Great MomentsYour Voice

സത്യനിഷേധവും മാര്‍ഗഭ്രംശവും

സത്യമാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനത്തിന് ഒരുപാട് വഴികളും ഘടകങ്ങളുമുണ്ട്. അത് ചിലപ്പോള്‍ ബൗദ്ധികവും ശാരീരികവും ധാര്‍മ്മികവുമായ മാര്‍ഗങ്ങളോ ഘടകങ്ങളോ ആയിരിക്കാം. ചിലപ്പോള്‍ അവ പരിസ്ഥിതിയെയോ അനന്തരസ്വത്തിനെയോ സ്വാധീനിച്ചെന്നും വരാം. അതുമല്ലെങ്കില്‍ ഒരു മനുഷ്യന്റെ ശാരീരിക വളര്‍ച്ചയിലോ ജീവിത പ്രകൃതത്തിലോ അതിന്റെ സ്വാധീനം ഉണ്ടായെന്നും വരാം. ഇതിനു പുറമെ മറ്റു ചില വഴികളിലൂടെയും അതു കടന്നു വരാം. താഴെ പറയുന്നവ അവയില്‍ അതിപ്രധാനമാണ്:

1. നിഷേധം
മാര്‍ഗഭ്രംശം സംഭവിക്കാന്‍ കാരണമാകുന്ന മാര്‍ഗങ്ങളില്‍ പെട്ടതാണെന്ന് അല്ലാഹു പറഞ്ഞ മാര്‍ഗമാണ് സത്യനിഷേധം. അഥവാ സത്യത്തെക്കുറിച്ച് പൂര്‍ണ്ണ ബോധവാനായിട്ടും അതില്‍നിന്നും മുഖം തിരിക്കല്‍. അല്ലാഹു പറയുന്നു:’നാം നിങ്ങള്‍ക്ക് തരാത്ത പല സൗകര്യങ്ങളും അവര്‍ക്ക് കൊടുക്കുകയും കേള്‍വിയും കാഴ്ചയും ഹൃദയവും കനിഞ്ഞേകുകയും ചെയ്തിരുന്നു. എന്നിട്ട്, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ആ കേള്‍വിയും കാഴ്ചയും ഹൃദയവുമൊന്നും അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. ഏതൊരു ദൈവിക ശിക്ഷയെ പരിഹാസപാത്രമാക്കിയിരുന്നുവോ അത് അവരെ ആവരണം ചെയ്കയുമുണ്ടായി'(അല്‍അഹ്ഖാഫ്: 26). ഈ ആയത്തില്‍ പരാമര്‍ശിച്ച ‘അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരായിരുന്നു അവര്‍’ എന്നതാണ് അവര്‍ക്ക് അല്ലാഹു അനുഗ്രഹമായി നല്‍കിയ കാഴ്ചയും കേള്‍വിയും ബുദ്ധിയും എടുത്തു കളയാന്‍ കാരണമായത്. അങ്ങനെയവര്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയും ചെയ്തു. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:’അപ്രകാരം താങ്കള്‍ക്കും നാം വേദമവതരിപ്പിച്ചു തന്നു, അപ്പോള്‍ നാം നേരത്തെ വേദം നല്‍കിയവര്‍ ഖുര്‍ആന്‍ വിശ്വസിക്കുന്നു; ഈ മക്കക്കാരിലും അത് വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികള്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയുള്ളൂ'(അല്‍അന്‍കബൂത്ത്: 47). ‘താങ്കള്‍ ഇതിനു മുമ്പ് ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ സ്വകരം കൊണ്ട് അതെഴുതുകയോ ചെയ്തിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സന്ദേഹിക്കാമായിരുന്നു. എന്നാല്‍ വിജ്ഞാനികളുടെ മനസ്സുകളില്‍ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളത്രേ ഖുര്‍ആന്‍. അക്രമികള്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയുള്ളൂ'(അല്‍അന്‍കബൂത്ത്: 48,49). ‘മലപോലുള്ള തിരമാലകള്‍ ആവരണം ചെയ്തുകളഞ്ഞാല്‍ വിധേയത്വം അല്ലാഹുവിനോട് മാത്രമാക്കിക്കൊണ്ട് അവനെയവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കും. എന്നാല്‍ കരയിലേക്കെത്തിച്ച് രക്ഷപ്പെടുത്തിയാലോ, ചിലര്‍ മിതത്വം പാലിക്കും(മറ്റു ചിലര്‍ നിഷേധത്തില്‍ തുടരും). മഹാവഞ്ചകരും തീരെ നന്ദികെട്ടവരുമല്ലാതെ മറ്റാരും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയില്ല'(ലുഖ്മാന്‍ 32).

ഇഹലോകത്ത് സന്മാര്‍ഗ വ്യതിചലനവും തിന്മയുമാണ് നിഷേധികളുടെ ഭാഗദേയമെങ്കില്‍ പരലോകത്ത് അവര്‍ക്ക് ഖേദവും ദുഖവുമായിരിക്കും. അതുവഴി അവര്‍ നരഗാവകാശികളായിത്തീരുകയും ചെയ്യും. അല്ലാഹു പറയുന്നു:’നരകക്കാര്‍ സ്വര്‍ഗസ്ഥരെ വിളിച്ചപേക്ഷിക്കും: നിങ്ങള്‍ ഞങ്ങള്‍ക്ക് അല്‍പ്പം വെള്ളം ഒഴിച്ച് തരികയോ അല്ലാഹു തന്ന ആഹാരം സ്വല്‍പം നല്‍കുകയോ ചെയ്യൂ. അവര്‍ പ്രതികരിക്കും: തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കുകയും ഭൗതികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്ത സത്യനിഷേധികള്‍ക്ക് സ്വര്‍ഗത്തിലെ അന്നപാനീയങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട്, അവര്‍ ഈ ദിവസത്തെ അഭിമുഖീകരിക്കുമെന്ന് വിസ്മരിച്ചത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചത് പോലെ ഇന്നു നാം അവരെയും മറന്നുകളയുകയാണ്'(അല്‍അഅ്‌റാഫ്: 50,51).

2. ദുശ്ശാഢ്യം
സത്യവിശ്വാസത്തില്‍നിന്ന് മുഖം തിരിക്കുന്നതും അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കുന്നതും ഒരാളെ സന്മാര്‍ഗ വ്യതിചലനത്തിലേക്ക് കൊണ്ടെത്തിക്കും. അല്ലാഹു പറയുന്നു: ‘നമ്മുടെ എല്ലാ ദൃഷ്ടാന്തങ്ങളും ഫറോവക്ക് കാണിച്ചുകൊടുക്കുകതന്നെ ചെയ്തു. എന്നാല്‍ അവന്‍ വ്യാജമാക്കുകയും നിരസിക്കുകയുമാണുണ്ടായത്'(ത്വാഹ: 56).
ഒരു ന്യായീകരണത്തിനും(അത് കപട ന്യായീകരണമാണെങ്കില്‍ പോലും) ഇടമില്ലാത്ത അഹങ്കാരം കാരണം പരമ സത്യത്തിന് കീഴടങ്ങുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ശാരീരികാവസ്ഥയാണ് ദുശ്ശാഢ്യം. ദുശ്ശാഢ്യം മനുഷ്യനെ സന്മാര്‍ഗത്തെത്തൊട്ട് വഴിതിരക്കുമെന്ന് ഖുര്‍ആനില്‍ വളരെ വ്യക്തമായിത്തന്നെ അല്ലാഹു പറയുന്നുണ്ട്: ‘കാര്യമങ്ങനെയല്ല, നമ്മുടെ സൂക്തങ്ങളോട് അവന്‍ മാത്സര്യ മനസ്ഥിതി കാട്ടുകയാണുണ്ടായത്'(അല്‍മുദ്ദസിര്‍: 16). സന്മാര്‍ഗ വ്യതിചലനത്തെക്കുറിച്ചും മാര്‍ഗഭ്രംശം സംഭിവച്ചവരുടെ അതികഠിനമായ ദുശ്ശാഢ്യത്തെക്കുറിച്ചും അല്ലാഹു പറയുന്നതിങ്ങനെയാണ്: ‘ആകാശത്തില്‍ നിന്ന് അവര്‍ക്ക് നാമൊരു വാതില്‍ തുറന്നുകൊടുക്കുകയും അതിലൂടെ അവര്‍ കയറിക്കൊണ്ടിരിക്കുകയും ചെയ്താലും അവര്‍ തട്ടിവിടും: ഞങ്ങളുടെ ദൃഷ്ടികള്‍ക്ക് മത്തുപിടിച്ചിരിക്കുന്നു. അല്ല, ആഭിചാരവിധേയരായ ആളുകളാണ് ഞങ്ങള്‍'(അല്‍ഹിജ്ര്‍: 14,15). ‘നബിയെ, താങ്കള്‍ക്ക് നാം കടലാസിലെഴുതിയ ഒരു ഗ്രന്ഥം അവതരിപ്പിച്ചുതരികയും സ്വകരങ്ങള്‍കൊണ്ട് അവരത് സ്പര്‍ശിച്ച് ബോധ്യപ്പെടുകയും ചെയ്താലും ഇത് വ്യക്തമായ ആഭിചാരം മാത്രമാണെന്നാണ് നിഷേധികള്‍ ജല്‍പിക്കുക'(അല്‍അന്‍ആം: 7). ഖുറൈശികളുടെ ദുശ്ശാഢ്യം അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നുവെന്ന് അല്ലാഹു പറയുന്നു: ‘അല്ലാഹുവേ, ഈ ഖുര്‍ആന്‍ നിന്റെ പക്കല്‍ നിന്നുള്ള സത്യസന്ദേശമാണെങ്കില്‍ ആകാശത്ത് നിന്ന് ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കകയോ വേദനയുറ്റ ശിക്ഷ കൊണ്ടുവരുകയോ ചെയ്യൂ എന്ന് ആ നിഷേധികള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ'(അല്‍അന്‍ഫാല്‍: 32).
തങ്ങള്‍ നിര്‍ദേശിച്ച ആറ് ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഒന്നെങ്കിലും കൊണ്ട് വരാന്‍ സത്യനിഷേധികളായ ഖുറൈശികള്‍ അല്ലാഹുവിന്റെ റസൂലിനോട് കല്‍പിച്ചത് ദുശ്ശാഢ്യത്തിനുള്ള വ്യക്തമായ ഉദാഹരണമാണ്. ഒരുവേള അവര്‍ ചിന്തിച്ചിരുന്നെങ്കില്‍, ഖുര്‍ആനിലും ഈ പ്രപഞ്ചത്തിലും അവര്‍ തേടിയതിനെക്കാളും അസംഖ്യം അല്‍ഭുതങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ക്ക് കണ്ടെത്താമായിരുന്നു. സത്യനിഷേധികളായ ഖുറൈശികളെ ഉദ്ദരിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കുക: ‘അവര്‍ ജല്‍പിച്ചു: ഭൂമിയല്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ഉറവ ഒഴുക്കിത്തന്നാലെ നിന്നെ ഞങ്ങള്‍ വിശ്വസിക്കൂ. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടമുണ്ടാവുകയും അതിലൂടെ സമൃദ്ധമായ അരുവികളൊഴിക്കുകയും വേണം. അല്ലെങ്കില്‍ നീ പറയുന്നത് പോലെ ആകാശം ഞങ്ങള്‍ക്കു മീതെ ചിന്നഭിന്നമാക്കി വീഴ്ത്തുകയോ അല്ലാഹുവിനെയും മലക്കുകളെയും കൂട്ടം കൂട്ടമായി ഹാജറാക്കുകയോ നിനക്കൊരു സ്വര്‍ണത്തിന്റെ വീടുണ്ടാവുകയോ ചെയ്യണം. അതുമല്ലെങ്കില്‍ നീ വാനലോകത്ത് കയറിപ്പോകണം. എന്നാല്‍ ഞങ്ങള്‍ക്ക് പാരായണം ചെയ്യാവുന്ന ഒരു ഗ്രന്ഥം അവിടുന്ന് ഇറക്കിക്കൊണ്ട് വരുവോളം നിന്റെ വാനാരോഹണം ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല, തീര്‍ച്ച. നബിയെ, പ്രതികരിക്കുക: എന്റെ നാഥന്‍ മഹാ പരിശുദ്ധന്‍ തന്നെ, ദിവ്യദൂതനായ ഒരു മനുഷ്യന്‍ മാത്രമല്ലെ ഞാന്‍'(അല്‍ഇസ്‌റാഅ്: 9093).

3. അഹങ്കാരം
അഹങ്കാരവും സന്മാര്‍ഗഭ്രംശത്തിന് കാരണമാകുന്ന ദുസ്സ്വഭാവത്തില്‍ പെട്ടതാണ്. പ്രവാചകര്‍(സ്വ) പറഞ്ഞു: ‘അഹങ്കാരം സത്യത്തോട് കാണിക്കുന്ന പൊങ്ങച്ചമാണ്’. മഹാനായ ഇമാം നവവി പറയുന്നു: അഹങ്കാരമെന്നാല്‍ മറ്റു ജനങ്ങളെക്കാള്‍ താനുയര്‍ന്നവനാണെന്നുള്ള ഭാവത്തോടെ അവരെ നിന്ദിക്കലും സത്യത്തെ തള്ളിക്കളയലുമാണ്. വഴിപിഴക്കാനും പിഴപ്പിക്കാനും കാരണമാകുന്ന അഹങ്കരാത്തെയും അഹങ്കാരികളെയും ആക്ഷേപിക്കുന്ന ഒരുപാട് സൂക്തങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. സത്യനിഷേധികളെക്കുറിച്ച് അല്ലാഹു പറയുന്നു: ‘അല്ലാഹു അല്ലാതെ ഒരു ദൈവവും ഇല്ല എന്ന് പറയപ്പെടുമ്പോള്‍ അവര്‍ അഹന്ത നടിക്കുമായിരുന്നു'(അസ്സ്വാഫാത്ത്: 35). ‘നിങ്ങളുടെ ദൈവം ഏകനായ ദൈവമാകുന്നു. എന്നാല്‍ പാരത്രിക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ നിഷേധാത്മകമാണ്, അവര്‍ അഹങ്കാരികളുമാണ്'(അന്നഹ്ല്‍: 22).

അഹങ്കാരം കാരണം മാര്‍ഗഭ്രംശം സംഭവിച്ച യഹൂദികളെക്കുറിച്ച് അല്ലാഹു പറയുന്നു:’നാം മൂസാനബിക്ക് തൗറാത്ത് നല്‍കുകയും തനിക്കു ശേഷം തുടരെത്തുടരെ മുര്‍സലുകളെ നിയോഗിക്കുകയും ചെയ്തു. ഈസബ്‌നു മര്‍യമിന്ന് ദൃഷ്ടാന്തങ്ങള്‍ കൊടുക്കുകയും പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയുമുണ്ടായി. എന്നിട്ട്, നിങ്ങളിഷ്ടപ്പെടാത്ത കാര്യങ്ങളുമായി ഓരോ ദൂതന്‍ വരുമ്പോഴും നിങ്ങളഹങ്കരിക്കുകയും ചിലരെ വ്യാജരാക്കുകയും മറ്റു ചിലരെ വധിക്കുകയുമാണോ?'(അല്‍ബഖറ: 87).

പ്രവാചകനായ നൂഹ് നബിയുടെ സമുദായത്തെക്കുറിച്ച് നൂഹ് നബി പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ‘നിന്റെ പാപമോചനത്തിനായി ഞാനവരെ വിളിക്കുമ്പോഴെല്ലാം വിരലുകള്‍ ചെകിട്ടില്‍ തിരുകുകയും ഉടയാടകള്‍ കൊണ്ട് മൂടിപ്പുതക്കുകയും നിഷേധത്തിലുറച്ചുനില്‍ക്കുകയും മുരത്ത അഹങ്കാരപ്രകടനം നടത്തുകയുമാണവര്‍'(നൂഹ്: 7). നൂഹ് നബി ഉപദേശിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ കേള്‍ക്കാതിരിക്കാനും പ്രവാചകനെത്തന്നെ കാണാതിരിക്കാനും അവര്‍ ശ്രമിച്ചു. മറ്റു ചില സൂക്തങ്ങളില്‍ ഇങ്ങനെ കാണാം: ‘നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ ഇരുചെവികളിലും അടപ്പിട്ടതു പോലെ അത് കേള്‍ക്കാത്തവിധം അവന്‍ അഹങ്കരിച്ചു പിന്തിരഞ്ഞുകളയും. അതുകൊണ്ട് വേദനയുറ്റ ശിക്ഷയെപ്പറ്റി അവനു ശുഭവാര്‍ത്തയറിയിക്കുക'(ലുഖ്മാന്‍: 7).’അല്ലാഹുവിന്റെ സൂക്തങ്ങള്‍ തനിക്ക് പാരായണം ചെയ്യപ്പെടുന്നതവന്‍ ശ്രവിക്കുകയും എന്നിട്ട്, കേള്‍ക്കാത്തപോലെ അഹംഭാവിയായി ഉറച്ചുനില്‍ക്കുകയും ചെയ്കയാണവന്‍. അതിനാല്‍ വേദനാജനകമായ ശിക്ഷയെപ്പറ്റി അവന്ന് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക'(അല്‍ജാസിയ: 8). ‘വരൂ, റസൂല്‍ നിങ്ങള്‍ക്കായി പാപമോചന പ്രാര്‍ത്ഥന നടത്തിക്കൊള്ളും എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ അവര്‍ തല തിരച്ചുകളയുകയും അഹങ്കാര നാട്യത്തോടെ പിന്തിരഞ്ഞുപോകുന്നത് നീ കാണുകയും ചെയ്യും'(അല്‍മുനാഫിഖൂന്‍: 5). ഒരു വ്യക്തിയെ അയാളുടെ അഹങ്കാരം ദൈവിക സൂക്തങ്ങള്‍ കേള്‍ക്കാനും വിചിന്തനം നടത്താനും അനുവദിക്കാതിരിക്കുകയോ സന്മാര്‍ഗത്തിലേക്ക് വഴി നടക്കാന്‍ സമ്മതിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ അതവന്റെ ചിന്തയെ ബാധിക്കും. പിന്നീടവന് ഒരിക്കലും ദൈവിക സൂക്തങ്ങളില്‍ വിചിന്തനം നടത്താന്‍ സാധ്യമാവില്ല. അല്ലാഹു പറയുന്നു: ‘അന്യായമായി ഭൂമിയില്‍ അഹങ്കരിച്ചു നടക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചു കളയും. ദൃഷ്ടാന്തങ്ങളത്രയും കാണുകയാണെങ്കില്‍ തന്നെയും അവരതില്‍ വിശ്വസിക്കുകയില്ല. സന്മാര്‍ഗം കണ്ടാല്‍ അവരത് സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ, അതാണ് അവര്‍ വഴിയായി അംഗീകരിക്കുക. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും അവയെക്കുറിച്ച് അശ്രദ്ധരായിത്തീരുകയും ചെയ്തതിനാലാണിത്'(അല്‍അഅ്‌റാഫ്: 146).

4. ഐഹിക മോഹം
ലക്ഷ്യമേതുമില്ലാത്ത യാദൃശ്ചികതയാണ് ഈ ഇഹലോക ജീവിതമെന്ന ധാരണയും സന്മാര്‍ഗ വ്യതിചലനത്തിന് കാരണമാകുന്ന മറ്റൊരു കാര്യമാണ്. അത്തരം വികൃത വിശ്വാസക്കാരോടാണ് അല്ലാഹു ചോദിക്കുന്നത്: ‘നാം നിങ്ങളെ നിരര്‍ത്ഥകമായി പടച്ചു വിട്ടതാണെന്നും നമ്മുടെയടുത്തേക്ക് തിരിച്ചയക്കപ്പെടില്ലെന്നും നിങ്ങള്‍ വിചാരിച്ചിരിക്കുകയാണോ?'(അല്‍മുഅ്മിനൂന്‍: 115). ‘അല്ല, നിങ്ങള്‍ ക്ഷണികമായ ഭൗതിക ജീവിതം ഇഷ്ടപ്പെടുകയും പാരത്രിക ലോകം വിട്ടുകളയുകയും ചെയ്യുന്നു'(അല്‍ഖിയാമ: 20,21). ‘പാരത്രിക ലോകത്തേക്കാള്‍ ഐഹിക ജീവിതത്തെ സ്‌നേഹിക്കുകയും ദൈവിക മാര്‍ഗത്തില്‍ നിന്ന് മറ്റുള്ളവരെ പിന്തിരപ്പിക്കുകയും അതില്‍ വക്രതയുണ്ടാക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്ന നിഷേധികള്‍ക്ക് ഗുരുതരശിക്ഷ മൂലം മഹാനാശം തന്നെയാണ് വരാനിരിക്കുന്നത്'(ഇബ്രാഹീം: 3). ‘അതുകൊണ്ട് നമ്മുടെ ഖുര്‍ആനില്‍ നിന്ന് തിരിഞ്ഞുകളയുകയും ഐഹിക ജീവിതം മാത്രം ലക്ഷീകരിക്കുകയും ചെയ്തവരെ അങ്ങ് അവഗണിക്കുക'(അന്നജ്മ്: 29). ‘മൂസാനബി പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഫിര്‍ഔനും അവന്റെ വരിഷ്ടര്‍ക്കും ഭൗതിക ജീവിതാര്‍ഭാടങ്ങളും സമ്പത്തും നീ നല്‍കിയിട്ടുണ്ടല്ലോ. നാഥാ, അതുവഴി ജനങ്ങളെ നിന്റെ പാന്ഥാവില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ് അവരുടെ ശ്രമം. ഞങ്ങളുടെ രക്ഷിതാവേ, അവരുടെ സമ്പത്തുകള്‍ നീ ഉന്മൂലനം ചെയ്യുകയും ഹൃദയങ്ങള്‍ കഠിനതരമാക്കുകയും ചെയ്യേണമേ. അങ്ങനെ വേദനയുറ്റ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കാതിരിക്കട്ടെ'(യൂനുസ്: 88). ഇഹലോകത്തിന്റെ വഞ്ചനയില്‍ അകപ്പെട്ട് പോയ സത്യനിഷേധികളെ എടുത്തുദ്ദരിച്ച് അല്ലാഹു പറയുന്നു: ‘അതുകൊണ്ട്, ഇന്ന് അവിടെ നിന്നവര്‍ പുറത്തേക്ക് വിടപ്പെടുകയോ പ്രായശ്ചിത്തമര്‍ത്ഥിക്കപ്പെടുകയോ ചെയ്യില്ല'(അല്‍ജാസിയ: 35). ഇഹലോകത്തോടുള്ള അടങ്ങാത്ത ദാഹം അവനെയതില്‍ പരിലസിക്കാന്‍ പ്രേരിപ്പിക്കും. ആഢംബരങ്ങളില്‍ അഭിരമിക്കാന്‍ മോഹിപ്പിക്കും. അതവന്റെ സ്വഭാവത്തെ ദുഷിപ്പിക്കും. വികാരങ്ങളെ അപരിഷ്‌കൃതമാക്കും. രക്ഷാമാര്‍ഗ്ഗങ്ങളെയത് കൊട്ടിയടക്കും. നൈര്‍മല്യമാര്‍ന്ന ഹൃദയത്തെ നശിപ്പിച്ച് കളയും. ആഢംബര പ്രേമികള്‍ അവരുടെ ആഢംബരത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയും അല്ലാഹുവിന്റെ ദൂതന്മാരെ നിഷേധിക്കുകയും ചെയ്ത സാഹചര്യം അല്ലാഹു വ്യക്തമാക്കുന്നു: ‘നാം സുരക്ഷിതരാക്കിയ ഏതാനും പേരൊഴികെ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നത് പ്രതിരോധിക്കുന്ന ശ്രേഷ്ഠപൈതൃകമുള്ള ഒരു വിഭാഗം പരിഷ്‌കര്‍ത്താക്കള്‍ നിങ്ങളുടെ പൂര്‍വ തലമുറകളില്‍ എന്തുകൊണ്ട് ഉടലെടുത്തില്ല? എന്നാല്‍ പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് ലഭിച്ച സുഖാഡംബരങ്ങളില്‍ മുഴുകുകയാണുണ്ടായത്, അധര്‍മ്മകാരികളായിരുന്നു അവര്‍'(ഹൂദ്: 116). ‘ഏതൊരു രാജ്യത്ത് താക്കീതുകാരനായ ദൂതനെ നാം നിയോഗിച്ചപ്പോഴും അവിടുത്തെ സുഖലോലുപന്മാര്‍ ഇങ്ങനെ ജല്‍പിക്കാതിരുന്നിട്ടില്ല; ഏതൊരു ദര്‍ശനവുമായി നിങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നുവോ അതിനെ ഞങ്ങള്‍ നിഷേധിക്കുന്നവര്‍ തന്നെയാണ്, തീര്‍ച്ച'(സബഅ്: 34).

