Current Date

Search
Close this search box.
Search
Close this search box.

ഉപരോധത്തിനിടെ കടന്നു വരുന്ന ഖത്തര്‍ ദേശീയ ദിനാഘോഷം

വലിപ്പം കൊണ്ട് ഗള്‍ഫ് മേഖലയിലെ രണ്ടാമത്തെ ചെറിയ രാഷ്ട്രമാണ് ഖത്തര്‍. രാജ്യത്തിന്റെ ഭൂമി ശാസ്ത്രപരമായ വലിപ്പ ചെറുപ്പമല്ല കാര്യങ്ങളെ നിയന്ത്രിക്കുന്നത് എന്ന് ലോകത്തെ മനസ്സിലാക്കി കൊടുത്തു എന്നതാണ് ഖത്തര്‍ ആധുനിക ലോകത്തിനു കാണിച്ചു കൊടുത്തത്. അബ്ബാസി കാലം മുതല്‍ തന്നെ ഗള്‍ഫ് മേഖലയിലെ സാമ്പത്തിക കാര്യത്തില്‍ ഖത്തറിന് പ്രധാന സ്ഥാനമുണ്ടായിരുന്നു എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. ചുറ്റുമുള്ള രാഷ്ട്രങ്ങള്‍ ശക്തമായ ഉപരോധം തീര്‍ത്തപ്പോള്‍ അതിനെ അതിജയിക്കാനായുള്ള ശക്തി നേടി എന്നത് തന്നെ ഒരു രാജ്യം നേടിയ സാമൂഹിക പുരോഗതി കാണിക്കുന്നു.

വ്യത്യസ്ത ഗോത്രങ്ങളെ ഒന്നിപ്പിച്ചു ഒരൊറ്റ രാജ്യമാക്കി എന്നതാണ് ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മുക്തമായതിനു ശേഷം ഖത്തറിന്റെ വളര്‍ച്ചക്ക് ശക്തിയേറി. നാല് ലക്ഷത്തോളമാണ് ഖത്തറിലെ നാട്ടുകാരുടെ ജനസംഖ്യ. അതെ സമയം രണ്ടര മില്യണ്‍ വിദേശികള്‍ അവിടം ജോലി ചെയ്യന്നു എന്നാണ് കണക്ക്. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ഖത്തറിലെ മനുഷ്യാവകാശ നിലവാരം ഉയര്‍ന്നതാണ്.

മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായ സ്ഥാനമാണ് ഖത്തറിനുള്ളത്. അടുത്തിടെ രൂപം കൊണ്ട മധ്യേഷ്യയെ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവത്തില്‍ അധികം ഗള്‍ഫു നാടുകളും വിപ്ലവത്തെയും അതിനു ശേഷം പ്രത്യേകിച്ച് ഈജിപ്തില്‍ രൂപം കൊണ്ട സര്‍ക്കാരിനെയും തള്ളിപ്പറയുകയും അവരെ പുറത്താകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അവയോടു ഗുണപരമായ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന പ്രസ്ഥാനത്തെ മുഖ്യ ശത്രുവായി മറ്റു പല ഗള്‍ഫ് രാഷ്ട്രങ്ങളും കണക്കാക്കിയപ്പോള്‍ അത്തരം നിലപാട് ഖത്തര്‍ സ്വീകരിച്ചില്ല.

വാര്‍ത്താ മാധ്യമ രംഗത്തു ഖത്തര്‍ നല്‍കിയ സംഭാവന വലുതാണ്. അല്‍ ജസീറ എന്ന മാധ്യമ സ്ഥാപനം മധ്യേഷ്യയില്‍ ഉണ്ടാക്കിയ മാറ്റം അത്ര വലുതാണ്. ലോകത്തിന്റെ തന്നെ വാര്‍ത്താ മാധ്യമ രംഗത്ത് അല്‍ ജസീറ ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. ചില ജി സി സി രാജ്യങ്ങള്‍ ഖത്തറിനെതിരെ നടപ്പാക്കിയ ഉപരോധം നീക്കാന്‍ ആവശ്യപ്പെട്ടതില്‍ ഒന്ന് അല്‍ ജസീറ നിര്‍ത്തലാക്കണം എന്നതായിരുന്നു എന്ന് മനസ്സിലാക്കിയാല്‍ അവരുണ്ടാക്കിയ സ്വാധീനം മനസ്സിലാക്കാം. മേഖലയിലെ മറ്റു രാഷ്ട്രങ്ങളുമായും നല്ല നയതന്ത്ര ബന്ധമാണ് ഖത്തര്‍ നിലനിര്‍ത്തുന്നത്. തുര്‍ക്കി -ഖത്തര്‍ അച്ചുതണ്ട് എന്നൊരു പ്രയോഗം തന്നെ ആ രീതിയില്‍ നിലവില്‍ വന്നിട്ടുണ്ട്.

പ്രതിസന്ധികള്‍ എങ്ങിനെ മറികടക്കുന്നു എന്നിടത്താണ് ഒരു രാജ്യത്തിന്റെ ശക്തി കണക്കാക്കുക. മേഖലയില്‍ നിന്നും ഉണ്ടായ ഉപരോധത്തെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഖത്തറിന്റെ ശക്തിയുടെ തെളിവാണ്. അതെ സമയം ഉപരോധത്തെ മറികടക്കാന്‍ ലോക ശക്തികളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞു എന്നതും അവരുടെ നയതന്ത്ര വിജയമായി കണക്കാക്കാം. പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീത സ്ഥാനമാണ് ഖത്തറിന്. ഒരു ജനതയെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നിടത്താണ് ഭരണാധികാരികള്‍ വിജയിക്കുന്നത്. ചെറിയ ഭൂ പ്രദേശം എന്നതിനേക്കള്‍ ഉയര്‍ന്ന നിലപാട് എന്നാതാണ് ഖത്തര്‍ മുന്നോട്ടു വെക്കുന്ന ആശയം.

Related Articles