പിക്കുമ്പോൾ എല്ലാം നൻമയാവുന്നത് നമുക്ക് കാണാം.

സർവലോകരക്ഷിതാവ് തന്റെ അടിമക്ക് പ്രയാസം ആഗ്രഹിക്കുന്നില്ല.പ്രയാസങ്ങൾക്കും പരീക്ഷണങ്ങൾക്കുമപ്പുറം അവൻ എളുപ്പവും സന്തോഷവും കരുതിവെച്ചിട്ടുണ്ട്.നാം നൻമയെന്ന് കരുതുന്നത് ഒരു പക്ഷേ നൻമയായിക്കൊള്ളണമെന്നില്ല.തിൻമയെന്നു കരുതുന്നത് നൻമയുമാകാം.അല്ലാഹു നമ്മളറിയാത്തതും അറിയുന്നവനത്രെ.

ഇമാം സയ്യിദ് ഖുതുബ് ‘ ഫീ ളിലാലിൽ ഖുർആൻ’ രചിച്ചത് തടവറയുടെ തണലിലാണ്. ഇമാം അഹ്മദ്ബ്നു ഹമ്പൽ,ഇബ്നു തൈമിയ തുടങ്ങി വിജ്ഞാനത്തിന് പീഢനങ്ങളും തടവറയും തികവേകിയ പണ്ഡിതൻമാർ ഏറെയാണ്.ലോകത്തിന് പ്രകാശമേകിയ ഇബ്നു ഹൈഥമിന്റെ ‘കിതാബുൽ മനാളിർ’ രചിക്കപ്പെടുന്നതും തടവറയിലേക്ക് അരിച്ചെത്തിയ വെളിച്ചത്താലാണ്.മഹത്തായവയൊക്കെയും പിറന്നത് പരീക്ഷണ കൊടുമുടികളിലാണ്.

ദുരിതക്കയങ്ങളിൽ മുങ്ങിത്താഴുമ്പോൾ രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേറ്റ് അവനെ പ്രകീർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുക.ക്ഷമയോടെ അവന്റെ സഹായം കാത്തിരിക്കുക.അവൻ ചെരിപ്പിന്റെ വാറിനെക്കാൾ നമ്മോടടുത്തവനാണ്.നിരാശയുടെ ഇരുളിന് ഹൃദയത്തിൽ ഇടം നൽകാതിരിക്കുക.നാഥന്റെ സാമീപ്യവും സ്വർഗീയാരാമങ്ങളും പ്രതീക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുക. അന്തിമ വിജയം നമുക്കത്രെ.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker