Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ പ്രിയപ്പെട്ട മറ‍‌ഡോണ

അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം ഫലസ്തീന് അഭിമാനത്തോടെ പല അവസരങ്ങളിലും പിന്തുണ അറിയിച്ച ലോക ഇതിഹാസമാണ്. ഫുട്ബോളിലെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ സ്വതന്ത്ര്യ ഫലസ്തീൻ ലക്ഷ്യത്തിനായുള്ള പിന്തുണ ഏറെ ലോക ശ്രദ്ധ നേടിയതാണ്. പുരോഗമന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്ന അദ്ദേഹം സാമ്രാജ്യത്വ വിരുദ്ധ, ഇടതുപക്ഷ സോഷ്യലിസ്റ്റായി ജീവിച്ചു.

അന്തരിച്ച വെനസ്വേലൻ നേതാവ് ഹ്യൂഗോ ഷാവേസ്, ക്യൂബയുടെ അന്തരിച്ച പ്രസിഡന്റ് ഫിദൽ കാസ്ട്രോ, ബൊളീവിയയുടെ ഇവോ മൊറേൽസ് എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പ്രധാനികളാണ്. ജോർജ്ജ് ബുഷ്-അമേരിക്ക വിരുദ്ധ ടീ ഷർട്ട് ധരിച്ച് ഷാവേസിനൊപ്പം അദ്ദേഹം ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്റെ ഫുട്ബോൾ ബൂട്ടുകൾ താഴെ വെച്ചതിന് ശേഷവും അദ്ദേഹം ഫലസ്തീനിനെ പിന്തുണച്ചു. മറഡോണയുടെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ആരാധകർക്കും അനുശോചനം അറിയിച്ച് 2020-ൽ ഹമാസ് വക്താവ് സമി അബു സുഹ്‌രി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: “ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ മറഡോണയുടെ മരണത്തിൽ ഞങ്ങൾ വളരെ ദുഃഖിതരാണ്, അദ്ദേഹം ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണച്ച അറിയപ്പെട്ട നേതാവാണ്.”

2012ൽ “ഫലസ്തീൻ ജനതയുടെ ഒന്നാം നമ്പർ ആരാധകൻ” എന്നാണ് തന്നെ മറഡോണ സ്വയം വിശേഷിപ്പിച്ചത്. “ഞാൻ അവരെ ബഹുമാനിക്കുകയും അവരോട് കരുണയുള്ളവനുമാണ്, ഞാൻ ഒരു ഭയവുമില്ലാതെ ഫലസ്തീനെ പിന്തുണയ്ക്കുന്നു.” എന്ന് അദ്ദേഹം വിവിധ ഘട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് വർഷത്തിന് ശേഷം, കുറഞ്ഞത് 3,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ വേനൽക്കാല ആക്രമണത്തിൽ, മറഡോണ തന്റെ രോഷം പ്രകടിപ്പിക്കുകയും ഇസ്രായേലിനെ വിമർശിക്കുകയും ചെയ്തു. ഫലസ്തീനോട് ഇസ്രായേൽ ചെയ്യുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.

2015 എ.എഫ്‌.സി ഏഷ്യൻ കപ്പിൽ ഫലസ്‌തീനിയൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മറഡോണ ഫലസ്‌തീനിയൻ ഫുട്‌ബോൾ അസോസിയേഷനുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 2018 ജൂലൈയിൽ, മോസ്കോയിൽ നടന്ന ഒരു മീറ്റിംഗിൽ അദ്ദേഹം ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ടു, പലസ്തീനികൾക്കുള്ള തന്റെ ദീർഘകാല പിന്തുണ വീണ്ടും ആവർത്തിക്കുകയും ചെയ്തു. മഹ്മൂദ് അബ്ബാസിനോടായി അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയത്തിൽ, ഞാൻ ഒരു ഫലസ്തീനിയാണ്”. ഈ ക്ലിപ്പ് അദ്ദേഹം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത് പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു.

അതേ വർഷം തന്നെ, സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ യു.എസിന്റെ പങ്കിനെക്കുറിച്ച് മറഡോണ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. അത് ആഭ്യന്തരയുദ്ധത്തിന്റെ ഏഴാം വർഷത്തിലായിരുന്നു. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യത്തിന്റെ ഭൂരിഭാഗത്തിനും മേൽ തന്റെ നിയന്ത്രണം ഉറപ്പിച്ച സാഹചര്യമായിരുന്നു അത്. “സിറിയയെ അസ്തിത്വത്തിൽ നിന്ന് തുടച്ചുമാറ്റാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ നിങ്ങൾ സർവകലാശാലയിൽ പോകേണ്ടതില്ല,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘അറബ് ജനാധിപത്യത്തിന്റെ തടവറ’ എന്ന് ഫുട്‌ബോളിനെ വിശേഷിപ്പിച്ച ഫലസ്തീൻ കവി മഹമൂദ് ദർവേശ് 1986 ലോകകപ്പ് ഫൈനിലെ കുറിച്ച് ‘തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന് ആശ്വസിക്കാൻ പറ്റിയ ഇടം’ എന്ന് വിശേഷിപ്പിച്ച ശേഷം അർജന്റീനിയൻ കളിക്കാരനെക്കുറിച്ച് ഒരു ലേഖനം എഴുതി. ലേഖനത്തിൽ, മറഡോണയുടെ ദരിദ്ര ബാല്യകാലം, ഫുട്ബോൾ പ്രേമം, പിതാവിന്റെ ത്യാഗങ്ങൾ എന്നിവയെക്കുറിച്ച് ദർവീശ് പറയുന്നുണ്ട്. മറഡോണയെ “നിങ്ങൾക്ക് അവന്റെ സിരകളിൽ രക്തം കാണില്ല, മറിച്ച് മിസൈലുകളെ കാണാം” എന്ന് ദർവീശ് വിശേഷിപ്പിക്കുന്നു. ഫലസ്തീൻ ഫുട്ബോൾ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ജമാൽ മഹ്മൂദ് ഫലസ്തീൻ ഫുട്ബോൾ ടീമിന്റെ ജേഴ്സി നൽകിയ താരവുമായുള്ള തന്റെ അവസാന കൂടിക്കാഴ്ചയുടെ ചിത്രം ഒരിക്കൽ പങ്കിട്ടിരുന്നു.

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles