Current Date

Search
Close this search box.
Search
Close this search box.

ഇമാം ഗസാലിയുടെ ശാസ്ത്ര സമീപനം

വൈവിധ്യമാർന്ന ധിഷണാവൈഭവമാണ് ഇമാം ഗസാലിയുടേത് എന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ ആ മഹാനുഭാവന്റെ വൈജ്ഞാനിക ചക്രവാളത്തിന്റെ ഏതെങ്കിലും ഓരത്ത് നിന്നേ നമുക്ക് ചർച്ച ചെയ്യുവാൻ കഴിയൂ. ഗസാലി (റ) ശാസ്ത്രത്തെ സമീപിച്ചതെങ്ങനെ എന്നത് പ്രസക്തമാണ്. തത്വചിന്തക്ക് കടുത്ത പ്രഹരമേൽപ്പിച്ചുവെന്നും ഇസ്ലാമിക ചരിത്രത്തിൽ ശാസ്ത്രപാരമ്പര്യത്തിന്റെ അപചയത്തിന് കാരണക്കാരിലൊരാളായിത്തീർന്നുവെന്നുമുള്ള ആരോപണം ഇമാം ഗസാലിക്കെതിരെ ഉയർന്നിട്ടുണ്ട്. ശാസ്ത്ര വികാസത്തിന്റെ മുന്നുപാധിയാണ് യുക്തിചിന്തയെന്ന വീക്ഷണമനുസരിച്ച്, ഇസ്ലാം ഒരു ദൈവശാസ്ത വ്യവസ്ഥയെന്ന നിലയിൽ യുക്തിചിന്തയോട് നിഷേധാത്മക സമീപനമെടുക്കുന്നുവെന്ന് ഒരാൾ അനുമാനിച്ചെന്നിരിക്കും. ശാസ്ത്രത്തിന്റെ ഉദയത്തിനും വികാസത്തിനും ഇസ്‌ലാം പ്രോത്സാഹനം നൽകുന്നില്ലെന്ന് പറഞ്ഞ ഫ്രഞ്ച് ഓറിയന്റലിസ്റ്റായ ഏണസ്റ്റ് റെനാൻ (1823-1892) ഇസ്ലാമിക പാരമ്പര്യത്തിലുണ്ടെന്ന് കരുതപ്പെടുന്ന ഈ അപചയത്തിൽ ഗസാലിയെന്ന സ്വാധീന ശക്തിയുള്ള ദൈവശാസ്ത്രജ്ഞന് പ്രമുഖ പങ്കുണ്ടെന്നും സൂചിപ്പിക്കുന്നു. അറബ് – ഇസ്ലാമിക തത്വചിന്തയെ കുറിച്ച സമഗ്രമായ ആദ്യത്തെ ചരിത്ര രചന നടത്തിയ സോളമൻ മുങ്ക് (ജർമ്മനിയിൽ ജനിച്ച ജൂത- ഫ്രഞ്ച് ഓറിയന്റിലിസ്റ്റായ അദ്ദേഹത്തിന്റെ കാലം 1803-1867) 1844 ൽ തന്നെ ഈ ചർച്ചയുടെ ദിശ നിർണ്ണയിച്ചു. അദ്ദേഹം പറഞ്ഞത് ‘തത്വചിന്തകരുടെ പൊരുത്തക്കേട്’ എന്ന ഗ്രന്ഥത്തിലൂടെ ഗസാലി “തത്വചിന്തക്കൊരു പ്രഹരം നൽകി, കിഴക്ക് ഒരിക്കലും പിന്നീടതിൽ നിന്ന് രക്ഷപ്പെട്ടില്ല,” എന്നാണ്. തത്വചിന്തയെ വേട്ടയാടിയ ശത്രുവായി ഏണസ്റ്റ് റെനാൻ ഗസാലിയെ വിശേഷിപ്പിച്ചു. ഹംഗേറിയൻ ഓറിയന്റലിസ്റ്റ് ഇഗ്നാസ് ഹോൾഡ് സിഹെറെയുടെ (1850-1921) അഭിപ്രായത്തിൽ ഇസ്ലാമിക ഹൃദയഭൂമികളിൽ തത്വചിന്തയുടെ പാരമ്പര്യം അത്രയധികം ദുർബലമായിത്തീർന്നതിനാൽ അതിനകം തന്നെ രോഗബാധിതമായ ഒരു പാരമ്പര്യത്തിന് അപമാനമായിത്തീർന്നു ഗസാലിയുടെ ‘പൊരുത്തക്കേട്’ എന്നാണ്. ഗസാലിയുടെ രചനകളിൽ മുൻ വിധിയില്ലാതെ ഒരന്വേഷണം നടത്തിയാൽ ഈ ആരോപണങ്ങൾ യാഥാർത്ഥ്യമല്ല എന്നു മനസ്സിലാകും.

