Current Date

Search
Close this search box.
Search
Close this search box.

ഒരു ശൈത്യകാല രാത്രിയില്‍

ഉമര്‍ ഇബ്‌‌നു അബ്‌‌ദില്‍ അസീസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു നാടകം എ.വി.എം ഉണ്ണിയുടേയും അഷ്‌റഫ് പെരിങ്ങാടിയുടേയും സം‌യുക്ത സം‌വിധാനത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഒരു ശൈത്യകാല രാത്രിയില്‍ എന്ന പേരിലാണ്‌ നാടകം അരങ്ങേരിയത്. മൗലവിയായിരുന്നു ഈ നാടകത്തിന്റെ ഒരുക്കങ്ങള്‍‌ക്ക്‌ പ്രചോദനവും പ്രോത്സാഹനവും നല്‍‌കിയത്.

ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അഞ്ചാം ഖലീഫ എന്ന പുസ്‌തകമാണ്‌ ഈ ചരിത്ര നാടകത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയത്. ചരിത്ര രേഖപ്രകരം എട്ടാമത്തെ ഉമവി ഖലീഫയായിരുന്നു ഉമർ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന ഉമർ ഇബ്‌‌നു അബ്‌‌ദില്‍ അസീസ്. സുലൈമാൻ ഇബ്‌‌നു അബ്‌‌ദില്‍ മലിക്കിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് കിരീടാവകാശി അല്ലാതിരുന്നിട്ടും ഉമറിനെ തന്റെ പിൻഗാമിയാക്കുന്നത്. രാജഭരണം ഏറ്റതോടെ ആർഭാടങ്ങളും കൊട്ടാരവും ഉപേക്ഷിക്കുകയും, ജനകീയപിന്തുണയോടെ ഭരണം നടത്തുകയും ചെയ്‌‌തു. 717 മുതൽ 720 വരെയുള്ള ചെറിയ ഒരു കാലയളവാണ്‌ അദ്ദേഹം ഖലീഫയായിരുന്നത്. രണ്ടാം ഖലീഫയായിരുന്ന ഉമറിനുശേഷം വന്ന ഉമർ എന്ന നിലക്ക് രണ്ടാം ഉമർ എന്ന് പരക്കെ അറിയപ്പെടുന്നു. സച്ചരിതരായ നാല് ഖലീഫമാർക്ക് ശേഷം അഞ്ചാമത്തെ റാശിദൂൻ ഖലീഫയായി അദ്ദേഹം വിശേഷിക്കപ്പെടുന്നു.

അഞ്ചാം ഖലീഫ എന്ന പുസ്‌തകത്തെ അധികരിച്ച് നാടകാവിഷ്‌കാരം ചെയ്യാനായിരുന്നു മൗലവി നിര്‍‌ദേശിച്ചത്. ഈജിപ്‌തിലെ ഒരു സിനിമാ നിര്‍‌മ്മാണ വിഭാഗം ഒരുക്കിയ ചരിത്ര രേഖകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പലതും ദോഹ പ്രസാരണ ശേഖരത്തില്‍ നിന്നും മൗലവിയുടെ ശ്രമഫലമായി സം‌ഘടിപ്പിച്ചിരുന്നതായി എ.വി.എം ഉണ്ണി ഓര്‍‌ക്കുന്നു. പ്രസ്‌തുത ചരിത്ര ഭാഗത്തിന്റെ അവതരണ രീതിയും ചരിത്രപരമായ സം‌ഭവ വികാസങ്ങളുടെ ഭൂമികയും വേഷ വിതാനവും ഒക്കെ ഒരുക്കുന്നതിന്‌ ഇത് ഉപകരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണത്തില്‍ ഉപയോഗിച്ച കാര്യങ്ങളുടെ ഒരു ഏകദേശ പതിപ്പ് നമ്മുടെ പരിധിയിലും പരിമിതിയിലും നിന്നു കൊണ്ട് ഒരുക്കാന്‍ കഴിഞ്ഞേക്കും എന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലുള്ള മൗലവിയുടെ പരിശ്രമങ്ങളും പരീക്ഷണങ്ങളും പ്രോത്സാഹ ജനകമായിരുന്നു എന്നും ഈ നാടകക്കാരന്‍ പറഞ്ഞു.

ചുരുക്കത്തില്‍ നാടകാവിഷ്‌ക്കാരവും അവതരണ രീതിയും അണിനിരക്കേണ്ടവരും അഭിനയിക്കേണ്ടവരും ഒക്കെ തീരുമാനിക്കപ്പെട്ട സമയത്ത് നിയുക്ത സം‌വിധായകന്‌ ദുബൈയിലേക്ക്‌ ഗാനിം സുലൈത്തിയുടെ നാടകവുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നു. പിന്നീട് ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് പൂര്‍‌ത്തീകരിച്ച് സ്റ്റേജില്‍ അവതരിപ്പിച്ചത് അഷ്‌റഫ് പെരിങ്ങാടിയായിരുന്നു.

ചരിത്രപരമാണെങ്കിലും മറ്റു കലാ സൃഷ്‌ടികളാണെങ്കിലും അതി സൂക്ഷ്‌മമായ നിരീക്ഷണങ്ങള്‍ മൗലവിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതിന്റെ ഉദാഹരണങ്ങളും എ.വി.എം പങ്കുവെച്ചു. ഭൗതിക സഹാചര്യങ്ങളുടെ വളര്‍‌ച്ചക്ക് അനുസരിച്ച് മതപരമായ വിഷയങ്ങളില്‍ കൃത്യവും വ്യക്തവുമായ നിലപാടുകളെടുക്കുന്നതിലുള്ള മൗലവിയുടെ അസാധ്യമായ കഴിവുകള്‍ പറയുമ്പോള്‍ ഈ കലാപ്രേമി വാചാലനാകും.

ഉമര്‍ ഇബ്‌‌നു അബ്‌‌ദില്‍ അസീസിന്റെ ജീവിത ചരിത്രം മനോഹരമായ ഒരു ചല ചിത്രമാക്കിയെടുക്കാനുള്ള ഒരു സ്വപ്‌നം മനസില്‍ ഇപ്പോഴും താലോലിച്ച് നടക്കുകയാണ്‌ പ്രതിജ്ഞാബദ്ധനായ കലാകാരന്‍.

ആദ്യകാല ഈദാഘോഷങ്ങളില്‍ ശ്രദ്ദേയമായ ഒരു പരിപാടിയായിരുന്നു ബിന്‍ ദിര്‍‌ഹത്തില്‍ സം‌ഘടിപ്പിച്ച ഈദാഘോഷം. മര്‍‌ഹൂം പി.സി ഹം‌സ സാഹിബ്‌ പ്രഭാഷകരില്‍ ഒരാളായിരുന്നു.

പുഷ്‌‌പന്‍ തൃപ്രയാര്‍ സം‌വിധാനം നിര്‍‌വഹിച്ച കാറ്റുറങ്ങുന്ന കൂട് എന്ന നാടകം ഏറെ പ്രശം‌സിക്കപ്പെട്ടിരുന്നു. പ്രസ്‌തുത പരിപാടിയില്‍ വിവിധ തരത്തിലുള്ള കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. ഭഗല്‍‌പൂര്‍ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ വി.എം അബ്‌ദുല്‍ മജീദും മഞ്ഞിയിലും ചേര്‍‌ന്ന് രൂപപ്പെടുത്തിയ ടാബ്ലോ പ്രേക്ഷകരുടെ പ്രശം‌സ നേടിയ മറ്റൊരു കലാവിരുന്നായിരുന്നു. പ്രസ്‌തുത കോമ്പൗണ്ട് പിന്നീട് ഐ.സി.ആര്‍.സിയുടെ കേന്ദ്രമായി കുറെകാലം പ്രവര്‍‌ത്തിച്ചതായി ഓര്‍‌ക്കുന്നു.

പൊതു പരിപാടികളും കലാ പരിപാടികളിലും അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിക്കാന്‍ സുശക്തമായ ഒരു സം‌ഘം തന്നെയുണ്ടായിരുന്നു. ചിത്രകാരനായ നജീബ് മാടായിയുടെ വിശ്രമമില്ലാത്ത സഹകരണം എടുത്തു പറയാതിരിക്കാന്‍ കഴിയില്ല. നിതാന്ത ജാഗ്രതയോടെ അരങ്ങിലും അണിയറയിലുമുണ്ടായിരുന്നവരുടെ പട്ടിക നീണ്ടതാണ്‌.

ഇഖ്‌ബാല്‍ ചേറ്റുവ,മോഹന്‍ അയിരൂര്‍,അബ്‌ദുല്ല കൊയിലാണ്ടി,ബാവ വടകര,അന്‍‌വര്‍ ബാബു,സലീം ചേറ്റുവ,ഖിഫ്‌‌ലി പാലയൂര്‍,വിന്‍‌സന്റ് പാവറട്ടി,ജബ്ബാര്‍ കേച്ചേരി,ബഷീര്‍ കേച്ചേരി,അഷ്‌‌റഫ് വാടാനപ്പള്ളി, ജമാല്‍ വേളൂര്‍,അഷ്‌റഫ് കാരക്കാട്,ഹുസൈന്‍ ബി.വി,അബ്‌ദുല്‍ കലാം പാവറട്ടി,സകരിയ്യ വാവാട്, അഷ്‌‌റഫ് പിലാക്കല്‍, എന്‍.കെ മുഹിയദ്ദീന്‍,അസീസ് എം.കെ,ഹക്കീം ചേന്ദമം‌ഗല്ലൂര്‍,അബ്‌‌ദുല്‍ റഷീദ്, ആദം,അയ്യൂബ് ഖാന്‍ തുടങ്ങിയ ഒരു നീണ്ട നിര അസോസിയേഷന്‍ നാടകങ്ങള്‍‌ക്കായി ചായം തേച്ചവരില്‍ പെടുന്നു.

അസോസിയേഷനു വേണ്ടി നാടകങ്ങള്‍ അധികവും എഴുതിയതെല്ലാം അഡ്വ.അറക്കല്‍ ഖാലിദ് ആയിരുന്നു.സം‌വിധാനം നിര്‍‌വഹിച്ചിരുന്നത് എ.വി.എം ഉണ്ണിയും ആവശ്യമായ ഗാനങ്ങള്‍ മഞ്ഞിയിലും ഇതായിരുന്നു രീതി.അറക്കല്‍ ഖാലിദ്നെ നാടകക്കാരനാക്കിയതും നാടകാഭിനയത്തിലും സം‌വിധാന രം‌ഗത്തും മാത്രം ശ്രദ്ദകേന്ദ്രീകരിച്ചിരുന്ന എ.വി.എം ഉണ്ണിയെ നാടക രചനാ രംഗത്തേക്ക് നിര്‍‌ബന്ധത്തോടെ കൊണ്ടു വന്നതും മൗലവിയായിരുന്നു.

അക്ഷരവിരുത് എന്ന ചിത്രീകരണത്തിലൂടെയായിരുന്നു അറക്കലിന്റെ തുടക്കം.പിന്നീട് മടക്കയാത്ര,അകത്തളങ്ങള്‍,കേദാരം,പറയാതെ പോകുന്നവര്‍ തുടങ്ങിയ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും അസോസിയേഷന്റെ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു.ഈ രചനകളിലെല്ലാം മൗലവിയുടെ കയ്യൊപ്പ് ചാര്‍‌ത്തപ്പെട്ടിട്ടുണ്ട് എന്ന്‌ അഡ്വ,ഖാലിദ് പറയുന്നു.മൗലവിയുമായുള്ള യാദൃശ്ചികമായ പരിചയപ്പെടല്‍ അഥവാ നാടകീയമായ സമാഗമം ഭാവി ജീവിതത്തിലെ പല രം‌ഗങ്ങളേയും ഏറെ ധന്യമാക്കി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശ്രമ വീഥിയില്‍ പൂക്കള്‍ വിരിഞ്ഞപ്പോള്‍,പ്രവാസിയുടെ മകന്‍ തുടങ്ങിയ നാടകങ്ങളും അസോസിയേഷന്‍ അരങ്ങിലെത്തിച്ച നാടകങ്ങളുടെ പട്ടികയില്‍ ഉണ്ട്‌.

സഹൃദയരുടെ സര്‍‌ഗ്ഗ വാസനകള്‍ തിരിച്ചറിഞ്ഞ് അവരെ യഥോചിതം ഉപയോഗപ്പെടുത്തുന്നതിനും അവരുടെ സിദ്ധികളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും മൗലവിയുടെ നിസ്വാര്‍‌ഥമായ പരിശ്രമങ്ങള്‍ അത്യാദരവോടെ സ്‌‌മരിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.  ( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles