Current Date

Search
Close this search box.
Search
Close this search box.

പൂനിലാവും കാത്ത്,പ്രാര്‍‌ഥനയോടെ ഒരു രാജ്യം

ഒരു പര്‍‌വ്വതത്തെ വേണമെങ്കില്‍ തച്ചു തരിപ്പണമാക്കാം.ഒരു മഹാ പ്രവാഹത്തിന്റെ ഗതി പോലും മാറ്റാനായേക്കും.എന്നാല്‍ അത്രയൊന്നും എളുപ്പമല്ലത്രെ ഒരാളുടെ മുന്‍‌വിധികള്‍ മാറ്റിയെടുക്കാന്‍.യുഗ പ്രഭാവനായ ഒരു പണ്ഡിതന്റെ വാക്കുകളാണിത്.

ഒരു വിഭാഗം ജനങ്ങളോടുള്ള അസഹിഷ്‌ണുതയും ശത്രുതയും പൊതു സമൂഹത്തില്‍ വെച്ചു വേവിക്കുകയും വിളമ്പുകയും വിതരണം നടത്തുകയും എന്ന അതി ദയനീയമായ തിരഞ്ഞെടുപ്പ്‌ കാഴ്‌ചയ്‌ക്ക്‌ ഇന്ത്യാ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നു.ജനാധിപത്യ പ്രക്രിയകളിലൂടെ വിജയിച്ചവരും, രാജ്യം ഭരിക്കുന്നവരും, ഭരിച്ചവരും, ഉന്നത നേതൃ നിരയും ഇങ്ങനെ പട്ടാപകല്‍ വിഷം ചീറ്റുന്നുവെങ്കില്‍ അവരുടെ അണികളുടേയും അനുധാവകരുടേയും കാര്യം ഊഹിക്കാവുന്നതേയുള്ളൂ.

ഇതര വിഭാഗങ്ങളോട്‌ ഇത്രമാത്രം ശാത്രവം വെച്ചു പുലര്‍‌ത്തുന്ന ഈ സാധുക്കളെ വരിക്കാനും വണങ്ങാനും; വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവരെന്നു അനുമാനിക്കുന്നവര്‍ ചെറുതല്ലാത്ത വിധം നിര നിരയായി നില്‍‌ക്കുന്നു എന്നതും ആശ്ചര്യ ജനകമത്രെ.അജ്ഞരായ ജനങ്ങളുടെ അന്ധ വിശ്വാസങ്ങളെക്കാള്‍ ഏറെ അപകടകരം വിവരമുള്ളവരെന്നു ധരിച്ചു പോരുന്നവരുടെ അന്ധതയാണെന്ന മഹാ മനീഷികളുടെ വിലയിരുത്തലുകള്‍ എത്രമാത്രം പരമാര്‍‌ഥമാണെന്ന്‌ ബോധ്യപ്പെടുകയാണ്‌.

ഒരു രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും,അതിന്റെ വികസനങ്ങളെ കുറിച്ചും,ഉണര്‍‌ന്നും ഉയര്‍‌ന്നും വരാനിരിക്കുന്ന ഒരു ജനതയെ കുറിച്ചും,ഉന്നതമായ സാം‌സ്‌കാരിക വിപ്‌ളവങ്ങളെ കുറിച്ചും ഈ സം‌ഘങ്ങള്‍‌ക്ക്‌ ഒന്നും പറയാനില്ല.മറിച്ച്‌ തങ്ങളുടെ തന്നെ സമഗ്രാധിപത്യ പ്രവണതകളെ കുറിച്ചും,പരിമിതമായ ചില വമ്പന്‍ സ്രാവുകളുടെ പരിപാലനത്തെ കുറിച്ചും,വരേണ്യ വിഭാഗത്തിന്റെ മാത്രം താല്‍‌പര്യങ്ങളെ കുറിച്ചും,നിഷേധാത്മകമായ പട നീക്കങ്ങളെ കുറിച്ചും ഒക്കെ ഒച്ച വെക്കാന്‍ മാത്രമേ ഈ കുബേര ഗോപകുമാരന്മാര്‍‌ക്ക്‌ കഴിയുന്നുള്ളൂ.

ഫാഷിസ്റ്റ് ഭരണ ക്രമത്തില്‍ ഒരു വക ക്രിയേഷനുകളും സം‌ഭവിച്ചിട്ടില്ല.മുന്‍ കാലങ്ങളിലെ വിഭാവനകള്‍ സേവ്‌ ഏസ്‌ ചെയ്‌തും റി നെയിം ചെയ്‌തും സ്വന്തമാക്കിയിട്ടുണ്ട്‌.ഡോകുമന്റുകള്‍ ഇമേജുകളായി കണ്‍‌വര്‍‌ട്ട്‌ ചെയ്‌തിട്ടുണ്ട്‌.കൂടാതെ ഒഴിവാക്കപ്പെട്ട പലതും റിസൈക്കിള്‍ ബിന്നില്‍ നിന്നും റി സ്റ്റോര്‍‌ ചെയ്യുകയും തങ്ങള്‍‌ക്കിഷ്‌ടമില്ലാത്തതൊക്കെ ഡിലീറ്റ് ചെയ്‌തു കൊണ്ടിരിക്കുകയും ചെയ്യുന്നു.ഇതില്‍ യഥാര്‍‌ഥ പ്രോഗ്രാം ഫയലുകള്‍ പോലും ഉള്‍‌പ്പെട്ടതിനാല്‍ സിസ്റ്റം ഹാങായിരിക്കുന്നു.റിഫ്രഷ്‌ കൊണ്ട്‌ കാര്യമില്ല.ഇനി റി സ്റ്റാര്‍‌ട്ട്‌ ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ സിസ്റ്റം പൂര്‍‌വസ്ഥിയിലേയ്‌ക്ക്‌ പരിവര്‍‌ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂ.

അടിമകളാക്കപ്പെട്ടവരും,അടിച്ചമര്‍‌ത്തപ്പെട്ടവരും,അരിക്‌ വല്‍‌കരിക്കപ്പെട്ടവരും,
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും ഒക്കെ പൊയ്‌പോയ ചരിത്രത്താളുകളിലും കഴിഞ്ഞു പോയിട്ടുണ്ട്‌.എന്നാല്‍ അവര്‍ ഒരു മോചനത്തെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ നെയ്‌തിരുന്നു.കാരണം തങ്ങള്‍ മര്‍‌ദ്ദിതരാണെന്നു അവര്‍‌ക്ക്‌ നല്ല ബോധവും ബോധ്യവുമുണ്ടായിരുന്നു.എന്നാല്‍ വര്‍‌ത്തമാന കാലത്ത് മര്‍‌ദ്ദിതരില്‍ നല്ലൊരു ശതമാനവും ഒരു സുപ്രഭാതത്തെ കാത്തിരിക്കുന്നില്ല.സ്വപ്‌നങ്ങള്‍ നെയ്യുന്നുമില്ല.കാരണം അവര്‍ക്ക്‌ അറിയില്ല.തങ്ങള്‍ മര്‍‌ദ്ദിതരാണെന്ന്‌.അഥവ ചിന്താപരമായി ഉണരാനുള്ള സാഹചര്യങ്ങള്‍ പോലും ക്രുരമായി നിര്‍‌മാര്‍‌ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു.ഇതായിരിക്കണം വര്‍‌ത്തമാന ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി.

താഴെ തട്ടിലുള്ളവര്‍ക്ക്‌ പ്രത്യേകമായി ആത്മ ധൈര്യവും വീര്യവും തിരിച്ചറിവും ലഭിക്കും വിധമുള്ള പ്രസാരണ പ്രചാരണ ശിക്ഷണ പരിപാടികള്‍ നിരന്തരം നടക്കേണ്ടിയിരിക്കുന്നു.സാമൂഹ്യ സം‌വരണമെന്ന ഉദാത്ത സമ്പ്രദായത്തെ സാമ്പത്തിക സം‌വരണമെന്ന അതി സാമര്‍‌ഥ്യത്തിലേയ്‌ക്ക്‌ ചുരുക്കി കെട്ടിയതിനെ അഴിച്ചു മാറ്റാന്‍ പ്രേരകമാകുന്ന ശക്തമായ നയ നിലപാടുകള്‍ പുതിയ കാലത്തിന്റെ തേട്ടമാണ്‌.

പണ്ടു കാലങ്ങളില്‍ ആഢ്യ കുടും‌ബങ്ങളിലെ പ്രഭു കുമാരന്മാര്‍ പലരും അവര്‍‌ണ്ണരായ യുവതീ യുവാക്കളെ അക്രമിക്കുകയും,അവഹേളിക്കുകയും ഒരു വേള അവരുടെ ഇം‌ഗിതത്തിന്‌ ഇരയാക്കുകയും ഒക്കെ സാധാരണമായിരുന്നത്രെ.ആരും പ്രതികരിക്കുകയൊ പരാതിപ്പെടുകയൊ ചെയ്യുമായിരുന്നില്ല.ഒരുവേള പ്രഭുക്കള്‍‌ക്ക്‌ ഇതൊക്കെ അനുവദനീയമാണെന്നും തങ്ങള്‍ അവര്‍‌ണ്ണര്‍ പാവങ്ങള്‍ ഇതെല്ലാം സഹിക്കാനും പൊറുക്കാനും ബാധ്യസ്ഥരാണെന്നും ഈ സാധുക്കള്‍ വിശ്വസിച്ചു പോന്നിരുന്നു.

തീരെ സഹികെട്ട ചില രക്ഷിതാക്കള്‍ ഏറെ ഭവ്യതയോടെ തിരുമുറ്റത്തെത്തി പരാതിപ്പൊതി അഴിച്ചാലുള്ള പ്രതികരണം ഏറെ വിചിത്രമായിരുന്നു.തിരുമേനിമാര്‍ പറയുമായിരുന്നത്രെ “പ്രഭുകുമാരന്മാരുടെ ശീലും ശൈലിയുമൊക്കെ എല്ലാവര്‍‌ക്കും നല്ല ബോധ്യല്ലേ?എന്നിട്ട്‌ അവരെ മുമ്പീ ചെന്നു ചാടണെ ഇവറ്റകളെയൊക്കെയല്ലേ ചാട്ട മാറേണ്ടേ..?ഇതും പറഞ്ഞ്‌ പരാതിക്കാരെ അതി ക്രുരമായി പ്രഹരിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുമായിരുന്നു.ഇത്തരം കഥകള്‍ അടഞ്ഞ അധ്യായമായി കണക്കാക്കപ്പെട്ടിരുന്നു.എന്നാല്‍ അതേ അടഞ്ഞ അന്ധകാരത്തിന്റെ അറകളും,പ്രജകളും വീണ്ടും സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നാണ്‌ പല സം‌ഭവങ്ങളും കൃത്യമായും വ്യക്തമാക്കി തരുന്നത്.ഇത്തരം തിരുമുറ്റങ്ങളുടെ പുനസൃഷ്‌ടിപ്പിലൂടെയാണ്‌ സവര്‍‌ണ്ണ ഫാഷിസ്റ്റുകള്‍ അജണ്ട പൂര്‍‌ത്തീകരിച്ചു കൊണ്ടിരിക്കുന്നത്.

