Current Date

Search
Close this search box.
Search
Close this search box.

റമദാനും മലപ്പുറത്തെ ഹോട്ടലുകളും

പ്രവാചകൻ മക്കയിൽ നിന്നും മദീനയിലെത്തി. മക്കക്കാർ ഉന്നയിച്ചത് പോലെ പല വാദങ്ങളും മദീനക്കാരും ഉന്നയിക്കാൻ തുടങ്ങി. സംശയ ദൂരീകരണം കൊണ്ട് അവർ സത്യം അംഗീകരിക്കും എന്ന ചിന്ത ഇസ്ലാമിന് ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് ഖുർആൻ ഇങ്ങിനെ പറയുന്നു. “ ജൂതന്മാരും ക്രിസ്ത്യാനികളും ഒരിക്കലും നിന്നിൽ സംതൃപ്തരാകുന്നതല്ല– നീ അവരുടെ മാർഗത്തിൽ നടക്കാൻ തുടങ്ങിയാലല്ലാതെ.” ആ വചനത്തിന്റെ വിശദീകരണം ഇങ്ങിനെ വായിക്കാം. “ അതിനാൽ, അവരെ തൃപ്തിപ്പെടുത്തുകയെന്ന ചിന്ത വിട്ടുകളഞ്ഞേക്കുക; കാരണം, അവരുടേതായ വർണവും രീതിയും നീ കൈക്കൊള്ളാതിരിക്കുകയും ദീനിനോട് അവർ നടത്തുന്ന അതേ നിലക്കുള്ള ഇടപാട് നീ നടത്താതിരിക്കുകയും ആദർശകർമങ്ങളെ സംബന്ധിച്ചിടത്തോളം അവർ അകപ്പെട്ടുകഴിഞ്ഞ ദുർമാർഗങ്ങളിൽ നീ അകപ്പെടാതിരിക്കുകയും ചെയ്യുന്ന കാലത്തോളം അവർ നിന്നെ തൃപ്തിപ്പെടുക അസംഭവ്യമാണ്”

മലപ്പുറത്ത്‌ നോമ്പ് കാലത്ത് മുസ്ലിംകൾ ഹോട്ടൽ തുറന്നാൽ തീരുന്നതാണ് ഫാസിസ്റ്റുകളുടെ എതിർപ്പ് എന്ന ചിന്ത വിശ്വാസികൾക് പാടില്ലാത്തതാണ്. ഈ നോമ്പ് കാലത്ത് അവർ കൊണ്ട് വരുന്ന അജണ്ടകളുടെ പിറകിൽ നാം പോകണം എന്നവർ തീരുമാനിച്ചു. അത്ര മാത്രം. സംഘ പരിവാർ എപ്പോഴാണ് ഇസ്ലാമിനെ കുറിച്ച് തൃപ്തരാകുക എന്ന് ചോദിച്ചാൽ ഇസ്ലാമിന്റെ അവസാന അടയാളവും ഇന്ത്യൻ മണ്ണിൽ നിന്നും ഇല്ലാതാക്കുന്നത് വരെ എന്നാണു ഉത്തരം.

നുണകളുടെ മേൽ കെട്ടിപ്പൊക്കുക എന്നോരു പ്രയോഗമുണ്ട്. ശത്രു ആ പണി തുടങ്ങിയിട്ട് കാലമേറെയായി. ഓരോ പ്രവാചകരും ഈ ദുരന്തം നേരിട്ടവരാണ്. കേരള കടലോരം മുഴുവൻ പാകിസ്താൻ കപ്പലാണ് എന്ന ചില നുണകൾ നാം കേട്ടതാണ്. കേരളത്തിലെ മുഴുവൻ അമുസ്ലിം പെൺകുട്ടികളെയും പ്രേമം നടിച്ചു മതം മാറ്റുന്ന വാർത്തയും നാം കേട്ടതാണ്. കേരളത്തിൽ നിന്നും ആയിരക്കണക്കിന് മുസ്ലിംകൾ ആട് മേക്കാൻ സിറിയയിലേക്ക് പോയ വാർത്തയും നാം വായിച്ചതാണ്. അങ്ങിനെ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത കാര്യവും നാം പലപ്പോഴും വായിച്ചതാണ്.

ഇസ്ലാമും ജാഹിലിയ്യത്തും തമ്മിലുള്ള സംഘട്ടനം സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനമാണ്. ഒന്ന് സത്യത്തിനു മേൽ പണിതുയർത്തിയതാണ്. അത് കൊണ്ട് തന്നെ വിശ്വാസികൾ സത്യത്തിന്റെ മേൽ സ്ഥാപിക്കാൻ ശ്രമിക്കുന്നു. അതെ സമയം അസത്യം എന്നും നുണകളുടെ മേൽ മാത്രമേ സ്ഥാപിക്കാൻ കഴിയൂ. കടൽ തിര വരുമ്പോൾ ഉണ്ടാകുന്ന നുരയും പതയും വെള്ളവും തമ്മിലുള്ള വ്യത്യാസമാണ് ഇവ തമ്മിൽ. ഒന്ന് പെട്ടെന്ന് പൊട്ടിപ്പോകുന്നു. അതെ സമയം വെള്ളം ബാക്കിയാവുന്നു. റമദാൻ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യ മാസമാണ്. ആ മാസത്തിൽ പകൽ സമയത്ത് ഹോട്ടൽ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതിന്റെ ഉടമസ്ഥന് മാത്രമാണ്. മുസ്ലിംകൾ പലപ്പോഴും അവരുടെ ഹോട്ടലുകൾ പകൽ സമയത്ത് തുറക്കാറില്ല. അത് ഒരു ഭരണ ഘടന വിരുദ്ധമായ കാര്യമല്ല. അതെ സമയം മുസ്ലിംകൾ അല്ലാത്തവർ നടത്തുന്ന ഒരുപാട് ഹോട്ടലുകൾ കേരളത്തിൽ ധാരാളം.

മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ ജില്ലയായി പോയി എന്നത് മാത്രമാണ് ആ ജില്ലയുടെ കുഴപ്പം. ആ കുഴപ്പം ഇക്കൊല്ലം തുടങ്ങിയതല്ല. അങ്ങിനെ ഒരു ജില്ല ഉണ്ടായ അന്ന് തുടങ്ങിയ കണ്ണുകടിയാണ്. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിനെ ആക്കിയ പോലെ മലപ്പുറത്തെയും കൈകാര്യം ചെയ്യാൻ സംഘ പരിവാർ ആഗ്രഹിക്കുന്നു. പക്ഷെ കേരളം എന്നതു സാക്ഷരതയുള്ള സംസ്ഥാനമാണ്. അത് കൊണ്ട് തന്നെ അവരുടെ കുത്തിത്തിരുപ്പുകൾ നടക്കാതെ പോകുന്നു. അപ്പോൾ നല്ലത് കേരളം മോശമാണെന്ന് ലോകത്തെ അറിയിക്കണം. അതിനുള്ള വഴികളായി മാത്രമേ ഈ റമദാനെയും ഹോട്ടലിനെയും നാം കാണേണ്ടത്.

അവഗണന എന്നത് ഒരു നല്ല പ്രയോഗമായി ഖുർആൻ പറയുന്നു. ഏറ്റെടുക്കാൻ ആളില്ല എന്ന് വന്നാൽ പ്രചാരകർ സ്വയം പിന്മാറും. ഇത്തരം അനാവശ്യ പ്രചാരങ്ങൾ നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു മതിയായ ശിക്ഷ നൽകാൻ നമ്മുടെ വ്യവസ്ഥകൾക്ക് കഴിയാതെ പോകുന്നു. കേരളത്തിൽ അധികാരത്തിൽ ഇല്ലെങ്കിലും തങ്ങൾക്ക് എന്തും പറയാം പ്രവർത്തിക്കാം എന്ന നിലയിലേക്ക് സംഘ പരിവാർ എത്തിയിരിക്കുന്നു. ആ സാഹചര്യം അവർ നന്നായി മുതലെടുക്കുന്നു. ഒരിക്കലും തെളിയാത്ത ലവ് ജിഹാദ് ഇന്നും അവർക്ക് വലിയ വിഷയമാണ്‌. തരം കിട്ടുമ്പോൾ മറ്റു പലരും ഈ ആരോപണം ഏറ്റെടുക്കുന്നു.

അന്ന് പ്രവാചകനോട് പറഞ്ഞതു തന്നെയാണ് ദൈവത്തിൽ നിന്നും വിശ്വാസികൾക്കുള്ള മറുപടി. “ നിങ്ങൾ നാട്ടിൽ നിന്നും പോകുന്നത് വരെ ഫാസിസ്റ്റുകൾ നിങ്ങളെ കുറിച്ച് തൃപ്തരല്ല”. മലപ്പുറവും കൊണ്ടോട്ടിയും മഞ്ചേരിയുമെല്ലാം ഒരു കാരണം മാത്രം. കാര്യം ഒന്ന് തന്നെ . ദൈവത്തിന്റെ ശത്രുക്കൾ എന്നും ഉയർത്തിയ കാര്യം.

Related Articles