Current Date

Search
Close this search box.
Search
Close this search box.

നിരപരാധികൾക്കായി പോരാടിയ മൗലാന ഗുൽസാർ അസ്മി വിട പറഞ്ഞു

വെളുത്ത തൊപ്പിയും തൂവെള്ള താടിയുമായി, പ്രസന്ന ഭാവത്തോടെ, ഒരു സമുദായത്തിന് താങ്ങും തണലുമായി നിന്ന മഹാനായ മനുഷ്യൻ. ഇന്ത്യയിൽ നിരപരാധികൾക്കെതിരെ കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ഇടപെട്ട് നിരപരാധികളെ മോചിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രസ്ഥാനമായ ജംഇയ്യത്ത് ഉലമ എ ഹിന്ദ് ന്റെ നിയമ പോരാട്ടങ്ങളുടെ ആത്മാവായിരുന്ന ഗുൽസാർ ആസ്മിയുടെ വിയോഗം മുസ്ലിം സമൂഹത്തിന് എന്നല്ല ഇന്ത്യൻ ജനായത്ത സംവിധാനങ്ങൾക്ക് തന്നെ ഏല്പിക്കുന്ന നഷ്ടം ചെറുതല്ല.

“ഞാനെന്തിന് എന്റെ ജീവന് വേണ്ടി ഭയന്ന് ജീവിക്കണം , ഞാൻ എവിടെ, എപ്പോൾ എങ്ങനെ മരിക്കുമെന്ന് എന്റെ റബ്ബ് നിശ്ചയിച്ചതാണ്, ആ സമയം ആർക്കും തടയനാവില്ല, ഒരിക്കൽ അത് എന്നെ തേടിയെത്തും, ഈ സമൂഹത്തിൽ ഇരയാക്കപ്പെടുന്ന മനുഷ്യർക്ക് വേണ്ടി നിലകൊള്ളാൻ എനിക്ക് പിന്നെന്ത് ഭയക്കാനാണ്? ” ഈ നിലപാട് ജീവിതത്തിലുടനീളം പ്രയോഗവത്കരിച്ചു കാണിച്ച മൗലാന നടന്നു നീങ്ങുമ്പോൾ ഇനി ഇങ്ങനെയൊരാൾ ആര് എന്ന ചോദ്യം ബാക്കിയാവുന്നു.

ജംഇയ്യത്ത് ഉലമായെ ഹിന്ദ് മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം കെട്ടിച്ചമച്ച ഭീകരവാദ കേസുകളിൽ നിന്ന് നൂറ് കണക്കിന് നിരപരാധികളെ കുറ്റവിമുക്തരാക്കി ജയിൽ മോചിതരാക്കിയ ജം ഇയ്യത്ത് ലീഗൽ എയ്ഡ്സെല്ലിന്റെ തലവനായിരുന്നു .

എല്ലാ ദിവസവും രാവിലെ 10 മണിക്ക് പുഞ്ചിരിക്കുന്ന മുഖവുമായി ജംഇയ്യത്തിന്റെ മഹാരാഷ്ട്ര ഓഫീസിൽ മൌലാന സന്ദർശകരെ സ്വീകരിക്കും. നിരവധി മനുഷ്യർ അവിടെ വന്നു പ്രയാസങ്ങളുടെ കെട്ടഴിക്കും, വാക്കുകൾ കൊണ്ടും ചെയ്തി കൊണ്ടും ഈ വലിയ മനുഷ്യൻ അവർക്ക് സാന്ത്വനമാകും.

1970 ലെ ഭിവണ്ടി, ജൽഗാവ് കലാപങ്ങളോടെയാണ് അദ്ദേഹത്തിന്റെ പൊതു പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മുന്നൂറോളം മുസ്ലീങ്ങൾ അറസ്റ്റിലായി. കലാപം മൂലമുണ്ടായ ഭൗതിക നഷ്ടങ്ങളും അറസ്റ്റിലായ പ്രിയപ്പെട്ടവരുടെ അസാന്നിധ്യവും കുടുംബങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നതായി അസ്മി നേരിൽ കണ്ടറിഞ്ഞു. പ്രിയപ്പെട്ടവരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ അവർക്ക് പിന്തുണ നൽകി ക്കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായ വാഗ്ദാനവുമായി ജംഇയ്യത്ത് ആദ്യമായിരംഗത്ത് വന്നത് അന്നാണ്. ഇതിനായി രൂപീകരിച്ച സമിതിയിലെ അംഗങ്ങളിൽ ഒരാളായിട്ടായിരുന്നു മൗലാന ഗുൽസാർ അസ്മിയുടെ തുടക്കം.

1993 ലെ മുംബൈ വംശ ഹത്യയെ തുടർന്ന് ശ്രീ കൃഷ്ണ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ അതിലും അദ്ദേഹം സഹകരിച്ചിരുന്നു. ഇത് സംബന്ധമായ ജംഇയ്യത്തിനെയും അദ്ദേഹത്തെയും റിപ്പോർട്ടിൽ നല്ല രീതിയിൽ പരമാർശിച്ചത് കാണാം. ഈ റിപ്പോര്ട്ട് ഉറുദു വിലേക്ക് ഭാഷന്തരം ചെയ്ത് മൌലാന ആസ്മി പ്രചരിപ്പിക്കുകയുണ്ടായി.

2007 ലാണ് മഹാരാഷ്ട്രയിൽ എ.ടി‌.എസ് ബലിയാടാക്കിയ ‘വ്യാജ ഭീകരകേസു’ കളിൽ പ്രതികളാക്കപ്പെട്ടവരുടെ നിരപരാധിത്തം തെളിയിക്കുന്നതിന് അവരുടെ കുടുംബങ്ങളെ അണിനിരത്തിയുള്ള നിയമപോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. ഡൽഹി,അഹ്‌മദാബാദ് സ്ഫോടനക്കേസുകൾ,ഹിരൺ പാണ്ഡ്യ വധക്കേസ്,മുംബൈ സ്ഫോടന പരമ്പര കേസുകൾ പോലെ പ്രമാദമായ വിവിധ കേസുകളും, സിമി, ഇന്ത്യൻ മുജാഹിദീൻ മുദ്രയടിച്ച് ജയിലിലടക്കപ്പെട്ടവരുടെ വ്യത്യസ്ത കേസുകളും ഉൾപ്പെടെ UAPA, MCOCA ,ദേശദ്രോഹം ചുമത്തി ജയിലിലടക്കപ്പെട്ട എണ്ണമറ്റ നിരപരാധികളുടെ കുടുംബങ്ങൾക്ക് ഇന്ന് പ്രതീക്ഷയും പ്രത്യാശയും പകർന്നത് ഗുൽസാർ മൗലാനയും ജംഇയ്യത്ത് നിയമസഹായ സമിതിയുമാണ്.

2011 ൽ മാലെഗാവ് സ്ഫോടനക്കേസിലെ 11 പേരെ കുറ്റവിമുക്തരാക്കിയ നിയമപോരാട്ടം ജംഇയ്യത്ത് നിയമസഹായ സമിതിയുടെ പോരാട്ട വഴിയിലെ നാഴികക്കല്ലായി. അക്ഷർധാം ആക്രമണക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഫ്തി അബ്ദുൽ ഖയ്യൂം ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നീണ്ട നിയമ പോരാട്ടം നയിച്ചനും മൗലാന ഗുൽസാർ അസ്മിയാണ്.

2012 ൽ മൗലാനാ ആസ്മി, 2002 മുതൽ രാജ്യത്ത് നടന്ന സ്ഫോടനക്കേസുകൾ പുനരന്വേഷണം നടത്തണമെന്നും അതിൽ ഹിന്ദുത്വ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും സുപ്രീം കോടതിയെ സമീപിച്ചത് ആ രംഗത്ത് വലിയൊരു ചുവടു വെപ്പായിരുന്നു . മുസ്ലിങ്ങളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിൽ അടക്കാൻ ഗൂഡാലോചന നടത്തുന്ന കേന്ദ്ര – സംസ്ഥാന അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും അദ്ദേഹം ആ റിട്ടിൽ ഉന്നയിച്ചു. കോടതി ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിലും അദ്ദേഹം തന്റെ നിയമ പോരാട്ടങ്ങൾ തുടർന്നു.

മൌലാന ഗുൽസാറിന്റെ വിയോഗത്തെ തുടർന്ന് മുഫ്തി അബ്ദുൽ ഖയ്യും പറയുന്നു ” നൂറു കണക്കിന് നിരപരാധികൾക്ക് നീതി വാങ്ങിയെടുത്ത മനുഷ്യനാണിത്, എന്റെ കാര്യം നോക്കാം. അക്ഷർധം സ്ഫോടനത്തിലെ പങ്കുണ്ട്, കുറവാളികൾക്ക് അഭയം കൊടുത്തു, അവർക്ക് വേണ്ടി പ്രാർത്ഥന നടത്തി എന്നൊക്കെ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആരോപിച്ചു കൊണ്ട് എന്നെ ജയിലിടച്ചു. കീഴ്കോടതി വധശിക്ഷ വിധിച്ചു. ആ ഘട്ടത്തിലാണ് മൗലാന ആസ്മി ആ കേസ് ഏറ്റെടുക്കുന്നത്. പിന്നീട് സുപ്രീം കോടതി വരെ പോയി നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് എന്റെ നിരപരാധിത്തം തെളിഞ്ഞു കോടതി വെറുതെ വിടുന്നത്. ഇത് പോലെ എത്രയെത്ര നിരപരാധികളായ മനുഷ്യരുടെ ജീവിതമാണ് ഈ മനുഷ്യന്റെ പ്രയത്നം കൊണ്ട് തിരികെ ലഭിച്ചത് “.

അക്ഷർധാം കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട മൗലാനാ മുഫ്തി അബ്ദുൽ ഖയ്യൂം ആണ് ജംഇയ്യത്തിന്റെ അഹ്‌മദാബാദിലെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ചുക്കാൻ പിടിക്കുന്നത്.

അക്ഷർധാം സ്ഫോടനത്തെക്കുറിച്ചു പോലീസ് – മാധ്യമഭാഷ്യം മുഖവിലക്കെടുത്ത് ഞങ്ങളും മൗനം പാലിച്ചിരുന്നെങ്കിൽ ഒരു തെറ്റും തെളിയിക്കാതെ അവരെ തൂക്കിക്കൊല്ലുമായിരുന്നില്ലേ എന്ന് ഗുൽസാർ അസ്മി സമൂഹത്തോട് ചോദിച്ചിരുന്നു . അസ്മിയുടെ നിഷ്കളങ്കമായ പ്രയത്നം കൊണ്ടാണ് മഹാരാഷ്ട്രയ്ക്ക് പുറത്തേക്കും നിയമ സഹായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിഞ്ഞത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നടന്ന് വരുന്ന 56 ല്പരം കേസുകളിൽ പ്രതികളാക്കപ്പെട്ട 410 ലധികം പേർക്ക് ജംഇയ്യത്ത് ലീഗൽ സെൽ നിയമ സഹായം നൽകി വരുന്നുണ്ട്.

“ ഇത്തരം കേസുകൾ ഏറ്റെടുത്ത് പിന്തുടരുന്നത് തുടക്കത്തില്‍ വളരെ ബുദ്ധിമുട്ടായിരുന്നു, കെട്ടിച്ചമച്ച കേസുകൾക്ക് പിന്നിലെ വസ്തുതകൾ വ്യക്തമായിക്കഴിഞ്ഞ ഇക്കാലത്ത് പോലും സ്‌ഫോടനം പോലുള്ള തീവ്രവാദ കേസുകളിൽപ്പെടുന്നവരുടെ നീതിക്കായുള്ള പോരാട്ടം ഇന്ത്യയിൽ അത്ര എളുപ്പമല്ല,” തീവ്രവാദക്കേസ് അടിച്ചേല്പിക്കപ്പെട്ടവരെ നിയമപരമായി പ്രതിരോധിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ അദ്ദേഹം ഒരിക്കൽ പങ്ക് വെച്ചതാണിത് .

തൊണ്ണൂറ് വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം അവസാന കാലം വരെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായിരുന്നു..
അല്ലാഹു സ്വർഗ്ഗം നൽകട്ടെ… സമുദായത്തിന് യോഗ്യനായ പകരക്കാരനെ നൽകട്ടെ…

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles