Current Date

Search
Close this search box.
Search
Close this search box.

മനസ്സിന്റെ ഫത്‌വയാണോ, കര്‍മശാസ്ത്ര ഫത്‌വയാണോ സ്വീകരിക്കപ്പെടേണ്ടത്?

ചോദ്യം: ഒരുവന്‍ ചോദ്യം ചോദിക്കുമ്പോള്‍ മുഫ്തി തൊട്ടുടനെ തന്നെ അതിന് ഉത്തരം നല്‍കുന്നു. ഇത് അവന്റെ മനസ്സിന്റെ ഫത്‌വക്ക് എതിരുമായിരിക്കും. ഈ സമയം ഏതൊന്നാണ് സ്വീകരിക്കപ്പടേണ്ടത്? ‘നിന്റെ മനസ്സിനോട് നീ ഫത്‌വ ചോദിക്കുക’ എന്ന് ഹദീസുകളില്‍ കാണുകയും ചെയ്യുന്നു.

ഉത്തരം: ആ ഹദീസ് ശരിയായ ഹദീസ് തന്നെയാണ്. പക്ഷേ, അത് മനസ്സിന്റെ തോന്നല്‍ കര്‍മശാസ്ത്ര പണ്ഡിതന്റെ ഫത്‌വക്ക് (മതവിധി) മേല്‍ പ്രാമുഖ്യം നല്‍കുവാന്‍ ആവശ്യപ്പെടുന്നില്ല. അല്ലാഹു വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നു: ‘നിനക്ക് മുമ്പ് മനുഷ്യന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിയാത്തത് നിങ്ങല്‍ അറിവുളളവരോട് ചോദിക്കുക’ (അന്നഹല്‍: 43). എന്നാല്‍, ഇത്തരത്തിലുളള വ്യത്യസ്തമായ ഹദീസുകള്‍ പ്രമാണമില്ലാത്ത സന്ദര്‍ഭത്തില്‍ സ്വീകരിക്കപ്പെടേണ്ടതോ, അല്ലെങ്കില്‍ മുഫ്തിയെ തെറ്റിധരിപ്പിച്ച് ഇച്ഛക്ക് അനുസൃതമായ ഫത്‌വ നേടിയെടുക്കുന്നവര്‍ സ്വന്തത്തോട് ചോദിക്കേണ്ടതോ, അതുമല്ലെങ്കില്‍ മുഫ്തി തോന്നിയതുപോലെ ഫത്‌വ നല്‍കുകയോ ചെയ്യുന്നത് മുഖേനയാണ് സ്വന്തത്തോട് ഫത്‌വ ചോദിക്കുകയെന്നത് പ്രസ്‌ക്തമാകുന്നത്.