പ്രകൃതി ശാസ്ത്രങ്ങളും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഗസാലിയുടെ വീക്ഷണങ്ങൾ മനസ്സിലാക്കാൻ, ആ വിഷയത്തിൽ – അദ്ദേഹം നടത്തിയ രചനകളെ അദ്ദേഹത്തിന്റെ മറ്റു രചനകളുടെ ചട്ടക്കൂടിൽ വെച്ച് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാഠങ്ങള ഒറ്റപ്പെടുത്തിയും പശ്ചാത്തലത്തിൽ നിന്നടർത്തിമാറ്റായും വായിക്കുകയെന്ന അപകടം വന്നുചേരും. അത് തെറ്റായ നാഗമനങ്ങളിലെത്തിചേരുന്നതിനിടയാക്കും. ഗസാലിയുടെ കാര്യത്തിൽ നിരന്തരമായി ആവർത്തിക്കപ്പെട്ട കാര്യവുമതു തന്നെയാണ്. ഗസാലിയൻ ചിന്തയുടെ ചട്ടക്കൂടിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണുമ്പോൾ, അദ്ദേഹം ‘ഇൽമ്’ എന്ന് പ്രയോഗിക്കുമ്പോൾ അതിനെ ഒരു സമഗ്രമായ പദമായി, എല്ലാ വിഷയങ്ങളെയും സംഗ്രഹിക്കുന്ന പദമായിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ആ പദം മിക്കപ്പോഴും ‘ശാസ്ത്രം’ എന്നാണ് പരിഭാഷ ചെയ്യപ്പെട്ടത്. പക്ഷെ അറബി പദത്തിന്റെ വ്യക്തമായ ന്യൂനീകരണമാണ് ഈ പരിഭാഷ. തന്റെ പദങ്ങളെ വളരെ ശ്രദ്ധാപൂർവ്വം നിർവ്വചിക്കുന്ന കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്ന ഗസാലി ” ശാസ്ത്രങ്ങളുടെ സ്വഭാവത്തെപ്പറ്റി” ( الكلام في حقيقة العلم ) എന്നൊരു മുഴുവൻ അദ്ധ്യായം തന്നെ തന്റെ ഉസൂലുൽ ഫിഖ്ഹ് എന്ന നിയമ തത്വങ്ങളെക്കുറിച്ച പുസ്തകത്തിൽ അതിനായി മാറ്റി വെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ” ജ്ഞാനത്തെ നിർവ്വചിക്കാനാവില്ല” തന്റെ പ്രസ്താവനയെ വിശദീകരിച്ചുകൊണ്ടദ്ദേഹം പറഞ്ഞത്, ജ്ഞാനത്തെ നിർവ്വചിക്കാനുള്ള നമ്മുടെ കഴിവുകേട് അതേക്കുറിച്ചുള്ള നമ്മുടെ അജ്ഞതയെ സൂചിപ്പിക്കുന്നില്ലെന്നും അതിനെ അതിന്റെ ശാഖകൾ കൊണ്ടും അവയെന്താണെന്നതു കൊണ്ടും നമുക്ക് ലളിതമായി നിർവ്വചിക്കാമെന്നുമാണ്. നിത്യം (Eternal), യാദ്യച്ഛികം (Accidental) എന്നിങ്ങനെയുള്ള ജ്ഞാനത്തിന്റെ വിഭജനമോ, സൃഷ്ടാവിന്റെ മാത്രം ഗുണമെന്ന നിലയിൽ നിത്യമായ ജ്ഞാനത്തെ വിശദീകരിച്ചതോ അല്ല പ്രധാനമെന്നും, മറിച്ച് ഒരാൾ ജ്ഞാനം സമാർജ്ജിച്ചു കഴിയുന്നതോടെ വിവിധ ജ്ഞാന ശാഖകൾക്കു കീഴിൽ വ്യത്യാസമില്ലാതാവുകയും ശാസ്ത്രം സ്വയം തന്നെ അത്തരം വ്യത്യാസങ്ങളെ മായ്ച്ചുകളയുകയും ചെയ്യുന്നു എന്ന കാഴ്ച്ചപ്പാടാണ് ഊന്നിപ്പറയേണ്ടത്. ഇസ്ലാമിക ജ്ഞാനസിദ്ധാന്തത്തിലേക്കുള്ള ഈ വ്യക്തമായ ഉൾക്കാഴ്ച ഗസാലിയെക്കുറിച്ചുള്ള പഠനങ്ങളിൽ മിക്കപ്പോഴും കാണാതെ പോകുന്നു.

ഗസാലിയുടെ വീക്ഷണത്തിൽ ഇസ്ലാമിക പാരമ്പര്യം ഉരുത്തിരിഞ്ഞു വന്നത് ഖുർആനിലൂടെയാണ്. ഇതിൽ അടിസ്ഥാനപരമായ മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന്, തൗഹീദ്. ദൈവത്തെക്കുറിച്ചും അവനുമായി നമ്മുടെ ബന്ധത്തെക്കുറിച്ചുമുള്ള ആശയങ്ങൾ. രണ്ട്, നുബുവ്വത്ത് അഥവാ പ്രവാചക ചരമ്പരകളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന മതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണ. മൂന്ന്, ഖദ്ർ വിധി നിർണ്ണയത്തെക്കുറിച്ചുള്ള ആശയം. ഈ വിഷയങ്ങളിലെ ആധികാരികൻ ദൈവം തന്നെയാണ്. അങ്ങനെ വരുമ്പോൾ യാർത്ഥ ജ്ഞാനം അല്ലാഹുവിങ്കൽ തന്നെയാണ്.. അതിനർത്ഥം ഒരാൾക്ക് ഇൽമിനെക്കുറിച്ച് യഥാർത്ഥ ജ്ഞാനമുണ്ടാകുന്നതുവരെ അടിസ്ഥാന ഘടകത്തെക്കുറിച്ച് അറിയാൻ കഴിയില്ലെന്നാണ്. ഇൽമ് എന്നതുകൊണ്ട് കേവലമായ ജ്ഞാനമെന്നാണ് അർത്ഥമെങ്കിൽ എങ്ങനെയാണ് മനുഷ്യ വിജ്ഞാനത്തിന് കേവലമായിരിക്കാൻ കഴിയുക? മനുഷ്യ വിജ്ഞാനത്തെ വേർതിരിച്ചറിയാനായി ‘ഫിഖ്ഹ്’ എന്ന പദമുപയോഗിക്കുന്നു. അത് കേവലമെല്ലന്നു മാത്രമല്ല വകഭേദങ്ങൾക്കും വ്യതിയാനങ്ങൾക്കും വിധേയവുമാണ്. ഗസാലിയെ സംബന്ധിച്ച് ‘ഇൽമ്’ എന്നത് അരിവാർജ്ജിക്കുന്നതിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല, മറിച്ച് വിശ്വാസികൾ അവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനെയും ഇസ്‌ലാം കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങൾക്കായി പ്രതിബദ്ധത കാട്ടേണ്ടതിനെയും കൂടി ആവിശ്യപ്പെടുന്നുണ്ട്. ഉൾക്കാഴ്ചയും സാമൂഹ്യ പ്രവർത്തനവും അതിന്റെ സാമൂഹ്യ ചേരുവകളായുണ്ട്. ഭൗതികവും സാമൂഹികവുമായ പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള അറിവിന്റെ വിവിധ ശാഖകളുടെ
സർവ്വതോന്മുഖമായ വികാസവും, ഇസ്ലാമിക പ്രമാണങ്ങളുടെ ന്യായീകരണത്തിനായുള്ള യുക്തിപരമായ വാദമുഖങ്ങളുന്നയിക്കലും, പ്രവാചക പാരമ്പര്യവും ഖുർആനികമായ ശാസനകളുമായി ബന്ധപ്പെട്ട് ഇസ്ലാമിക നിയമങ്ങളുടെ ഉരുത്തിരിച്ചിടുക്കലും ഇസ്ലാമിന്റെ ഇൽമ് എന്ന സമജ്ഞയിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരു പണ്ഡിതനും അദ്ധ്യാപകനുമെന്ന നിലയിൽ ഗസാലി ജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ- അതിന്റെ സങ്കല്പനങ്ങൾ , രീതികൾ, സംവർഗ്ഗങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയിൽ- അദ്ദേഹം അൽപ്പരനായിരുന്നു. അൽ – ഗസാലിയുടെ വീക്ഷണത്തിൽ യഥാർത്ഥ ജ്ഞാനം ദൈവത്തെക്കുറിച്ച അറിവാണ്; ദൈവിക ഗ്രന്ഥങ്ങൾ, അവന്റെ പ്രവാചകന്മാർ, സ്വർഗ്ഗത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചുമുള്ള അറിവ്, പ്രവാചകനിലൂടെ വെളിവാക്കപ്പെട്ട ശരീഅത്തിനെക്കുറിച്ച അറിവ് എന്നിങ്ങനെ. അത്തരം അറിവുകൾ മതകീയ ശാസ്ത്രമാണ്. അതിൽ ചില ലൗകിക പ്രതിഭാസങ്ങളെക്കുറിച്ച പഠനം കൂടി ഉൾപ്പെടുമെങ്കിലും. ഈ ലോകവുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖകളെ – ദൈവശാസ്ത്രവും ഗണിതവും പോലുള്ളവ – സാങ്കേതികവിദ്യകളെന്ന നിലയിലാണ് ഗസാലി കാണുന്നത്. അറിവിന്റെ ഉദ്ദേശം മനുഷ്യനെ വിഭവങ്ങൾ തേടാൻ സഹായിക്കുക, യഥാർത്ഥ സന്തോഷം കൈവരിക്കാൻ സഹായിക്കുക എന്നതാണ്. ദൈവത്തോട് കൂടുതലടുത്തു കൊണ്ടും അവന്റെ കാരുണ്യത്തിലേക്ക് ദൃഷ്ടിപായിച്ചു കൊണ്ടും ഇത് സാധ്യമാകും. പഠിക്കലിന്റെ മൂല്യം കിടക്കുന്നത് അതിന്റെ ഉപയോഗ്യതയിലും സത്യസ്ഥിതിയിലുമാണ്. അങ്ങനെ നോക്കുമ്പോൾ മതപരമായ ശാസ്ത്രങ്ങൾ മതേതര ശാസ്ത്രങ്ങൾക്കും മേലെയെന്നാണ് ഗസാലിയുടെ കണ്ടെത്തൽ. കാരണം ഈ കടന്നുപോകുന്ന ലോകത്തിനപ്പുറമുള്ള നിത്യ ലോകത്തിലെ രക്ഷയെ ബാധിക്കുന്നതാണത്. ഒപ്പം, അവ മതേതര ശാസ്ത്രങ്ങളെക്കാൾ ഉയർന്ന സത്യങ്ങളെ ഉൾക്കൊള്ളുന്നതു കൂടിയാണല്ലോ. ദൈവശാസ്ത്ര തത്വചിന്തക്കുള്ളിൽ നിന്നു നോക്കുമ്പോഴും മതേതര ശാസ്ത്രങ്ങളെ അവഗണിക്കാനാവില്ലെന്ന വശം. അവക്കവയുടെ ഉപയോഗമുണ്ട്, മാത്രവുമല്ല അവ സമൂഹത്തിനാവിശ്യമുള്ളവയാണ്.

ഗസാലിയുടെ അഭിപ്രായത്തിൽ, അവതീർണ (revealed) ശാസ്ത്രങ്ങളും യുക്തി ശാസ്ത്രങ്ങളും തമ്മിൽ ഒരു വൈരുധ്യവുമില്ല. വെളിപാടിന്റെ നിർദ്ദേശങ്ങളും വിവേക യുക്തിയുടെ (reason) ആവശ്യകതകളും തമ്മിൽ പ്രത്യക്ഷത്തിലുള്ള സംഘർഷം ഉടലെടുക്കുന്നത്, സത്യത്തെ എത്തിപ്പിടിക്കാൻ അന്വേഷകനുള്ള കഴിവുകേടിൽ നിന്നും അവതീർണ നിയമത്തിന്റെ യാഥാർത്ഥ്യത്തെയോ, യുക്തിയുടെ വിധി നിർണ്ണയത്തെയോ അയാൾ തെറ്റി മനസ്സിലാക്കുന്നതിൽ നിന്നുമാണ്. യഥാർത്ഥത്തിൽ, അവതീർണ ശാസ്ത്രങ്ങളും യുക്തി ശാസ്ത്രങ്ങളും പരസ്പര പൂരകമാണ്. ഒന്ന് മറ്റൊന്നിന് ഒഴിവാക്കാനാവാത്തതുമാണ്. പ്രശ്നമെന്താണെന്നു വച്ചാൽ അവയെ ഒരുമിച്ചു പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നത് വലിയബുദ്ധിമുട്ടായി അനുഭവപ്പെടുന്നു. ചുരുക്കത്തിൽ തീർത്തും ശാസ്ത്രമെന്ന ഭൗതിക പഠനത്തെ ആത്മീയ പഠനവുമായി ചേർത്തു വെക്കുക എന്ന ആശയത്തിൽ ഗസാലി എത്തിക്കുന്നു.

Related Articles