Current Date

Search
Close this search box.
Search
Close this search box.

ഹന്‍ദല: ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകം

ഫലസ്തീന്‍ പ്രതിരോധത്തിന്റെയും സമരത്തിന്റെ മുന്‍നിരയില്‍ പ്രതീകാത്മകമായി പലപ്പോഴും ഉപയോഗിക്കുന്ന ഒരു കൊച്ചു ബാലന്റെ ചിത്രം നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകും. ഫലസ്തീന്‍ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നവരുടെ ഈ ചിത്രം കാണുമ്പോള്‍ ഒരിക്കലെങ്കിലും മനസ്സില്‍ ചോദിക്കുന്ന ചോദ്യമായിരിക്കും ആരാണ് ഈ കൊച്ചു ബാലന്‍, ആരാണ് ഇതിന്റെ സൃഷ്ടിക്ക് പിന്നിലെന്ന്. അതിനുള്ള ഉത്തരമാണിവിടെ.

ഫലസ്തീനിയന്‍ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലിയാണ് ഹന്‍ദലയുടെ സൃഷ്ടിക്ക്് പിന്നില്‍. 10 വയസ്സുകാരനായ ഫലസ്തീനി അഭയാര്‍ത്ഥി ബാലനായാണ് ഹന്‍ദലയെ ചിത്രീകരിച്ചിരിക്കുന്നത്. തന്നെ വീട്ടില്‍ നിന്നും ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിതമായി പുറത്താക്കപ്പെട്ട സമയത്തെ കാര്‍ട്ടൂണിസ്റ്റ് അലിയുടെ വയസ്സിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ അധിനിവേശം അവസാനിക്കുന്നത് വരെ ഹന്‍ദല 10 വയസ്സുകാരനായി തന്നെ തുടരുമെന്നാണ് കാര്‍ട്ടൂണിസ്റ്റ് പ്രഖ്യാപിച്ചത്.

 

കയ്‌പേറിയ ഫലം കായ്ക്കുന്ന, എന്നെന്നും നശിക്കാത്ത ഫലസ്തീനിലെ ഒരു സസ്യത്തില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ആഴത്തില്‍ വേരുള്ള ഈ ചെടി എത്ര തന്നെ വെട്ടി മാറ്റിയാലും പിഴുതെറിഞ്ഞാലും വീണ്ടും തഴച്ചു വളരും. അതായത് ഫലസ്തീനിലെ കുഞ്ഞുങ്ങളെ എത്ര തന്നെ തളര്‍ത്തിയാലും പൂര്‍വാധികം ശക്തിയോടെ ഉയര്‍ന്നുവരുമെന്നാണ് ഇതിലൂടെ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞുവെക്കുന്നത്.

രണ്ടു കൈയും പിന്നിലേക്ക് ചേര്‍ത്ത്പിടിച്ച് നഗ്നപാദനായി നില്‍ക്കുന്ന ഹന്‍ദല ഫലസ്തീന്‍ അധിനിവേശത്തില്‍ പങ്കുചേര്‍ന്ന ലോകത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാവപ്രകടനമാണ്. ഏത് വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തെയാണ് ഈ ചിത്രത്തിലൂടെ കാര്‍ട്ടൂണിസ്റ്റ് നമുക്ക് മുന്നില്‍ കാണിച്ചുതരുന്നത്.

 

കഥാപാത്രത്തിന്റെ മുഖം എവിടെയും ഇതുവരെ കാണിച്ചിട്ടില്ല. മുഖം മറച്ച ഹന്‍ദലയുടെ മുടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശത്രുക്കളില്‍ നിന്നും സ്വയം പ്രതിരോധത്തിനായി മുള്ളുകള്‍ പ്രയോഗിക്കുന്ന മുള്ളന്‍പന്നിയുടെ മുള്ളുകളെയാണ് ഹന്‍ദലയുടെ മുടിയെ കാര്‍ട്ടൂണിസ്റ്റ് സൂചിപ്പിക്കുന്നത്. ഹന്‍ദലയുടെ കുപ്പായത്തിന്റെ വലതു തോള്‍ഭാഗത്ത് വസ്ത്രം തുന്നിപ്പിടിപ്പിച്ച നിലയിലാണ്. ഇസ്രായേലിന്റെ അതിക്രമത്തെ അതിജീവിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫലസ്തീനികള്‍ക്കിടയിലും ലോകമെമ്പാടുമുള്ള ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളിലും റാലികളിലും ഇടം പിടിച്ച ഹന്‍ദല ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി ഇന്നും സജീവമായി കര്‍മപഥത്തിലുണ്ട്.

ഹന്‍ദലയുടെ വിവിധ രൂപത്തിലുള്ള കാര്‍ട്ടൂണുകളാണ് കാലക്രമേണ ഫലസ്തീന്‍ പോരാട്ടത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാര്‍ പരിചയപ്പെടുത്തിയിരുന്നത്. ഒരു കൈയില്‍ ഫലസ്തീന്റെ പതാകയേന്തിയും, പിന്നോട്ടു കെട്ടിയ കൈയില്‍ കല്ല് പിടിച്ചും ഇസ്രായേലിന്റെ അതിര്‍ത്തിവേലി തകര്‍ത്ത് മുന്നോട്ട് കുതിക്കുന്ന ഹന്‍ദലയായും ഫലസ്തീനികളുടെ പരമ്പരാഗത വേഷത്തിന്റെ ഭാഗമായ കഫിയ്യ ധരിച്ചുമുള്ള കൊച്ചു ഹന്‍ദലയെല്ലാം പിന്നീട് ഈ പോരാട്ടത്തിന്റെ ഭാഗമായിട്ടുണ്ട്.

 

Related Articles