Current Date

Search
Close this search box.
Search
Close this search box.

ഞങ്ങൾക്ക് ഇതുവരെ കുട്ടികളില്ല, ഇത്തരം ട്രീറ്റ്മെൻറ് ഹലാലാകുമോ?

ചോദ്യം – ഞാൻ വിവാഹിതനായിട്ട് 12 വർഷത്തിലേറെയായി. ഇതുവരെ ഞങ്ങൾക്ക് കുട്ടികളില്ല. ഒരുപാട് ട്രീറ്റ്മെൻറ് ചെയ്തു ഫലമില്ല. ഇക്സി പോലുള്ള ട്രീറ്റ്മെന്റുകളും നടത്തി ലക്ഷങ്ങൾ ചിലവായത് അല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. അങ്ങനെയാണ് കേരളത്തിലെ ഒരു സ്ഥാപനത്തിൻറെ പേര് കേട്ടത് അവിടെ ചെന്നാൽ കുട്ടികൾ ഉണ്ടാകും, ഉറപ്പാണ് എന്ന് പറയുന്നു. അതനുസരിച്ച് ഞാനും ചെന്നു. ഡോക്ടറെ കാണാൻ തന്നെ ഒരുപാട് സമയം എടുത്തു. എൻറെയും ഭാര്യയുടെയും ഒരുപാട് ടെസ്റ്റുകൾ, ഡോക്ടർ വിളിപ്പിച്ചിട്ട് പറഞ്ഞു. “നിങ്ങൾക്ക് കൗണ്ട് തീരെയില്ല. ഇനി അത് ഡെവലപ്പ് ചെയ്യാൻ കഴിയില്ല, എന്നുവച്ച് പേടിക്കേണ്ടതില്ല. പുറത്തുനിന്ന് ബീജം സ്വീകരിക്കാം. ഭാര്യക്ക് കുഴപ്പമില്ലാത്തത് കൊണ്ട് സ്പേം ഭാര്യയിൽ തന്നെ നിക്ഷേപിക്കാം. അരും അറിയില്ല. ഇത് സാധാരണ സംഭവമാണ് “. കൂട്ടത്തിൽ ക്രിസ്ത്യാനിയായ ഡോക്ടർ ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമുള്ളതാണ് എന്നും പറഞ്ഞ് കുറച്ചു കാര്യങ്ങൾ വിളമ്പി. ഇതൊക്കെ അനുവദിച്ചിട്ടുള്ളതാണ് എന്ന ഉപദേശവും തന്നു. അപ്പോഴാണ് ഏറെ പ്രശസ്തമായ ഈ സ്ഥാപനത്തിൻറെ 100% വിജയം എന്താണെന്ന് മനസ്സിലായത്. ഇവരുടെ കൂട്ടത്തിൽ ബീജമാഫിയ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ പുറത്തുനിന്നും സ്പേം സ്വീകരിക്കുന്നതിന്റെ ദീനിവശം എന്താണ് ?.

ഉത്തരം – മനുഷ്യന്‍റെ വംശവര്‍ദ്ധനവിന് അല്ലാഹു നിശ്ചയിച്ച മാര്‍ഗ്ഗമാണ് സ്ത്രീപുരുഷ സംസര്‍ഗ്ഗം. അത് ഹലാല്‍ ആയ ബന്ധത്തിലൂടെ മാത്രമായിരിക്കണം എന്നാണ് അല്ലാഹുവിന്‍റെ കല്‍പ്പന. അതിനാണ് ഇസ്ലാം വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട എല്ലാ ദമ്പതികള്‍ക്കും സന്താനസൌഭാഗ്യം ഉണ്ടാവണമെന്നില്ല. അല്ലാഹു പറയുന്നു: لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ (49) أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ (50) “അല്ലാഹു ആകാശഭൂമികളുടെ ആധിപത്യത്തിന്നുടയവനാകുന്നു. അവനിച്ഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു; ഇച്ഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു; അവനിച്ഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെയും ആണ്‍മക്കളെയും ഒന്നിച്ചു കൊടുക്കുന്നു. ഇച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവന്‍ ഒക്കെ അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ”

സന്താനം ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും ഒരേസമയം അല്ലാഹുവിന്‍റെ അനുഗ്രഹവും പരീക്ഷണവും ആണെന്ന് മനസ്സിലാക്കലാണ് വിശ്വാസിക്ക് ഭൂഷണം. വന്ധ്യതയില്‍ ചിലതൊക്കെ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാല്‍ മറ്റ് ചിലതാവട്ടെ അപരിഹാര്യവും ആയിരിയ്ക്കും. വന്ധ്യതയെ ഒരു രോഗമായി പരിഗണിച്ച് ലഭ്യമായ ചികിത്സകള്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഏത് ചികിത്സയും ഹലാല്‍ ഹറാമുകള്‍ പരിഗണിച്ചു കൊണ്ടാവണമെന്ന് ഇസ്ലാമില്‍ നിര്‍ബന്ധമാണ്. വന്ധ്യതാചികിത്സാ രംഗം വളരെ പുരോഗമിച്ച കാലമാണ് ഇത്. ടെസ്റ്റ്യൂബ് രീതിയിലൂടെ സന്താനസൌഭാഗ്യമുണ്ടായ ഒരുപാട് ദമ്പതികള്‍ ഉണ്ട്.

ടെസ്റ്റ്യൂബ് രീതി ഹലാല്‍ ആകുന്നത്, അതില്‍ ഉപയോഗിയ്ക്കുന്ന അണ്ഡവും ബീജവും അതേ ദമ്പതികളുടേത് തന്നെ ആകുമ്പോഴാണ്. അപ്പോഴേ അവര്‍ രണ്ടും ജനിക്കുന്ന ശിശുവിന്‍റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ (ബയോളജിക്കല്‍ പേരന്‍സ്) ആവുന്നുള്ളൂ. അങ്ങിനെയേ ആ പ്രക്രിയ ഹലാലും ആവുന്നുള്ളൂ. ഇങ്ങിനെ ഒരു ചികിത്സാ രീതി സ്വീകരിക്കുന്ന ദമ്പതിമാര്‍ അവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രിയുടെയും വിശ്വാസ്യത പ്രത്യേകം അന്വേഷിച്ചു ബോദ്ധ്യപ്പെടേണ്ടതുണ്ട്. പല സ്ഥാപനങ്ങളും തങ്ങളുടെ വിജയശതമാനം ഉയര്‍ത്താന്‍ വേണ്ടി ദമ്പതികളുടേതല്ലാത്ത ബീജമോ അണ്ഡമോ ഉപയോഗിക്കുന്നത് വിരളമല്ല.

ചില കേസുകളില്‍ ദമ്പതികളില്‍ ആരിലെങ്കിലും അണ്ഡബീജ ഉല്‍പാദനത്തില്‍ വൈകല്യം ഉള്ളപ്പോള്‍ ഒരു ഡോണര്‍ (മൂന്നാമത് ഒരാള്‍) ഇവരോട് സഹകരിക്കുകയും ആ വ്യക്തിയുടെ ബീജമോ അണ്ഡമോ സ്വീകരിച്ച് ടെസ്ട്യൂബ് ഗര്‍ഭധാരണം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള രീതി ഇസ്ലാമികമായി ഹലാല്‍ ആവുകയില്ല. കാരണം അവിടെ ജൈവികമായ മാതൃത്വം / പിതൃത്വം പൂര്‍ണ്ണമായി ഈ ദമ്പതികള്‍ക്കല്ലല്ലോ.

ചോദ്യകര്‍ത്താവിനോടു നമുക്ക് ഉപദേശിക്കാനുള്ളത്; അവര്‍ പ്രാര്‍ഥന കൂടുതല്‍ ആത്മാര്‍ഥമാക്കുവാനും പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്ന സമയവും സ്ഥലവും പ്രത്യേകം തെരഞ്ഞെടുക്കുവാനുമാണ്. സകരിയ്യാ നബിയുടെ പ്രാര്‍ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് മനപാഠമാക്കുകയും ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യുക. സന്താനസൌഭാഗ്യം വൈവാഹികജീവിതത്തിന്‍റെ സന്തോഷമാണ് എങ്കിലും, നിങ്ങള്‍ക്ക് അതിലുമപ്പുറം ഉന്നതമായ എന്തോ ദൌത്യം അല്ലാഹു ഏല്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക. നിങ്ങളുടെ സമയവും കഴിവുകളും സമൂഹത്തിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. അങ്ങിനെ സേവനങ്ങളില്‍ സജീവമാകുന്നതിലൂടെ ജീവിതം കൂടുതല്‍ സാര്‍ഥകമാക്കുക. സാധ്യമായ ഹലാലായ എല്ലാ ചികിത്സകള്‍ക്ക് ശേഷവും നിങ്ങള്‍ക്ക് വന്ധ്യത തന്നെയാണ് അല്ലാഹു വിധിച്ചിരിക്കുന്നതെങ്കില്‍, അതില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത എന്തോ നന്മ ഉണ്ട് എന്ന് സമാധാനിക്കുക. അതില്‍ ക്ഷമ കൈക്കൊള്ളുക; അതിലൂടെ പ്രതിഫലാര്‍ഹര്‍ ആയിത്തീരുക.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles