Current Date

Search
Close this search box.
Search
Close this search box.

ഇമാം മൗദൂദി; ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകം

‎‏മാനസികവും ബൗദ്ധികവുമായ പരിവർത്തനമാണ് മാറ്റത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനമായി കണക്കാക്കേണ്ടത് എന്നായിരുന്നു ഇമാം മൗദൂദിയുടെ ഉറച്ചനിലപാട്. മനുഷ്യന്റെ ബുദ്ധിയും ചിന്താശേഷിയുമാണ് അവന്റെ വഴികാട്ടിയായി മാറുക. വിശുദ്ധ ഖുർആൻ പറയുന്നതും അതാണല്ലോ. മൗദൂദി പറഞ്ഞതും അതുതന്നെയായിരുന്നു. അതായത് ജനങ്ങളെ പരിവർത്തിപ്പിക്കുക. അവരുടെ ചിന്താഗതികളിലും മനോഭാവങ്ങളിലും മാറ്റങ്ങളുണ്ടാക്കുക. അപ്പോൾ ചരിത്രവും സ്വയം മാറും. “സ്വയം മറാൻ സന്നദ്ധരല്ലാത്ത ഒരു ജനതയെയും അല്ലാഹു മാറ്റുകയില്ല, തീർച്ച!” എന്ന വിശുദ്ധ ഖുർആൻ സൂക്തം വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.

താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾക്ക് ഒരിക്കൽ പോലും അനുയായികളോട് ആയുധമെടുക്കാനോ അക്രമത്തിന്റെ പാത സ്വീകരിക്കാനോ സൈനിക അട്ടിമറിയിലൂടെയുള്ള വിപ്ലവത്തിനോ ഇമാം മൗദൂദി ആഹ്വാനം ചെയ്യാതിരിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ ഉറച്ച ബോധ്യമായിരുന്നു. ഇമാം മൗദൂദിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഏറ്റവും കഠിനമായ സാഹചര്യങ്ങളെ പലപ്പോഴായി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. ഗുരുതരമായ പല വെല്ലുവിളികൾ അദ്ദേഹവും ഇസ്‌ലാമിക പ്രസ്ഥാനവും നേരിട്ടു. ഏറ്റവും മോശമായ വിധത്തിലുള്ള പലവിധ ദുരുപയോഗപ്പെടുത്തലുകളും ആവർത്തിച്ചു സംഭവിച്ചുകൊണ്ടിരുന്നു. വ്യത്യസ്ത അവസരങ്ങളിൽ രക്തച്ചൊരിച്ചിലുകളുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം, അല്ലാഹുവിനെ ഭയപ്പെടാത്ത, സൃഷ്ടികളോട് അനുകമ്പയില്ലാത്ത ഭരണകൂടവും ശത്രുകക്ഷികളും നിരന്തരം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെയും പീഡനങ്ങളുടെയും ഫലമെന്നോണം ജമാഅത്തെ ഇസ്‌ലാമിയുടെ സമാധാനപരമായ പോരാട്ടത്തെക്കുറിച്ചുള്ള ചിന്ത പരാജയപ്പെടാനും മറ്റു വഴികളെ പറ്റി ആലോചിക്കുവാനുമുള്ള നല്ല സാധ്യതയുണ്ടായിരുന്നു. പ്രതികാരപരമായ അക്രമങ്ങളിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഒത്തുവന്നിരുന്നു. പക്ഷേ ഇമാം മൗദൂദി ഒട്ടും വഴുതി പോയില്ല. തന്റെ തത്ത്വങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. അവസാന ശ്വാസം വരെയും ബൗദ്ധികവും ചിന്താപരവുമായ ആയുധങ്ങളും മൂർച്ചയേറിയ വാദങ്ങളും ഉപയോഗിച്ചാണ് അസത്യത്തിനെതിരെ അദ്ദേഹം പോരാടിയത്.

‎‏ഇമാം മൗദൂദിയുടെ എതിരാളികൾ പലപ്പോഴും കൊള്ളരുതായ്മയുടെ അങ്ങേയറ്റം വരെ പോയി. ഏറ്റവും വിനയാന്വിതനായ ഒരു മനുഷ്യന്റെ പോലും ക്ഷമ നശിച്ചു പോകുന്ന പല സന്ദർഭങ്ങളുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ മൗലാനാ മൗദൂദിയുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും അന്വേഷണങ്ങൾക്ക് പ്രത്യാക്രമങ്ങൾക്ക് അനുവാദം നൽകുന്ന വിധം മറുപടി നൽകാൻ ആഗ്രഹിച്ചെങ്കിലും ഉസ്താദ് അവർകൾ അവരെ കർശനമായി തടയുകയായിരുന്നു.

‎‏നിങ്ങളോടവർ മോശമായി പെരുമാറുന്നതിലൂടെ അവർ ഞങ്ങൾക്ക് കടുത്ത വേദനയാണ് ഉണ്ടാക്കുന്നത്; സഹപ്രവർത്തകർ പറഞ്ഞു. ‎‏മൗലാനാ മൗദൂദി മറുപടി പറഞ്ഞു, “അവർ കൂടുതൽ വേദന ഉണ്ടാക്കുമ്പോൾ, നിങ്ങൾ കൂടുതൽ ക്ഷമയോടെ പ്രവർത്തിക്കുക. ക്ഷമയുടെ എല്ലാ റെക്കോർഡുകളും നിങ്ങൾ തകർത്ത് മുന്നേറുക.”

‎‏കഴിഞ്ഞ നൂറ്റാണ്ടിൽ അറുപതുകളുടെ തുടക്കത്തിൽ, അന്നത്തെ പാകിസ്ഥാൻ സൈനിക ഭരണാധികാരിയായിരുന്ന അയൂബ് ഖാൻ ജമാഅത്തിനെ വളഞ്ഞിട്ട് അക്രമിക്കാൻ വളരെയധികം പരിശ്രമിച്ചു. ഇസ്‌ലാമിക പ്രസ്ഥാനഞ്ഞെ തകർക്കാൻ എല്ലാ തന്ത്രങ്ങളും മെനഞ്ഞു. പക്ഷേ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനങ്ങളും പ്രവർത്തനങ്ങളും നിരോധിക്കാൻ ഒരു ന്യായവും അദ്ദേഹത്തിന് കണ്ടെത്താനായില്ല. ഒടുവിൽ 1963 ഒക്ടോബറിൽ ജമാഅത്തെ ഇസ്‌ലാമി ലാഹോറിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇമാം മൗദൂദിക്ക് നേരെ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കെ സൈനിക സർക്കാർ വെടിയുതിർത്തു. എന്നാൽ അല്ലാഹു അവരുടെ ഉന്നം തെറ്റിച്ചുകളഞ്ഞു. ബുള്ളറ്റ് ചെന്ന് തറച്ചത് ജമാഅത്ത് അംഗമായ അല്ലാഹ് ബഖ്ശിന്റെ ഇടനെഞ്ചിലായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ ശഹാദത്ത് വരിച്ചു.

‎‏ആ സമയം ഇമാം മൗദൂദിയുടെ അടുത്ത് നിന്ന ആളുകൾ അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞു: ബുള്ളറ്റുകൾ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് വരുന്നതിനിടയിൽ ഇരിക്കാൻ പറഞ്ഞവരോട് അദ്ദേഹം തിരിച്ചൊരു ചോദ്യം ചോദിക്കുകയായിരുന്നു; “ഞാൻ ഇരുന്നാൽ പിന്നെ ആരാണ് എഴുന്നേറ്റ് നിൽക്കുക”?

‎‏കടുത്ത പരീക്ഷണങ്ങളെ നേരിട്ട ഈ സന്ദർഭങ്ങളിലൊന്നും ഇമാം മൗദൂദി പ്രകോപിതനായില്ല. പിന്നീടും വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ നിരവധി സന്ദർഭങ്ങൾ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഈ സന്ദർഭങ്ങളൊന്നും ഇമാം മൗദൂദിയെ ഒരു നിലക്കും തന്റെ ഉറച്ചനിലപാടിൽ നിന്നും പിന്തിരിപ്പിക്കാനായില്ല. തന്റെ അനുയായികൾകളെ പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല.

( നദ്റാതുൻ ഫീ ഫിക്റിൽ ഇമാം മൗദൂദി )

വിവ. അബ്ദുൽ ഹകീം നദ് വി

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles