Current Date

Search
Close this search box.
Search
Close this search box.

കലാ സാം‌സ്‌‌ക്കാരിക രം‌ഗത്തെ അഥിതികളായെത്തുന്ന അസോസിയേഷന്‍

കലയും സാഹിത്യവും ചിത്രങ്ങളും ചിത്രീകരണങ്ങളും സം‌ഗീതവുമൊക്കെ എല്ലാ സമൂഹത്തിലുമെന്നതു പോലെ മുസ്‌‌ലിം സമൂഹത്തിലും നില നില്‍‌ക്കുന്നുണ്ട്. ചിത്രങ്ങളും ചിത്രീകരണങ്ങളും ഒരു പരിധിവരെ തെറ്റില്ലെന്ന ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും സം‌ഗീതവും അഭിനയ കലയുമൊക്കെ വര്‍ജ്ജിക്കേണ്ടതാണെന്നോ യഥാര്‍‌ഥ വിശ്വാസികള്‍‌ക്ക് രാജിയാകാന്‍ പറ്റാത്തതാണെന്നോ ഒക്കെയുള്ള ധാരണകള്‍ ഇപ്പോഴും സജീവമാണ്‌.

കഴിഞ്ഞു പോയ ഓരോ കാലഘട്ടവും പരിശോധിക്കുമ്പോള്‍ അതതു കാലത്തെ ജനസ്വാധീനമുള്ളവയില്‍ ഏറ്റവും മികച്ചത്‌ പ്രബോധകന്മാരും അനുയായികളും ഉപയോഗപ്പെടുത്തിയിരുന്നു എന്നു കാണാം. അക്കാലത്തെ ജീവിത വിഭവങ്ങളിലെ എല്ലാ മേത്തരം സംവിധാനങ്ങളും സാമ്പത്തിക സ്‌ഥിതിയനുസരിച്ച്‌ സ്വന്തമാക്കുന്നതില്‍ വിലക്കുകളുണ്ടായിട്ടില്ല. എന്നാല്‍ ഒന്നിലും അതിരു കവിയുമായിരുന്നില്ല.

കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലും ആറാം നൂറ്റാണ്ടിലും അതിനു ശേഷവും കായികവും കലാപരവുമായ പരിപാടികളില്‍ അക്കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗപ്പെടുത്തുകയും താളത്തിനൊത്ത്‌ പാട്ടു പാടുകയും, ചെയ്‌തിരുന്നു. എന്നാല്‍ വിശ്വാസികള്‍‌ക്കിടയില്‍ എല്ലാറ്റിനുമുണ്ടായിരുന്നു ഒരു സന്തുലിതത്വം.

അനുവദനീയം,നിഷിദ്ധം എന്നിങ്ങനെ ഖണ്ഡിതമായി തരം തിരിച്ച കാര്യങ്ങളില്‍ വാദ്യോപകരണങ്ങള്‍ ഉള്‍‌പെടുന്നില്ലെന്നന്നത് എല്ലാവര്‍‌ക്കും അറിയാം. എന്നിട്ടും നല്ലൊരു ശതമാനം വിശ്വാസികളിലും വാദ്യോപകരണങ്ങളുടെ കാര്യത്തില്‍ എന്തോ ഒരു ദുരൂഹത നിലനില്‍‌ക്കുന്നുണ്ട്. ഒരു പക്ഷെ ഇതൊക്കെ നന്നായി ഉപയോഗ പ്പെടുത്തുന്നവര്‍ പോലും ഈ ആശങ്കയില്‍ നിന്നും മുക്തരല്ലെന്നതും സത്യമാണ്‌.

കേരളീയ സാഹചര്യം പരിശോധിച്ചാല്‍ മാപ്പിളപ്പാട്ടെന്ന ഒരു സം‌ഗീത ശാഖതന്നെ വിശ്വാസി സമൂഹത്തിനിടയില്‍ ശക്തമായി പ്രചാരത്തിലുണ്ട്. വായ്‌പാട്ടായും,വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും അത്‌ ആലപിച്ചു പോരുന്നുണ്ട്.

ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്‌ (571) പ്രവാചകന്റെ ജനനം. നാല്‍‌പതാമത്തെ വയസ്സിലാണ്‌ (611) ദിവ്യബോധനം ലഭിക്കുന്നത്. ഏകദേശം അതേകാലയളവില്‍ തന്നെ സത്യ സന്ദേശം കേരളക്കരയിലും തുടക്കം കുറിച്ചുവെന്നാണ്‌ ചരിത്രങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നത്‌.എ.ഡി 629 ല്‍ കൊടുങ്ങലൂരില്‍ ചേരമാന്‍ പള്ളിയുടെ നിര്‍‌മ്മാണം നടന്നതായി ചരിത്ര രേഖകളില്‍ കാണുന്നു.

മലയാളം കേവല സംസാര ഭാഷ മാത്രമായിരുന്ന കാലത്ത്‌ അറബി മലയാളത്തിലായിരുന്നു ആശയ വിനിമയങ്ങളും വേദോപദേശ പാഠങ്ങളും പഠനങ്ങളും എഴുതപ്പെട്ടിരുന്നത്‌. സത്യ സന്ദേശം സ്വീകരിച്ച്‌ അറബി അക്ഷരമാലകള്‍ അഭ്യസിച്ച ആളുകള്‍ക്ക്‌ മാത്രമേ ഇത്തരം കയ്യെഴുത്തുകള്‍ പ്രാപ്യമായിരുന്നുള്ളൂ. കേവലം വിശ്വാസപരമായ കാര്യങ്ങള്‍ക്കപ്പുറമുള്ള പൊതു വിഷയങ്ങള്‍ ഒട്ടേറെ അറബി മലയാളത്തില്‍ വിരചിതമായിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലാണ്‌ മലയാളത്തിന്‌ ലിപിയുണ്ടാകുന്നതും മുദ്രണം തുടങ്ങുന്നതും എന്നാല്‍ അറബി മലയാളത്തിലുള്ള കയ്യെഴുത്തുകള്‍ മലയാളത്തിനു ലിപിയുണ്ടാകുന്നതിനു മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ മുദ്രണം ചെയ്‌തു തുടങ്ങിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നെന്നും ചരിത്രം പറയുന്നു.മലയാളം കേവലം സംസാര ഭാഷയായിരുന്ന കാലത്ത്‌ ഇസ്‌ലാമികാധ്യാപനങ്ങളും വിശ്വാസികള്‍ക്കിടയിലെ വ്യവഹാരഭാഷയായും അറബിമലയാളം സജീവമായിരുന്നു.മലയാളത്തിന്‌ തനതായ ലിപിയും മുദ്രയും രൂപം കൊണ്ടപ്പോഴും വിശ്വാസി സമൂഹം അറബിമലയാളത്തെ കയ്യൊഴിഞ്ഞിരുന്നില്ല.എന്നതും ചരിത്രം.

കലയും കളിയും കവിതയും ചരിത്രവും സാമൂഹ്യാവബോധവും വിജ്ഞാന ശാഖകളും ഇതില്‍ പെടും. അഥവാ അറബി മലയാള സംസ്‌ക്കാരം തന്നെ ജന്മം കൊണ്ടിരുന്നു.ഖിസ്സപാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ വിരചിതമായ ചരിത്ര ഗാനങ്ങളും നശീദകളായി ഖ്യാദിനേടിയ പ്രവാചക കീര്‍ത്തനങ്ങളും നസ്വീഹത്തുകളായി രചിക്കപ്പെട്ട സന്ദേശ ഗാനങ്ങളും ആസ്വാദന കലയില്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്ന മാപ്പിളപ്പാട്ടുകളും അറബി മലയാളത്തെ ഏറെ സമ്പന്നമാക്കിയിരുന്നു.ഇതൊക്കെ ആലപിക്കാന്‍ അതതു കാലത്തെ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.

ഖത്തറില്‍ തൊണ്ണൂറുകളിലും ഓര്‍‌മ്മ ശരിയാണെങ്കില്‍ രണ്ടായിരമാണ്ടിന്റെ തുടക്കം വരെയും മത സമൂഹ്യ സാം‌സ്‌‌ക്കാരിക രം‌ഗങ്ങളില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അല്ലാതെ അറിയപ്പെട്ട മറ്റൊരു സം‌വിധാനവും മലയാളികള്‍‌ക്കിടയില്‍ ഉണ്ടായിരുന്നില്ല.

പെരുന്നാളോഘോഷങ്ങളുടെ ഭാഗമായി വിപുലമായ പൊതു പരിപാടികള്‍ സം‌ഘടിപ്പിക്കുമായിരുന്നു. ഖത്തറിലെ സാം‌സ്‌ക്കാരിക നായകന്മാരും പണ്ഡിത വര്യന്മാരും അഥിതികളായെത്തുന്ന പരിപാടിയില്‍ ആയിരങ്ങളുടെ പങ്കളിത്തം കൊണ്ട് ധന്യവുമായിരുന്നു.

വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍‌വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സം‌ഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാം‌സ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികള്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള കലാരൂപങ്ങള്‍‌ക്കും വിനോദങ്ങള്‍‌ക്കും ആദ്യമായി വേദിയൊരുക്കിയത് അസോസിയേഷനായിരുന്നു.പില്‍‌ക്കാലത്ത് പ്രവാസി സമൂഹത്തില്‍ പ്രസിദ്ധരായി അറിയപ്പെട്ട പല കലാകാരന്മാര്‍‌ക്കും ആദ്യമായി അവസരവും വേദിയും നല്‍‌കിയതും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനായിരുന്നു.

സഹൃദയരായ പ്രേക്ഷകര്‍‌ക്കായി ഒരുക്കിയിരുന്ന സകല കലാ വിഭവങ്ങളിലുമുള്ള നെല്ലും പതിരും തിരിക്കുന്നതില്‍ ക്രാന്തദര്‍‌ശിയായി കലാ ഹൃദയനായ മൗലവി സജീവമായി അണിയറയിലുണ്ടകുമായിരുന്നു. ( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles