Current Date

Search
Close this search box.
Search
Close this search box.

മുനവ്വർ റാണയും യാത്രയായി

പ്രസിദ്ധ ഉറുദു കവിയും എഴുത്തുകാരനുമായ മുനവ്വർ റാണ (ജനനം : 26 നവംബർ 1952)യും യാത്രയായി. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഹിന്ദി – ഉറുദു കവിയാണ് റാണ . ‘ശഹ്ദാബ’ (മധുജലം) എന്ന ഉറുദു കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം. അതു തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ മാസ്റ്റർ പീസും .

ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ജനിച്ചത്. 80 കൾ മുതൽ ഉത്തരേന്ത്യയിലെ മുശാഅറകളിലെ ഏറെതിളക്കമുള്ളതാരമാണിദ്ദേഹം. റായ്ബറേലിയിലെ അദ്ദേഹത്തിൻ്റെ തറവാട്ടിലെ കാരണവന്മാർ രാജ്യത്തിൻ്റെ വിഭജനത്തോടെ പാകിസ്താനിലേക്ക് പോയെങ്കിലും പിതാവിൻ്റെ പ്രേരണയാൽ ജന്മനാട്ടിൽ തന്നെ തങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പിന്നീട് അവർ കൊൽക്കത്തയിലേക്ക് കുടിയേറി. ശേഷം ലഖ്നോവിൽ സ്ഥിര താമസമായി.

മുനവ്വറിന്റെ ഗസലുകളിലെ മാതൃ രൂപകങ്ങൾ ഹിന്ദിയിലും ഉറുദുവിലും നിരവധി വായനക്കാരെ അദ്ദേഹത്തിനു നേടി കൊടുത്തു. ഉറുദുവിന് പുറമെ ഹിന്ദിയിലും ബംഗളയിലും ഗുരുമുഖി ഭാഷയിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യം വർഗീയമായി ഭിന്നിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച് മുനവ്വർ റാണ 2015 ഒക്ടോബറിൽ ’14 ൽ കിട്ടിയ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകി. ഇനി സർക്കാരിന്റെ ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്ന് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് വിപ്ലവകരമാണ്.

കൃതികൾ
‘ശഹ്ദാബ’ കൂടാതെ വേപ്പ് പൂക്കൾ (നീം കേ ഫൂൽ) (1993)
ദൈവിക നിഴലിനോട് പറയുക ( കഹോ സില്ലേ ഇലാഹീ സെ) (2000)
ഭൂപടമില്ലാത്ത വീട് (ബഗൈർ നഖ്ശേ കാ മകാൻ) (2001)
വെള്ള കാട്ടു പ്രാവ് ( സഫേദ് ജംഗലീ കബൂതർ) (2005)

ഉപരി സൂചിത ഗ്രന്ഥങ്ങളിലെ മാതൃ സ്നേഹത്തെ കുറിച്ച കവിതകൾ തപൻ കുമാർ പ്രധാൻ ഇംഗ്ലീഷിൽ പരിഭാഷ നടത്തിയിട്ടുണ്ട്. ലഖ്നോ ഉർദു അകാദമിയടക്കമുള്ള ഡസൻ കണക്കിന് സാഹിത്യ വേദികൾ അദ്ദേഹത്തിന് പല തരത്തിലുള്ള അംഗീകാരങ്ങളും പുരസ്കാരങ്ങളും നല്കിയിട്ടുണ്ട്. ഇന്നലെ രാത്രി ലഖ്നോവിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു മാരണകാരണമായ ഹൃദയാഘാതമുണ്ടായത്. റാണ പങ്കെടുത്ത ചില മുശാഅറകളിൽ കുറിപ്പുകാരൻ പങ്കെടുത്തിട്ടുണ്ട്. ശ്രോതാവിനെ വളരെ വൈകാരികമായി കയ്യിലെടുക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അപാരം തന്നെയാണ്. റബ്ബ് പരേതന് സ്വർഗം നൽകുകയും സന്തപ്ത കുടുംബാംഗങ്ങൾക്ക് സാന്ത്വനം നല്കുകയും ചെയ്യട്ടെ.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles