Current Date

Search
Close this search box.
Search
Close this search box.

ജനഗണമന ശക്തമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്

പണ്ടൊരിക്കൽ കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹിക നിരീക്ഷകനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ഒരു വ്യക്തി തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നത് കണ്ടു. ജീവിതത്തിൽ ആഗ്രഹിച്ചുതൊക്കെ അദ്ദേഹത്തിനു നേടുവാൻ സാധിച്ചു എന്നു പറയുമ്പോഴും അതിൽ ഒരു അപവാദമായി അദ്ദേഹം പറയുന്നത് ചലച്ചിത്ര മേഖലയുടെ ഭാഗമാകാനുള്ള മോഹം മാത്രം നടന്നില്ല എന്നതാണ്. ആ മേഖലയോട് ചേർന്നു നിൽക്കാനുള്ള ആഗ്രഹത്തിന് കാരണമായി അദ്ദേഹം പറയുന്നത്,നമ്മൾ സമൂഹത്തോട് പറയുവാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങൾ എഴുത്ത്,പ്രസംഗം തുടങ്ങിയ മാധ്യമങ്ങളിലൂടെ സമൂഹത്തോട് പറയുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയെക്കാൾ മികച്ച സ്വീകാര്യതയും ദൃശ്യപരതയും ചലച്ചിത്രത്തിലൂടെ സാധ്യമാകുമെന്നാണ്. സിനിമ തീർച്ചയായും ഏറ്റവും മികച്ച മാധ്യമം തന്നെയാണ്. പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ പ്രസ്തുത മാധ്യമത്തിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ ഏതു രീതിയിൽ സമൂഹത്തിന്റെ മനോനില രൂപപ്പെടുത്തണം എന്ന് തീരുമാനിക്കുവാനുള്ള ചെറുതല്ലാത്ത ഒരു അധികാരം കല സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർക്കുണ്ട് എന്നത് നിഷേധിക്കാൻ പറ്റാത്ത ഒരു യാഥാർത്ഥ്യമാണ്. നമ്മുടെ കാലത്ത് ഏറ്റവുമധികം ജനസ്വാധീനമുള്ള കലയാണ് സിനിമ. അതുകൊണ്ടുതന്നെ മേൽസൂചിപ്പിച്ച അധികാരം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്ന ഇടം തന്നെയാണത്.

കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, സവർണ സംസ്കാരങ്ങൾക്കും നാം പോലുമറിയാതെ നമ്മുടെ ഹൃദയാന്തരങ്ങളിൽ മുളപ്പിച്ചെടുക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു അനിഷേധ്യ സത്യമാണ്. ദൃശ്യകലയുടെ ഈ സ്വാധീനത്തെ പ്രതിലോമകരമായി ഉപയോഗപ്പെടുത്തിയതിന്റെ ഉദാഹരണങ്ങളും ഒട്ടേറെ നമുക്ക് ചൂണ്ടിക്കാട്ടുവാൻ സാധിക്കും. ബാബറി മസ്ജിദ് ധ്വംസനത്തിന് തൊട്ടുമുമ്പ് പള്ളിപൊളിക്കലിലേക്ക്‌ സംഘപരിവാറിന് ഊർജ്ജം പകരാൻ ലാൽ കൃഷ്ണ അദ്വാനി ആരംഭിച്ച രഥയാത്ര എന്ന അഗ്നിയിലേക്ക് എണ്ണ പകർന്നതിൽ ഇന്ത്യയിലെ സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്ന ദൂരദർശനും ഒപ്പമുണ്ടായിരുന്നു. അന്ന് ദൂരദർശൻ സംപ്രേക്ഷണം ചെയ്തത് രാമായണം സീരിയലിലൂടെ ഉദ്ദേശിക്കപ്പെട്ട ചേരിതിരിവും,ഇന്ന് തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന കശ്മീർ ഫയലിലൂടെയും വിറ്റഴിക്കപ്പെടുന്ന രാഷ്ട്രീയവും മുൻ സൂചിപ്പിച്ച മനോനിലയുടെ സാധ്യതയെ ഉപയോഗപ്പെടുത്തിയവയാണ്. ഇത്തരം ഉപരിവർഗ്ഗ ചിഹ്നങ്ങൾ മലയാളസിനിമയിൽ ആദർശ പരിസരങ്ങളായി രൂപപ്പെടുത്തുമ്പോൾ തന്നെ ബോധപൂർവ്വം മലയാളസിനിമയിൽ നിന്നും അപരവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോട് മലയാള സിനിമ ചെയ്ത ദ്രോഹവും ചെറുതല്ല. അപരിൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധികളുടെ കുറവു കാരണമാണ് ഇത് സംഭവിച്ചത് എന്ന് വിചാരിക്കരുത്.ഈ പ്രതിനിധികൾ ഉണ്ടായിരിക്കുമ്പോൾ തന്നെയാണ് ഇത്തരം കലാസൃഷ്ടികളും നിർമിക്കപ്പെട്ടിരിക്കുന്നത് എന്നുമാത്രമല്ല അവയ്ക്കു പലതിനും കാർമികത്വം വഹിക്കുന്നതിനും ചെറുതല്ലാത്ത ഒരു പങ്ക് ഈ പ്രതിനിധികൾക്കും ഉണ്ടായി എന്നതിൽ എത്തിനിന്നിരുന്നു പ്രസ്തുത ആദർശ പരിസരം രൂപപ്പെടുത്തിയ മനോനിലയുടെ ആഴവും ഓളവും. എന്നാൽ ഇത്തരം പൊതു നിർമിതികളെ രൂപപ്പെടുത്തിയ വാർപ്പ് മാതൃകകളെ ഉടച്ചുവാർക്കുന്ന സൂചനകളാണ് സമീപകാല മലയാള സിനിമയുടെ ചില കോണുകളിൽനിന്ന് ഉയർന്നുവരുന്നത്. അത്തരം ഒരു പരിശ്രമമാണ് ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ജന ഗണ എന്ന ടിജോ ജോസ് ചിത്രം. പിസി ജോർജ്ജ് വർഗീയ വിഷം തുപ്പിയ അതേവേദിയിൽ നിന്നുകൊണ്ടുതന്നെ ബി. ജെ. പി വക്താവ് സന്ദീപ് വാരിയർ ജനഗണമന എന്ന സിനിമയെ രാജ്യദ്രോഹ ചിത്രം എന്ന് വിശേഷിപ്പിച്ചപ്പോൾ തന്നെ ചിത്രത്തിന്റെ നൈതികതയിൽ ഒട്ടും സംശയ തോന്നേണ്ടതില്ല എന്ന് മനസ്സിലാക്കിയിരുന്നു. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും അക്കാദമിക് വ്യവഹാരങ്ങളെയും പിന്നോക്ക- ന്യൂനപക്ഷ വിരുദ്ധതയും, നമ്മളിൽ എവിടെയൊക്കെയോ ഉറച്ചുപോയ പ്രതിലോമകരമായ ധാരണകളെയും ഭരണകൂട ഹിംസയേയും തുറന്നു കാട്ടുന്നതിലൂടെ ധീരമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ് സിനിമയിലൂടെ തിരക്കഥകൃത്തും സംവിധായകനും മുന്നോട്ടുവെക്കുന്നത്.വികസനത്തെ മാറ്റിനിർത്തി വികാരതീവ്രതക്ക് പ്രാമുഖ്യം നൽകുന്ന തിരഞ്ഞെടുപ്പ് ഗോദയിലെ ഹിന്ദുത്വ മുന്നണിയുടെ ഹീനമായ രാഷ്ട്രീയ നയത്തിൽ ഊന്നി നിന്നുകൊണ്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്.

സ്റ്റേറ്റ്നെതിരെയുള്ള പൗരാവകാശ സമരങ്ങളെയും,അതിലെ കഥാപാത്രങ്ങളെയും മറ്റൊരു രീതിയിൽ സിനിമയിലെ കഥാപാത്രങ്ങളുമായും സംഭവവികാസങ്ങളുമായും ബന്ധപ്പെടുത്തിയാണ് ചിത്രം അതിന്റെ രാഷ്ട്രീയം സംസാരിക്കുന്നത്. പൗരത്വ സമരത്തിൽ പങ്കുകൊള്ളുന്ന വിദ്യാർത്ഥികളുടെ വസ്ത്രം കണ്ടാൽ അവരുടെ രാഷ്ട്രീയം മനസ്സിലാകുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന,പൗരത്വ സമര പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കുന്ന പോലീസിനുനേരെ കൈചൂണ്ടി നിൽക്കുന്ന ഐഷ റെന്ന,രോഹിത് വെമുലയടക്കമുള്ളവരുടെ സ്ഥാപനവൽകൃത കൊലപാതകം,ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ നേതൃത്വത്തിൽ നടന്ന ഹിംസകൾ, ഇന്ത്യയിൽ പല സമയങ്ങളിലായി നടത്തപ്പെട്ട പോലീസ് വ്യാജ ഏറ്റുമുട്ടലുകൾ,എന്നിവയിലൂടെ സഞ്ചരിച്ച് സഞ്ജീവ് ഭട്ടിലും ഗുജറാത്ത് കലാപത്തിലും അവസാനിക്കുകയാണ് ചിത്രം.insitutional murder, my birth is my fatal incident, തുടങ്ങിയ സാങ്കേതിക പ്രയോഗങ്ങളും കൃത്യമായും വ്യക്തമായും തന്നെ സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുവാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്.പാൻ ഇന്ത്യൻ സിനിമയുടെ നിലവാരം തീർച്ചയായും സിനിമ അർഹിക്കുന്നു. സംഘപരിവാറിnte തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കു ശേഷവും ഇത്തരമൊരു ചുവടുവെപ്പിന് മുതിർന്ന പൃഥ്വിരാജ് തീർച്ചയായും ഒരു പ്രതീക്ഷ തന്നെ. അത്യന്തം പ്രതിലോമകരമായ സമകാലിക ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനഗണമന ശക്തമായ ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.

Related Articles