Current Date

Search
Close this search box.
Search
Close this search box.

കുംഭ മേളയും നിസാമുദ്ദീൻ പള്ളിയും

ഡൽഹി നിസാമുദ്ദീനിൽ നിന്നും ഹരിദ്വാരിലേക്കുള്ള ദൂരം ഇരുനൂറു കിലോമീറ്ററിനടുത്ത് വരുമായിരിക്കും. രണ്ടു സ്ഥലങ്ങളും ഇപ്പോൾ ഇന്ത്യ ചർച്ച ചെയ്യുകയാണ്. രണ്ടിടത്തും രണ്ടു നിയമം എന്നതാണ് ആ ചർച്ചയുടെ മൂല കാരണം. ലോകം വീണ്ടും കൊറോണ വ്യാപനത്തിന്റെ ഭയത്തിലാണ്. രോഗം ഒരു പകർച്ചവ്യാധിയാണ് എന്നതിനാൽ ആളുകൾ കൂടിച്ചേരൽ ഒഴിവാക്കുക എന്നതാണ് മുഖ്യമായ പ്രതിരോധം. അത് കൊണ്ട് തന്നെ ആളുകൾ കൂടുതൽ ചേരുന്നത് തടയുക എന്നത് ഭരണ കൂടത്തിന്റെ ഉത്തരവാദിത്തമായി മനസ്സിലാക്കപ്പെടുന്നു.

നിസാമുദ്ദീൻ മർക്കസ് തബ് ലീഗ് ജമാഅത്തിന്റെ ആഗോള ആസ്ഥാനമായി അറിയപ്പെടുന്നു. 1857 നു ശേഷം മുഗൾ ഭരണാധികാരിയുടെ ഒരു ബന്ധുവായ മിർസാ ഇലാഹിയാണ് ഈ പള്ളി നിർമ്മിച്ചത്. തബ് ലീഗ് ജമാഅത്തിന്റെ സ്ഥാപകൻ മുഹമ്മദ്‌ ഇല്യാസിൻറെ പിതാവ് മുഹമ്മദ്‌ ഇസ്മയിൽ കാശിഫ് അൽ ഉലൂം എന്ന പേരിൽ ഒരു മദ്രസ്സയും സ്ഥാപിച്ചു. അദ്ദേഹത്തിന് ശേഷം മകൻ ഇല്യാസ് അതിനെ വിപുലപ്പെടുത്തി. ഇന്ത്യയിലെ താഴെതട്ടിൽ ജീവിക്കുന്ന മുസ്ലിംകൾക്ക് മത വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ മുഖ്യ ഉദ്ദേശങ്ങളിൽ ഒന്ന്.

ആയിരക്കണക്കിന് വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന സൗകര്യം ഈ പള്ളിക്കുണ്ട്. കൊറോണക്ക് മുമ്പ് പകൽ സമയത്ത് ദിനേനയെന്നോണം നാലായിരത്തോളം വിശ്വാസികൾ ഇവിടെ സമ്മേളിച്ചിരുന്നു എന്നാണ് വിവരം. ആയിരത്തോളം ആളുകൾ ഇവിടെ രാത്രിയിലും താമസിച്ചിരുന്നു, ദൽഹി പോലെയുള്ള ഒരിടത്ത് ഇങ്ങിനെ ഒരു സ്ഥാപനവും പള്ളിയും പ്രവർത്തിച്ചിരുന്നത് ആർക്കും ഒരു അലോസരവും ഉണ്ടാക്കേണ്ട കാര്യമില്ല. അവിടെ കൂടുന്ന ആളുകൾ കൂടുതൽ സംസാരിച്ചിരുന്നത് പരലോകത്തെ കുറിച്ചായിരുന്നു. ഈ ലോകത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ അവർ സംസാരിച്ചുള്ളൂ. അത് കൊണ്ട് തന്നെ ഭരണ കൂടങ്ങൾക്ക് അവർ ഒരു തലവേദനയാകേണ്ട കാര്യമില്ല.

