റബീഉൽ അവ്വൽ ആസന്നമാവുന്നു. പള്ളികൾ പ്രവാചക സ്നേഹo കൊണ്ട് മുഖരിതമാവാൻ പോവുന്നു. സീസണലായ മതത്തെ നെഞ്ചിലേറ്റിയവർക്ക് വായ കൊണ്ട് പ്രവാചക സ്നേഹം പാടാനുള്ള അവസരം. എന്നാൽ അതാണോ ഹുബ്ബുന്നബിയെന്ന് നാം അന്വേഷിക്കണം. പ്രവാചകൻ(സ) തന്റെ നിഴലായി, തന്റെ അടക്കത്തിലും അനക്കത്തിലും സാക്ഷിയായ, അദ്ദേഹത്തിന്റെ വാക്കിന്റേയും നോക്കിന്റേയും നിവേദകനായ അനസ് (റ) വോട് പറഞ്ഞ ഒരു വാചകമുണ്ട്: “മോനേ, ആരോടുo പകയില്ലാതെ നേരം വെളുക്കാനും രാത്രിയാവാനും നിനക്കായാൽ അതാണെന്റെ ചര്യ. ആ ചര്യ ഇഷ്ടമായവൻ എന്നെ സ്നേഹിച്ചവനാണ് .എന്നെ സ്നേഹിച്ചവൻ എന്റെ കൂടെ സ്വർഗത്തിലാവും”.
എന്താണ് സ്നേഹമെന്ന വളരെ കൃത്യമായ അധ്യാപനത്തെ വിളംബരം ചെയ്യുന്ന ഒരു ചരിത്ര സംഭവമാണീ സൂചിപ്പിച്ചത്. നമ്മുടെ ദേഹേഛകൾ നബിയുടെ അധ്യാപനങ്ങൾക്ക് അനുകൂലമാവാതെ നാം വിശ്വാസിയാവില്ലായെന്ന നബിവചനവും ഇതിനോട് ചേർത്ത് വായിക്കുക. അപ്പോഴാണ് ഏത് 5 സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചാലും വീണു പോവുന്ന ഭക്ഷണം എടുത്തു കഴിക്കുന്ന ഉമറി(റ)ന്റെയും അബൂ ഹുദൈഫ(റ)യുടേയും വിതാനത്തിലേക്ക് നമ്മെ പുന:സ്ഥാപിക്കാൻ കഴിയൂ. أأتركُ سنةَ حبيبي لهؤلاء الحمقاء (ഈ വിഡ്ഡികൾക്ക് വേണ്ടി എന്റെ ഹബീബിന്റെ സുന്നത്ത് ഞാൻ വെടിയുകയോ) ഈ ചോദ്യം നമ്മുടെ മുഖമുദ്രയാക്കാൻ കഴിഞ്ഞാൽ നമ്മുടെ ഹുബ്ബുന്നബി വാദത്തിൽ സത്യമുണ്ട്. ഇല്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി ഹുബ്ബുന്നബി സമ്മേളനവും കോടികൾ മുടക്കി ശഅ്റേ മുബാറക് പള്ളിയും നിർമ്മിച്ച് ആ പുണ്യ സ്നേഹം കരഞ്ഞു തീർക്കാം.
ഉപാധികൾ ഇല്ലാതെയാവുമ്പോഴാണ് ശരിയായ സ്നേഹമാവൂ.. നീ അങ്ങനെയായാൽ ഞാൻ ഇഷ്ടപ്പെടാമെന്നൊരുപാധി വയ്ക്കുന്നിടത്ത് അത് വെറും തൊലിപ്പുറമേയുള്ള ഇഷ്ടമായി മാറുന്നു. അത് കൂടിയാൽ അനുരാഗമോ കാമമോ ആയി പരിണമിക്കാം; ഒരിക്കലും സ്നേഹമാവുകയില്ല.
പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിതത്തിലെ ചില അനുഭവങ്ങളാണ് സ്നേഹമെന്തെന്ന് പഠിക്കാൻ നമുക്കേറ്റവും ഉപയുക്തം.
അത്തരം ചില ശോഭന ചിത്രങ്ങളാണ് താഴെ:
അബൂബക്ർ സിദ്ദീഖ് (റ) തന്റെ ചങ്ങാതിമാരോട് പറഞ്ഞ തങ്ങളുടെ പലായന വിശേഷങ്ങളിൽ ചിലത് വായിക്കുക:
യാത്രയിൽ എനിക്ക് വളരെ ദാഹിച്ചു, കയ്യിലുള്ള പാൽ പാത്രം ഞാൻ നബിക്ക് നല്കിയിട്ടു പറഞ്ഞു:
അല്ലാഹുവിന്റെ ദൂതരേ, താങ്കൾ കുടിക്കൂ അബൂബക്ർ (റ) തുടരുന്നു: അങ്ങനെ പ്രവാചകൻ (സ) പാൽ കുടിച്ചു. അത് കണ്ട് ഞാൻ തൃപ്തനായി
(തന്റെ ദാഹം ശമിച്ചെന്നർഥം)
പലായനം ചെയ്തു സൗർ ഗുഹയിൽ പ്രവേശിക്കുന്നതിനുമുമ്പ് അബൂബക്ർ സിദ്ദീഖ് (റ) നബിയോട് പറയുന്നു:
ഗുഹയിൽ എന്തെങ്കിലും ഉണ്ടെങ്കിലോ, താങ്കൾ കയറുന്നതിന് മുമ്പ് ഞാനൊന്നുറപ്പ് വരുത്തട്ടെ .
മറ്റൊരിക്കൽ അബൂബക്ർ സിദ്ദീഖ് (റ) കരയുന്നത് കണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാർ ചോദിച്ചു:
അബൂബക്ർ, നിങ്ങൾ കരയുന്നതെന്താണ്? അദ്ദേഹം പറഞ്ഞു: “റസൂലുല്ലാഹ് കരയുന്നത് കണ്ടു, ഞാനും കരഞ്ഞു പോയി”
പ്രവാചകൻ (സ) കൊല്ലപ്പെട്ടുവെന്ന കിംവദന്തി കേട്ടപ്പോൾ തന്നെ സുബൈർ(റ) വാളെടുത്ത് കേട്ട ഭാഗത്തേക്ക് ഓടുകയായിരുന്നു.അന്നദ്ദേഹത്തിന് പതിനഞ്ച് വയസ്സാണ് പ്രായം. അങ്ങനെ അദ്ദേഹം പ്രവാചക സ്നേഹത്തിന് വേണ്ടി വാളെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ആദ്യ പോരാളിയായി .
ഭർത്താവും വാപ്പയും സഹോദരനും യുദ്ധത്തിൽ ദൈവമാർഗത്തിൽ രക്തസാക്ഷികളായി എന്ന് കേട്ടിട്ടും അല്ലാഹുവിന്റെ ദൂതന് ഒന്നും സംഭവിച്ചിട്ടില്ല എന്നറിഞ്ഞ നിമിഷം ബനീ ദീനാറിലെ ആ സ്ത്രീ പ്രഖ്യാപിച്ചതിങ്ങനെ: “താങ്കൾക്ക് ശേഷമുള്ള എല്ലാ വിപത്തും വെറും നിസ്സാരം.”
റസൂൽ (സ) സൗബാൻ (റ) നോട് ചോദിച്ചത് പ്രസിദ്ധമാണ്: നിങ്ങളുടെ നിറമെന്താണിങ്ങനെ മങ്ങിയിരിക്കുന്നത്?
സൗബാൻ പറഞ്ഞു: എനിക്ക് അസുഖമോ വേദനയോ ഒന്നുമില്ല, താങ്കളെ കണ്ടില്ലെങ്കിൽ പിന്നെ കണ്ടുമുട്ടുന്നത് വരെ വളരെ ഏകാന്തത അനുഭവപ്പെടും , അത്രതന്നെ.(അതാണീ ഭാവമാറ്റമെന്നർഥം)
അർത്ഥത്തിലും അക്ഷരത്തിലും സ്നേഹമെന്തെന്നറിയാൻ അപവാദ പ്രചാരണങ്ങൾ കേട്ടപ്പോൾ പ്രവാചക (സ)ന്റെ പ്രതികരണത്തിൽ വായിച്ചെടുക്കാം: (ആഇശയുടെ കാര്യത്തിൽ എന്നെ ഇനിയും വേദനിപ്പിക്കരുത്).
അല്ലാഹുവിന്റെ ദൂതൻ (സ) ഒരിക്കൽ റബീഅ: ബിൻ കഅബ് (റ ) നോട് ചോദിച്ചു: എന്താണ് നിങ്ങളുടെ ആവശ്യം?
അദ്ദേഹം ഉടൻ പ്രതികരിച്ചു : സ്വർഗത്തിലും നിങ്ങളെ അനുഗമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു നബിയേ …
റസൂൽ (സ)യുടെ വേർപാടിന് ശേഷം ഉമറി(റ)ന്റെ കാലത്ത് ബൈതുൽ മഖ്ദിസിന്റെ വിജയ പ്രഖ്യാപന വേളയിൽ ഉമറിന്റെ അഭ്യർത്ഥന പ്രകാരം കൊടുത്ത ബാങ്കിൽ ബിലാൽ (റ) “അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് “എന്ന് മുഴുമിപ്പിക്കാനാവാതെ കരഞ്ഞ് ബോധം കെട്ടു പോയതിലാണ് ശരിയായ പ്രവാചക സ്നേഹം ദർശിക്കാൻ സാധിക്കുന്നത്.
ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ഉത്തരം നൽകപ്പെടുന്ന പ്രാർത്ഥനയിൽ തന്റെ ഉമ്മതികൾക്ക് വേണ്ടി പ്രാർഥിക്കുമെന്ന പ്രഖ്യാപനത്തിലാണ് നാം സ്നേഹം തിരയേണ്ടത്.
നാവ് കൊണ്ട് പറഞ്ഞു തീർക്കാനുള്ളതല്ല യഥാർത്ഥ സ്നേഹമെന്നതിന് ഉപരിസൂചിത സംഭവങ്ങൾ സാക്ഷി .
ഇത്തരം നിരവധി സംഭവങ്ങൾ കൊണ്ട് ഹദീസ് / സീറാ ഗ്രന്ഥങ്ങൾ സമ്പന്നമാണ്.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW