Current Date

Search
Close this search box.
Search
Close this search box.

എത്ര നല്ല കാലം, ഈ റമദാന്‍!

അതുവരെയുള്ള ശീലങ്ങളില്‍ നിന്നും പൊടുന്നനെയുള്ള ഒരു മാറ്റമാണല്ലോ ശരിക്കും പറഞ്ഞാല്‍ റമദാന്‍. നേരത്തെ എഴുന്നേല്‍ക്കാന്‍ എനിക്ക് കഴിയില്ല എന്ന് മനസ്സിലുറപ്പിച്ചവരെല്ലാം വളരെ നേരത്തെ തന്നെ എഴുന്നേല്‍ക്കുന്നു, ഭക്ഷണം കഴിക്കാന്‍ തോന്നാത്ത നേരത്ത് ഭക്ഷണം കഴിക്കുന്നു. വെള്ളം പോലും കുടിക്കില്ലെന്ന് വെക്കുന്നു. ഏത് മനുഷ്യനും അത്രമാത്രം ഫ്ളക്സിബിള്‍ ആണെന്ന് തെളിയിക്കുന്ന റമദാനോളം പോന്ന വേറൊരു കാലമില്ലെന്ന് തോന്നുന്നു. വയ്യെന്ന് പറയുന്ന ഓരോരുത്തനെ കൊണ്ടും വെയ്ക്കും എന്ന് ജീവിതം കൊണ്ട് പറയിപ്പിക്കുന്ന കാലമാണ് റമദാന്‍. കുട്ടികള്‍ക്കും റമദാനില്‍ കിട്ടേണ്ടത് ഈ ഫ്ളക്സിബിലിറ്റിയാണെന്ന് തോന്നാറുണ്ട്. 

പുതിയ കാലത്തെ കുട്ടികള്‍ക്ക് വേണ്ടത് ഫ്ളക്സിബിലിറ്റിയാണെന്ന് യുവാല്‍ നോവ ഹരാരി അദ്ദേഹത്തിന്റെ ട്വന്റി വണ്‍ ലെസ്സണ്‍സ് ഫോര്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കാരണം അവര്‍ പഠിക്കുന്ന കാര്യങ്ങളാകില്ല പിന്നീട് ജോലി അന്വേഷിക്കുന്ന കാലത്ത് ഉണ്ടാവുക. വളരെ വേഗത്തില്‍ കോഴ്സുകളും ജോലിസാധ്യതകളുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണല്ലോ. കുട്ടികള്‍ കണ്ട് പഠിക്കുന്നവരാണല്ലോ, അവരെന്താണോ റമദാനില്‍ കാണുന്നത് അത് തന്നെയാണ് റമദാനിനെ കുറിച്ച് മനസ്സിലാക്കുന്നതും. നമ്മളെന്ത് പ്രസംഗിക്കുന്നു എന്നത് അവരെ സംബന്ധിക്കുന്നതല്ല.

കൂടുതല്‍ നേരം നമ്മള്‍ അടുക്കളയിലാണെങ്കില്‍ റമദാനിനെ കുറിച്ച് അവര്‍ അങ്ങനെ തന്നെ മനസ്സിലാക്കും. കൂടുതല്‍ ഉറങ്ങിത്തീര്‍ക്കുന്നതാണ് അവര്‍ കാണുന്നതെങ്കില്‍ റമദാന്‍ എന്നത് ഉറക്കത്തിന്റെ കാലമെന്ന് അവര്‍ അടിവരയിടും. റമദാനിനെ കുറിച്ച് എന്ത് മെമ്മറിയാണ് കുട്ടികള്‍ക്ക് നല്‍കാന്‍ നാം ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. ചെയ്യാന്‍ കഴിയില്ല എന്ന ധാരണയെയെല്ലാം മറകടക്കുന്ന കാലമാണിതെന്ന് അവര്‍ക്ക് മനസ്സിലാകണം. വിചാരിച്ചാല്‍ പട്ടിണി വരെ കിടക്കാനുള്ള കരുത്തിന്റെ, നിശ്ചയ ദാര്‍ഢ്യത്തിന്റെ റമദാനിനെ അവര്‍ക്ക് അനുഭവിക്കാന്‍ പറ്റണം. സഹായത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും റമദാന്‍ കാണുമ്പോള്‍ കുഞ്ഞുമക്കള്‍ പറയും, എത്ര നല്ലകാലം ഈ റമദാന്‍!

റമദാനില്‍ നിന്ന് കുട്ടികളെന്താണ് നേടുന്നതെന്ന് പലവട്ടം നാം ആലോചിക്കണം. അത്താഴത്തിന് എല്ലാവരും നേരത്തെ എഴുന്നേല്‍ക്കുന്നതും മഗ്‍രിബ് നേരത്ത് എല്ലാവരും ഒന്നിച്ച് നോമ്പ് തുറക്കുന്നതും കുട്ടികള്‍ കാണുന്നുണ്ട്. വിശപ്പിന്റെയും  രുചിയുടെയും ഒന്നിക്കലിന്റെയുമെല്ലാം ആഹ്ളാദകാലമായി കുട്ടികള്‍ക്ക് ഓരോ റമദാനും അനുഭവപ്പെടുന്നുണ്ടാകണം. എനിക്ക് നോമ്പ് നോല്‍ക്കണമെന്നും എനിക്ക് പള്ളിയില്‍ പോകണമെന്നും എനിക്ക് തറാവീഹ് നിസ്‌കരിക്കണമെന്നും കുട്ടികള്‍ നിര്‍ബന്ധം പിടിക്കുമ്പോളാണ് ശരിക്കും രക്ഷിതാക്കള്‍ വിജയിക്കുന്നത്. അവരെ നിര്‍ബന്ധിച്ച് ചെയ്യിക്കുമ്പോള്‍ തീര്‍ച്ചയായും അത്തരം കാര്യങ്ങളോട് കുട്ടികള്‍ക്കൊരു അനിഷ്ടം ഉണ്ടാകുന്നു. കുട്ടികളുടെ ആവശ്യമായി ആരാധനകര്‍മങ്ങള്‍ മാറുമ്പോള്‍ അതിന് മധുരം കൂടും, ആ ഇഷ്ടം നീണ്ടു നില്‍ക്കും. ഭക്ഷണം കഴിക്കുന്നത് നമുക്ക് വേണ്ടിയെന്ന പോലെ ആരാധന കര്‍മ്മങ്ങളും സ്വന്തത്തിന് വേണ്ടിയാണെന്ന് പതിയെ കുട്ടികള്‍ മനസ്സിലാക്കണം.

പള്ളിയില്‍ കുട്ടികളുടെ ശബ്ദം ഉയരുമ്പോള്‍ മിണ്ടാതിരിക്കെന്ന് അവരെ ശാസിക്കുന്ന മുതിര്‍ന്നവരെ കാണാറുണ്ട്. കുട്ടികളും അല്ലാഹുവിനോട് സംസാരിക്കാന്‍ വന്നതാണ്, മാത്രമല്ല പടച്ചവനറിയാം അവര്‍ കുട്ടികളാണെന്ന്. ഒച്ചയും ബഹളവും കൂട്ടുമെന്ന്. കുട്ടികളോട് കാരുണ്യം വേണമെന്നാണ് പ്രവാചകാധ്യാപനം. കുട്ടികളോട് സ്‌നേഹത്തിന്റെ ഭാഷയാണ് വേണ്ടത് അധികാരത്തിന്റെ ഭാഷയല്ല. ഇങ്ങനെ ഒരുപാട് നല്ല മെമ്മറികള്‍ ഉണ്ടാകുമ്പോഴാണ് കുട്ടികള്‍ക്കിത് നല്ല റമദാനാകുന്നത്. റമദാനെന്നാല്‍ ആനന്ദമാകുന്നത്.

Related Articles