Current Date

Search
Close this search box.
Search
Close this search box.

മദ്ഹുകളിലെ കഥകൾ …

മദ്ഹ് , നഅത് , നശീദ്, ബുർദ തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന പ്രവാചക പ്രകീർത്തന കാവ്യങ്ങൾ മുസ്ലിം ലോകത്ത് പതിവുള്ളതാണ്. വർഷത്തിൽ പലപ്പോഴും ചൊല്ലാറുള്ള ഇത്തരം കാവ്യങ്ങൾ ഹിജ്റയുടെ പാഠങ്ങൾ പറയുന്ന വഅളു സദസ്സുകളിലും റബീഉൽ അവ്വലിൽ നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സകളിലും ഒഴിച്ചു കൂടാനാവാത്തതാണ് .

അത്തരം കാവ്യങ്ങൾ ചൊല്ലുന്നതിന്റെ മതപരത ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ അത്തരം പ്രവാചക പ്രകീർത്തന കാവ്യങ്ങളിലെ ചരിത്രപരത ചരിത്രകുതുകിയായ കുറിപ്പുകാരനെ ഏറെ നാളായി അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. പരമ്പര ദീനിന്റെ ഭാഗമാണ് ( عبد الله بن المبارك: الإسناد من الدين ولولا الإسناد لقال من شاء ما شاء ) എന്ന നിദാനശാസ്ത്ര സത്യമാണ് ആ ഒരു പരിചിന്തനത്തിന് ഈയുള്ളവനെ ഉദ്യുക്തനാക്കിയത് . ഈ ശൃംഖലയുടെ പഠനം ഹദീസുകളിൽ മാത്രമല്ല, ചരിത്ര സ്വീകരണ – നിരാകരണ പ്രക്രിയകളിലും പാലിക്കപ്പെടണമെന്ന് നിർബന്ധമുള്ള ആളായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ഹദീസ് വിശാരദനായ അബ്ദുൽ ഫത്താഹ് അബു ഗുദ്ദാ അൽ ഖാലിദി അൽ ഹലബി അൽ ഹനഫി (1336 – 1417 AH/1917 – 1997) എന്ന സിറിയൻ ഇഖ് വാനീ പണ്ഡിതൻ . മുല്ലാ അലി അൽഖാരിഇന്റെ അൽ മസ്നൂഇന്റെ വിശദീകരണത്തിൽ ശൈഖ് അബൂ ഗുദ്ദ പറഞ്ഞു: ഹദീസുകൾക്ക് സ്വഹീഹായ ശൃംഖല ഇല്ലെങ്കിൽ അവ പരിഗണനീയമല്ല . ശരിയായതും സ്ഥാപിതമായതുമായ ശൃംഖലയിൽ അല്ലെങ്കിൽ ഏത് സംഭവങ്ങൾക്കും ഒരു വിലയുമില്ല. പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ കാണുന്ന നബിക്ക് സലാം ചൊല്ലിയ ഒരു മാനിന്റെ കഥ അത്തരത്തിലൊന്നാണ്.

ഇബ്‌നു കസീർ , മുല്ലാ അലി അൽ ഖാരി എന്നിവരുടെ അഭിപ്രായത്തിൽ പ്രസ്തുത സംഭവത്തിന് യാതൊരു അടിസ്ഥാനവുമില്ല. അത്തരം സംഭവങ്ങൾ സത്യമല്ലെന്നറിഞ്ഞിട്ടും മനപ്പൂർവം പറയൽ അഥവാ നബി പറയാത്ത കാര്യം” ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ “(ബുഖാരി: 109) എന്ന ഹദീസ് നാമോർക്കുന്നത് നന്നായിരിക്കും.

പൊതുവെ പ്രവാചകന്റെ ചില സ്തുതികളിലും പ്രകീർത്തനങ്ങളിലും വന്ന ചില അത്ഭുത സംഭവങ്ങളായി കേൾക്കാറുള്ള : അദ്ദേഹത്തിന്റെ ജനന രാത്രിയിൽ കിസ്രയുടെ കോട്ട പിളർന്നു, അതിലെ പതിനാല് കൊത്തളങ്ങൾ വീണു. സഹസ്രാബ്ദങ്ങളായ് അണയാത്ത പേർഷ്യയിലെ തീ അണഞ്ഞു, സാവ: തടാകം വറ്റി, പേർഷ്യക്കാരുടെ പ്രധാന ഭരണാധികാരിയായിരുന്ന മൂബദാൻ ഉപരിസൂചിത സംഗതികൾ സ്വപ്നത്തിൽ കണ്ടു… അറബ് പുരോഹിതനായ സതീഹ് അവ അദ്ദേഹത്തിന് വ്യാഖ്യാനിച്ചു കൊടുത്തു തുടങ്ങിയ നിരവധി നിറം പിടിപ്പിച്ച മായാവി കഥകൾ മസ്നൂഇന്റെ വിശദീകരണത്തിൽ അബൂ ഗുദ്ദ ഉദ്ധരിക്കുന്നുണ്ട്. ത്വബ് രി , അസ്ഫഹാനി, ബൈഹഖി, ഖസ്ത്വല്ലാനി, സർഖാനി, സുയൂത്വി എന്നീ ഇമാമുമാർ ശൃംഖല പറയാതെ പറഞ്ഞ് പോയ ഈ കഥകൾ ആധികാരികമല്ല, അവ പറയുകയോ പാരായണം ചെയ്യുകയോ അനുവദനീയമല്ല എന്നും അബൂ ഗുദ്ദ വളരെ കർക്കശമായി എഴുതിയിരിക്കുന്നു.

പ്രവാചകന്റെ ഹിജ്റ സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും പ്രസിദ്ധമായ കാര്യങ്ങളിലൊന്നാണ് സൗർ ഗുഹയുമായി ബന്ധപ്പെട്ട ചിലന്തി , പ്രാവ്, പ്രാവിന്റെ മുട്ട , അബൂബക്ർ (റ) കടിച്ച പാമ്പിന്റെ കഥകൾ എന്നിവ പല മത ചിത്രകഥകളിലും സീരീയുകളിലും നമ്മൾ ഇത് കാണുന്നു എന്നതാണു് അവ പലപ്പോഴും യാഥാർഥ്യങ്ങളായി മനസ്സിലാക്കാൻ കാരണം. ഇമാം ഹൈസമിയും ശൈഖ് അഹ്മദ് ശാകിറും ശുഐബുൽ അർനഊത്വും അൽബാനിയുമെല്ലാം ഇത്തരം സംഭവങ്ങളെ കഥകൾ എന്നാണ് വിശേഷിപ്പിച്ചിട്ടുളത് . ഈ സംഭവങ്ങൾ വിചിത്രവും വിലക്ഷണവുമാണെന്നാണ് ഇബ്നു കസീർ വിലയിരുത്തിയിട്ടുള്ളത്. സ്റ്റോറിയും ഹിസ്റ്ററിയും (കഥയും ചരിത്രവും ) വേർതിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെ കുറിച്ച് കുറിപ്പുകാരന്റെ സ്വതന്ത്രമായ ഒരു കുറിപ്പ് ഇസ്ലാം ഓൺ ലൈവിൽ മുമ്പ് വന്നത് വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ?!

അവലംബം :
المصنوع في معرفة الحديث الموضوع : ملا علي القاري الهروي تحقيق الشيخ عبدالفتاح أبو غدة

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles