Current Date

Search
Close this search box.
Search
Close this search box.

പ്രശാന്തി നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങള്‍

ശാന്തിയും സമാധാനവും സ്വസ്ഥമായ ജീവിതവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മനുഷ്യന്‍റെ ഇഹപര വിജയത്തിനും സമാധാനം നല്‍കുന്നതിനുമാണ് ഖുര്‍ആന്‍ അവതീര്‍ണ്ണമായിട്ടുള്ളത്. നിങ്ങളുടെ ഹൃദയത്തിലുള്ളതിന് രോഗശമനായി ഖുര്‍ആന്‍ വന്നിരക്കുന്നു എന്ന സൂക്തം പ്രസിദ്ധമാണ്. പ്രവാചകന്‍ തിരുമേനിയുടെ ജീവിതത്തില്‍ അസ്വസ്ഥജനകമായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു അവതരിപ്പിച്ചുകൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട പദമാണ് ‘സകീനത്’ അഥവാ സമാധാനം എന്ന പദം.

തന്‍റെ ദാസന്മാരുടെ മനസ്സില്‍ അല്ലാഹു ഇട്ടുകൊടുക്കുന്ന മന:ശ്ശാന്തിക്കാണ് അറബിയില്‍ ‘സകീനത്’ എന്ന് പറയുന്നത്. അത് ഹൃദയത്തിന് ധൈര്യവും പ്രതികൂല സാഹചര്യങ്ങളില്‍ കരുത്തും പകരുന്നു. വിവിധ സന്ദര്‍ഭങ്ങളിലായി ആറ് തവണ ഈ പദം ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വന്നിട്ടുള്ളത് അതിന്‍റെ പ്രധാന്യമാണ് വ്യക്തമാക്കുന്നത്. ശാന്തിയുടെ വചനങ്ങള്‍ എന്ന പേരില്‍ ആ ആയതുകള്‍ വിശ്രുതവുമാണ്.

പ്രവാചകന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രസ്തുത ആറ് വചനങ്ങള്‍, അദ്ദേഹത്തിന് മാത്രമല്ല, അത് നമുക്കെല്ലാം പ്രയോജനപ്പെടുന്നതാണ്. ഇസ്ലാമിക വിജ്ഞാന ചക്രവാളത്തില്‍ ജ്വലിച്ചുനിന്ന പണ്ഡിതവര്യനായ ഇബ്നു തൈമിയയെ കുറിച്ച് അറിയാത്തവര്‍ ഉണ്ടായിരിക്കുകയില്ല. ഒരിക്കല്‍ അദ്ദേഹത്തിന് താങ്ങാനാവാത്ത അസ്വസ്ഥത ഉണ്ടായപ്പോള്‍, ബന്ധുക്കളോടും ചുറ്റുമുള്ളവരോടും ഖുര്‍ആനിലെ ശാന്തിയുടെ വചനങ്ങള്‍ കേള്‍പ്പിക്കൂ എന്ന് ആവശ്യപ്പെടുകയും അങ്ങനെ അവര്‍ അത് പാരായണം ചെയ്തപ്പോള്‍, സുഖം പ്രാപിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അത്തരം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലും കടന്ന് വരാം. അപ്പോള്‍ പ്രസ്തുത ആറ് ഖുര്‍ആന്‍ വചനങ്ങള്‍ പരായാണം ചെയ്യുന്നത് പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. വൃഥാ എന്തൊക്കെയൊ പറയുന്നതിനും മറ്റുള്ളവരോട് ആവലാതിപ്പെടുന്നതിനും പകാരം, ചുവടെ കൊടുത്ത വചനങ്ങള്‍, ഈ വചനങ്ങളിലൂടെ സുഖം പ്രാപിക്കും എന്ന ഉറച്ച ബോധ്യത്തോടെ, പാരായണം ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സുഖപ്പെടുത്തുക തന്നെ ചെയ്യും.

1. وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٢٤٨﴾
അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: ‘അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ അവശിഷ്ടങ്ങളും. മലക്കുകള്‍ അതു ചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍!’ (അല്‍ബഖറ :248)

2. ثُمَّ أَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا ۚ وَذَٰلِكَ جَزَاءُ الْكَافِرِينَ ﴿٢٦﴾
പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ( തൗബ: 26)

3. إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ ﴿٤٠﴾
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ”ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.( തൗബ: 40 )

4. هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا ﴿٤﴾
അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. ( അല്‍ഫതഹ് : 4 )

5. لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾
മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു. ( അല്‍ഫതഹ് : 18 )

6. إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا ﴿٢٦﴾
സത്യനിഷേധികള്‍ തങ്ങളുടെ മനസ്സുകളില്‍ ദുരഭിമാനം -അനിസ്‌ലാമികകാലത്തെ പക്ഷപാതിത്വ ദുരഭിമാനം-പുലര്‍ത്തിയപ്പോള്‍ അല്ലാഹു തന്റെ ദൂതന്നും വിശ്വാസികള്‍ക്കും മനശ്ശാന്തിയേകി. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന പുല്‍കാനവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അതംഗീകരിക്കാന്‍ ഏറ്റം അര്‍ഹരും അതിന്റെ അവകാശികളും അവര്‍തന്നെ. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനാണ്. ( അല്‍ഫതഹ് :26 )

 

കുറിപ്പ്: കുടുതല്‍ വിശദീകരണങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന തഫ്സീറുകള്‍ അവലംബിക്കുക.

 

Related Articles