Current Date

Search
Close this search box.
Search
Close this search box.

വലിയ പള്ളിയും മൗലവിയും

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച ദോഹ നഗരത്തിലെ പ്രസിദ്ധങ്ങളായ പള്ളികളായിരുന്നു പഴയ സൂഖ് പരിസരത്തുണ്ടായിരുന്ന തുര്‍‌ക്കി പള്ളിയും,ശാരിഅ്‌ അസ്‌‌മഖിലെ പള്ളിയും മസ്‌‌ജിദുല്‍ ശ്യൂഖും, മസ്‌ജിദ്‌ ഗാനവും, മസ്‌ജിദ്‌ ഖലീഫയും.

ഈ പള്ളികളില്‍ ദീര്‍‌ഘകാലം വെള്ളിയാഴ്‌ചകളിലെ പ്രഭാഷണ പരമ്പരകൊണ്ട് അടയാളപ്പെടുത്തിയവരാണ് കെ.എ ഖാസിം മൗലവി, മര്‍‌ഹൂം അബ്‌‌ദുല്‍ കരീം മൗലവി, മര്‍‌ഹൂം കെ അബ്‌ദുല്ല ഹസന്‍, മര്‍‌ഹൂം സലീം മൗലവി,വി.കെ അലി സാഹിബ്‌,കെ സുബൈര്‍ സാഹിബ് തുടങ്ങിയവര്‍.

ദിവാന്‍ അമീരിയോട് ചേര്‍‌ന്നുള്ള മസ്‌‌ജിദുല്‍ ശ്യൂഖ് വലിയപള്ളി എന്ന പേരില്‍ മലയാളികള്‍‌ക്കിടയില്‍ പ്രസിദ്ധമായിരുന്നു.അസോസിയേഷന്‍ പ്രഥമ പ്രസിഡണ്ട്‌ കെ.എ ഖാസിം മൗലവി തുടങ്ങി വെച്ച വെള്ളിയാഴ്‌ച പ്രഭാഷണം ഒരു പ്രത്യേക സാഹചര്യത്തില്‍ മൗലവി ഏറ്റെടുക്കുകകയായിരുന്നു.മുഹമ്മദ് സലീം മൗലവിയുടെ ഖുര്‍‌ആന്‍ പരമ്പര കൊണ്ട് ധന്യമായ പള്ളിയാണിത്.

വെള്ളിയാഴ്‌‌ചകളിലെ പ്രഭാഷണങ്ങള്‍ റെക്കാര്‍‌ഡ് ചെയ്യാനും കാസറ്റുകളുടെ പകര്‍‌പ്പുകള്‍ യഥാവിധി സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ അസോസിയേഷനില്‍ ഉണ്ടായിരുന്നു. കാസറ്റുകളുടെ പ്രചരണം വഴിയും വെള്ളിയാഴ്‌ച ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍‌ത്ത അറിഞ്ഞാല്‍ തൊട്ടടുത്ത വെള്ളിയാഴ്‌‌ച സൗകര്യപ്പെടുന്ന പള്ളികളില്‍ ബന്ധുമിത്രാധികളും പ്രിയപ്പെട്ടവരും ഒത്തു കൂടി മയ്യിത്ത് നമസ്‌‌‌ക്കാരം നിര്‍‌വഹിക്കുമായിരുന്നു. സൂഖ് വാഖഫിലെ ബിസ്‌മില്ല പള്ളിയിലായിരുന്നു കൂടുതലും ഇതു പോലെ ഒത്തു കൂടിയിരുന്നത്. വലിയ പള്ളിയില്‍ മൗലവിയുടെ ക്ലാസ്സിനു ശേഷവും ഇങ്ങനെ അവസരം അനുവദിച്ചിരുന്നു. മയ്യിത്ത് നമസ്‌‌ക്കാരത്തിനായി യാദൃശ്ചികമായി എത്തിപ്പെടുന്നഅതിഥികള്‍ക്ക്‌ പള്ളിയിലെ മലയാള പ്രഭാഷണം കേള്‍‌ക്കാന്‍ അവസരം ലഭിക്കുന്നതോടെ പിന്നീട് വിജ്ഞാന സദസ്സിലെ സ്ഥിരം ശ്രോതക്കളായി മാറുമായിരുന്നു.

പഠന പരമ്പരപോലെയായിരുന്നു ഖുര്‍‌ആന്‍ ദര്‍‌സ്സ് പുരോഗമിച്ചു കൊണ്ടിരുന്നത്. ഓരോ വാരവും കഴിയുമ്പോള്‍ അടുത്ത വാരത്തെ പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം ഓരോ ശ്രോതാവും പള്ളിയില്‍ നിന്നും പടിയിറങ്ങുക. അധ്യാപകനും പഠിതാക്കളും പരസ്‌‌പരം അറിഞ്ഞും അറിയാതെയും സം‌വദിച്ചു കൊണ്ടേയിരിക്കുന്ന പ്രതീതിയിലായിരുന്നു വിജ്ഞാന സദസ്സ്.ഈ വിശുദ്ധ ഗ്രന്ഥം കേവല പാരായണത്തിനു മാത്രമല്ല എന്ന് ഓരോ പഠിതാവിനും ബോധവും ബോധ്യവും വരുന്ന സമ്പന്നമായ പാഠ പഠനങ്ങള്‍ ആയിരങ്ങളെ സം‌സ്‌ക്കരിക്കുന്നതിനും സമുദ്ധരിക്കുന്നതിനും നിമിത്തമായിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ ഒരു മത ദര്‍‌ശനമാണ്‌.ധാര്‍‌മ്മികമായ അധ്യാപനങ്ങളെ ക്രമപ്രകാരം അധ്യായം തിരിച്ചു കൊണ്ട്‌ വിവരിക്കുന്ന ഒരു രീതിയിലല്ല വിശുദ്ധ ഗ്രന്ഥത്തിലെ പ്രതിപാദന ശൈലി. ഇതില്‍ വിശ്വാസ കാര്യങ്ങളും അനുബന്ധമായ ശാസനാ ശിക്ഷണ പാഠങ്ങളും സാംസ്‌കാരിക മര്യാദകളുമുണ്ട്. സച്ചരിതരുടെ മാതൃകകളും ഗുണപാഠങ്ങളുമുണ്ട്. ദുര്‍ വൃത്തരുടെ ചരിത്രവും പര്യവസാനവുമുണ്ട്. ഇവയെല്ലാം ഇടകലര്‍ത്തിയും അവസരത്തിനൊത്ത് ആവര്‍ത്തിച്ചും ചിന്തയെ തട്ടിയുണര്‍ത്തിക്കൊണ്ടാണ് വിവരിക്കുന്നത്. ഇതുപോലെ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് ആധികാരികമായ ഒരു അവബോധം സൃഷ്‌ടിച്ചു കൊണ്ടായിരുന്നു ആദരണീയനായ ഉസ്‌താദിന്റെ അത്യാകര്‍‌ഷകമായ ഖുര്‍‌ആന്‍ പ്രഭാഷണ പരമ്പരയുടെ വലിയ പള്ളിയിലെ വിജയ ഗാഥ.

ഒരു സമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന അത്യാകര്‍‌ഷകമായ സിദ്ധികളെ വെല്ലുന്ന അമാനുഷികമായ അതിശയങ്ങളായിരുന്നു അതതു കാലത്തെ പ്രവാചകന്മര്‍‌ക്ക്‌ നല്‍‌കപ്പെട്ടു കൊണ്ടിരുന്നത്. അന്ത്യ പ്രവാചകന്റെ കാലഘട്ടം വൈജ്ഞാനിക വളര്‍‌ച്ചയുടെ പ്രാരം‌ഭമായിരുന്നു.അതു കൊണ്ട്‌ തന്നെ സകല വിജ്ഞാന ശാഖകളേയും ലോകാവസാനം വരെ വെല്ലുന്ന വിശുദ്ധ ഖുര്‍‌ആന്‍ തന്നെയായിരുന്നു അന്ത്യ പ്രവാചകന്റെ ദൃഷ്‌ടാന്തം.

വിശുദ്ധ ഖുര്‍‌ആന്‍ എന്ന അമാനുഷികമായ ദൃ‌ഷ്‌‌ടാന്തത്തെ – പ്രകാശത്തെ ഉയര്‍‌ത്തിപ്പിടിച്ചു കൊണ്ട് അന്ധകാരങ്ങളെ ഭേദിച്ച് കൊണ്ടുള്ള ജൈത്രയാത്രയില്‍ ബഹുദൂരം സഞ്ചരിക്കാന്‍ സൗഭാഗ്യം സിദ്ധിച്ച വ്യക്തിത്വമായിരുന്നു മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി. പണ്ഡിതന്‍‌മാര്‍ പ്രവാചകന്മാരുടെ പിന്തുടര്‍‌ച്ചക്കാരാണെന്ന അധ്യാപനത്തെ അക്ഷരാര്‍‌ഥത്തില്‍ സ്വാം‌ശീകരിച്ച പ്രബോധകൻ.

നന്മയുടെ വെള്ളി വെളിച്ചം പ്രകാശിപ്പിക്കുന്നതിന്‌ അത്യധ്വാനം ചെയ്‌ത മഹാരഥന്‍മാരെ അല്ലാഹുവിന്റെ സം‌പ്രീതരായ സജ്ജനങ്ങളോടൊപ്പം ഉന്നത പദവികള്‍ നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ… ( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles