Current Date

Search
Close this search box.
Search
Close this search box.

ഉമ്മിയ്യുണ്ടാക്കിയ അക്ഷരവിപ്ലവം

കൈരളിയുടെ വായനയുടെ വളർത്തച്ഛൻ എന്നറിയപ്പെടുന്ന കേരള ഗ്രന്ഥശാല സംഘത്തിന്റെ ശില്പിയുമായ PN പണിക്കരുടെ (1 മാർച്ച് 1909 -19 ജൂൺ 1995)
ചരമദിനമാണ് നാം കേരളത്തിൽ വായനാ ദിനമായി കൊണ്ടാടുന്നത്. മനുഷ്യർക്ക് അറിവിലൂടെ പ്രബുദ്ധരാകണമെന്ന ആഗ്രഹത്തോടെ അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് പണിക്കർ.

“എഴുത്തു പഠിച്ചു കരുത്തുനേടുക.. വായിച്ചു വളരുക.. ചിന്തിച്ചു പ്രബുദ്ധരാവുക”
പണിക്കർ മലയാളിക്കു നൽകിയ സന്ദേശമതായിരുന്നു .

ഈ സന്ദേശത്തെ മലയാളി അക്ഷരംപ്രതി നെഞ്ചിലേറ്റിയതിന്റെ ഉദാഹരണങ്ങളാണ് മലയാളത്തിൽ മാത്രമിറങ്ങുന്ന ദശക്കണക്കിന് പത്രങ്ങളും ശതക്കണക്കിന് വാരിക – മാസികകളും . ലോകത്ത് ഏത് വൻ പുസ്തകമേള നടന്നാലും മലയാളിയുടെ ഒരു പുസ്തകശാല അവിടെക്കണ്ടെത്താൻ അധികം അലയേണ്ടി വരില്ല. ബൈറൂത്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസാധനാലയങ്ങളുള്ളത് കേരളക്കരയിലാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു.

ലോകത്തുള്ള കലാശാലകളിലും വിദ്യാലയങ്ങളിലും വായനയെ പ്രൊമോട്ട് ചെയ്യുന്ന കാമ്പയിനുകളും ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടപ്പെടുന്നുണ്ട്.
ഇത്തരത്തിലുള്ള ഏറ്റവും വലിയ ആഘോഷമാണ് ലോക പുസ്തക ദിനം. രചയിതാക്കൾ, പുസ്‌തകങ്ങൾ, ചിത്രകാരന്മാർ, വായനക്കാർ എല്ലാവരേയും വായനയിൽ സജീവമാക്കുക എന്നതാണ് ലക്ഷ്യം!
ജനുവരി 23 : ദേശീയ വായനാ ദിനം ,
മാർച്ച് 7 : ആഗോള പുസ്തകദിനം ,
ഏപ്രിൽ 23: ലോകപുസ്തക-പകർപ്പവകാശദിനം എന്നിങ്ങനെ പലപേരിലും അക്ഷരങ്ങളെ ജനകീയമാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.

Also read: ദാരിദ്ര്യനിർമാർജനത്തിന്റെ ബദൽ മാർഗങ്ങൾ

വായനയെ ഇഷ്ടപ്പെടാൻ പുതിയ തലമുറയിലെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രാദേശിക-ദേശീയ-അന്തർദേശീയ സംരംഭങ്ങളാണ് ഉപരിസൂചിത ദിനങ്ങളെല്ലാം . പ്രീ-കെജി മുതൽ പി ജി വരെയുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രസ്തുത ദിനാചരണങ്ങളെല്ലാം ലോകത്ത് നടക്കുന്നതെങ്കിൽ നമ്മുടെ നാട്ടിൽ കൂടുതൽ നടക്കുന്നത് പൊതുസമൂഹത്തിലാണ്. പബ്ലിക് ലൈബ്രറികൾ, വായനാമുറികൾ എന്നിവ കേന്ദ്രീകരിച്ച് ജൂണിലെ മൂന്നാം വാരം ഇത്തരം മാമാങ്കങ്ങൾ നടത്തിയിട്ടും ന്യൂജെൻ സോഷ്യൽ മീഡിയയിൽ മുകിബ്ബൻ അലാ വജ്ഹിഹി (മുഖം പൂഴ്ത്തി ) ആയി തുടരുന്നുവെങ്കിൽ ബോധവത്കരണങ്ങൾ മർമത്തിൽ തൊടുന്നില്ല എന്ന് വേണം മനസിലാക്കാൻ.

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١ العلق﴾
اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣ العلق﴾
ഉമ്മിയ്യായ പ്രവാചകന് ലഭിച്ച ആദ്യ വെളിപാട് ഇഖ്റഅ് നെഞ്ചിലേറ്റിയ സമൂഹം ബഗ്ദാദിലെ ബൈതുൽ ഹിക്മ: മുതൽ പട്നയിലെ ഖുദാ ബഖ്ശ് ലൈബ്രറിയടക്കമുള്ള ഗ്രന്ഥശാലകളിലൂടെ അക്ഷരവിപ്ലവം സൃഷ്ടിച്ചത്. അന്ന് അലക്സാണ്ട്രിയയിലേയും കോൺസ്റ്റാന്റിനോപ്പിളിലേയും ബഗ്ദാദിലെയും വലിയ ഗ്രന്ഥാലയങ്ങൾ കത്തിച്ച മത സമൂഹങ്ങൾ പിന്നീട് വിജ്ഞാനത്തിന്റെ ഉപാസകരാവുന്നതും സാക്ഷര വിപ്ലവത്തിന് നേതൃത്വം നല്കിയവർ ഒ.ബി.സിയാവുകയും ചെയ്തതിനെയാണ് ചരിത്രപരമായ വൈരുധ്യം (historical paradox) എന്നു വിളിക്കുന്നത്.
എന്നാണെന്നതു പോലെ അതൊന്നും കേൾക്കാതെ സെൽഫീ / മായുരീദീയായ് നടന്നവനോട് അവസാനമായി പറയുന്നതും അതേ ഇഖ്റഅ് പ്രയോഗമാവും
اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤ الإسراء﴾
അതു പക്ഷേ അവന്റെ അവസാനത്തെ വായനയും അവന്റെ പരിണതിയിലേക്കുള്ള കൂപ്പുകുത്തലുമായിരിക്കും. ഉമ്മിയ്യ് എന്നതിന്റെ വിശദാംശങ്ങൾ എന്തോ ആവട്ടെ പക്ഷേ, ആ ഉമ്മിയ്യായ പ്രവാചകന്റെ ആദ്യ കാല അനുയായികൾ സൃഷ്ടിച്ച സാക്ഷര വിപ്ലവം ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം എന്ത് കൊണ്ട് വിജയിക്കുന്നില്ല എന്ന ചോദ്യത്തിന് വായന മരിച്ചുവെന്ന കേവല ഉപരിതലസ്പർശിയായ ഉത്തരമല്ല വേണ്ടത്. ആദ്യ നൂറ്റാണ്ടുകൾ സൃഷ്ടിച്ച അക്ഷര വിപ്ലവം പുനരാവിഷ്കരിക്കുകയാണ് വേണ്ടത്.

Related Articles