Current Date

Search
Close this search box.
Search
Close this search box.

മുശേരിബ് ഒരോര്‍‌മ്മ

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ദോഹ നഗരത്തിലെ പ്രബലമായ മൂന്ന്‌ കേന്ദ്രങ്ങളായിരുന്നു ശാരിഉല്‍ ഖലീജ്‌, ശാരിഅ് മുശേരിബ്‌,അല്‍ ബിദ എന്നീ യൂണിറ്റുകള്‍.യഥാക്രമം മര്‍‌ഹൂം അബ്‌‌ദുല്ല ഹസന്‍,മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി,വി.കെ അലി സാഹിബ് എന്നിവരുടെ ശക്തമായ നേതൃത്വത്തിലായിരുന്നു പ്രസ്‌‌തുത യൂണിറ്റുകള്‍ പ്രവര്‍‌ത്തിച്ചിരുന്നത്.നജ്‌മ, മന്‍‌സൂറ,ശാരിഅ്‌ അബ്‌ദുല്‍ അസീസ്, ദോഹ ജദീദ്, മുഗളിന, ബിന്‍ മഹ്‌മൂദ് തുടങ്ങിയ യൂണിറ്റുകള്‍ പിന്നീട് പിറന്നതും ശക്തമായ സാന്നിധ്യം വിളിച്ചറിയിക്കുന്നവയുമായിരുന്നു.

യൂണിറ്റുകളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ഏരിയകളായും പിന്നീട് സ്വതന്ത്ര സോണുകളായും അസോസിയേഷന്റെ ഘടനയെ കാലോചിതമായ മാറ്റങ്ങള്‍‌ക്ക് വിധേയമാക്കി പുനഃക്രമീകരിച്ചു.

മുശേരിബ് യൂണിറ്റില്‍ മുപ്പതില്‍ കുറയാത്ത അം‌ഗങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു.അതില്‍ പലരും ഖത്തര്‍ വിട്ടു പോയവരും ഈ ലോകത്തോട്‌ വിടപറഞ്ഞവരും ഉണ്ട്.പി അബ്‌‌ദുല്ല കുട്ടി മൗലവി,എ.വി അബ്‌‌ദുല്‍ മജീദ് സാഹിബ്,ഷാഹുല്‍ ഹമീദ് സാഹിബ്,ജുനൈദ് മാള,എം.ടി കുഞ്ഞലവി,എം.ടി ഇസ്‌‌മാഈല്‍,എ.സൈനുദ്ദീന്‍,ടി.കെ അബ്‌ദു റഹ്‌‌മാന്‍,അബ്‌ദുല്‍ ശുകൂര്‍ കണ്ണൂര്‍,അബ്‌ദുല്‍ ശുകൂര്‍ തൃശൂര്‍,ഷരീഫ് ടൈലര്‍,കുഞ്ഞു മുഹമ്മദ് കോഡൂര്‍,അഷ്‌‌റഫ് നന്മണ്ട,റഷീദ് വടകര,കെ.കെ ഇബ്രാഹീം,സി.വി ഇസ്‌‌മാഈല്‍,ഗള്‍‌ഫ് എയര്‍ മൂസ സാഹിബ്,കെ.കെ അലി മാഹി,യൂനുസ് സലീം,എം അബ്‌ദുല്‍സലാം,എ.മുഹമ്മദലി സാഹിബ് ആലത്തൂര്‍ , നാസിമുദ്ദീന്‍ കുന്ദമം‌ഗലം,ഒ.പി അബ്‌‌ദു റഹ്‌‌മാന്‍,എ.ടി ഉമ്മർ,പി.വി ഷരീഫ്,വി.ടി ഫൈസല്‍,അബ്‌‌ദു സലാം കോട്ടയം,മുഹമ്മദ് സുലൈമാൻ കൂർക്കഞ്ചേരി,മുഹമ്മദ് അൻവർ തിരൂർക്കാട്,അബ്‌‌ദു റഹീം,അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍ തുടങ്ങി വലിയ ഒരു നിര മുശേരിബില്‍ ഉണ്ടായിരുന്നു.

ഖുര്‍‌ആന്‍ ഹദീഥ് പാഠപഠനങ്ങള്‍‌ക്ക്‌ പുറമെ സര്‍‌ഗവാസനകളെ പരിപോഷിപ്പിക്കാനും സാഹിത്യ സാം‌സ്‌ക്കാരിക ലോകത്തെ കുറിച്ച് അവബോധമുണ്ടാക്കാനും സറ്റഡി സര്‍‌ക്കിളുകള്‍ ഉണ്ടാകുമായിരുന്നു.അതത് യൂണിറ്റുകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പരിപാടി സം‌യുക്തമായി സം‌ഘടിപ്പിക്കുന്ന രീതിയിലേക്ക് പുരോഗമിച്ചിരുന്നു.

ഒരു യൂണിറ്റ് യോഗത്തിന്റെ അവസാനത്തില്‍ അടുത്ത മാസം ആദ്യ വാരം സ്റ്റഡിസര്‍‌ക്കിളാണ്‌ ഒരു വിഷയം നിര്‍‌ദേശിക്കാന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമു കലയും എന്ന്‌ വളരെ പതുക്കെ പറഞ്ഞത് മൗലവി കേട്ടു.സ്റ്റഡി സര്‍‌ക്കിളില്‍ അസീസ് പ്രബന്ധം അവതരിപ്പിക്കും എന്ന പ്രഖ്യാപനവും ഉണ്ടായി.

‘വിഷയമൊന്നും ഇല്ലാതെയല്ല നിര്‍‌ദേശിച്ച ആള്‍ അവതരിപ്പിക്കേണ്ടി വരും’ എന്ന്‌ തൊട്ടടുത്തുണ്ടായിരുന്ന സഹോദരന്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.

രണ്ടോ മൂന്നോ നിര്‍‌ബന്ധ പ്രഭാഷകരുടെ പേരുകളും രേഖപ്പെടുത്തപ്പെട്ടു. അതിലൊരാള്‍ മുഹമ്മദലി സാഹിബായിരുന്നു.പ്രബന്ധാവതാരകന്റെ മനസ്സും മസ്‌തിഷ്‌‌കവും അവതരിപ്പിക്കാനിരിക്കുന്ന പ്രബന്ധവുമായി ബന്ധപ്പെട്ട ആശയ സമാഹരണത്തിനുള്ള പ്രയത്നങ്ങളില്‍ മുഴുകാന്‍ തുടങ്ങി.

അലിജാ ഇസ്സത്ത് ബഗോവിച്ചിന്റെ എന്‍.പി മുഹമ്മദ് പരിഭാഷപ്പെടുത്തിയ ഇസ്‌‌ലാം രാജമാര്‍‌ഗം ഒന്നും രണ്ടും തവണയൊക്കെ തിരിച്ചും മറിച്ചും വായിച്ചു കൊണ്ടിരുന്ന കാലമയിരുന്നു.അതില്‍ ഒരു സമൂഹത്തിന്റെ ശക്തമായ സാന്നിധ്യം വേരോടിക്കുന്നതില്‍ ധാര്‍‌മ്മികമായ വിഭാവനയോടൊപ്പം കലാ സാഹിത്യ സാം‌സ്‌ക്കാരിക മാധ്യമങ്ങളിലും നന്മയുടെ പ്രാധിനിത്യം സാധ്യമാകുന്നത്ര അനിവാര്യമാണെന്ന്‌ ഗ്രന്ഥകാരന്‍ സമര്‍‌ഥിക്കുന്നതായി വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.

ശക്തമായ നാഗരിതകളുടെ ബാക്കി പത്രങ്ങള്‍ പിന്‍‌ഗാമികള്‍‌ക്ക്‌ ലഭിക്കാന്‍ സാം‌സ്‌ക്കാരികമായ അടയാളപ്പെടുത്തലിലൂടെ സാധ്യമാകുന്നതിന്റെ സാധ്യതകളും സവിസ്‌തരം ഗ്രന്ഥകാരന്‍ പറഞ്ഞു വെക്കുന്നുണ്ട്.സമൂഹ ഗാത്രത്തിന്റെ കലാ സാഹിത്യ സാം‌സ്‌‌ക്കാരിക ഭൂമികയെ നിരുത്സാഹപ്പെടുത്തുകയൊ നിരാകരിക്കുകയൊ ചെയ്യുന്നതിനു പകരം അവയെ പുനഃക്രമീകരിക്കുകയും പുനരാവിഷ്‌‌കരിക്കുകയും ചെയ്യുന്നതാണ്‌ അഭികാമ്യം എന്നും രാജമാര്‍‌ഗം പറഞ്ഞു തരുന്നുണ്ടെന്നു മനസ്സിലാക്കിയിരുന്നു.

കലാ സാഹിത്യ സാം‌സ്‌‌ക്കാരിക മുന്നേറ്റങ്ങളുടെ അനിവാര്യത അടിവരയിട്ടു കൊണ്ടായിരുന്നു പ്രബന്ധം തയാറാക്കിയത്.

വേദങ്ങള്‍ എത്രയൊക്കെ പൊതുവത്കരിച്ച് പരിചയപ്പെടുത്തപ്പെട്ടാലും അതത് ജാതിമത സമൂഹ വൃത്തങ്ങളില്‍ തന്നെയായിരിക്കും ഒരു പരിധിവരെ അതിന്റെ വായനയും വ്യാപനവും.എന്നാല്‍ കലയും സാഹിത്യവും ആസ്വാദന പ്രിയങ്ങളായ ആവിഷ്‌‌കാരങ്ങളും പൊതു സമൂഹം ഏറ്റെടുത്തേക്കും.

രാജ്യത്ത് പാഠശാലകളും സാം‌സ്‌ക്കാരിക കേന്ദ്രങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും ഒരേ കുടക്കീഴില്‍ ഒരുക്കിയാണ്‌ ക്രൈസ്‌‌തവര്‍ സുസജ്ജമായത്.വിശ്വാസപരമായ അശാസ്‌ത്രീയതകളൊക്കെ ഉണ്ടായിരുന്നിട്ടും ശക്തമായ വേരോട്ടം നടത്താന്‍ അവര്‍‌ക്ക് സാധിച്ചു.അഥവാ വിജ്ഞാനവും സം‌സ്‌ക്കാരവും സേവന സന്നദ്ധതയും ആത്മീയതയുടെ അടയാളങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും സര്‍‌ഗാത്മകമായി അവതരിപ്പിച്ചതിന്റെ പരിണിതി അത്ഭുതകരമത്രെ.

ഇവ്വിഷയങ്ങളില്‍ അതി ശക്തമായ പ്രാധിനിത്യം ഉണ്ടാകേണ്ട വിശുദ്ധ ഖുര്‍‌ആനിന്റെ അനുധാവകര്‍ ഇതര സമൂഹങ്ങളുടെ തെറ്റിദ്ധാരണകള്‍‌ക്ക് പാത്രമായി കൊണ്ടേയിരിക്കുന്ന ദുരവസ്ഥയിലുമാണ്‌.ഇതായിരുന്നു പ്രബന്ധത്തിലെ കാതല്‍.

കലാ സാം‌സ്‌ക്കാരിക രം‌ഗത്ത് പൂര്‍‌വ്വികര്‍ തുടങ്ങി വെച്ചതും,രാജ്യത്തിന്റെ സാം‌സ്‌ക്കാരിക ഭൂമികയില്‍ അരങ്ങു വാഴുന്നതും ആകര്‍‌ഷകമായതും പുതു പുത്തന്‍ ആവിഷ്‌കാരങ്ങളോടെ യാഥാവിധി പരിപാലിച്ചും പരിപോഷിപ്പിച്ചും നന്മയുടെ പ്രാധിനിത്യം ഉറപ്പാക്കാനുള്ള ആഹ്വാനത്തോടെ സ്റ്റഡി സര്‍‌ക്കിള്‍ സമാപിച്ചു.

യോഗാനന്തരം നടന്ന അനൗദ്യോഗിക ചര്‍‌ച്ചയില്‍ കേരളീയ സമൂഹത്തില്‍ ഇനിയും വളര്‍‌ന്നു വികസിക്കേണ്ട ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെക്കപ്പെട്ടു.

തൊണ്ണൂറുകളില്‍ മുസ്‌ലിം സമൂഹത്തില്‍ വിശേഷിച്ച് യുവ ജനങ്ങള്‍‌ക്കിടയില്‍ ഒരു നവജാഗരണ മുന്നേറ്റത്തിന്റെ തൊങ്ങും പൊടിപ്പും വെച്ച വാര്‍‌ത്തകള്‍ സകല മാധ്യമങ്ങളിലും വെണ്ടക്ക വിളമ്പിയിരുന്ന കാലമായിരുന്നു. അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ പ്രസ്‌തുത നായകന്റെ പേരും പെരുമകളും വിളിച്ചു പറയുന്നുണ്ട് എന്നും അതേ സമയം വര്‍‌ഷങ്ങളായി രൂപീകരിക്കപ്പെട്ടവരും ഗോദയിലുണ്ടെന്നു അവകാശപ്പെടുന്നവരും എവിടെ എന്നും ഒരു പ്രവര്‍‌ത്തകന്‍ സങ്കടപ്പെട്ടു.

മനോഹരമായ ഒരു പുഞ്ചിരിയോടെ മൗലവി പ്രതികരിച്ചത് പലപ്പോഴും ഓര്‍‌ക്കാറുണ്ട്. ഇപ്പോഴും ഓര്‍‌ക്കുകയും അത് പങ്കുവെക്കുകയും ചെയ്യുന്നു.

നോക്കൂ സാഹിബേ …. കടലാസുകള്‍ തീപിടിക്കുന്നത് പോലെ കത്തിയമരാനുള്ളതല്ല ഈ പ്രസ്ഥാനം. എന്ന്‌ ഒറ്റവാക്കില്‍ ഒരു മറുപടിയായിരുന്നു ആദ്യം നല്‍‌കിയത്.

പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും വേണ്ടിയാണ്.അത് പ്രസരിപ്പിക്കുന്നത് നന്മ മാത്രമായിരിക്കണം. എല്ലാവരുടെയും നന്മ.സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മ. ഇതാണ്‌ ഖുര്‍ആനിക സങ്കല്‍പം.നന്മയിലേക്ക് ക്ഷണിക്കുന്നവരാകണം വിശ്വാസികള്‍ എന്നതും ജനിച്ചതും ജീവിക്കുന്നതും ജനങ്ങള്‍ക്കു വേണ്ടിയാണ്‌ എന്നതും പ്രാധാന്യത്തോടെ മനസ്സിലാക്കിയിരിക്കണം.നന്മയുടെ കൂട്ടായ്‌‌മ എന്ന അടിസ്ഥാനമാണ് അതിന്റെ പ്രവര്‍‌ത്തന രൂപ രേഖയില്‍ എപ്പോഴും ജ്വലിച്ചു നില്‍‌ക്കുക.വിവരവും വിവേകവുമുള്ളവരുടെ ഒരു സം‌ഘമായി പ്രവര്‍‌ത്തന നിരതരാകുക എന്നതാണ്‌ പ്രസ്ഥാനത്തിന്റെ മാതൃക. മൗലവി വിശദീകരിച്ചു.

മാതൃകാപരമായി ജീവിതം കാഴ്‌ചവെക്കുന്നവരില്‍ ഉള്‍‌പ്പെടുത്തി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles