Current Date

Search
Close this search box.
Search
Close this search box.

ആയിരം ജൂതന് അര ഉമ്മു അബ്ദില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറയുന്നത് പോലെ ആയിരം ഇസ്രായേലിക്ക് ഈ ഒറ്റ ഫലസ്തീനിയൻ സ്ത്രീ മതി. ധീരരായ പോരാളികളുടെ നിർമ്മാതാവ്, തലമുറകളുടെ പോറ്റമ്മ എന്നൊക്കെയാണ് ഈ വീര മാതാവിനെ ഫലസ്തീനികൾ വിളിച്ചിരുന്നത്. പതിറ്റാണ്ടുകളായി ഫലസ്തീൻ മുജാഹിദുകളെ പിന്തുണയ്ക്കാനും ഖുദ്സിനെ മോചിപ്പിക്കാനും സ്വയം സമർപ്പിച്ച ഈ പെൺതരി അൽ ഖസ്സാം ബ്രിഗേഡിയർ ഗ്രൂപ്പിലെ കമാൻഡോയാണ് . വർഷങ്ങളോളം അവർ അധിനിവേശ സേനയുടെ ബ്ലാക്ക് ലിസ്റ്റിൽ തുടരുകയായിരുന്നു. ഇസ്രായേലീ അധിനിവേശ സേനയ്‌ക്കെതിരായ ഏറ്റവും സങ്കീർണ്ണമായ മുന്നേറ്റങ്ങളിൽ സാന്നിധ്യമറിയിച്ച വനിതാ പോരാളി. 2006 നവംബറിൽ, ഖസ്സാം ബ്രിഗേഡുകളിൽ നിന്ന് 75 മുജാഹിദ്ദീനുകളെ അൽ-നസ്ർ പള്ളിയിൽ വെച്ച് ഉപരോധിച്ചപ്പോഴും കൂടെ ഉണ്ടായിരുന്നു ഈ പെണ്ണൊരുത്തി. ഉഗ്രമായ യുദ്ധ സമയത്ത് അവർ ഇസ്രായേലീ സൈന്യത്തിനെതിരെ പോരാടി. അധിനിവേശ സൈന്യം ബൈത് ഹനൂൻ പട്ടണം ആക്രമിച്ചപ്പോഴും പോരാളികളെ ഉപരോധിച്ചപ്പോൾ പുറത്ത് നിന്ന് അധിനിവേശ ശക്തികൾക്ക് പേടി സ്വപ്നമായും ഈ ധീര വനിത ഉണ്ടായിരുന്നു.

മൂന്ന് ദിവസത്തെ ഉപരോധത്തിലൂടെ ബൈത് ഹനൂൻ പട്ടണത്തെ ചുറ്റുപാടിൽ നിന്ന് ഒറ്റപ്പെടുത്തുകയായിരുന്നു അധിനിവേശ ശക്തികൾ ചെയ്തത്. അന്നേരം അൽ ഖസ്സാം പോരാളികളെ രക്ഷിക്കാൻ ഇവർ തന്റെ ആദർശ സഹോദരിമാരോടൊപ്പം ചേർന്ന് പ്രതിരോധം തീർക്കുകയായിരുന്നു. തൊട്ടടുത്തുള്ള വടക്കൻ ഗസ്സാ മുനമ്പിൽ നിന്ന് ഒരു കൂട്ടം സ്ത്രീകളെ കൂട്ടി 2006 നവംബർ 2-ന് നേരം പുലർന്നതിന് ശേഷം അവർ മരണത്തെ മുഖാമുഖം കണ്ടു.

ഖുർആനിന്റെ കോപ്പികളും ഫലസ്തീന്റെ പതാകകളുമായി പ്രകടനമായി പുറപ്പെട്ടു. അവർ ഇസ്രായേൽ സേനയുടെ ചെക്ക്‌പോസ്റ്റുകൾ ധൈര്യപൂർവ്വം മുറിച്ചുകടന്നു. ഈ മുന്നേറ്റത്തെ അടിച്ചമർത്താനുള്ള എല്ലാ സൈനിക ശ്രമങ്ങളെയും വകവയ്ക്കാതെ അവർ ബൈത് ഹനൂൻ പള്ളിക്ക് സമീപം എത്തിയപ്പോൾ അധിനിവേശ ശക്തികൾ ഈ സ്ത്രീ സംഘത്തെ ഭയപ്പെടുത്താൻ കനത്ത പുക ബോംബുകൾ പ്രയോഗിച്ചു അവരെ ആട്ടിയോടിക്കാൻ ശ്രമിച്ചു. തീയിൽ കുരുത്തതുണ്ടോ വെയിലത്ത് വാടുന്നു !! ആ പെൺ പുലികൾ പള്ളിയിൽ പ്രവേശിച്ച് അവിടെ ഉപരോധത്തിലായിരുന്ന മുജാഹിദുകളെ അധിനിവേശ സൈന്യത്തിന്റെ കൈകളിൽ നിന്ന് രക്ഷിച്ചു. പ്രതികാരമായി അധിനിവേശ സേന അവരുടെ വീട് പല തവണ ആക്രമിക്കാൻ ശ്രമിക്കുകയും വീടിന് ബോംബെറിയുകയും ചെയ്തു, അതിൽ അവരുടെ സഹോദരന്റെ ഭാര്യ രക്തസാക്ഷിയാവുകയുമുണ്ടായി.

ജമീല അബ്ദുല്ല താഹ അശ്ശന്ത്വി ( മാർച്ച് 15, 1957 – ഒക്ടോബർ 19, 2023) എന്നാണ് ഈ ഉരുക്ക് വനിതയുടെ പേര്. ഉമ്മു അബ്ദില്ലാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഫലസ്തീൻ അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. 1948-ലെ നക്ബയ്ക്ക് ശേഷം നശിപ്പിക്കപ്പെട്ട ജിയ ഗ്രാമത്തിലെ ശൻത്വി കുടുംബത്തിലാണ് ’57 ൽ അവർ ജനിച്ചത്. പണ്ഡിതന്മാരുടെ ഈറ്റില്ലമായ അസ്കലാന്റെ സമീപത്തിലുള്ള ഗ്രാമമാണ് ജിയ .

കഴിഞ്ഞ വ്യാഴാഴ്ച റബീഉൽ ആഖിർ 5 / 19-10-23 CE ന് രക്തസാക്ഷിയായ ഇവർ ഹമാസിലെ ഏറ്റവും പ്രമുഖ സ്ത്രീ പ്രതിനിധിയായിരുന്നു. ഹമാസിന്റെ വനിതാ സംഘടനയുടെ സ്ഥാപകയും 2006ൽ തിരഞ്ഞെടുക്കപ്പെട്ട ഹമാസ് പ്രതിനിധികളിൽ ഏറ്റവും സീനിയർ എം.പിയുമായിരുന്നു. മൊത്തം പാർലമെന്റംഗങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു അവരുടെ പേര്.

2004 ഏപ്രിലിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസിന്റെ സഹസ്ഥാപകൻ അബ്ദുൽ അസീസ് റൻതീസിയുടെ വിധവയായിരുന്നു അവർ. ഹമാസിൽ സജീവമാവുന്നതിന് മുമ്പ് പി എച്ച് ഡി കഴിഞ്ഞ ഉടനെ ഗസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. റൻതീസിയുടെ രക്ഷസാക്ഷിത്വത്തിന് ശേഷം ഇസ്രായേലിന്റെ നോട്ടപ്പുള്ളി ആയ ഉമ്മു അബ്ദില്ലാ കൊതിച്ചിരുന്ന രക്തസാക്ഷിത്വമാണ് അവർക്ക് ലഭിച്ചതെന്ന് ജൂതനുണ്ടോ അറിയുന്നു !!

“അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരണപ്പെട്ടവരാണെന്ന് തീര്‍ച്ചയായും നീ ഗണിക്കരുത്. തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണവര്‍. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു (3:169)

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles