Current Date

Search
Close this search box.
Search
Close this search box.

മൗലവി പഠിപ്പിച്ച അധ്യായം

വിശുദ്ധ ഖുര്‍‌ആനിലെ ഹദീദ് എന്ന അധ്യായം പൂര്‍‌ണ്ണമായും പഠിപ്പിച്ച് തന്നത് മൗലവിയായിരുന്നു. ജീവിതത്തെ കുറിച്ച് ഭൗതികന്മാര്‍ വെച്ചു പുലര്‍‌ത്തുന്ന വ്യര്‍‌ഥ സങ്കല്‍‌പങ്ങളെയും അതിന്റെ അത്യന്തം ശോചനീയമായ അവസ്ഥയേയും കണ്ണില്‍ കാണും വിധമുള്ള ഖുര്‍‌ആനിക പാഠത്തെ അതീവ ഹൃദ്യമായി ഉസ്‌താദ് പകര്‍‌ന്നു തന്നു.

തൊണ്ണൂറുകളില്‍ പഠിപ്പിക്കപ്പെട്ട ഈ പാഠത്തിലെ പ്രസ്‌തുത ഭാഗം മൂന്നു പതിറ്റാണ്ടുകള്‍‌ക്ക്‌ ശേഷം 2021 ല്‍ ശാന്തപുരം അല്‍‌‌ജാമിഅയുടെ വേദിയില്‍ ശിഷ്യന്‍ ഓര്‍‌ത്തെടുക്കുമ്പോള്‍ അഭിവന്ദ്യനായ ഗുരുനാഥന്‍ വേദിയിലുണ്ടായിരുന്നു.

ഒരു പ്രഭാഷകനൊന്നും അല്ലെങ്കിലും വലിയ പരിക്കുകളൊന്നുമില്ലാതെ ഏതു വേദിയിലാണെങ്കിലും വാചാലമകുമായിരുന്ന ശിഷ്യന്റെ വാക്കുകള്‍ മുറിഞ്ഞു കണ്‌‌ഠമിടറി. അര്‍‌ധവിരാമത്തില്‍ നിന്നു പോയ പ്രഭാഷണം ഏറെ പ്രയാസപ്പെട്ടാണ്‌ വീണ്ടൂം തുടരാനായുള്ളൂ.

വിശുദ്ധ ഗ്രന്ഥവും അറബി ഭാഷയുമായും ബന്ധപ്പെട്ട് സാമ്പ്രദായിക പാരമ്പര്യ ധാരണകള്‍‌ക്കപ്പുറം പറയത്തക്ക കാഴ്‌ചപ്പാടുകള്‍ ഒന്നും ഇല്ലായിരുന്നു. ഇതുപോലൊരാളെ വിശുദ്ധ ഖുര്‍‌ആനിലെ സൗന്ദര്യാസ്വാദനവുമായി ബന്ധപ്പെട്ട് ഒരു സദസ്സിനെ അഭിമുഖീകരിക്കാന്‍ വണ്ണം പാകപ്പെടുത്തുന്നതിലേക്ക്‌ നയിക്കാന്‍ സാധാരണ ഒരു അധ്യാപകന്‌ സാധ്യമാകുന്ന കാര്യമല്ല.വിവരണാതീതമായ ഒരു മാനസികാവസ്ഥയിലായിരുന്നു ശിഷ്യന്‍.ഒരു പക്ഷെ ഗുരുനാഥനും.അല്‍ ജാമിഅയിലെ പ്രസ്‌‌തുത വേദിയും സദസ്സും ജീവിതത്തിലെ അനര്‍‌ഘ നിമിഷങ്ങളിലൊന്നായിരുന്നു.

മൗലവി വിടപറയുന്നതിന്‌ കൃത്യം 6 മാസം മുമ്പ് (2023 ഫിബ്രുവരി 23) അദ്ദേഹത്തിന്റെ വസതിയില്‍ മക്കളോടൊപ്പം സന്ദര്‍‌ശിക്കാന്‍ സാധിച്ചതും വലിയ സൗഭാഗ്യമായി കരുതുന്നു.

പാരത്രിക ലോകത്തെ തൂവെളിച്ചം സത്യവിശ്വാസത്തിന്റേതും സല്‍ക്കര്‍മത്തിന്റേതുമാകുന്നു.വിശ്വാസത്തിലെ നിഷ്‌‌കളങ്കതയും വിശുദ്ധിയും അവിടെ പ്രകാശമായി മാറുകയാണ്. അതുവഴി സച്ചരിതരുടെ വ്യക്തിത്വം വെട്ടിത്തിളങ്ങുന്നു.പരലോകത്തെ ജീവിത വിജയത്തിന്റെ നിതാനം ഒരാളുടെ ജീവിത വീക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹദീദ് എന്ന അധ്യായത്തിലെ ഏറെ പ്രസക്തമായ ഈ ഭാഗം ഇന്നും ഹരിതാഭമായി ഓര്‍‌മ്മയിലുണ്ട്.

ജീവിതത്തെ കുറിച്ച് ഒരു ഭൗതികന്റെ കാഴ്ചപ്പാട് കൃത്യമായി വിവരിക്കുന്ന ഭാഗം സാന്ദര്‍‌ഭികമായി പങ്കുവെക്കുന്നു. സാങ്കല്‍പിക ലോകത്തിരുന്ന് മനപ്പായസമുണ്ണുന്നവരുടെ ദൗര്‍ഭാഗ്യവും ബുദ്ധിപരമായ സമീപനം കൈകൊള്ളുന്നവരുടെ സൗഭാഗ്യവും കാവ്യാത്മകമായി വരച്ചിടുന്നു ഖുര്‍ആന്‍. ഭൗതികാലങ്കാരങ്ങളുടെ വര്‍ണ്ണപ്പകിട്ട് തികച്ചും നൈമിഷികമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ വളരെ ശക്തമായി പ്രതിധ്വനിക്കുന്നുണ്ട് ഈ വിശുദ്ധ വചനത്തില്‍.

മഴപെയ്‌‌ത് ചെടികള്‍ കിളിര്‍ത്ത് വളരുമ്പോഴും വിളയുമ്പോഴും ഏതു കര്‍ഷകനാണ് സന്തോഷിക്കാതിരിക്കുക എന്ന ചോദ്യം സ്വന്തം നെഞ്ചിലേയ്ക്ക് വിരല്‍ ചൂണ്ടി ഉന്നയിക്കുമ്പോള്‍ പുതിയ ചിലമാനങ്ങള്‍ ഈ സൂക്തത്തിലൂടെ ഉരുത്തിരിയും. അഥവാ ശരാശരി കര്‍ഷകരുടെയെല്ലാം സങ്കല്‍പം ഇത്തരത്തില്‍ തന്നെ എന്ന പരമാര്‍ഥം ഓര്‍മ്മവരും. ഈ കൃഷിയിടം ഭൗതികലോകമാണെന്നും ഈ പാടവരമ്പത്തെ കര്‍ഷകന്‍ ആദം സന്താനങ്ങളുടെ പ്രതീകമാണെന്നും തിരിച്ചറിയും. ഈ തിരിച്ചറിവ് അനായാസം സാധിച്ചെന്ന് വരില്ല, സാക്ഷാല്‍ ഉടമയെകുറിച്ച് അടിമയില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വവും ആദരവും ആരാധനയും യഥാവിധി പാലിച്ചുകൊണ്ടല്ലാതെ. പ്രഭുവും പ്രജയും തമ്മിലുള്ള ഹൃദ്യമായ ബന്ധം ജീവിത വ്യവഹാരങ്ങളില്‍ പ്രകടമാകും. അധരങ്ങള്‍ സ്‌ത്രോത്രങ്ങള്‍ കൊണ്ട് നനയും, അകതാരില്‍ ആരോഗ്യകരമായ ചിന്തകള്‍ വിളയും, പരാതികളും പരിഭവങ്ങളുമില്ലാത്ത മനുഷ്യനെ കണ്ട് മാലാഖമാര്‍ അത്ഭുതം കൂറും. സ്രഷ്ടാവും സൃഷ്ടിയും പരസ്പരം തൃപ്തിപ്പെടുന്ന വിതാനം. വിശ്വാസിയുടെ കാര്യം അത്ഭുതകരമെന്ന് പ്രവാചക ശ്രേഷ്‌‌ഠന്‍ വിശേഷിപ്പിച്ച സന്ദര്‍ഭം.

വികല സങ്കല്‍പ പൂജകരായ ആധുനിക ആസറുമാരുടെ അഗ്‌നികുണ്ഡങ്ങളില്‍ വിശ്വാസിയുടെ മനോധൈര്യം കത്തിയമരുകയില്ല. അഹങ്കാരികളായ ഫറോവമാരുടെ മായാജാല കസര്‍ത്തുകള്‍ കണ്ട് അവന്റെ കണ്ണുകളില്‍ ഇരുട്ട് പടരുകയും ഇല്ല. തിന്മയുടെ വിഷ ബീജങ്ങള്‍ പടര്‍ത്തുന്ന പൗരോഹിത്യപരിശകളുടെ വിടുപണിയില്‍ നിരാശനാകുകയും ഇല്ല. മറിച്ച് വിശ്വാസിയുടെ ശുഭപ്രതീക്ഷയില്‍ അഗ്‌നികുണ്ഡം തണുത്തുറക്കും.വിഷ സര്‍പ്പങ്ങള്‍ അപ്രത്യക്ഷമാകും. പ്രതിരോധവും പരിഹാരവുമായി ഒരു വിമോചകന്‍ അവതരിക്കും.

ജീവിതത്തിന്റെ പളപളപ്പില്‍ ഗതിതെറ്റിപ്പോകുന്നവര്‍‌ക്കും അത്ഭുതങ്ങളിലും വ്യര്‍‌ഥ സങ്കല്‍‌പങ്ങളിലും പെട്ട് വഴിതെറ്റുന്നവര്‍‌ക്കും ദിശാബോധം നല്‍‌കുന്ന – ആത്മ വിശ്വാസം പകരുന്ന ഖുര്‍‌ആനിന്റെ വചനസുധയുടെ മാസ്‌‌മരിക ലോകത്തേക്ക് സ്‌‌നേഹ വാത്സല്യത്തോടെ കൈപിടിച്ചു കൊണ്ടു പോകുന്ന അഭിവന്ദ്യനായ ഗുരുനാഥന്റെ ഓര്‍‌മ്മകള്‍‌ക്ക് മരണമില്ല. ( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles