Current Date

Search
Close this search box.
Search
Close this search box.

ആര്‍ത്തവത്തില്‍ ഒതുങ്ങുന്ന നവോത്ഥാനം

നവോത്ഥാനവും ആര്‍ത്തവവും തമ്മില്‍ എന്താണ് ബന്ധം. ഒരു ബന്ധവുമില്ല എന്നതാണ് നേര്‍ക്കുനേര്‍ പറയാന്‍ കഴിയുക. നവോത്ഥാനം ഇല്ലാത്ത കാലത്തും ഉണ്ടായ കാലത്തും ആര്‍ത്തവം ഒരു സത്യമായിരുന്നു. ആര്‍ത്തവത്തെ പല വിശ്വാസങ്ങളും പല രീതിയില്‍ കണ്ടിരുന്നു. സ്ത്രീയുടെ ജൈവികതയിലെ ഒരു സത്യമാണ് ആര്‍ത്തവം. വിശ്വാസി,അവിശ്വാസി, മതം, ജാതി എന്നതിലപ്പുറം സ്ത്രീ വര്‍ഗത്തിന് പ്രകൃതി നല്‍കിയ ഒന്നാണ് ആര്‍ത്തവം.

സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം കണക്കാക്കുന്നതില്‍ ആര്‍ത്തവത്തിന് വല്ല പങ്കുമുണ്ടോ? ഒരു കാലത്തു പല ആചാരങ്ങളും സ്ത്രീകളെ ഈ ദിവസങ്ങളില്‍ വീടുകയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതെ സമയം ഇസ്‌ലാം പോലുള്ള ദര്‍ശനങ്ങള്‍ ഈ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരുപാട് ഇളവുകള്‍ നല്‍കുന്നു. സ്ത്രീകളെ ആര്‍ത്തവ കാലത്തു മറ്റൊരിടത്ത് മാറ്റി താമസിപ്പിച്ചിരുന്നു എന്നത് ഇന്ന് പഴങ്കഥയാണ്. സ്ത്രീകള്‍ പുരുഷനെ പോലെ സാമൂഹിക രംഗത്തു സജീവമായ ഈ കാലത്തു ആര്‍ത്തവം ഒരു തടസ്സമായത് നാം പറഞ്ഞു കേട്ടിട്ടില്ല.

അതെ സമയം ആര്‍ത്തവത്തോടു വിവിധ വിശ്വാസങ്ങള്‍ വിവിധ തരത്തിലാണ് പ്രതികരിക്കുന്നത്. അത് അവരുടെ വിശ്വാസത്തിന്റെ വിഷയമാണ്. അത് അംഗീകരിക്കുന്നതില്‍ വിശ്വാസികളായ സ്ത്രീകള്‍ക്കും പ്രയാസം വരില്ല. ലിബറല്‍ ചിന്താ ഗതിയില്‍ ആര്‍ത്തവം ഒരു ജൈവപരമായ വിഷയം മാത്രമാണ്. അപ്പോള്‍ ആര്‍ത്തവം പ്രശ്‌നമാകുന്നത് വിശ്വാസത്തില്‍ മാത്രമാണ്. വിശ്വാസം ഭരണ ഘടന നല്‍കുന്ന ഉറപ്പാണ്. അത് കൊണ്ട് തന്നെ ഓരോ ജനതക്കും അവരുടെ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോകാന്‍ അവകാശമുണ്ട്. ആര്‍ത്തവമുള്ള സമയം മാത്രമാണ് ഇസ്ലാമിലെ വിഷയം. അതെ സമയം ആര്‍ത്തവത്തിന്റെ പ്രായമാണ് ശബരിമലയിലെ വിഷയം. അവിടെയാണ് കോടതി ഇടപെട്ടത്. പ്രായത്തിന്റെ പേരില്‍ സ്ത്രീകളുടെ ആരാധന മുടക്കുന്നത് ഭരണ ഘടന വിരുദ്ധമാണ്. അതൊരു വിശ്വാസത്തിന്റെ കൂടി കാര്യമാണ് എന്നത് കോടതിയെ ബോധ്യപ്പെടുത്താന്‍ എതിര്‍ഭാഗം പാരാജയപ്പെട്ടു എന്ന് സാരം.

അതുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടന്നു. കേരളം മുമ്പ് കണ്ടിട്ടില്ലാത്ത രൂപത്തില്‍ പിറവി കൊണ്ട വനിതാ മതില്‍ അതിന്റെ ഭാഗമായിരുന്നു. വനിതാ മതിലിനു ശബരിമലയുമായി ബന്ധമില്ല എന്ന് സംഘാടകര്‍് പറഞ്ഞിരുന്നു. പകരം സ്ത്രീകളുടെ പദവി ഉയര്‍ത്തുക എന്നതാണ് അതിന്റെ ഉദ്ദേശമായി പറഞ്ഞത്. കേരള നവോത്ഥാന സംരംഭങ്ങളില്‍ ഈ മതിലിനു വലിയ സ്ഥാനമുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെയാണ് നമുക്ക് താല്പര്യം. അതിന്റെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ആ മതിലിനു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. പക്ഷെ പൂച്ച വീണാല്‍ നാല് കാലില്‍ എന്നത് പോലെ നവോത്ഥാന ചര്‍ച്ചകള്‍ ആര്‍ത്തവത്തില്‍ നിന്നും മാറി പോയിട്ടില്ല എന്നതാണ് വര്‍ത്തമാന ചരിത്രം.

പുതിയ ചര്‍ച്ചകള്‍ തീര്‍ത്തും പ്രതിലോമപരമാണ്. അടുത്തിടെ ഒരു നടന്ന ആര്‍പ്പോ ആര്‍ത്തവമാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിയത്. ആര്‍ത്തവം ഇപ്പോഴും അയിത്തത്തിനും കാരണമാകുന്നു എന്നാണ് സമരക്കാരുടെ നിലപാട്. കേരള പൊതു സമൂഹത്തില്‍ ആര്‍ത്തവത്തിന്റെ പേരില്‍ ഒരു വിവേചനവും ഇന്ന് നിലവിലില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ അത് നിലനില്‍ക്കുന്നത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയവുമല്ല. പ്രസ്തുത പരിപാടിയുടെ കവാടം പോലും ഒരു അവഹേളന മാതൃകയിലായിരുന്നു എന്നാണു പൊതു സംസാരം. കേരള മുഖ്യമന്ത്രി പങ്കെടുക്കും എന്ന് പറഞ്ഞിരുന്നെങ്കിലും അവസാനം അത് നടന്നില്ല. ഇത് ചുംബന സമരത്തിന്റെ മറ്റൊരു പതിപ്പായി കണ്ടാല്‍ മതി. സംഘ പരിവാര്‍ വിരുദ്ധം എന്ന പേരില്‍ നടത്തുന്ന എന്തും അംഗീകരിക്കാന്‍ കഴിയില്ല. സംഘ പരിവാര്‍ വിരുദ്ധതത എന്നതിനേക്കാള്‍ സമൂഹത്തിലേക്ക് ലിബറല്‍ മനസ്ഥിതി കടത്തി വിടുക എന്നതാണ് അതിനു പിന്നിലെ ഉദ്ദേശം.

ആര്‍ത്തവ രക്തത്തിന്റെ ശുദ്ധിയും അശുദ്ധിയുമാണ് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യുന്നത്. പ്രത്യേകിച്ച് അറിവും വിവേകവുമുള്ള സ്ത്രീകള്‍ തന്നെ അത്തരം ചര്‍ച്ചകളില്‍ പങ്കാളികളാവുന്നു. ആര്‍ത്തവം കാരണം കേരള പൊതു സമൂഹത്തില്‍ ഒരു സ്ത്രീയും വിവേചനം അനുഭവിക്കുന്നില്ല എന്നത് ഒരിക്കല്‍ കൂടി ഉറപ്പായിരിക്കെ ആചാരങ്ങളെ അവരുടെ വഴിക്കു വിടുകയാണ് നല്ലത്. സ്ത്രീകള്‍ സ്ത്രീകളായതിന്റെ പേരില്‍ അനുഭവിക്കുന്ന പല പീഡനങ്ങളുമുണ്ട്. തക്കം കിട്ടിയാല്‍ സ്ത്രീകളെ ഉപയോഗപ്പെടുത്തുക എന്ന മനസ്സാണ് ഇന്നിന്റെ ശാപം. മരിക്കാന്‍ കിടക്കുന്ന വൃദ്ധകളെ പോലും പീഡനത്തിന് വിദേയമാക്കുന്ന സാമൂഹിക അവസ്ഥ മാറണം. സ്ത്രീകള്‍ക്ക് മാന്യമായി ജീവിക്കാന്‍ വേണ്ടത് അതിനു പറ്റിയ സാമൂഹിക അവസ്ഥയാണ്, നാട്ടിലെ നിയമവും കൂടി ഒത്തു വന്നാല്‍ മാത്രമാണ് അത് സംഭവിക്കുക, അതിനാകട്ടെ നമ്മുടെ പോരാട്ടം. സ്വയം പരിഹാസരാകാന്‍ ആരും മുന്നോട്ടു വരരുത് എന്നത് മാത്രമാണ് നമ്മുടെ അപേക്ഷയും.

Related Articles