Current Date

Search
Close this search box.
Search
Close this search box.

ഓര്‍‌മ്മകളില്‍ ഓളിമങ്ങാതെ മൗലവി

ആദരണീയനായ എം.വി മുഹമ്മദ് സലീം മൗലവി ഓര്‍‌മ്മയായിരിക്കുന്നു. ഏറെ വേദനയോടെയാണ്‌ ഇത് കുറിക്കുന്നത്. എമ്പതുകളിലാണ്‌ ഖത്തറില്‍ എത്തിയത്. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ഈ മഹാവൃക്ഷത്തണലില്‍ സം‌ഗമിക്കാന്‍ സൗഭാഗ്യം ലഭിച്ചത്.

ഖത്തറിന്റെ ഹൃദയമായി ഇന്ന്‌ അറിയപ്പെടുന്ന മുശേരിബില്‍ വെച്ചായിരുന്നു ആദ്യസമാഗമം.ഖത്തറില്‍ ഏറെ പ്രസിദ്ധമായ ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷന്‍ സം‌ഘടിപ്പിക്കുന്ന ഈദ് സൗഹൃദ സം‌ഗമത്തിലേക്കുള്ള ഒരു കവിതാവതരണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍‌ശനം. തിരക്ക് പിടിച്ച അദ്ദേഹത്തിന്റെ ഒഴിവും സൗകര്യവും എന്റെ ജോലി ഒഴിവും എല്ലാം ഒത്തിണങ്ങുമ്പോഴൊക്കെ ഈ സന്ദര്‍‌ശനം തുടര്‍‌ന്നുപോന്നു സൗഹൃദവും.

വിവിധ ഭാഷകളും കലയും സാഹിത്യവും ചരിത്രവും ദര്‍‌ശനങ്ങളും എല്ലാം ചര്‍‌ച്ചയില്‍ വിഷയമാകുമായിരുന്നു.തന്നെ കാണാനെത്തുന്നവരുടെ അഭിരുചിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍‌ക്ക് മുന്‍‌തൂക്കം കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ് എന്ന്‌ തോന്നി.ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷന്റെ മുശേരിബ് യൂണിറ്റിലൂടെയാണ്‌ അസോസിയേഷനിലെത്തിയത്.

പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള മഹദ് വ്യക്തിത്വങ്ങള്‍ പലരും മുശേരിബിലുണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.യോഗം ആരം‌ഭിക്കും മുമ്പ് തന്നെ അധികപേരും സന്നിഹിതരാകുമായിരുന്നു.പ്രാരം‌ഭത്തിലെ മൗലവിയുടെ ഖുര്‍‌ആന്‍ ക്ലാസ്സില്‍ നിന്നും ഒന്നും നഷ്‌ടപ്പെടാതിരിക്കാന്‍ ഓരോ അംഗവും ആഗ്രഹിച്ചിരുന്നു എന്നതാണ്‌ വാസ്‌‌തവം.ഭാഷാപരമായി വലിയ പ്രാവീണ്യം ഇല്ലാത്തവര്‍ പോലും മൗലവിയുടെ ആഴത്തിലും ഈണത്തിലും അതിലുപരി മനോഹരവുമായ മലയാള സാഹിത്യ ശൈലിയിലുമുള്ള മധുമൊഴിയില്‍ അലിഞ്ഞില്ലാതാകും.വിശുദ്ധ ഖുര്‍‌ആനും തദനുസാരമുള്ള ഭാഷാപഠനത്തിലും സാധാരണക്കാരില്‍ സാധാരണക്കാര്‍‌ക്ക് പോലും പ്രചോദനവും പ്രോത്സാഹനവുമായിരുന്നു മൗലവി.

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച ദോഹ നഗരത്തിലെ മസ്‌ജിദുകളില്‍ പലതിനും ഇന്ന്‌ സ്ഥന ചലനം സം‌ഭവിച്ചിരിക്കുന്നു.മൗലവിയുടെ പഠന പരമ്പരകൊണ്ട് മലയാളികള്‍‌ക്കിടയില്‍ ഏറെ പ്രസിദ്ധമായിരുന്ന ദിവാന്‍ അമീരിക്ക് തൊട്ടടുത്തുള്ള വലിയപള്ളി പഴയകാല ഓര്‍‌മ്മകളുടെ സ്‌‌മാരകമാണ്‌.

ഒരു സമൂഹത്തെ ആസൂത്രിതമായി സം‌സ്‌‌കരിച്ചെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം എഴുപതുകളില്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സ്വാധീനമുള്ള അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.പ്രാരം‌ഭ ഘട്ടം മുതല്‍ അസോസിയേഷന്റെ മുന്നണിപ്പോരാളികളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി.

ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം പ്രവാസലോകത്ത് അതിസങ്കീര്‍‌ണ്ണമായിരുന്നു. ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത ഒരു വലിയ ജനക്കൂട്ടം.കേരളത്തിലങ്ങളമിങ്ങോളം തുഴതെറ്റിയ ഒട്ടേറെ ഇത്തരം ജീവിതങ്ങളെ ശാന്തസുന്ദരമായ തീരത്തെത്തിക്കുന്നതില്‍ അസോസിയേഷന്‍ വഹിച്ച പങ്ക് ചെറുതല്ല. ഇതിനെല്ലാം ദീര്‍‌ഘവീക്ഷണത്തോടെ നേതൃത്വം കൊടുത്ത മൗലവിയെപ്പോലുള്ളവരുടെ പ്രവര്‍‌ത്തനവും പ്രയത്നവും തൂലികയില്‍ ഒതുങ്ങുകയുമില്ല.

2023 ഫിബ്രുവരി അവസാനവാരമായിരുന്നു മൗലവിയെ ഏറ്റവും ഒടുവില്‍ കാണാന്‍ കഴിഞ്ഞത്.അദ്ദേഹത്തെ സന്ദര്‍‌ശിക്കാന്‍ ലഭിച്ച അസുലഭാവസരമാണ്‌ പങ്കുവെക്കുന്നത്.

ടലഫോണ്‍ വഴി സന്ദര്‍‌ശനാനുവാദം ചോദിച്ചപ്പോള്‍ , സന്ദര്‍‌ശനം എന്ന്‌ അര്‍‌ധവിരാമത്തില്‍ നിശബ്‌ദമായ നിമിഷങ്ങള്‍.ഒരു സന്ദര്‍‌ശനം ഉദ്ദേശിച്ച് ഇത്രയും ദൂരമൊക്കെ വരേണ്ടതുണ്ടോ എന്നായിരുന്നു പിന്നത്തെ അന്വേഷണം.മൊറയുര്‍ പരിസരത്ത് നിന്നു തന്നെയാണ്‌ വിളിക്കുന്നത്.ഈ പ്രദേശത്ത് എത്തിയിട്ട് മൗലവിയെ കാണാതെ എങ്ങനെപോകും.എന്നൊക്കെ പറഞ്ഞപ്പോഴാണ്‌ ഒരു വിധത്തില്‍ സന്ദര്‍‌ശനത്തിന്‌ സമ്മതിച്ചത്.

വീട്ടിലെത്തി പൂമുഖ വരാന്തയില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.താമസിയാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി.ആദ്യം എന്റെ മക്കളെ പരിചയപ്പെടുത്തി. മക്കളൊക്കെ കവിതയെഴുതുമോ എന്ന നര്‍‌മ്മഭാവത്തിലാണ്‌ സം‌സാരം തുടങ്ങിയത്. സ്‌നേഹാന്വേഷണങ്ങള്‍‌ക്ക് ശേഷം സന്ദര്‍‌ശകരെ തല്‍‌ക്കാലം അനുവദിക്കുന്നില്ലെന്ന വിവരം കാര്യകാരണ സഹിതം ഹ്രസ്വമായി അദ്ദേഹം വിശദീകരിച്ചു തന്നു.

ക്ഷണനേരം കൊണ്ട് എമ്പതുകളിലെ – തൊണ്ണൂറുകളിലെ ഖത്തര്‍ പ്രവാസകാലത്തെ അസോസിയേഷന്‍ വര്‍‌ത്തമാനങ്ങള്‍‌ക്ക് തുടക്കമിട്ടു.

വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍‌വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സം‌ഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാം‌സ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികളില്‍ വിശേഷപ്പെട്ട പലതും അദ്ദേഹം ഓര്‍‌ത്തെടുത്തു.ഇത്തരം സം‌വിധാനങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവരേയും മൗലവി ഓര്‍‌ത്തെടുത്തു. തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള കലാരൂപങ്ങള്‍‌ക്കും വിനോദങ്ങള്‍‌ക്കും ആദ്യമായി വേദിയൊരുക്കിയത് ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷനായിരുന്നു.

ഇങ്ങനെ സം‌ഭാഷണം പടിപടിയായി നീണ്ടു കൊണ്ടിരിക്കെ കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ ചെലവഴിക്കേണ്ടതില്ലെന്നു ഇടക്ക് ഞാന്‍ സൂചിപ്പിച്ചു.

പ്രസന്നവദനനായിരുന്നുവെങ്കിലും അതിഥികള്‍‌ക്ക്‌ വേണ്ടി കൂടുതല്‍ ഇരുന്നു തരാനുള്ള ആരോഗ്യസ്ഥിതിയല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടുത്ത വാരം മുതല്‍ ചികിത്സക്ക് വിധേയനാകുന്ന വിവരവും മൗലവി ഞങ്ങളോട്‌ പങ്കുവെച്ചു.ഇതിന്നിടെ ഞാന്‍ ഒന്നു പകര്‍‌ത്തിക്കോട്ടെ എന്നു പറഞ്ഞ് എ.വി.എം ഉണ്ണി ചിലത് വീഡിയോവില്‍ പകര്‍‌ത്തിക്കൊണ്ടിരിക്കേ അദ്ദേഹം വിശ്രമിക്കാനായി എഴുന്നേറ്റു.സ്നേഹസമ്പന്നനായ വ്യക്തിത്വത്തിന്റെ ഒരു വലിയ പണ്ഡിതന്റെ സാമിപ്യം തൊട്ടറിഞ്ഞ നിര്‍‌വൃതിയില്‍ ഞങ്ങള്‍ പടിയിറങ്ങി.

നാല്‌ പതിറ്റാണ്ടുകള്‍‌ക്ക്‌ മുമ്പ് മുശേരിബില്‍ വെച്ച് മൗലവിയെ കണ്ടു മുട്ടിയതും ഘട്ടംഘട്ടമായി മുശേരിബ് യൂണിറ്റ് അം‌ഗമായി അസോസിയേഷന്‍ അം‌ഗത്വമെടുത്തതും തൊണ്ണൂറുകളിലെ സര്‍‌ഗാത്മകമായ അജണ്ടകളും പദ്ധതികളും പരിപാടികളും അതിലെ പ്രവര്‍‌ത്തന നൈരന്തര്യവും എണ്ണപ്പെട്ട മുഹൂര്‍‌ത്തങ്ങള്‍ പോലും ശിലാലിഖിതങ്ങള്‍ പോലെ മനസ്സിലുണ്ട്.പ്രസ്ഥാന പ്രവര്‍‌ത്തന മാര്‍‌ഗത്തില്‍ ഇതു പോലെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അപൂര്‍‌വമാണ്‌.

2021 ഏപ്രില്‍ മാസത്തില്‍ അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്‌ കീഴില്‍ നടത്തിയ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍ ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ സര്‍‌ട്ടിഫിക്കറ്റുകള്‍ ആദരണീയനായ മൗലവിയില്‍ നിന്നും സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി.

ഖത്തറില്‍ വെച്ച്‌ വിശുദ്ധ ഖുര്‍‌ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍‌ക്ക്‌ പ്രചോദനം നല്‍‌കിയ ആദരണീയനായ ഉസ്‌താദ് മുഹമ്മദ് സലീം മൗലവിയില്‍ നിന്ന്‌ തന്നെ അം‌ഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടിരുന്നു…..

ധന്യമായ ഓര്‍‌മ്മകളുടെ ഓരോ പൊന്‍ തൂവലും വേവുന്ന മനസ്സോടെ തൊട്ട് തലോടുമ്പോള്‍ പ്രാര്‍‌ഥനകള്‍ ഉയരുന്നുണ്ട്‌.കണ്ണൂകള്‍ നനയുന്നുണ്ട്.നാഥാ നീ അനുഗ്രഹിക്കേണമേ..

Related Articles