“ഒരു ഭാഗത്ത്‌ കൊറോണ എന്ന മഹാമാരി ലോകം കീഴടക്കുമ്പോൾ മറ്റൊരിടത്ത് വർഗീയ വൈറസുകൾ രംഗം കയ്യടക്കുന്നു” എന്നാണ് കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിലെ സംഭവ വികാസങ്ങളെ പലരും വിലയിരുത്തിയത്. ഇന്ത്യ മുഴുവൻ കൊറോണ പടർത്തിയത് ഇവിടെ നിന്നാണ് എന്നൊരു പ്രചാരണവും അന്ന് നടന്നിരുന്നു. അതെല്ലാം പഴയ കഥ. പുണ്യ മാസത്തിൽ കൊറോണ പ്രൊടോകാൾ പാലിച്ചു പള്ളിയിൽ ആരാധന നടത്താൻ അനുമതി തേടി ദൽഹി വഖഫ് ബോർഡ് കോടതിയെ സമീപിച്ചിരുന്നു. ആദ്യമൊക്കെ അനുകൂലമായി പ്രതികരിച്ചിരുന്ന സർക്കാരുകൾ അവസാനമെത്തിയപ്പോൾ കാലുമാറി. ഒരു നിലക്കും പള്ളി ആരാധനയ്ക്ക് തുറന്നു കൊടുക്കാൻ സാധ്യമല്ല എന്ന രീതിയിലാണ്‌ അവർ പ്രതികരിച്ചത് . കൊറോണ ഭീതി തന്നെയാണ് കാരണമായി പറയുന്നത്.

കൊറോണ ദൽഹിയുടെ മാത്രം വിഷയമല്ല. ഇന്ത്യ മുഴുവൻ അതിൻറെ കെടുതികൾ അനുഭവിച്ചു വരുന്നു. പല സംസ്ഥാനങ്ങളും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ നിർബന്ധിതമാകുന്നു. അപ്പോഴാണ്‌ ആരാധനയുടെ പേരിൽ ലക്ഷക്കണക്കിന് പേർ ഒരിടത്ത് ഒരുമിച്ചു കൂടുന്നത്. കുംഭമേള ഇന്ത്യയിലെ വലിയ മത ചടങ്ങായി എണ്ണപ്പെടുന്നു. ഏകദേശം ഏഴു കോടി ജനങ്ങൾ അതിൽ പങ്കെടുക്കും എന്നാണു കണക്കുകൾ പറയുന്നത്. ഇന്നലെ തന്നെ പങ്കെടുത്ത പലർക്കും കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പരിപാടി വെട്ടിക്കുറക്കാൻ ഒരു സാധ്യതയുമില്ല എന്നാണ് സർക്കാർ നിലപാട്.

കുംഭ മേളയിലെ ഏറ്റവും വലിയ ആകർഷണം പൂർണ നഗ്നരായി വരുന്ന സന്യാസിമാരാണ്. അത് അവരുടെ മത പരത. വസ്ത്രം ധരിക്കുക എന്നത് ജന്തുക്കളും മനുഷ്യരും തമ്മിലുള്ള അന്തരമാണ്. ജനിക്കുമ്പോൾ മനുഷ്യരും ജന്തുക്കളും ഒരേ പോലെ ഭൂമിയിലേക്ക്‌ വരുന്നു. മനുഷ്യൻ തന്റെ വിവേചന ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ വിലയിരുത്തുന്നു. സ്വന്തം നഗ്നത മറക്കുക എന്നത് ഒരാൾക്ക്‌ ബുദ്ധിയും വിവേകവും ഉണ്ട് എന്നതിന്റെ തെളിവാണ്. അതില്ല എന്ന് ചിലർ സ്വയം പറഞ്ഞാൽ നമുക്ക് പ്രതികരിക്കാൻ കഴിയില്ല. ഗംഗാ നദിയിൽ മുങ്ങിയാൽ എല്ലാ പാപങ്ങളും ഇല്ലാതാകും എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.

അതെ സമയം പകർച്ചവ്യാധി പുറത്തു വന്നു നിൽക്കുമ്പോൾ ഇത്തരം ആൾക്കൂട്ടങ്ങൾ പരമാവധി ഇല്ലാതാക്കുക എന്നതാണ് കരണീയം. അതിലാണ് കൂടുതൽ പുണ്യം. മുസ്ലിംകളുടെ നിർബന്ധ ബാധ്യതയായ ഹജ്ജു പോലും കഴിഞ്ഞ തവണ ആ രീതിയിലാണ്‌ കൈകാര്യം ചെയ്തത്. മറ്റൊരു കാര്യം പള്ളികളിൽ വിശ്വാസികൾ സ്വീകരിക്കുന്ന കരുതലാണ്. അതിന്റെ ഒരു ശതമാനം പോലും ജാഗ്രത കുംഭ മേളയിൽ നാം കാണുന്നില്ല.

മതം നോക്കി നീതി തീരുമാനിക്കുക എന്നത് ഇന്ത്യയുടെ പുതിയ സാമൂഹിക അവസ്ഥയാണ്. പൗരത്വ നിയമത്തിൽ മാത്രമല്ല ആരാധനകളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെ ഫാസിസ്റ്റ് സർക്കാരുകൾ പുലർത്തി പോരുന്നു. അത് മനസ്സിലാക്കാൻ പുതിയ ദുരന്തങ്ങൾ നമുക്ക് അവസരം നൽകുന്നു എന്നതാണ് പുതിയ പാഠങ്ങൾ.

Related Articles