ഭാരതീയ സം‌സ്‌കാര ധര്‍‌മ്മത്തില്‍ സവര്‍‌ണ്ണ മേധാവിത്തം അടിച്ചേല്‍‌പ്പിച്ച അബദ്ധ ധാരണകളും അന്ധ വിശ്വാസങ്ങളും പൂര്‍‌വാധികം ശക്തിയോടെ കാടു കയറുന്ന കാഴ്‌ച ഏതു ധര്‍‌മ്മ ബോധമുള്ളവനേയും ആശ്ചര്യപ്പെടുത്തും.കാലങ്ങളായി നവോത്ഥാന നായകന്മാര്‍ നട്ടു വളര്‍‌ത്തിയ സുഗന്ധിപ്പൂക്കളെ നിഷ്‌കരുണം പിഴുതെറിഞ്ഞ്‌ തല്‍‌സ്ഥാനത്ത് ദുര്‍‌ഗന്ധികളെ വിരിയിപ്പിക്കുന്നതിലും വിളയിപ്പിക്കുന്നതിലും ഒരു പരിധിവരെ സവര്‍‌ണ്ണ ഫാഷിസം ഏറെ മുന്നിട്ടിരിക്കുന്നു എന്നു അനുമാനിക്കാനാകും.

രാജ്യം കണ്ട നെറികെട്ട ഒരു ഭരണ ക്രമത്തിലെ ദുരിതങ്ങളൊന്നും ഒരു പ്രയാസമുണ്ടാക്കിയതായി തോന്നാത്ത വിധം മാസ്‌മരികതയില്‍ ഈ ഹതഭാഗ്യര്‍ പെട്ടു പോയിരിക്കുന്നു. ഒരു പൊളിച്ചെഴുത്തിനെ കുറിച്ചൊ പുതിയ ഭരണ മാറ്റത്തെ കുറിച്ചൊ വേവലാധികള്‍ ഒട്ടും ഇല്ലാതെ കഴിയാന്‍ മാത്രം മാനസികമായ അടിമത്തത്തില്‍ കുരുക്കപ്പെട്ടിരിക്കുന്നു.

ഏഷ്യയിലെ തന്ത്ര പ്രധാനമായ മഹത്തായ ഒരു രാജ്യത്തിന്റെ അടിത്തറ ഇളക്കാന്‍ പ്രയത്നിച്ചവരേയും പ്രവര്‍‌ത്തിക്കുന്നവരേയും പോലും ഭരണ സിരാ കേന്ദ്രത്തിലേയ്‌ക്ക്‌ നിയോഗിക്കാന്‍ ധാര്‍‌ഷ്‌ട്ര്യം കാണിക്കുവോളം ഭീകരമാണ്‌ ഈ ഉപ ഭൂഖണ്ഡത്തിന്റെ ശോചനീയാവസ്ഥ.

പറഞ്ഞു വരുന്നത്‌ ഭാരതം അതി ശീഘ്രം പിന്നോട്ട്‌ കുതിക്കുകയാണ്‌. കടുത്ത ദുര്‍‌ഗന്ധ ഭൂമികയിലാണ്‌ നാം.കൂരാകൂരിരുട്ടിലാണ്‌ രാജ്യം. ഇവിടെ കൈതിരികളും നെയ്‌തിരികളും കൊണ്ട്‌ മാത്രം ദിശകാണിക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല.ഇതൊക്കെ കണ്ട്‌ കാഴ്‌ചക്കാരായി നോക്കി നില്‍‌ക്കാന്‍ സത്യത്തിന്റെ വാഹകര്‍‌ക്ക്‌ – ദൈവത്തിന്റെ പ്രതിനിധികള്‍‌ക്ക്‌ സാധ്യവുമല്ല.

ഒരു പൂര്‍‌ണ്ണ ചന്ദ്രോദയം പെയ്യുന്ന പൂനിലാവ്‌ പ്രതീക്ഷിച്ചുള്ള നിഷ്‌കളങ്കമായ പ്രവര്‍‌ത്തന നൈരന്തര്യം തന്നെയാണ്‌ അഭികാമ്യം . ഇതിന്നായിരിക്കട്ടെ സുമനസ്സുക്കളുടെ പ്രതിജ്ഞയും പ്രാര്‍‌ഥനയും.

Related Articles