തുടര്‍ന്ന് നാം മനസ്സിലാക്കേണ്ടത് ഇത് എല്ലാവര്‍ക്കുമുളളതല്ല എന്നതാണ്. പ്രവാചകന്‍ വാബിസയെപോലുളള സ്വഹാബികളോട് പറഞ്ഞതാണിത്. വാബിസബ്‌നു മഅ്ബദ് (റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്റെ അടുക്കല്‍ ചെന്നപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നീ നല്ലതും ചീത്തതമായതിനെ കുറിച്ച് ചോദിച്ചുകൊണ്ടല്ലേ വന്നത്? ഞാന്‍ പറഞ്ഞു: അതെ. ഫത്‌വ ചോദിക്കേണ്ടത് നിന്റെ മനസ്സിനോടാണെന്ന് പ്രവാചകന്‍ എന്നോട് പറഞ്ഞു. തുടര്‍ന്ന് പ്രവാചകന്‍ (സ) പറഞ്ഞു: ജനങ്ങള്‍ നിനക്ക് ഫത്‌വ നല്‍കുകയാണെങ്കിലും, നന്മയെന്നത് മനസ്സിന് സമാധാനം ലഭ്യമാക്കുന്നതും തിന്മയെന്നത് മനസ്സില്‍ ചൊറിച്ചുലുണ്ടാക്കുന്നതുമാണ്. ഈ ഹദീസിന് സമാനമായ ഹദീസ് അബൂ സഅ്‌ലബുല്‍ ഖുശ്‌നിയില്‍ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. ഇതില്‍ നിന്നാണ് മനസ്സിന്റെ തോന്നലുകള്‍ക്ക് ഫഖീഹിന്റെ ഫത്‌വയേക്കാള്‍ പ്രാമുഖ്യം നല്‍കണമെന്നതിന് തെളിവുകള്‍ കണ്ടെത്തുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധക്കേണ്ടതുണ്ട്:-
ഒന്ന്: ഇത് വാബിസയുടെ വിഷയത്തില്‍ പ്രത്യേകമായതാണ്. പൊതുവായ സ്വഭാവത്തിലുളള പദപ്രയോഗമല്ല ഈ ഹദീസില്‍ വന്നിട്ടുളളത്. അതിനാല്‍ ഒരു പൊതുനിയമം സ്വീകരിക്കാവതല്ല. പ്രത്യേക വിഷയത്തില്‍ പ്രത്യേക വ്യക്തിക്ക് നല്‍കപ്പെട്ടതാണിത്.
രണ്ട്: പ്രമാണമില്ലാത്ത വിഷയത്തിലാണ് ഇത് സ്വീകരിക്കേണ്ടത്. അതല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിക ശരീഅത്ത് വ്യക്തമാക്കിയതാണ് പിന്തുടരേണ്ടത്. വിവരമുളള കൈകാര്യകര്‍ത്താക്കളെ അനുസരിക്കല്‍ വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമായിട്ടുളളതാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പക്കപ്പെട്ടത് പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ പിന്‍പറ്റരുത് ‘ (അല്‍അഅ്‌റാഫ്: 3). ‘നിങ്ങള്‍ക്കറിയാത്തത് നിങ്ങല്‍ അറിവുളളവരോട് ചോദിക്കുക’ (അന്നഹല്‍: 43). ഇതിലൂടെ ചോദിക്കണമെന്ന് നിര്‍ബന്ധമാക്കുമ്പോള്‍ നമുക്ക് എങ്ങനെയാണ് അതിനു ഉത്തരംനല്‍കാതെ മാറിനില്‍ക്കാന്‍ കഴിയുക! അപ്പോള്‍ അവരുടെ ഫത്‌വകള്‍ നമ്മുടെ ഫത്‌വകളായി മാറുകയാണ്. ‘നിങ്ങള്‍ വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക’ (അന്നിസാഅ്: 59). ഇവിടെ തോന്നലുകളിലേക്കും മനസ്സുകളുടെ ഫത്‌വകളിലേക്കും മടങ്ങണമെന്നല്ലല്ലോ പറയുന്നത്.
മൂന്ന്: മുഫ്തി പ്രകടമായ അവസ്ഥയെ മുന്‍നിര്‍ത്തിയാണ് ഫത്‌വ നല്‍കുന്നത്. അഥവാ, ചോദ്യം ചോദിക്കുന്നതിനനുസരിച്ചാണ് ഉത്തരം നല്‍കപ്പെടുക. ചിലപ്പോള്‍ അവയില്‍ മുഫ്തി മനസ്സിലാക്കാത്ത കാര്യങ്ങളുണ്ടായിരിക്കാം. മുഫ്തി അത് മനസ്സിലാക്കിയിരുന്നെങ്കില്‍ ആ ഫത്‌വ മാറ്റുകയോ തിരുത്തുന്നതോ ആയിരിക്കും. ചോദിക്കുന്നവര്‍ക്കാണ് അതിനെ കുറിച്ച് നന്നായി അറിയുക. ആയതിനാല്‍ നല്‍കപ്പെട്ട ഫത്‌വയുടെ കാര്യത്തില്‍ ആ വ്യക്തി അസ്വസ്ഥനായിരിക്കുന്നതാണ്. പ്രത്യക്ഷത്തിലുളളത് കൊണ്ട് വിധിക്കുന്ന ന്യായാധിപനെ പോലെയാണ് ഇവിടെ മുഫ്തിയും. ആയതിനാല്‍, മനസ്സിന്റെ തോന്നലുകള്‍ ഫത്‌വയായി സ്വീകരിക്കുന്നതിന് ഇത്തരത്തിലുളള ഹദീസുകളെ തെളിവായി കാണുന്നത് ശരിയായ വിധത്തിലുളള പ്രമാണ വായനയല്ല. അത് പ്രമാണങ്ങള്‍ക്കെതിരുമാണ്.

Related Articles