Current Date

Search
Close this search box.
Search
Close this search box.

ഇമാം ബുഖാരിയുടെ അവസാന ഈദ്

ബുഖാരിയുടെ പഠനയാത്രകൾ പ്രസിദ്ധങ്ങളാണ്. ഏറ്റവും ചെറിയ ശൃംഖലയിലൂടെ ഏറ്റവും ഉയർന്ന ശ്രേണീ ഹദീസ് (ഇസ്നാദ് ആലീ) ശേഖരണത്തിൻ്റെ ഭാഗമായി അദ്ദേഹം സ്വന്തം നാടായ ബുഖാറയിൽ നിന്നും പുറപ്പെട്ട് ഇസ്ലാമിക ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് ഏറ്റവും പ്രബലമായ സുവർണ ശൃംഖല (സിൽസില ദഹബിയ്യ)യിൽ വരുന്നതും ഉയർന്ന ശ്രേണിയൊത്തതുമായ ഹദീസുകളുടെ അന്വേഷണത്തിലായിരുന്നു അരനൂറ്റാണ്ട് അദ്ദേഹം യാത്ര തുടർന്നത്.

വാർത്താവിനിമയ മാർഗങ്ങൾ പരിമിതമായതിനാലും, വിശാലമായ മുസ്ലിം ലോകവും പലയിടങ്ങളിലായി ജീവിക്കുന്ന പ്രവാചക ശിഷ്യന്മാരും അവരുടെ അനുയായികളും അദ്ദേഹത്തെ ബസ്വറ, കൂഫ, ബഗ്ദാദ്, സിറിയ, ഈജിപ്ത്, ഖുറാസാൻ എന്നീ നാടുകളിലേക്ക് തുടരെ തുടരെ പോവാൻ നിർബന്ധിതനാക്കി. വിദൂര ദേശങ്ങളിൽ ജീവിച്ച ആ ശൃംഖലകളിലെ കണ്ണികളെ നേരിട്ട് കാണാനും ചില ഹദീസുകളെക്കുറിച്ച് പഠിക്കാനും വിജ്ഞാനം കരസ്ഥമാക്കാനും ദീർഘയാത്രകൾ വേണ്ടിവന്നു. ഇങ്ങനെ സാഹസിക യാത്രകൾ നടത്തിയാണ് ഇമാം ബുഖാരി 6 ലക്ഷത്തിൽ പരം ഹദീസുകൾ ശേഖരിച്ചത് എന്ന് നാമറിയേണ്ടതുണ്ട്.

കൗമാരത്തിൽ ബുഖാറയിലെ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം നേടിക്കഴിഞ്ഞപ്പോൾ വഹ്യിന്റെ കേന്ദ്രവും പ്രവാചകന്റെ ആസ്ഥാനവുമായ മക്കയും മദീനയും ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലേക്ക് അദ്ദേഹം പുറപ്പെടുകയായിരുന്നു. ആ യാത്രകളിലാണ് ഗുരുവായ ഇബ്റാഹിമുബ്‌നു ഹംസ(റഹ്) യേയും മറ്റും കണ്ടു മുട്ടുന്നത്.അതേ യാത്രയിലാണ് ബുഖാരി ‘അത്താരീഖുൽ കബീർ’ എന്ന ചരിത്ര ഗ്രന്ഥം രചിച്ചത്. മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളിൽ വിജ്ഞാന സമ്പാദനത്തിനായി പലപ്പോഴായി അദ്ദേഹം താമസിച്ചത് മൊത്തം ആറുവർഷമായിരുന്നു.

തുടർന്ന് അന്നത്തെ മറ്റു വിജ്ഞാന കേന്ദ്രങ്ങളിലും സാംസ്കാരിക തലസ്ഥാനങ്ങളിലും ഹദീസ് വിജ്ഞാന സമ്പത്ത് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ചെന്നെത്തുകയും വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. വിഖ്യാതരായ ആയിരക്കണക്കിന് പണ്ഡിതന്മാരിൽ നിന്ന് ഹദീസുകൾ കേട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ നിന്ന് ഏഴായിരം ഹദീസുകൾ മാത്രം അദ്ദേഹത്തിൻ്റെ കണിശമായ ബലാബല മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ് സ്വഹീഹുൽ ബുഖാരി ക്രോഡീകരിച്ചത്.

തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചു. എന്നാൽ കിഴക്കൻ ഇസ്‌ലാമിക ലോകത്തെ ഇസ്‌ലാമിക നഗരങ്ങളിലെ ഭരണാധികാരികളിൽ നിന്ന് ഇമാം ബുഖാരി തൻ്റെ ജീവിതാവസാനം കഠിനമായ പീഡനത്തിനാണ് വിധേയനായത്. തൻ്റെ കാരണവന്മാരുടെയും ബന്ധുക്കളുടെയും നാടുകളായ ബുഖാറ, നിഷാപൂർ, സമർഖന്ദ് എന്നീ പ്രദേശങ്ങളാണ് അവയിൽ ചിലത്. രാജാക്കന്മാർ അവരുടെ കുട്ടികളെ കൊട്ടാരങ്ങളിൽ ചെന്ന് പഠിപ്പിക്കാൻ വിസമ്മതിച്ചു എന്ന പേരിൽ വരെ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. അദ്ദേഹം തൻ്റെ ഗുരു ഇമാം മാലിക്കിന്റെ ഒരു വാചകം പറയാറുണ്ടായിരുന്നു: “അറിവിന്റെ അടുത്തേക്ക് വരിക. അറിവ് അങ്ങോട്ട് ചെന്ന് കൊടുക്കില്ല “العلم يؤتى ولا يأتي

അറേബ്യൻ നാടുകളിൽ നിന്ന് വ്യത്യസ്തമായി തൻ്റെ ജന്മ നാട്ടിലെത്തിയപ്പോൾ ചിലർ അദ്ദേഹത്തിൻ്റെ പ്രശസ്തിയിലും വിജ്ഞാന സദസ്സുകളിലും വല്ലാതെ അസൂയപ്പെട്ടു. ബുഖാരിക്ക് 62 വയസ്സ് തികഞ്ഞപ്പോൾ, നിഷാപൂർ ഭരണാധികാരിയിൽ നിന്ന് നഗരം വിട്ടുപോകാനുള്ള ഉത്തരവ് ലഭിച്ചു. അങ്ങനെ അദ്ദേഹം ജന്മസ്ഥലമായ ബുഖാറയിലേക്ക് പോയി. ബുഖാറയുടെ നഗര കവാടത്തിൽ നാട്ടുകാർ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും രാജോചിതമായി സ്വീകരിക്കുകയും ചെയ്തു. ഹദീസുകളുടെ മറ്റു പണ്ഡിതന്മാരെ ഒഴിവാക്കി ആളുകളും വിജ്ഞാനാർത്ഥികളും ഹദീസ് പണ്ഡിതന്മാരും അദ്ദേഹത്തിന് ചുറ്റും കൂടി.

ഇത് ചില പ്രാദേശിക പണ്ഡിത വേഷധാരികൾക്ക് അദ്ദേഹത്തോട് കൂടുതൽ അസൂയയുണ്ടാവാൻ കാരണമായി. താമസിയാതെ ബുഖാറയിലെ ഭരണാധികാരിയെ അവർ സ്വാധീനിച്ചു. ബുഖാരിയുടെ ആഗോള പ്രശസ്തിയിൽ അയാൾക്കും ലേശം അസൂയ ഉണ്ടായിരുന്നു. കൂടാതെ നിഷാപൂരിൽ നിന്ന് ഇമാമിനെ പുറത്താക്കിയതുപോലെ ബുഖാറയിൽ നിന്നും പുറത്താക്കേണ്ടതിൻ്റെ ആവശ്യകത പ്രസ്താവിക്കുന്ന കത്തുകളും നിഷാപൂരിലെ ഭരണാധികാരിയിൽ നിന്ന് നിരന്തരം വന്നു കൊണ്ടിരുന്നു. ബുഖാറാ നഗരത്തിൻ്റെ ഗവർണറുടെ ദൂതൻ ബുഖാരിയുടെ വീട്ടിൽ എത്തി, അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടു … അതൊരു റമദാൻ വ്രതക്കാലമായിരുന്നു. പെരുന്നാൾ കഴിഞ്ഞ് പോവാം എന്നു പറഞ്ഞപ്പോൾ കിട്ടിയ മറുപടി “ഇപ്പോൾ തന്നെ” നഗരം വിടുക എന്നതാണ്.

തൻ്റെ ഗ്രന്ഥങ്ങൾ ക്രമീകരിക്കാനും വസ്തുവകകൾ എടുത്തു വെക്കാനും ഇമാമിന് സമയമില്ലായിരുന്നു.. അദ്ദേഹം നഗരം വിട്ട് അതിൻ്റെ പ്രാന്തപ്രദേശത്ത് തൻ്റെ കൂടാരത്തിൽ മൂന്ന് ദിവസം താമസിച്ചു, തൻ്റെ പുസ്തകങ്ങൾ ക്രമീകരിക്കുകയും യാത്രാ സാമഗ്രികൾ സജ്ജീകരിക്കുകയും ചെയ്തു. പിന്നീട് ബുഖാരി സമർഖന്ദ് നഗരത്തിലേക്ക് നീങ്ങി… എന്നാൽ അദ്ദേഹത്തെ നഗരത്തിൽ പ്രവേശിപ്പിച്ചില്ല. പകരം അവിടെയടുത്തുള്ള തൻ്റെ ബന്ധുക്കളുടെ അതിഥിയായി ഖരത്നക് എന്ന ഗ്രാമത്തിലേക്ക് പോയി.

സന്തര സഹചാരിയായ ഇബ്രാഹിം ബിൻ മഅഖിൽ അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചു. ഇമാം താമസിച്ചിരുന്ന ബന്ധു വീട്ടിൽ രാജാവിൻ്റെ കാവൽക്കാർ എത്താൻ അധിക സമയം വേണ്ടി വന്നില്ല… ഇമാം ബുഖാരി സമർഖന്ദിലെ ഗ്രാമങ്ങളും മറ്റു പ്രദേശങ്ങളും വിട്ടുപോകണമെന്നാണ് ഇത്തവണ സമർഖണ്ഡിലെ ഭരണാധികാരിയിൽ നിന്നുള്ള ഉത്തരവ് എന്നറിയിച്ചു. ചെറിയ പെരുന്നാൾ ഈദുൽ ഫിത്വറിൻ്റെ രാവായിരുന്നു അത്.

നാളെ ഈദിന് ശേഷം പോകാം എന്നുണർത്തിയപ്പോൾ കിട്ടിയ മറുപടി ഇല്ല “ഇപ്പോൾ” തന്നെ പുറത്ത് പോകാനാണ് … തന്നെ ആദരിച്ച തൻ്റെ ബന്ധുക്കൾക്ക് താൻമൂലം എന്തെങ്കിലും ഉപദ്രവം വരുമെന്ന് ഇമാം ഭയപ്പെട്ടു… ചങ്ങാതിയായ ഇബ്രാഹിം ബിൻ മഅഖിൽ തൻ്റെ ഒരു ഒട്ടകത്തിൻ്റെ മുകളിൽ ബുഖാരിയുടെ പുസ്തകങ്ങൾ ക്രമീകരിക്കുകയും രണ്ടാമത്തേതിൽ ഇമാമിന് സവാരി ചെയ്യാൻ തയ്യാറാക്കുകയും ചെയ്തു. എന്നിട്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ ഇബ്‌നു മഅഖിൽ സ്വന്തം വീട്ടിലേക്ക് പോവേണ്ടതുണ്ടെന്നുണർത്തി. ബുഖാരി പതുക്കെ യാത്ര തുടർന്നു. ഏകദേശം 20 ചുവടുകൾക്ക് ശേഷം…കൂടുതൽ ക്ഷീണം തോന്നി, കുറച്ച് സമയം വിശ്രമിക്കാൻ ഇബ്‌നു മഅഖിലിനോട് അനുമതി ആവശ്യപ്പെട്ടു.

ആ പെരുന്നാൾ രാവിന് ഇമാം ബുഖാരി ആ വഴിയരികിൽ ഇരുന്നു.. പിന്നെ ഉറങ്ങിപ്പോയി. ഇമാമിനെ ഉണർത്താൻ ഇബ്നു മഅഖിൽ നോക്കുമ്പോൾ അദ്ദേഹം പടച്ചവനിലേക്ക് യാത്രയായിരുന്നു. ചെറുപ്പത്തിൽ തന്നെ തുടങ്ങിയ ആ യാത്ര ഹിജ്റ 256 ശവ്വാൽ 1 ഈദുൽ ഫിത്വറിനായിരുന്നു ആ വഴിവക്കിൽ അവസാനിച്ചത്. വിശ്രമമില്ലാത്ത ഒരു പുരുഷായുസ്സിൻ്റെ അന്ത്യം. അന്നത്തെ നീഷാപൂർ, ബുഖാറ, സമർഖന്ദ് ഭരണാധികാരികളുടെ പേരുകൾ ഇന്നത്തെ ചവറ്റു കുട്ടയിൽ. എന്നാൽ ഇമാം ബുഖാരിയെ അറിയാത്തവരായി ആരുമുണ്ടാവില്ല.

ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് മുന്നറിയിപ്പില്ലാതെ പുറത്താക്കലായിരുന്നു അദ്ദേഹം നേരിട്ട ഏറ്റവും വലിയ പരീക്ഷണം, എന്നാൽ തൻ്റെ യാത്രകൾ മുഴുവൻ പൂർത്തിയാക്കി സ്വന്തം തട്ടകത്തിലേക്കെത്തിയ ഇമാമിനെ റമദാൻ മാസത്തിലെ അവസാന രാത്രിയിൽ തന്നോടൊപ്പം ആതിഥ്യമരുളാൻ ക്ഷണിച്ചതാണ് റബ്ബ് നല്കിയ പെരിയ സമ്മാനം. റമദാൻ മാസവും അതിൻ്റെ അനുഗ്രഹങ്ങളും വിജയകരമായി പൂർത്തീകരിച്ച് റബ്ബിനെ കണ്ടുമുട്ടി തൻ്റെ അവസാന പെരുന്നാൾ ആഘോഷിക്കാനും മനോഹരമായ അവധിക്കാലം റബ്ബിങ്കൽ ചെലവഴിക്കാനുമായി ഇമാം ബുഖാരിക്ക്.

റഫറൻസ് :
سير اعلام النبلاء ص 468 جزء 12

Related Articles