Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: സൗദിയുടെ പ്രതിസന്ധിക്കുള്ള പരിഹാരങ്ങള്‍

ഖഷോഗിയുടെ കൊലപാതകം സഊദിയെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം തീര്‍ത്തും ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഒരേ സമയം ആഭ്യന്തരമായും വൈദേശികമായും രാജ്യത്തെ ഇത് ബാധിക്കുന്നു. സഊദിയെ പുതിയ കാലത്തേക്ക് നയിക്കും എന്ന് പറഞ്ഞാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്തു വന്നത്. പുതിയ അധികാരാരോഹണത്തിനു ശേഷം ആഭ്യന്തര രംഗത്തു ഉണ്ടായ വിശേഷങ്ങള്‍ ലോക തലത്തില്‍ കാര്യമായാ ചര്‍ച്ചയായില്ല.

സഊദിയുടെ ആഭ്യന്തര കാര്യം എന്ന് മാത്രമായിരുന്നു അതില്‍ ലോകത്തിന്റെ നിലപാട്. പക്ഷെ ഖഷോഗിയുടെ കൊലപാതകം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ രാജ്യത്തിന് മേല്‍ ഉണ്ടാകുന്നു എന്നതാണ് വാര്‍ത്ത. ഒരു ഭാഗത്തു യൂറോപ്യന്‍ രാജ്യങ്ങളും മറു ഭാഗത്തു മധ്യേഷ്യയില്‍ ആര്‍ക്കാണ് ആധിപത്യം എന്ന രീതിയില്‍ തുര്‍ക്കിയും ഒന്നിച്ചു വരുമ്പോള്‍ അതിനെ മറികടക്കാന് സഊദിയുടെ മുന്നില്‍ എന്താണ് മാര്‍ഗം എന്ന് നിരീക്ഷകര്‍ ചര്‍ച്ച ചെയ്യുന്നു. ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ ഭരണ രംഗത്തു നല്ല നൈപുണ്യമുള്ള വ്യക്തിയാണ്. പ്രത്യേകിച്ച് റിയാദിലെ വികസന കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അംഗീകരിക്കപ്പെട്ടതാണ്.

മൂന്നു രീതികളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമായി ഉന്നയിക്കപ്പെടുന്നത്. ഒന്ന് മുഹമ്മദ് ബിന്‍ സല്‍മാന് ഇപ്പോഴത്തെ പോലെ പോകാന്‍ അനുവദിക്കുക.
ഖഷോഗി വധം ഒരു ചെറിയ സംഭവമാണ് എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുക. സഊദി വേണ്ട നടപടികളുമായി മുന്നോട്ടു പോകുന്നു എന്ന് ലോകത്തിനു മനസ്സിലാക്കി കൊടുക്കുക. ഖഷോഗി വധം പെട്ടെന്ന് ഗതി മാറ്റി വിടാന്‍ കഴിയില്ല എന്നത് കൊണ്ടും തുര്‍ക്കി,ജര്‍മനി പോലുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടുന്നതു കൊണ്ടും ആ ഒരു നിലപാട് അസാധ്യമാണ്.

രണ്ടാമത്തെ പ്രതിവിധി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രസ്തുത സ്ഥാനത്തു നിന്നും മാറ്റുക എന്നതാണ്. അത് രാജ്യത്ത് പുതിയ ആഭ്യന്തര വിഷയങ്ങള്‍ സൃഷ്ടിക്കും. ആരെ ഏല്‍പ്പിക്കും എന്നതു മുതല്‍ പ്രശ്‌നം ആരംഭിക്കും. രാജ്യത്തിനു മാത്രമല്ല രാജ കുടുംബത്തില്‍ തന്നെ അത് പുതിയ വിഷയങ്ങള്‍ ഉണ്ടാക്കും.

മൂന്നാമത്തെ കാര്യം സല്‍മാന്റെ അധികാരങ്ങള്‍ കുറക്കുക എന്നതാണ്. അതും എളുപ്പമാവില്ല. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഭരണ രംഗത്ത് കാര്യമായ ഇടം അദ്ദേഹം നേടിയിട്ടുണ്ട് എന്നുറപ്പാണ്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ അധികാരവുമായി രംഗത്തു വരുമ്പോള്‍ അതും മറ്റൊരു ആഭ്യന്തര പ്രശ്‌നത്തിലേക്ക് കടക്കും. മൊത്തത്തില്‍ വര്‍ത്തമാന പ്രതിസന്ധിയെ എങ്ങിനെ മറികടക്കും എന്നത് സഊദിയുടെ മുന്നിലുള്ള വലിയ ചോദ്യമാണ്. നഷ്ടമായ അന്തരാഷ്ട്ര വ്യക്തിത്വം തിരിച്ചു പിടിക്കാന്‍ അടിയന്തിരമായി വല്ലതും ചെയ്‌തേ പറ്റൂ. പക്ഷെ പൂച്ചക്ക് ആര് മണികെട്ടും എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു എന്നാണ് അന്താരാഷ്ട നിരീക്ഷകര്‍ മുന്നോട്ടു വെക്കുന്നത്.

Related Articles