5. സ്വേച്ഛയെ പിന്തുടരല്‍
ശാരീരിക വികാരങ്ങളോട് ഉന്മുഖത കാണിക്കുന്നതിനാണ് സ്വേച്ഛയെന്ന് പറയുന്നത്. സ്വേച്ഛ മനുഷ്യനെ തിന്മയിലേക്കും അതുവഴി മാര്‍ഗഭ്രംശത്തിലേക്കും കൊണ്ടെത്തിക്കുമെന്ന് അല്ലാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്: ‘അല്ലാഹുവിന്റെ മാര്‍ഗദര്‍ശനങ്ങളൊന്നുമില്ലാതെ, സ്വേച്ഛകള്‍ പിന്തുടര്‍ന്നവനേക്കാള്‍ ദുര്‍മാര്‍ഗി ആരുണ്ട്. അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗദര്‍ശനം ചെയ്യില്ല തന്നെ'(അല്‍ഖസ്വസ്: 50). ‘അല്ലാഹുവിന്റെ നാമത്തിലറുക്കപ്പെട്ടതില്‍ നിന്ന് ആഹരിക്കുന്നതിന് നിങ്ങള്‍ക്ക് എന്തുണ്ട് കുഴപ്പം? അവനാകട്ടെ, നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് പ്രതിപാദിച്ചു തന്നിട്ടുമുണ്ടല്ലോ, ഭക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. അധികപേരും ഒരുവിധ ജ്ഞാനവുമില്ലാതെ സ്വേച്ഛാനുസൃതം മറ്റുള്ളവരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്. അതിക്രമികളെക്കുറിച്ച് താങ്കളുടെ നാഥന്‍ സൂക്ഷ്മജ്ഞന്‍ തന്നെ'(അല്‍അന്‍ആം: 119). ‘സ്വേച്ഛയെ നീ അനുധാവനം ചെയ്യരുത്. അങ്ങനെ വന്നാല്‍ അല്ലാഹുവിന്റെ പാന്ഥാവില്‍ നിന്ന് താങ്കളെയത് വ്യതിചലിപ്പിച്ചുകളയുന്നതാണ്. ദൈവിക മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിപ്പോകുന്നവര്‍ക്ക് അവര്‍ വിചാരണാദിനത്തെ മറന്നു കളഞ്ഞതുമൂലം കഠിനശിക്ഷ തന്നെയാണുണ്ടാവുക'(സ്വാദ്: 26). ‘സ്വേച്ഛയെ ദൈവമാക്കി വെച്ചവനെ താങ്കള്‍ കണ്ടിട്ടുണ്ടോ? അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെ അവനെ ദുര്‍മാര്‍ഗിയാക്കുകയും കാതിനും ഹൃദയത്തിനും മുദ്രചാര്‍ത്തുകയും ദൃഷ്ടിക്കുമേല്‍ ആവരണമിടുകയും ചെയ്തിട്ടുണ്ട്. ഇനി അല്ലാഹു അല്ലാതെ ആരാണവനെ സന്മാര്‍ഗ ദര്‍ശനം നടത്തുക? വസ്തുത ഇതായിട്ടും നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?'(അല്‍ജാസിയ: 23).

മുന്‍കാല സമുധായങ്ങളും ഇത്തരം പ്രവര്‍ത്തികളുമായി വ്യാപൃതരായിരുന്നു. അവര്‍ അവരുടെ സ്വേച്ഛകളെ പിന്തുടര്‍ന്നത് പോലെത്തന്നെ വരുംകാല സമുധായങ്ങളിലും ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അല്ലാഹു പറയുന്നു: ‘തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേച്ഛകളില്‍ നിന്ന് ഉപരോധിച്ച് നിര്‍ത്തുകയും ചെയ്തതാരോ അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ്'(അന്നാസിആത്ത്: 40,41).
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ വിധി കല്‍പിക്കുമ്പോള്‍ നീതിയും സത്യസന്തതയും പാലിക്കണമെന്ന് ദാവൂദ് നബിയോട് അല്ലാഹു കല്‍പ്പിക്കുന്നുണ്ട്. കാരണം, സ്വേച്ഛയെ പിന്തുടര്‍ന്ന് വിധി കല്‍പിച്ചാല്‍ അത് അല്ലാഹുവിന്റെ സത്യമാര്‍ഗത്തെത്തൊട്ട് അവനെ വഴിതിരിച്ചേക്കാം. അങ്ങനെയവന്‍ മാര്‍ഗഭ്രംശം സംഭവിച്ചവരില്‍ പെട്ടുപോയേക്കാം. അല്ലാഹു പറയുന്നു: ‘സ്വേച്ഛയെ നീ അനുധാവനം ചെയ്യരുത്. അങ്ങനെ വന്നാല്‍ അല്ലാഹുവിന്റെ പാന്ഥാവില്‍ നിന്ന് താങ്കളെയത് വ്യതിചലിപ്പിച്ചുകളയുന്നതാണ്. ദൈവിക മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിപ്പോകുന്നവര്‍ക്ക് അവര്‍ വിചാരണാദിനത്തെ മറന്നു കളഞ്ഞതുമൂലം കഠിനശിക്ഷ തന്നെയാണുണ്ടാവുക'(സ്വാദ്: 26).
സ്വേച്ഛയെ പിന്തുടരുന്നവരെ താക്കീത് ചെയ്തു കൊണ്ട് അവതീര്‍ണ്ണമായ സൂക്തങ്ങളില്‍ പെട്ടതാണ് ഈ സൂക്തവും: ‘സത്യവിശ്വാസികളെ, നിങ്ങള്‍ കണിശരായ നീതിപാലകരാവുകയും അല്ലാഹുവിന് വേണ്ടിയുള്ള സാക്ഷികളാവുകയും ചെയ്യുക. അത് നിങ്ങള്‍ക്ക് തന്നെയോ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായാലും ശരി. അവന്‍ ധനികനോ ദരിദ്രനോ ആയാലും അവരിരുവരോടും ഏറ്റം ബന്ധപ്പെട്ടവന്‍ അല്ലാഹുവാണ്. അതുകൊണ്ട് നീതിയെ കൈവിട്ട് സ്വേച്ഛയെ നിങ്ങള്‍ പിന്തുടരരുത്. വളച്ചൊടിച്ച് പറയുകയോ സാക്ഷ്യത്തില്‍ നിന്ന് പിന്തിരിയുകയോ ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനയാകുന്നു'(അന്നിസാഅ്: 135). ‘നബിയേ, പറയുക: ഹേ വേദക്കാരെ, സത്യസമേതമല്ലാതെ മതകാര്യത്തില്‍ നിങ്ങള്‍ അതിര് കവിയരുത്. നേരത്തെ തന്നെ മാര്‍ഗഭ്രംശം സംഭവിച്ചു പോവുകയും ചെയ്ത ഒരു ജനതയുടെ സ്വേച്ഛകള്‍ താങ്കള്‍ പിന്‍പറ്റുകയുമരുത്'(അല്‍മാഇദ: 77).

സ്വേച്ഛയുടെ ഭവിഷത്ത് വ്യക്തമാക്കുന്ന ഒരുപാട് സൂക്തങ്ങളുണ്ട്. ആദ്യം അത് തിന്മയിലേക്കും പിന്നീടത് ഭുവനവാനങ്ങള്‍ക്കിടയിലെ സര്‍വതിന്റെയും നാശത്തിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കും. അതാണ് അല്ലാഹു പറഞ്ഞത്: ‘സത്യപ്രസ്ഥാനം അവരുടെ സ്വേച്ഛകളനുസരിച്ചായിരുന്നെങ്കില്‍ ഭുവനവാനങ്ങളും അവയിലുള്ളവരും ശിഥിലമായേനെ. വസ്തുതയതല്ല, അവര്‍ക്കുള്ള ഉദ്‌ബോധനവുമായി നാമവരെ സമീപിച്ചു. പക്ഷേ, ആ ഉദ്‌ബോധനത്തില്‍ നിന്ന് അവര്‍ വ്യതിചലിച്ച് പോവുകയാണ്'(അല്‍മുഅ്മിനൂന്‍: 71).
സുസ്ഥിരമായ സത്യമാര്‍ഗം ഒന്നേയുള്ളൂ. പക്ഷെ, സ്വേച്ഛ അസ്ഥിരമായ പലതാണ്. ഏക സത്യപ്രസ്ഥാനം കൊണ്ട് ഈ പ്രപഞ്ചത്തെ മുഴുവനും നിയന്ത്രിക്കാം. എന്നാല്‍ പ്രപഞ്ചം സ്വേച്ഛക്ക് വഴിപ്പെട്ടാല്‍ അത് മുഴുവനും താമസിയാതെത്തന്നെ ശിഥിലമായി പോകും. സര്‍വ ജനങ്ങളെയും അത് നശിപ്പിക്കും. സന്തുലിതാവസ്ഥയെയത് താറുമാറാക്കും. കണക്കുകൂട്ടലുകളെല്ലാം പിഴക്കും. ദേഷ്യത്തിനും സംതൃപ്തിക്കും സ്‌നേഹത്തിനും കോപത്തിനുമിടയിലത് ആടിയുലയും. പ്രപാഞ്ചിക ഘടനയാണെങ്കില്‍ സുസ്ഥിരതയും സന്തുലിതാവസ്ഥയും മത്രമാണ് ആഗ്രഹിക്കുന്നത്.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. mugtama.com

Facebook Comments
Related Articles

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.
Close
Close