Current Date

Search
Close this search box.
Search
Close this search box.

അതിനാകണം നമ്മുടെ സമയവും ജാഗ്രതയും

ചക്ക വീണപ്പോള്‍ മുയലിനെ കിട്ടി എന്നത് ഒരു യാദ്രിഛികതയാണ്. അതെ സമയം മുയല്‍ വരുന്ന സമയം നോക്കി ചക്കയിട്ടു എന്നത് ബുദ്ധിയും. പ്രഫുല്‍ പട്ടേല്‍ വന്നപ്പോള്‍ ദ്വീപില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു എന്നതു തെറ്റായ വിശകലനം എന്നെ പറയാന്‍ കഴിയൂ. അവസരം ഒത്തു വരാന്‍ സംഘ പരിവാര്‍ കാത്തിരിക്കുകയായിരുന്നു. അതിനു പ്രഫുല്‍ പട്ടേലിനെ കൊണ്ട് വന്നു എന്നതല്ലേ കൂടുതല്‍ ശരി.

ആള്‍ കേമനാണ്. സോഹ്രാബുദ്ധീന്‍ കൊലക്കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ചപ്പോള്‍ മോഡി ആ വകുപ്പ് ഏല്‍പ്പിച്ചത് ഇദ്ദേഹത്തെയാണ്. അത് മാത്രമല്ല അമിത് ഷാ കൈകാര്യം ചെയ്തിരുന്ന പത്തു വകുപ്പുകളില്‍ എട്ടും മോഡി ഏല്‍പ്പിച്ചത് പട്ടേലിനെ തന്നെ. ചുരുക്കത്തില്‍ പ്രോഫുല്‍ പട്ടേല്‍ ചക്ക വീണപ്പോള്‍ കിട്ടിയ മുയലല്ല എന്ന് സാരം. സംഘ പരിവാര്‍ കരുതിക്കൂട്ടി നിശ്ചയിച്ച വേല തന്നെ എന്ന് പറയണം. അത് കൊണ്ട് പ്രഫുല്‍ പട്ടേല്‍ മാറിയത് കൊണ്ട് വലിയ കാര്യമില്ല. മാറേണ്ടത് നാടിനെ ഗ്രസിച്ചിരിക്കുന്ന ഫാസിസം എന്ന രൂപമാണ്.

ലക്ഷദ്വീപ് ചരിത്രമുള്ള ഭൂമിയാണ്. എട്ടാം നൂറ്റാണ്ട് മുതല്‍ തന്നെ അവിടെ ഇസ്ലാം എത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കപ്പെടുന്നത്. ടിപ്പുവിന്റെ കാലത്ത് ദ്വീപ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ കീഴിലായിരുന്നു. മൊത്തം മുപ്പത്തി രണ്ടു ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്താരം. 2011 സെന്‍സസ് പ്രകാരം എഴുപതിനായിരത്തില്‍ താഴെയാണ് ജനസംഖ്യ. പ്രകൃതി രമണീയമായ സ്ഥലം എന്നതിനേക്കാള്‍ സംഘ പരിവാറിന്റെ നോട്ടപ്പുള്ളിയാകാന്‍ കാരണം അവിടുത്തെ മുസ്ലിം ജനസംഖ്യ തന്നെ.

ഒരു ജനതയെ തകര്‍ക്കാന്‍ അവരെ വംശീയ ഉന്മൂലനം നടത്തുക എന്നത് ആധുനിക കാലത്ത് അത്ര എളുപ്പമല്ല. സയണിസവും ഹിന്ദുത്വവും ഉന്നം വെക്കുന്നതു ഇസ്ലാമിനെയാണ്. തങ്ങള്‍ കയ്യേറി സ്ഥാപിച്ച നാട്ടില്‍ നിന്നും ബാക്കി വരുന്നവരെ കൂടി പുറത്താക്കാനുള ഇസ്രയേല്‍ ശ്രമം നാം കണ്ടതാണ്. സംഘ പരിവാറും ആ രീതി തന്നെയാണ് സ്വീകരിക്കുന്നത്. അതിന്റെ തെളിവാണ് വടക്കേ ഇന്ത്യയില്‍ നിന്നും നാം കേട്ട് കൊണ്ടിരിക്കുന്ന ദുരന്ത വാര്‍ത്തകള്‍. മുസ്ലിം ചെറുപ്പക്കാരന്‍ കൊലപ്പെട്ടു എന്ന് അച്ചടിക്കാതെ ഒരു ദിനപത്രവും ഇറങ്ങാത്ത കാലത്താണ് നാം ജീവിക്കുന്നത്.

ദ്വീപ് നിവാസികളെ അടിച്ചോടിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയായി സംഘ പരിവാറും കാണുന്നില്ല. പകരം ദ്വീപു നിവാസികളെ അവിടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് അവര്‍ സ്വീകരി സ്വീകരിച്ച മാര്‍ഗം. ആദ്യമായി അവരുടെ മനോവീര്യം തകര്‍ക്കുക. കേസുകള്‍ തീരെ കുറവായ ഒരു സ്ഥലത്ത് ഗുണ്ടാ ആക്റ്റ് നടപ്പാക്കിയതിന്റെ പിന്നിലെ ഉദ്ദേശ്യം അങ്ങിനെ വായിക്കാം. എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്ന ആദ്യപടി മുന്നില്‍ കണ്ടാണ് പുതിയ ഭരണ കൂടം രംഗത്ത് വന്നത്. മറ്റൊന്ന് ജനതയുടെ വരുമാന മാര്‍ഗം അടയ്ക്കുക എന്നതാണ് . അവര്‍ക്ക് ജീവിത വിഭവങ്ങള്‍ തടയുക, അവരിലേക്ക് ലഹരി നന്നായി ഇറക്കി കൊടുക്കുക എന്നീ കര്‍മ്മങ്ങള്‍ അവര്‍ നല്ല പോലെ ഉപയോഗിക്കുന്നു.

ദ്വീപിലെ പാല്‍ ഉത്പാദനം നിര്‍ത്തി പകരം മോഡിയുടെ സ്വന്തം ഗുജറാത്തില്‍ നിന്നും അമുല്‍ കമ്പനിയുടെ പാല്‍പ്പൊടി ഇറക്കുമതി ചെയ്യുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കുത്തകകളെ സഹായിക്കുക എന്നതില്‍ അപ്പുറംമറ്റൊന്നും അതിന്റെ പിന്നിലില്ല. ഇതിന്റെ പിന്നിലെ രാഷ്ടീയം ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് ആശ്വാസകരം . അത് കൊണ്ട് തന്നെ അമുല്‍ ഉല്‍പ്പന്നങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും വന്നു കൊണ്ടിരിക്കുന്നു .

ദ്വീപും കേരളവും തമ്മില്‍ വലിയ ബന്ധമുണ്ട്. ദ്വീപിലെ മലയാളി സ്വാദീനം എമ്പത് ശതമാനത്തില്‍ മേലെയാണ് എന്നാണു കണക്കുകള്‍ പറയുന്നത്. അത് കൊണ്ട് തന്നെ കേരള ജനത ഈ വിഷയത്തില്‍ കൃത്യമായ നിലപാടെടുത്തു. എല്ലാ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം നാം കാണുന്നു.

ലക്ഷദ്വീപില്‍ നിന്നും എടുത്തു പറയാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ അധികമൊന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് Ali Manikfan. അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇക്കൊല്ലം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളില്‍ അദ്ദേഹം എന്ത് പറയുന്നു എന്നറിയാന്‍ അന്വേഷണം നടത്തി. പക്ഷെ ഇതുവരെ അദ്ദേഹം ഒന്നും പ്രതികരിച്ചതായി കണ്ടില്ല. ആളുകളെ അടക്കി നിര്‍ത്താന്‍ ഭരണ കൂടങ്ങള്‍ പല തന്ത്രങ്ങളും സ്വീകരിക്കും. അതില്‍ ഒന്ന് പ്രലോഭനമാണ്. ലോകം ശ്രദ്ധിക്കുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വര്‍ത്തമാന കാലത്ത് പ്രസക്തിയുണ്ട്.

ഒരു ജനതയുടെ ഭാവിയാണ് സംഘ പരിവര്‍ ചോദ്യം ചെയ്യുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ ഇങ്ങിനെ നിയമങ്ങള്‍ കൊണ്ട് വന്നിരുന്നു. അതില്‍ പ്രസിദ്ധമാണ് റൗലറ്റ് നിയമം . ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടവിലിടാന്‍ ഈ നിയമം സര്‍ക്കാരിന് അധികാരം നല്‍കി. ബ്രിട്ടീഷ സര്‍ക്കാരുകള്‍ നാട്ടില്‍ നിന്നും പോയിട്ടും അവരുടെ പ്രേതം തന്നെ നാട് ഭരിക്കുന്നു എന്ന സ്ഥിതിയിലാണ് പലയിടത്തും.

അതായത് സംഘ പരിവാര്‍ പഠിച്ചാണ് കളിക്കുന്നത്. അത് കൊണ്ട് തന്നെ ഒരാള്‍ മാറിയാല്‍ തീരുന്നതല്ല ഇന്ത്യയെ ഇന്ന് ബാധിച്ച ദുരന്തം. വ്യവസ്ഥ തന്നെ മാറണം. അതിനാകണം നമ്മുടെ സമയവും ജാഗ്രതയും.

Related Articles