Current Date

Search
Close this search box.
Search
Close this search box.

കാശ്മീര്‍: ആയുധക്കച്ചവടക്കാരുടെ പങ്ക് കാണാതെ പോകരുത്

പണം ചോദിച്ച് സുബൈര്‍ ഇപ്പോഴും അമ്മാവനെ ബുദ്ധിമുട്ടിക്കും. അങ്ങിനെ ശല്യം സഹിക്കാതെ വന്നപ്പോള്‍ അമ്മാവന്‍ പതിനായിരം രൂപ കൊടുത്തു. കൂട്ടത്തില്‍ ഒരു രണ്ടായിരത്തിന്റെ കള്ളനോട്ടും. പിന്നെ ഒരിക്കലും സുബൈര്‍ പൈസ ചോദിച്ചു വരില്ല എന്ന് അമ്മാവന് ഉറപ്പായിരുന്നു. നാം ചോദിച്ചത് സ്വാതന്ത്ര്യമായിരുന്നു. അവസാനം വെള്ളക്കാര്‍ക്ക് അത് തരേണ്ടി വന്നു. പക്ഷെ അവര്‍ വെറുതെ പോയില്ല. രണ്ടു കൂട്ടര്‍ക്കും സ്വാതന്ത്ര്യം ഒരിക്കലും ഒരു അനുഗ്രഹമാകരുത് എന്നവര്‍ തീരുമാനിച്ചു. ഹിന്ദു-മുസ്ലിം വിഷയമാണ് വിഭജനത്തിനു കാരണമായി പറഞ്ഞത്. അത് തന്നെ തുടര്‍ന്നും ഭവിക്കട്ടെ എന്നവര്‍ തീരുമാനിച്ചു കാണും. അങ്ങിനെ കശ്മീര്‍ അവര്‍ രണ്ടാക്കി മുറിച്ചു നല്‍കി.

അന്ന് തുടങ്ങിയതാണ് നമ്മുടെ ഉറക്കം നഷ്ടപ്പെടല്‍. നമ്മുടെ വിഭവങ്ങളില്‍ അധികവും നാം യുദ്ധത്തിനു വേണ്ടി ചിലവഴിച്ചു. അപ്പുറത്തുള്ളവര്‍ നമ്മുടെ ശത്രുക്കളാണ് എന്ന് രണ്ടു കൂട്ടരെ കൊണ്ടും ആയുധ മുതലാളിമാര്‍ പറയിപ്പിച്ചു. ചൈനയുടെ ആയുധം കാണിച്ചു പിന്നെയും നാം ആയുധം വാങ്ങി. അങ്ങിനെയാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ കാശ്മീര്‍ ഏറ്റവും വലിയ അസമാധാനത്തിന്റെ ഗേഹമായത്. ഭരണകൂടവും ജനങ്ങളും തമ്മില്‍ നിലനില്‍ക്കേണ്ടത് മാന്യമായ ബന്ധമാണ്. പക്ഷെ കശ്മീരിന്റെ കാര്യത്തില്‍ ആ ബന്ധം പലപ്പോഴും നിലനിന്നില്ല. അത് കൊണ്ട് തന്നെ ഇന്ത്യന്‍ സൈന്യവും ഭരണകൂടവും അവര്‍ക്ക് നല്‍കിയത് ഭയമാണ്.

കാശ്മീരിന്റെ ഒരു ഭാഗം അപ്പുറത്ത് പാകിസ്ഥാനിലാണ്. കാശ്മീര്‍ ഇന്ത്യന്‍ സര്‍ക്കാരും കാശ്മീര്‍ ജനതയും തമ്മിലുള്ള വിഷയമാണ്. പാകിസ്താന്‍ അതില്‍ കക്ഷിയല്ല. ഇന്ത്യയില്‍ നിന്നും വിഭജന കാലത്ത് കുടിയേറിപ്പാര്‍ത്തവരെ ഇതുവരെ അംഗീകരിക്കാന്‍ പലപ്പോഴും അവര്‍ തയാറായിട്ടില്ല. കാശ്മീര്‍ ഇനി പാകിസ്ഥാനില്‍ ചേര്‍ന്നാല്‍ തന്നെ അവരുടെ ദുരിതം വര്‍ധിക്കുക എന്നല്ലാതെ ഒരിക്കലും കുറയില്ല.

ഒരു കാര്യം ഉറപ്പാണ്. കാശ്മീര്‍ കേന്ദ്രീകരിച്ചു ഭീകര പ്രവര്‍ത്തനം നടക്കുന്നു. അവര്‍ക്ക് പുറത്തു നിന്നും വിഭവങ്ങളും സാമ്പത്തിക സഹായവും ലഭിക്കുകയും ചെയ്യുന്നു. അതാര് എന്ന് കണ്ടെത്തിയാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും. അതിന്റെ ഉത്തരം പാകിസ്താന്‍ എന്നാണു നാം മനസ്സിലാക്കിയത്. ഇന്നലത്തെ അക്രമത്തിനു തന്നെ പാകിസ്താന്‍ തെളിവ് ചോദിച്ചിട്ടുണ്ട്. തിരിച്ചു പാകിസ്ഥാനില്‍ വല്ലതും സംഭവിച്ചാല്‍ അവര്‍ ഇന്ത്യയെ കുറ്റപ്പെടുത്തും. ഇത് കൊണ്ട് ആര്‍ക്കും പ്രയോജനമില്ല. ഇന്ത്യയും പാകിസ്ഥാനും ഒരിക്കലും ഒരു കാര്യത്തിലും യോജിപ്പില്‍ എത്തരുത് എന്ന് മനസ്സിലാക്കിയ ലോബികള്‍ അതിനു സമ്മതിക്കില്ല. ഇരു രാജ്യത്തെയും സാധാരണ ജനങ്ങള്‍ ഇവിടെ നിരപരാധികളാണ്. ഒരു യുദ്ധം ആസന്നമായാല്‍ അത് കൂടുതല്‍ ബാധിക്കുക അവരെ തന്നെയാണ്. എവിടെ ഒളിക്കണം, യുദ്ധത്തെ എങ്ങിനെ നേരിടണം എന്നതിനെ കുറിച്ചൊക്കെ കൃത്യമായ ധാരണ ഭീകരര്‍ക്ക് ഉണ്ടാകും. ഓരോ വര്‍ഷവും ഭീകര പ്രവര്‍ത്തനം വര്‍ധിക്കുന്നു എന്നല്ലാതെ കുറയുന്ന മട്ടില്ല.

എന്റെ കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാനിയായ ഒരു സിയാ ഉണ്ടായിരുന്നു. വാഗ അതിര്‍ത്തിയിലാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹം ചിലപ്പോള്‍ ഇന്ത്യയില്‍ വരും. അദ്ദേഹം ഒരിക്കല്‍ എന്നോട് ചോദിച്ചു ‘സമദ് ഭായ് വാസ്തവത്തില്‍ എന്താണ് കുഴപ്പം. ഞാന്‍ അതിര്‍ത്തിയില്‍ ജീവിക്കുന്ന ആളാണ്. ഒരു കുഴപ്പക്കാരനെയും ഞാനിന്നുവരെ കണ്ടിട്ടില്ല’. യുദ്ധം ചെയ്യണം എന്ന് വാശി പിടിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഇരു രാജ്യത്തുമുള്ള നല്ല മനുഷ്യരെ കുറിച്ച് ഓര്‍മവേണം. അവരാണ് ഭൂരിപക്ഷമുള്ളത്. അധികാരി വര്‍ഗവും ആയുധ കച്ചവടക്കാരും തങ്ങളുടെ സാമ്രാജ്യം നില നിര്‍ത്താന്‍ പലതും ചെയ്‌തെന്നു വരും. ഇരു രാജ്യത്തെയും ജനത ഒന്നിച്ചു വേണം അത്തരക്കാരെ ഒറ്റപ്പെടുത്താന്‍. ഇന്ത്യ മാത്രമോ പാകിസ്താന്‍ മാത്രമോ ഉദ്ദേശിച്ചാല്‍ നടക്കുന്ന കാര്യമല്ല ഇതെന്ന് കൂടി നാം അറിയണം.

ഇരു രാജ്യങ്ങളിയും ഭരണാധികാരികള്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അവര്‍ ഒന്നിച്ചു ഈ ഭീകരരെ നേരിടട്ടെ. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനാണ് നാം സൈന്യത്തെ ആശ്രയിക്കുന്നത്. സൈന്യം തന്നെ ഭീഷണി നേരിടുന്ന സമയത്ത് സുരക്ഷ ആര്‍ നല്‍കും എന്നതാണ് ജനത്തിന്റെ ചിന്ത. ദുരന്തങ്ങള്‍ ആഘോഷിക്കാനുള്ള തിരക്കിലാണ് പലരും. മരണപ്പെട്ട ജവാന്മാരുടെ ചോരയില്‍ നിന്നും എങ്ങിനെ വോട്ട് ഉത്പാദിപ്പിക്കാം എന്നതാണ് ഭരണകക്ഷിയുടെ ചിന്ത എന്ന് തോന്നുന്നു. അത് മനസ്സിലാക്കാനുള്ള ചെറിയ ബുദ്ധി രാജ്യത്തെ മനുഷ്യര്‍ക്കുണ്ട് എന്ന ബോധം ഇല്ലാതെ പോകരുത്.

ഒരിക്കല്‍ നാം സ്വതന്ത്ര്യത്തിനു വേണ്ടി വെള്ളക്കാരോട് ഒന്നിച്ചു പോരാടി. ഇപ്പോഴും നാം പോരാട്ടം നിര്‍ത്തിയിട്ടില്ല. നാം പരസ്പരം പോരാടുന്നു. നേട്ടം ഭീകരരും ആയുധ കച്ചടവക്കാരും നേടിയെടുക്കുകയും ചെയ്യുന്നു എന്ന് മാത്രം.

Related Articles