Current Date

Search
Close this search box.
Search
Close this search box.

“പണ്ഡിതന്റെ മരണം ഇസ്‌ലാമിനേൽക്കുന്ന വിള്ളലാണ്”

“പണ്ഡിതന്റെ മരണം ഇസ്‌ലാമിനേൽക്കുന്ന വിള്ളലാണ്. രാപ്പകലുകൾ എത്ര കടന്നുപോയാലും ആ വിടവ് നികത്താൻ ഒന്നിനുമാകില്ല” ഇമാം ഹസനുൽ ബസ്വരിയുടേതാണ് ഈ വരികൾ. ഉസ്താദ് എം.വി. സലീം മൗലവി അല്ലാഹുവിലേക്ക് യാത്രയായി എന്ന വിവരമറിഞ്ഞപ്പോൾ മനസ്സിലേക്ക് കടന്നുവന്ന വചനമാണിത്. ‘ആലിം’ എന്ന് പറഞ്ഞാൽ ആരാണെന്നും ഇൽമിന്റെ ലോകം എത്ര വിശാലമാണെന്നും ഉസ്താദ് സലീം മൗലവിയുടെ കൂടെ കുറഞ്ഞ സമയം ചെലവഴിക്കുന്ന ഏതൊരാൾക്കും വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.

ഇത്തിഹാദുൽ ഉലമ എന്ന പണ്ഡിതവേദിയുടെ പ്രസിഡണ്ട് എന്ന ചുമതലയിലുണ്ടായിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. നവംനവങ്ങളായ പല വിഷയങ്ങളിലും നിലപാടുകൾ കൃത്യപ്പെടുത്തേണ്ട ഒരു കാലത്ത് ഇത്തിഹാദുൽ ഉലമ പോലെയുള്ള ഒരു പണ്ഡിതവേദിക്ക് എന്തുകൊണ്ടും നേതൃത്വം നൽകാൻ അർഹതപ്പെട്ട വ്യക്തിത്വം അദ്ദേഹം തന്നെയായിരുന്നു. എന്നാൽ ആരോഗ്യപരമായ പ്രയാസങ്ങൾ കാരണത്താൽ അദ്ദേഹത്തിൽ അർപ്പിതമായ ഈ ഉത്തരവാദിത്തത്തിൽ സജീവമാകാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി.

ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. ലോകവും ലോകരും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും അക്ഷരാർഥത്തിൽ തന്നെ പുതിയതാണെന്ന് നാം അറിയുന്ന ലോകത്താണ് നാമുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റു അത്യാധുനിക സാങ്കേതിക വിദ്യകളും ലോകത്തെ നിയന്ത്രിക്കാൻ പോകുന്ന കാലത്ത് പൗരാണികതയുടെ നന്മകളെയും ആധുനികതയുടെ സാധ്യതകളെയും സമന്വയിപ്പിച്ച് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും ദിശാ ബോധം നൽകാൻ കെൽപ്പുള്ള പണ്ഡിതനായിരുന്നു ഉസ്താദ് സലീം മനലവി. സങ്കീർണ്ണതകൾ നിറഞ്ഞ പുതിയ ലോകത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന ചോദ്യം ചിഹ്നരൂപത്തിൽ നമുക്ക് മുമ്പിലുണ്ട്. അതിന്റെ ഉത്തരം കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് പലതും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തെ അറിയുന്നവരാരും സമ്മതിക്കാതിരിക്കാൻ ന്യായമില്ല.

ഖുർആൻ, ഹദീസ്‌, ഫിഖ്ഹ്, താരീഖ്, ഉസൂലുകൾ തുടങ്ങി ഏത് വിഷയവും വഴങ്ങുന്ന ആ പാണ്ഡിത്യ ഗരിമ പകരം വെക്കാനില്ലാത്ത വിധം വേറിട്ട് നിൽക്കുന്നതായിരുന്നു. ഒരു ആലിമിനെ മഹത്വപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകം അദ്ദേഹത്തിന്റെ വിനയമാണ്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും പരിഗണിക്കാനും എല്ലാവരോടും സംവദിക്കാനുമുള്ള ശേഷി പലപ്പോഴും നമുക്കിടയിയിലെ ആലിമുക്കൾക്കിടയിൽ കാണാറില്ല. തന്നോട് കിടപിടിക്കുന്നവരെന്ന് അവർക്ക് ബോധ്യമുളളവരോട് മാത്രമാണവർ സംസാരിക്കുക. അവരെ മാത്രമാണവർ പരിഗണിക്കുക. ഉസ്താദ് സലീം മൗലവിയെ വ്യത്യസ്തനാക്കുന്നത് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും തോളിൽ കൈയ്യിടാനും അവരെ ചേർത്തുനിർത്തി സംസാരിക്കാനുമുള്ള ശേഷിയാണ്.

ഇസ്‌ലാമിക പ്രസ്ഥാനം അദ്ദേഹത്തിന്റെ രക്തധമനികളിലൂടെ സഞ്ചരിക്കുന്ന ഒന്നായിരുന്നു. പ്രസ്ഥാനത്തിന്റെ നയനിലപാടുകൾ, സ്ട്രാറ്റജികൾ, അതിന്റെ ഭാവി സംബന്ധിച്ച സ്വപ്നങ്ങൾ തുടങ്ങി പലതും അദ്ദേഹത്തിന്റെ സംസാരത്തിൽ കടന്നുവരും. ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും തന്റെ ഇൽമും ബസ്വീറത്തും പൂർണ്ണമായും സമർപ്പിച്ചത് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വേണ്ടി മാത്രമായിരുന്നു. കേരളത്തിലൊട്ടുക്കും നൂറുകണക്കിന് ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. ഔപചാരികമായി അദ്ദേഹത്തിന്റെ ശിഷ്യനാകാൻ അവസരം കിട്ടിയിട്ടില്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ എളിയ ശിഷ്യനും അദ്ദേഹം എന്റെ വലിയ ഉസ്താദുമാണ് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്ഥലകാല പരിഗണനകളില്ലാതെ ഇൽമിയായ വിഷയങ്ങൾ സംസാരിക്കാനും സംവദിക്കാനും സന്നദ്ധനായ ആലിമായിരുന്നു അദ്ദേഹം. ആർക്കും ഏതുസമയത്തും സംശയങ്ങൾ ദൂരീകരിക്കാനും വ്യക്തതവരുത്താനും സമീപിക്കാവുന്ന അവലംബ കേന്ദ്രമായിരുന്നു അദ്ദേഹം.

അവസാനമായി അദ്ദേഹത്തെ സന്ദർശിച്ചത് കഴിഞ്ഞ ഈദുൽ ഫിത്വ്ർ ദിനത്തിലായിരുന്നു. രോഗസന്ദർശനമായിരുന്നു ലക്ഷ്യം. പക്ഷേ നടന്നത് സുദീർഘമായ ഒരു വൈജ്ഞാനിക ചർച്ചയായിരുന്നു. ഖുർആനും ഹദീസുകളും പ്രസ്ഥാനവും പ്രവർത്തകരും സംഘടനയും തർബിയത്തും തുടങ്ങി പലതും കയറിയിറങ്ങിയ ആ സംസാരം എന്നും മറക്കാനകാത്ത ഓർമയായിരിക്കും. കാരണം രോഗത്തിന്റെ എല്ലാ പ്രയാസങ്ങളും അദ്ദേഹത്തെ വേണ്ടുവോളം അലട്ടിക്കൊണ്ടിരുന്ന സന്ദർഭമായിരുന്നെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ പുഞ്ചിരിമായാത്ത മുഖവുമായി പ്രസന്നതയോടെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.

അന്നത്തെ സന്ദർശനം കഴിഞ്ഞ് രണ്ടാ മൂന്നോ ദിവസം കഴിഞ്ഞപ്പോഴേക്കും പിന്നെ അങ്ങനെ സംസാരിക്കാൻ കഴിയാത്ത വിധം അദ്ദേഹം തളർന്നുപോയി എന്നാണറിഞ്ഞത്. ഇപ്പോൾ അദ്ദേഹത്തിന്റെ വേർപാടിന്റെ വിവരമറിഞ്ഞപ്പോഴും പുഞ്ചിരിക്കുന്ന മുഖവും പ്രസന്നതയോടെ അദ്ദേഹം നടത്തിയ സംഭാഷണങ്ങളുമാണ് മനസ്സ് നിറയെ. മരണവിവരമറിഞ്ഞ ഉടനെ ഹൽഖാ അമീർ, ശൈഖ് സാഹിബ്, മറ്റു സഹപ്രവർത്തകരോടൊപ്പം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അദ്ദേഹത്തിന്റെ ജനാസ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ചുണ്ടുകൾ ചലിക്കുന്നില്ലെങ്കിലും മുഖത്തെ പ്രസന്നതക്ക് ഒരു കുറവുമുണ്ടായിട്ടില്ല…..

നാഥാ, അമ്പിയാക്കൾ, സ്വിദ്ദീഖുകൾ, സ്വാലിഹുകൾ, ശുഹദാക്കൾ എന്നിവരോടൊപ്പം അദ്ദേഹത്തെയും ബന്ധുമിത്രങ്ങളെയും ഞങ്ങളെല്ലാവരെയും നിന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു ചേർത്ത് നിന്റെ വിരുന്നുകാരിൽ ഉൾപ്പെടുത്തേണമേ, ആമീൻ…..

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles