Current Date

Search
Close this search box.
Search
Close this search box.

ഗുരുനാഥന്‍

തൃശൂര്‍ ജില്ലയിലെ തീരദേശ മേഖലയില്‍ വൈജ്ഞാനിക സദസ്സുകളുടെ പേരില്‍ ചില പള്ളികള്‍ പ്രസിദ്ധമാണ്‌. പരിശുദ്ധ റമദാനില്‍ വിശേഷിച്ചും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട്‌ വര്‍‌ദ്ധിതമായ രീതിയില്‍ സജീവമാകുന്ന പള്ളികളും ധാരാളമുണ്ട്.

റമദാന്‍ മാസത്തില്‍ രാത്രി നമസ്‌‌ക്കാരത്തിലും നമസ്‌ക്കാരാനന്തരമുള്ള മജ്‌ലിസുകളും വിശ്വാസികളാല്‍ സമ്പന്നമാകും. ഒരിക്കല്‍ റമദാനില്‍ പ്രദേശത്തെ പ്രസിദ്ധമായ ഒരു പള്ളിയില്‍ റമദാന്‍ സന്ദേശം നല്‍‌കാനായി ക്ഷണിക്കപ്പെട്ടു. നല്ല പരിചയമുള്ളവരും മുഖപരിചയമുള്ളവരും അല്ലാത്തവരുമൊക്കെ സദസ്സിലുണ്ടായിരുന്നു.

പ്രഭാഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പലരും പരിചയപ്പെടാനും പരിചയം പുതുക്കാനും അടുത്ത് വന്നു. ചിലരൊക്കെ ഇസ്‌‌ലാമിക കലാലയ പഠനത്തെ കുറിച്ചും അധ്യാപകരെ കുറിച്ചും അന്വേഷിക്കുന്നുണ്ടായിരുന്നു.

ആദരണീയ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ പ്രദേശത്തെ ദര്‍‌സുകളിലെ മതപഠനവുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെയായിരുന്നു പങ്കുവെച്ചത്. അഥവാ മനസ്സാ ശിഷ്യത്വം സ്വീകരിച്ച പ്രമുഖരുടെ പേരുകളൊന്നും പ്രതിപാദിച്ചിരുന്നില്ല.

പാരമ്പര്യ പഠനങ്ങള്‍‌ക്കപ്പുറമുള്ള വിശേഷങ്ങള്‍ കൂടെ അറിയാന്‍ അന്വേഷകര്‍‌ക്ക് താല്‍‌പര്യമുള്ളതായി മനസ്സിലായപ്പോള്‍, മതപഠനത്തിന്റെ സര്‍‌ഗാത്മകവും സൗന്ദര്യാത്മകവുമായ പുരോഗതിയിലേക്ക് ദിശകാട്ടിയ എ.വി ഹം‌സ സാഹിബ്‌ മുതല്‍ ഖത്തറില്‍ വിജ്ഞാന സദസ്സുകളില്‍ പ്രശോഭിച്ചു നിന്നിരുന്ന പണ്ഡിത ത്രയങ്ങളായ മര്‍‌ഹൂം അബ്‌ദുല്ല ഹസന്‍, മര്‍‌ഹൂം എം.വി മുഹമ്മദ് സലീം മൗലവി,വി.കെ അലി സഹിബ്‌ എന്നിവരുടെ പേരുകള്‍ കൂടെ പറഞ്ഞു തീര്‍‌ന്നപ്പോഴാണ്‌ അന്വേഷകര്‍ തൃപ്‌തരായത്. വിശേഷിച്ചും ആദരണീയനായ ഗുരുനാഥന്‍ എം.വി മുഹമ്മദ് സലീം മൗലവിയുടെ പേര്‌ കേട്ടപ്പോള്‍ സഹോദരങ്ങള്‍ വലിയ മതിപ്പ് രേഖപ്പെടുത്തി.

ദോഹയിലെ വലിയ പള്ളിയില്‍ അദ്ദേഹം നടത്തിയിരുന്ന വിജ്ഞാന സദസ്സ് സാധാരണക്കാരായ ആളുകള്‍‌ക്ക് മറ്റൊരു പാഠ ശാലയില്‍ നിന്നും ലഭിക്കുമായിരുന്നില്ല.ആധുനികവും പൗരാണികവുമായ രണ്ട്‌ തഫ്‌സീറുകളുടെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ വൈജ്ഞാനിക പരമ്പര ജീവിതത്തില്‍ ലഭിച്ച അമൂല്യമായ അനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു.

പ്രഭാഷണം ഒരു കലയാണ്‌.കേവലം ആസ്വാദനം എന്നതിനും അപ്പുറമാണ്‌ കലകളുടെ മാനം എന്ന്‌ പൊതുവെ നിരീക്ഷിക്കപ്പെടുന്നുണ്ട്. എതിരഭിപ്രായമുള്ളവരും ഉണ്ടാകാം.എന്നാല്‍ പ്രഭാഷണങ്ങള്‍ ഉദ്‌ബോധന പ്രദമൊ സമൂഹത്തിന്‌ ഉപകാര പ്രദമോ ആകണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരുണ്ടാവില്ല എന്നു മനസ്സിലാക്കുന്നു.സദസ്സിനെ ആകര്‍‌ഷിപ്പിക്കുന്നതില്‍ കലാകാരനെപ്പോലെ പ്രഭാഷകനും ജാഗ്രത കാണിക്കണമെന്ന പാഠം പരമാവധി പാലിക്കാന്‍ ശ്രമിച്ചു പോരാറുണ്ട്. അവതരിപ്പിക്കാനുദ്ദേശിക്കുന്ന വിഷയം നന്നായി പഠിക്കുന്നതോടൊപ്പം അനുബന്ധ ഭാഗങ്ങള്‍ കൂടെ പ്രാഥമികമായെങ്കിലും അന്വേഷിച്ചറിയാനും ശ്രദ്ധിക്കാറുണ്ട്.

ഉദ്‌ബോധനപ്രദമായ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രചോദനവും പ്രോത്സാഹനവും ലഭിച്ചത് മേലുദ്ധരിച്ച പണ്ഡിത ത്രയങ്ങളില്‍ നിന്നും ഇവിടെ പ്രത്യേകം പരാമര്‍‌ശിച്ചിട്ടില്ലാത്ത പണ്ഡിത വര്യന്മാരില്‍ നിന്നും തന്നെയാണ്‌. പ്രവാസ ലോകത്ത് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനെത്തിയ ആയിരങ്ങങ്ങള്‍ക്ക്‌ തങ്ങളുടെ കലാലയ ജീവിത കാലത്ത് കണ്ടിട്ട് പോലുമില്ലാത്ത വ്യക്തിത്വങ്ങളെ ഗുരുനാഥന്മാരായി പതിച്ച് കിട്ടിയത് ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളായി കാണുന്ന എത്രയോ പഠിതാക്കളുണ്ട് എന്നത് ഒരു വസ്‌‌തുതയാണ്‌.അഥവാ വിജ്ഞാന ദാഹികള്‍‌ക്ക് വഴിയും വിളക്കും വെളിച്ചവും തെളിച്ചവും കാട്ടിക്കൊടുത്ത എല്ലാമായിരുന്നു ഈ മഹാരഥന്‍മാര്‍.സ്‌‌നേഹാദരണീയരായ ഗുരുവര്യന്മാരെ ലോക രക്ഷിതാവായ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. ( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles