Current Date

Search
Close this search box.
Search
Close this search box.

ശൈഖ് മുഹമ്മദ് സ്വാബൂനി വിടപറയുമ്പോൾ

സിറിയൻ പണ്ഡിതസഭയുടെ മുൻഅദ്ധ്യക്ഷനായിരുന്ന ശൈഖ് മുഹമ്മദ് സ്വാബൂനി 2021 മാർച്ച് 19ന്(1442, ശഅബാൻ, 6) തുർക്കിയിലെ യൽവാ പട്ടണത്തിൽ വെച്ച് വഫാത്തായി. 91 വയസ്സായിരുന്നു അദ്ദേഹത്തിന്. അഹ് ലുസ്സുന്നത്തി വൽജമാഅത്തിന്റെ സമകാലിക പണ്ഡിതന്മാരിൽ പ്രമുഖനും ഖുർആൻ, ഹദീസ് പഠനങ്ങളിലും വ്യാഖ്യാന ശാസ്ത്രത്തിലും നിപുണനുമായിരുന്നു ശൈഖ് സ്വാബൂനി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥങ്ങളിലൊന്നാണ് സ്വഫ്വത്തു തഫാസീർ.

ഇസ്ലാമിക ലോകത്തെ മഹത് വ്യക്തിത്വങ്ങൾക്ക് നൽകപ്പെടുന്ന ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡിന് 2007ൽ അർഹനായത് അദ്ദേഹമായിരുന്നു. ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ, വിശിഷ്യാ ഖുർആൻ വ്യാഖ്യാന ശാസ്ത്രത്തിലെ മികച്ച സംഭാവനകളായിരുന്നു അദ്ദേഹത്തെ അതിന് അർഹനാക്കിയത്.

ജനനവും വളർച്ചയും

സിറിയിയിലെ ഒന്നാം റിപ്പബ്ലിക് കാലത്ത് അലപ്പോയിൽ 1930 ജനുവരി ഒന്നിനാണ് ശൈഖ് സ്വാബൂനിയുടെ ജനനം. അലപ്പോയിലെ പണ്ഡിതന്മാരിൽ പ്രമുഖനുമായിരുന്ന പിതാവ് ശൈക് ജമീൽ സ്വാബൂനിയിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുഹമ്മദ് സഈദ് ഇദ്ലിബി, മുഹമ്മദ് റാഗിബ് ത്വബാഹ് തുടങ്ങി മദീനയിലെ പണ്ഡിതന്മാരിൽ നിന്നാണ് മതപഠനത്തിലും ഭാഷാ പഠനത്തിലും പ്രാവീണ്യം നേടുന്നത്.
1949ൽ അലപ്പോയിലെ ശരീഅ കോളേജിൽ വെച്ച് ഖുർആൻ നിതാന കർമ്മശാസത്രത്തിലും പ്രകൃതി പഠനത്തിലും ബരുദം നേടി. സിറിയയിലെ ഔഖാഫ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ചെലവിൽ അസ്ഹറിൽ പഠനം നടത്തി 1952ൽ ശരീഅ കോളേജിൽ നിന്നും ബിരുദവും 1954ൽ നിയമപഠനത്തിൽ ബിരുദാനന്ത ബിരുദവും നേടി.

വൈജ്ഞാനിക ജീവിതം

അസ്ഹറിലെ പഠനത്തിന് ശേഷം സിറിയയിലേക്ക് മടങ്ങിവരികയും അലപ്പോയിലെ ഇസ്ലാമിക് കൾചറൽ സ്കൂളിൽ 1962 വരെ പ്രൊഫസറായി അധ്യാപനം നടത്തുകയും ചെയ്തു. പിന്നീട് പ്രത്യേക ക്ഷണപ്രകാരം മക്ക യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് കോളേജിലും ശരീഅത്ത് കോളേജിലും 30 വർഷക്കാലം സേവനമനുഷ്ഠിച്ചു. ശേഷം ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ സയന്റിഫിക് സ്റ്റഡീസിലും ഇസ്ലാമിക് കൾചറൽ എംപവർമെന്റ് ഡിപ്പാർട്ടുമെന്റിലും ഗവേഷകനായി അദ്ദേഹം നിയമിക്കപ്പെട്ടു. അതിനുശേഷം, മുസ്ലിം വേൾഡ് ലീഗിൽ ഖുർആനിലെയും ഹദീസിലെയും സയന്റിഫിക് മിറാക്കിൾസ് അതോറിറ്റിയിൽ കൺസൾട്ടന്റായിരുന്ന ശൈഖ് സ്വാബൂനി പിന്നീട് ദീർഘകാലം അവിടെത്തന്നെയായിരുന്നു.

ഇസ്ലാമിക വിജ്ഞാന പ്രസരണത്തിൽ അതീവ തൽപരനായിരുന്ന ശൈഖ് മുഹമ്മദ് സ്വാബൂനി. മക്കയിലെ മസ്ജിദുൽ ഹറാമിൽ ദിവസവും ദർസ് നടത്തുകയും ഫത് വ നൽകുകയും ചെയ്യുമായിരുന്നു. എട്ട് വർഷത്തോളം മദീന പള്ളിയിൽ വെച്ച് ആഴ്ചയിൽ ഒരുവട്ടം ഖുർആൻ വ്യാഖ്യാനശാസത്രത്തിൽ ക്ലാസെടുക്കുകയും ചെയ്തിരുന്നു. തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥികൾക്ക് വിശുദ്ധ ഖുർആനിന്റെ മൂന്നിൽ രണ്ടുഭാഗവും അദ്ദേഹം അധ്യാപനം നടത്തിയിരുന്നു. അതെല്ലാം കാസറ്റുകളായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആൻ വ്യാഖ്യാന പഠനത്തിൽ അറുന്നൂറോളം ടെലിവിഷൻ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. രണ്ട് വർഷക്കാലം തുടർന്നുപോന്ന പദ്ധതി ഹി. 1419ന്റെ അവസാനത്തോടെയാണ് അദ്ദേഹം പൂർത്തീകരിക്കുന്നത്.

57 ഗ്രന്ഥങ്ങളും വ്യാഖ്യാന ശാസ്ത്രത്തിലുള്ള 600 ടെലിവിഷൻ എപ്പിസോഡുകളും

ശൈഖ് മുഹമ്മദ് സ്വാബൂനി ദിവംഗതനാകുമ്പോൾ 57 ഗ്രന്ഥത്തിന്റെ രചയിതാവായിരുന്നു അദ്ദേഹം. നാൽപത് വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട സ്വഫ്വത്തു തഫാസീറാണ് അതിലേറ്റവും പ്രശസ്തമായത്. മുഖ്തസറു തഫ്സീരി ഇബ്നു കസീർ, മുഖ്തസറു തഫ്സീരി ത്വബ് രി, തിബ് യാൻ ഫീ ഉലൂമിൽ ഖുർആൻ, റവാഇഉൽ ബയാൻ ഫീ തഫ്സീരി ആയാത്തിൽ അഹ്കാം, ഖബ്സു മിൻ നൂരിൽ ഖുർആൻ അടക്കം ഖുർആൻ വ്യാഖ്യാന ശാസ്ത്രത്തിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

ഖുർആൻ വ്യാഖ്യാനത്തിൽ അദ്ദേഹത്തിന്റെ 600ൽ അധികം എപ്പിസോഡുകൾ സഊദി ടെലിവിഷൻ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ട് വർഷത്തോളം അത് തുടർന്നു. പിന്നീട് ആരാധനയിലും ഗ്രന്ഥരചയിലുമായി അവസാനകാല ജീവിതം നയിക്കാൻ അദ്ദേഹം തുർക്കിയിലേക്ക് മടങ്ങി.

അറബ്, ശരീഅത്ത് വിജ്ഞാനങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ ശൈഖ് സ്വാബൂനി രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രാൻസ്, ടർക്കിഷ് അടക്കം വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് താഴെ:
1- സ്ഫ്വത്തു തഫാസീർ
2- മുഖ്തസറു തഫ്സീരി ഇബ്നു കസീർ
3- അത്തഫ്സീറുൽ വാളിഹിൽ മുസയ്യർ
4- ഫിഖ്ഹുൽ ഇബാദാത്തി ഫീ ളൗഇൽ കിതാബി വസ്സുന്ന
5- ഫിഖ്ഹുൽ മുആമലാത്തി ഫീ ളൗഇൽ കിതാബി വസ്സുന്ന
6- അൽമവാരീസു ഫിശ്ശരീഅത്തിൽ ഇസ്ലാമിയ്യ
7- മിൻ കുനൂസിസ്സുന്ന
8- റവാഇഉൽ ബയാൻ ഫീ തഫ്സീരി ആയാത്തിൽ അഹ്കാം
9- ഖബ്സു മിൻ നൂരിൽ ഖുർആനിൽ കരീം
10- അസ്സുന്നത്തുന്നബവിയ്യ; ഖിസ്മുൻ മിനൽ വിഹിയിൽ ഇലാഹിൽ മുനസ്സൽ
11- മൗസൂഅത്തുൽ ഫിഖ്ഹി ശർഇൗൽ മുയസ്സർ
12- അസ്സിവാജുൽ ഇസ്ലാമീൽ മുബ്കിർ; സആദത്തുൻ വ ഹിസാനത്തുൻ
13- അൽഹുദാന്നബവി അസ്സ്വഹീഹ് ഫീ സ്വലാത്തി തറാവീഹ്
14- ഈജാസുൽ ബയാൻ ഫീ സുവരിൽ ഖുർആൻ
15- മൗഖിഫുശ്ശരീഅത്തിൽ ഖർറാഅ് മിൻ നികാഹിൽ മുത്അ
16- ഹർകത്തുൽ അർളി വ ദൗറാനുഹാ ഹഖീഖത്തുൻ ഇൽമിയ്യത്തുൻ അസ്ബതഹാൽ ഖുർആൻ
17- അത്തിബ്യാനു ഫീ ഉലൂമിൽ ഖുർആൻ
18- അഖീദത്തു അഹ്ലിസ്സുന്നത്തി ഫീ മീസാനിശ്ശറഅ്
19- അന്നുബുവ്വത്തു വൽഅൻബിയാഅ്
20- രിസാലത്തുസ്സ്വലാത്ത്
21- അൽമുഖ്തത്വഫു മിൻ ഉയൂനിശ്ശിഇർ
22- കഷ്ഫുൽ ഇഫ്തിറാആത്തി ഫീ രിസാലത്തി തൻബീഹാത്തി ഹൗല സ്വഫ്വത്തി തഫാസീർ
23- ദുർറത്തുത്തഫാസീർ
24- ജരീമത്തുരിബാ അഖ്തറുൽ ജറാഇമിദ്ദീനിയ്യത്തി വൽഇജ്തിമാഇയ്യ
25- ശുബഹാത്തുൻ വ അബാത്വീലുൻ ഹൗല തഅദ്ദുദി സൗജാത്തിർറസൂലി
26- രിസാലത്തു ഫീ ഹുക്മിത്തസ്വ്വീർ

സ്വഫ്വത്തു തഫാസീർ

ശൈഖ് മുഹമ്മദ് സ്വാബൂനിയുടെ ഗ്രന്ഥങ്ങളിൽ ശ്രദ്ധേയമായ ഗ്രന്ഥമാണ് സ്വാഫ്വത്തു തഫാസീർ. ഖുർആനിക സൂക്തങ്ങളെ അതിന്റെ അർത്ഥങ്ങളും അതിനു ഉചിതമായ തെളിവുകളും അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനമാണിത്. മുൻകാല പണ്ഡിതന്മാരുടെ സുപ്രധാന ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ അവലംബിച്ച് തന്നെയാണ് ഈ ഗ്രന്ഥവും രചിക്കപ്പെട്ടിട്ടുള്ളത്.

ഖുർആൻ വ്യാഖ്യാന പണ്ഡിതന്മാരുടെ വാക്കുകളുടെ രത്നച്ചുരുക്കമാണ് സ്വാഫ്വത്തു തഫാസീർ എന്ന് വേണമെങ്കിൽ പറയാം. വായിക്കുന്നവർക്കും അധ്യാപനം നടത്തുന്നവർക്കും ആയാസകരമാകുന്ന രീതിയിൽ വളരെ ലളിതമായ രീതിയാണ് അദ്ദേഹം ഇതിൽ സ്വീകരിച്ചിട്ടുള്ളത്. ഭാഷാർത്ഥത്തിന് അമിത പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ അതിന്റെ സൗന്ദര്യ ശാസ്ത്രത്തിൽ കൂടി സ്വാബൂനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഖുർആനിക സൂക്തങ്ങളിൽ ഉള്ളടങ്ങിയിട്ടുള്ള തെളിവുകളും വിധികളും അദ്ദേഹമതിൽ വിശദീകരിക്കാൻ ശ്രമിക്കുന്നു.

അർത്ഥങ്ങളെ അതിന്റെ പൂർണാർത്ഥത്തിൽ വ്യക്തമാക്കുന്ന ശൈലി സ്വീകരിച്ച അദ്ദേഹം ഓരോ സൂക്തവും അതിനു മുമ്പും ശേഷവുമുള്ള സൂക്തവുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അവതീർണ്ണ കാരണത്തോടുകൂടി വിവരിക്കുന്നുണ്ട്. ഓരോ വാക്കുകളുടെയും പദോൽപത്തിയും അറബ് ഭാഷയിൽ അതിനുള്ള തെളിവുകളും അതിൽ അദ്ദേഹം ഉദ്ധരിക്കുന്നതോടൊപ്പം തന്നെ പദങ്ങളുടെ സൗന്ദര്യശാസ്ത്രത്തെയും ശൈഖ് മുഹമ്മദ് സ്വാബൂനി തന്റെ തഫ്സീറിൽ ചർച്ചക്കെടുക്കുന്നുണ്ട്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles