Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനെ നിയന്ത്രിക്കുന്നത് പട്ടാളമോ ?

ജനാധിപത്യം ഇന്നും പാകിസ്ഥാനില്‍ ശൈശവ ദിശയിലാണ്. അല്ലെങ്കില്‍ ജനിച്ചിട്ടില്ല എന്ന് പറയണം. അവിടെ നിന്നും വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സിവിലിയന്‍ സര്‍ക്കാരിനെ മറികടന്നു സൈന്യം പൊതു സമൂഹത്തില്‍ ഇടപെടുന്നു എന്നതാണ്. സൈന്യം എന്നും പാകിസ്ഥാനില്‍ മറക്കു പുറത്തായിരുന്നില്ല പകരം സജീവ സാന്നിധ്യമായിരുന്നു. ഇമ്രാന്‍ ഖാന്‍ വന്നതിനു ശേഷം ആ സാന്നിധ്യം അല്‍പ്പം കൂടുതലാണ് എന്ന് കൂടി പറയണം. പുതിയ വിഷയം പാകിസ്ഥാനില്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കന്‍ ശ്രമം നടക്കുന്നു എന്നതാണ്. അടുത്തിടെ ഈ കാര്യം ഉന്നയിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. സാധാരണ കലാ സംഗീത പരിപാടികള്‍ പോലും ശക്തമായ പോലീസ് നിയന്ത്രണത്തിലാക്കുന്നു എന്നാണു റിപ്പോര്‍ട്ട്. പങ്കെടുക്കുന്ന ആളുകളെ പലരെയും അവസാന നിമിഷം വെട്ടി മാറ്റാനും സൈന്യം മുതിരുന്നു എന്ന വാര്‍ത്തകളും വരുന്നു.

പാകിസ്ഥാന്‍ യുവതയെ പുറത്തു നിന്ന് ആരോ നിയന്ത്രിക്കാനും ബലഹീനരാക്കാനും ശ്രമിക്കുന്നു എന്ന വികാരമാണ് ഇതിനു മറുപടിയായി പറഞ്ഞു കേള്‍ക്കുന്നത്. രാജ്യത്തിന് പുറം ലോകത്തു നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ട്. പല വിദേശ ശക്തികളും രാജ്യത്തിനകത്തു കുഴപ്പത്തിന് ശ്രമിക്കുന്നു. അത് കൊണ്ട് തന്നെ കൃത്യമായ നിരീക്ഷണം ആവശ്യമാണ് എന്ന രീതിയിലാണ് ഇപ്പോഴത്തെ നിശബ്ദമാക്കല്‍ പ്രവണത മുന്നോട്ടു പോകുന്നത്.

പട്ടാളത്തെ പോലെ പാക് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. എപ്പോള്‍ വേണമെങ്കിലും ആരുടെ വീടും വ്യവസായ ശാലകളും ഓഫീസും റെയ്ഡ് ചെയ്യപ്പെടാം എന്നതാണ് അവസ്ഥ. പാകിസ്ഥാനില്‍ ആരും രഹസ്യാന്വേഷണ ഏജന്‍സികളെ നേരിട്ട് വിമര്‍ശിക്കാറില്ല. അത് ശക്തമായ പ്രതിഫലനം വിളിച്ചു വരുത്തും എന്നവര്‍ ഭയപ്പെടുന്നു. മറ്റു ചില പേരുകളില്‍ മാത്രമാണ് വിഷയങ്ങളെ സൂചിപ്പിക്കുക. ‘ആണ്‍കുട്ടികള്‍’,’ ദൂതന്മാര്‍ ‘,’ അജ്ഞാത വ്യക്തികള്‍ ‘അല്ലെങ്കില്‍’ ‘അസാമാന്യ ജീവികള്‍ ‘ എന്നൊക്കെയാണ് പലരും സൂചന നല്‍കാറ്.

തിരഞ്ഞെടുത്ത സര്‍ക്കാരുകളെ പുറത്താക്കിയ ചരിത്രമാണ് പാകിസ്ഥാന്‍ ജനാധിപത്യത്തിനു പറയാനുള്ളത്. പുതിയ പ്രവണതയെ ‘അഞ്ചാം തലമുറ യുദ്ധം’ എന്ന പേരിലാണ് വിളിക്കപ്പെടുന്നത്. കാര്യമായി യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നതും. സാധാരണ പട്ടാളത്തിന്റെ സാമീപ്യം അനുഭവപ്പെടാറുണ്ടെങ്കിലും ഇപ്പോള്‍ അതിന്റെ തോത് കൂടുതലാണ് എന്നതാണ് വ്യത്യാസം. തിരഞ്ഞെടുപ്പ് സമയത്തു തന്നെ ഇമ്രാന്‍ ഖാന്‍ ജയിച്ചാല്‍ പട്ടാളമാകും ഭരണം നടത്തുക എന്ന് പറയപ്പെട്ടിരുന്നു. പട്ടാളത്തെ കാര്യത്തിലെടുക്കാതെ മുന്നോട്ടു പോകാന്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍ക്ക് എന്നും ബുദ്ധിമുട്ടാണ്.

Related Articles