Current Date

Search
Close this search box.
Search
Close this search box.

മൗലാനാ മൗദൂദിയും ഫൈസൽ രാജാവും

ഫൈസൽ രാജാവിന് എന്റെ പിതാവ് സയ്യിദ് അബുൽ അഅ്ലാ മൗദൂദി നല്കിയ ഉപദേശം സഊദി പിന്തുടർന്നിരുന്നുവെങ്കിൽ, ഇസ്ലാമിക ലോകത്തെ സ്ഥിതി അല്പം വ്യത്യസ്തമാകുമായിരുന്നുവെന്ന് ഞാൻ വിനീതമായി വിശ്വസിക്കുന്നു. ഫൈസൽ രാജാവുമായുള്ള മുഖാമുഖ സംഭാഷണത്തിൽ അന്ന് ഉപ്പ പറഞ്ഞത് പലപ്പോഴും നമ്മോട് പങ്കുവെച്ചിട്ടുണ്ട്:

അമേരിക്ക അവരുടെ ഡോളറിന്റെ ബലത്തിൽ ഉയർന്ന ധിഷണയും ബോധവുമുള്ള ഡോക്ടർമാർ, ശാസ്ത്രജ്ഞർ, സാമൂഹ്യശാസ്ത്രജ്ഞർ, മികച്ച ഗവേഷകർ എന്നിവർക്ക് അമേരിക്കൻ പൗരത്വവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി അവിടെ കൊണ്ടുവന്ന് കുടിയിരുത്തിയത് പോലെ സഊദിയും ആ വിഷയത്തിൽ ചെയ്യുകയാണെങ്കിൽ സഊദി അറേബ്യയിലും പുറത്തും സാമൂഹികവും ശാസ്ത്രീയവും വ്യാവസായികവും സാമ്പത്തികവും പ്രതിരോധപരവുമായ പുരോഗതിയും ശാസ്ത്ര സാങ്കേതിക വിദ്യയിൽ വലിയൊരു കുതിച്ചുചാട്ടവും സാധ്യമാക്കാമായിരുന്നു.ഈ ഉയർച്ച കേവലം സൗദി അറേബ്യയുടെ ഉയർച്ച മാത്രമല്ല, മുഴുവൻ ഇസ്ലാമിക ലോകത്തിന്റെയും ഉയർച്ചയായിരിക്കുമെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ഫൈസൽ രാജാവ് പറഞ്ഞത്: “സൗദി അറേബ്യയിലേക്ക് ഇസ്‌ലാമിക ലോകത്തെ മികച്ച ധിഷണയെ ബില്യൺ കണക്കിന് റിയാലുകളുടെ ചെലവിൽ ഞാൻ കൊണ്ടുവന്ന് പൗരത്വം ഉൾപ്പെടെയുള്ള അവകാശങ്ങൾ നൽകുകയും ചെയ്താൽ എന്റെ നാട്ടുകാരായ ബദുക്കളിലധികവും ആടുകളും ഒട്ടകങ്ങളുമായി താന്താങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയിക്കളയുമെന്ന ആശങ്കയുണ്ട്. ഈ മരുഭൂമിയിൽ തന്നെ അവരുടെ പ്രതിഭ നഷ്ടപ്പെട്ടേക്കും.”

നിർഭാഗ്യവശാൽ, ഫൈസൽ രാജാവിന്റെ മരണശേഷവും ഗൾഫ് ഭരണാധികാരികൾ കൂടുതൽ ദൂരക്കാഴ്ചയോടെ പ്രവർത്തിച്ചില്ല. ക്രമേണ എണ്ണയുടെയും റിയാലിന്റെയും സമ്പത്ത് വലിയ വിലകൂടിയ കാറുകൾക്കും ആഢംബര കൊട്ടാരങ്ങൾക്കുമായി ചെലവഴിക്കുകയും പടിഞ്ഞാറൻ തീരങ്ങളിൽ പോയി കുളിച്ചു കിടക്കുന്നു. പ്രതിരോധത്തിന്റെ ഉത്തരവാദിത്തം അമേരിക്കയ്ക്കും പാശ്ചാത്യ സാമ്പത്തിക ശാസ്ത്രജ്ഞർക്കും ബാധകമാക്കിയാണ് ഈ കളികളെല്ലാം എന്നോർക്കണം.

നിർഭാഗ്യവശാൽ, നമ്മുടെ സമകാലീന മുസ്‌ലിം ഭരണാധികാരികളുടെ പൊതുബോധവും ഈ വിധം ഇടുങ്ങിയതും ദൂരക്കാഴ്ചയില്ലാത്തതുമായതിനാൽ അവരിപ്പോഴും പുറം ലോകമറിയുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.

എന്റെ ഉപ്പ പറയാറുണ്ടായിരുന്നു, സർവ്വശക്തനായ അല്ലാഹു സൂചിപ്പിച്ച പ്രവാചകന്മാരുടെ അനുയായി വൃന്ദത്തിന്റെ പദവിയിലേക്ക് ഉയരാതെ ഈ ദീനിന് നിലനില്പില്ലെന്ന് .

“മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാകുന്നു. . അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേല്‍ കഠിനന്മാരാണ്, തങ്ങള്‍ക്കിടയില്‍ ദയാലുക്കളാണ്. ‘റുകൂഉം’, ‘സുജൂദും’ ചെയ്തു കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു. ‘സുജൂദി’ന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. ‘തൌറാത്തി’ല്‍ (വര്‍ണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ ‘ഇഞ്ചീലി’ലും ഉണ്ട് (ഫത്ഹ് : 29)

എന്നാലിന്നും മിക്കവാറും മുസ്‌ലിം രാജ്യങ്ങളിലെ തലവന്മാരുടെ അവസ്ഥ മറ്റു ലോക നേതാക്കളെ കാണുമ്പോഴേക്കും അവരുടെ കൂടെ കൂടുകയും അതോടൊപ്പം ആലിമുകളെ മുത്തി തലോടി ബറകത് എടുക്കുകയും ചെയ്യുന്നുവെന്നതാണ്.

(کتاب: ہمارے والدین شجرہائے سایہ دار، اشاعت اول 2005، سیدہ حمیرا مودودی)
ഹുമൈറാ മൗദൂദിയുടെ മാതാപിതാക്കളെന്ന തണൽമരം , 2005 ൽ പ്രസിദ്ധീകരിച്ചത്.

സമ്പാ & വിവ : ഹഫീദ് നദ്‌വി , കൊച്ചി

Related Articles