Your Voice

ഡല്‍ഹിയിലെ വായു മലിനീകരണം: ചില നിര്‍ദേശങ്ങള്‍

ഡല്‍ഹിയിലെ വായു മലിനീകരണം മൂലം മരണപ്പെടുന്നവരുടെ കണക്കുകള്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ആശുപത്രികള്‍ ഔദ്യോഗിക രേഖയായി സൂക്ഷിക്കുകയോ ചെയ്യാറില്ല എന്നത് വസ്തുതയാണ്. എന്നാല്‍ പോലും വര്‍ഷത്തില്‍ ശ്വാസകോശ സംബന്ധമായി മരണപ്പെടുന്നവരുടെ കണക്കെടുത്താല്‍ അവയുടെ യഥാര്‍ത്ഥ കാരണമായി പറയുന്നത്, വായുവില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗമാണെന്നത് കണ്ടെത്തിയ വസ്തുതയാണ്. വായു മലിനീകരണ തോത് കൂടുമ്പോള്‍ എത്രയും വേഗത്തില്‍ ഈ നഗരം വിടുക എന്ന മുന്നറിയിപ്പാണ് ഡല്‍ഹിയിലെ പല ഹോസ്പിറ്റലുകളില്‍ നിന്നും രോഗികള്‍ക്ക് നല്‍കാറുള്ളത്. ലോക ആരോഗ്യ സംഘടനയുടെ 2016ലെ കണക്കു പ്രകാരം മൂന്ന് മില്ല്യന്‍ ജനങ്ങളാണ് വായു മലിനീകരണത്താല്‍ ലോകത്ത് മരണപ്പെട്ടത്. യുറോപ്പ്യന്‍ യൂണിയന്‍ ലോക ആരോഗ്യ സംഘടനയുമായി ചേര്‍ന്ന് നടപ്പാക്കുന്ന നഗര നവീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രഥമ മുന്‍ഗണന കൊടുത്തത് നഗരങ്ങളിലെ വായു മലിനീകരണ നിയന്ത്രണ സാധ്യതകളെ കുറിച്ചായിരുന്നു.

വായു മലിനീകരണം നിയന്ത്രണവിധേയമാക്കാന്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കി അവ നഗരത്തിലെ ഫാക്ടറികള്‍, കമ്പനികള്‍ അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നടപ്പാക്കാനുള്ള ഉചിതമായ ഇടപെടലുകള്‍ നടത്തുകയാണ് ഇന്ന് യൂറോപ്യന്‍ യൂണിയന്‍. നഗരങ്ങളുടെ വികസനമാണ് കാലാവസ്ഥ വ്യതിയാനമായി പഠനങ്ങള്‍ ഉന്നയിക്കപെടുന്ന പ്രധാന കാരണങ്ങളിലൊന്ന്. നഗരത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന വലിയ കമ്പനികളുടെയും, ഫ്‌ളാറ്റുകളുടെയും നിര്‍മ്മാണ ശൈലികള്‍, അവ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍, തുടങ്ങിയ ഘടകങ്ങള്‍ പോലും കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

കേവലം വനനശീകരണവും, മണ്ണൊലിപ്പും മാത്രമല്ലെന്ന് സാരം. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ സംഭവിക്കുന്ന വൈരുദ്ധ്യ പ്രതിഭാസം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പച്ചപ്പ് നിലനില്‍ക്കുന്ന തലസ്ഥാന നഗരിയാണ് ഡല്‍ഹി. അതേസമയം ലോകത്തില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ തലസ്ഥാന നഗരികളില്‍ ഒന്നാം സ്ഥാനവും ഡല്‍ഹിക്കാണ്. Walking Street എന്ന് വിളിക്കപ്പെടുന്ന നഗര നവീകരണ രീതികള്‍ എത്രയോ മുന്‍പ് തന്നെ യൂറോപ്പിലെ പ്രമുഖ തലസ്ഥാന നഗരികളെല്ലാം പ്രയോഗത്തില്‍ കൊണ്ടുവന്ന് കഴിഞ്ഞു. നഗരത്തിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായ് നിരോധനം ഏര്‍പ്പെടുത്തുകയാണ് ആദ്യഘട്ടമായി ചെയ്തത്. തുടര്‍ന്ന് അവിടങ്ങളില്‍ നിലനില്‍ക്കുന്ന ചരിത്ര സ്മാരകങ്ങള്‍, പ്രധാന സമുച്ചയങ്ങള്‍ എന്നിവയിലേക്ക് എത്തിച്ചേരുന്ന ഇടങ്ങള്‍ വളരെ ഭംഗിയില്‍ കല്ല് വിരിച്ചു മനോഹരമാക്കി സംവിധാനിക്കുകയാണ് രണ്ടാം ഘട്ടം.

കാല്‍നട യാത്രക്കായി മാത്രം വ്യവസ്ഥാപിതമായ പാതകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടിവിടെ. യൂറോപ്പിലെ ഹെറിട്ടേജ് യാത്രകള്‍ ഏറെക്കുറയും ഹെരിട്ടെജ് walk കളാണ്. യൂറോപ്പിലെ ഒരു നഗര പ്രദേശത്തും വൃത്തിഹീനമായ ഓടകളെ സന്ദര്‍ശകര്‍ക്ക് കാണുക പ്രയാസമായിരിക്കും, അവയെല്ലാം വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ സജ്ജീകരിക്കപെട്ടിരിക്കുന്നു. മാത്രമല്ല കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്ന വൃക്ഷങ്ങളെ വെട്ടിയൊതുക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംവിധാനിച്ചിരിക്കുന്നു. മറ്റൊന്ന് സൈക്കിളിന്റെ ഉപയോഗമാണ്. യൂറോപ്പിലെ പ്രധാന നഗരങ്ങളെല്ലാം ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന യാത്രാ സംവിധാനമാണ് സൈക്കിള്‍. സൈക്കിള്‍ യാത്രക്കായി പ്രത്യേകമായ പാതകള്‍ വലിയ റോഡുകളോട് ചേര്‍ന്ന് നിര്‍മ്മിക്കപെട്ടിരിക്കും. അതോടൊപ്പം ഇലക്ട്രിക് വാഹന വിപണികള്‍ തുടങ്ങാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കമ്പനികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

ഡല്‍ഹിയുടെ ചരിത്ര സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുക. ഓരോ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഇലക്ട്രിക് സംവിധങ്ങളിലേക്ക് മാറ്റുക. മരങ്ങള്‍ വെച്ച് പിടിപ്പിച്ചു നഗരത്തില്‍ ഓക്‌സിജന്റെ അളവ് നിലനിര്‍ത്തുക. നഗര ഹൃദയത്തില്‍ നിലവിലുള്ള കുളങ്ങള്‍, വലിയ കനാലുകള്‍ വൃത്തിയാക്കി ആകര്‍ഷകമാക്കുക. മാത്രമല്ല ഡല്‍ഹിയുടെ ചരിത്രത്തില്‍ സുസ്ഥിര വികസനത്തിനായി പ്രയോഗത്തില്‍ കൊണ്ടുവന്ന സംവിധങ്ങളെ നൂതനമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. പൊതുഗതാഗത സംവിധാനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമാക്കുക, കൂടുതല്‍ പൊതു സംവിധനങ്ങള്‍ നഗര കഴ്ചകകള്‍ക്കായി സര്‍ക്കാര്‍ സജ്ജീകരിക്കുക. പൊട്ടിയൊഴുകുന്ന അഴുക്കുചാല്‍ സംവിധാനങ്ങള്‍ക്ക് അടിയന്തരമായ പരിഹാരം വിദേശ രാജ്യങ്ങളിലെ സുസ്ഥിര വികസന മാതൃകകളിലൂടെ കണ്ടെത്തുക. ഡല്‍ഹിയിലെ പ്രധാന അഞ്ചു ചരിത്ര പ്രദേശങ്ങളെങ്കിലും നവീകരിക്കാനുള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക. പിന്നീട് അതിനെ മറ്റിടങ്ങളിലേക്ക് കൂടി വ്യപിപ്പിക്കുക. സുസ്ഥിര വികസനം മുന്‍ നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി ഗവേഷകരെ വളര്‍ത്തിയെടുക്കുക. പൊതു നിരത്തുകള്‍ വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈ കൊള്ളുക എന്നിവ നടപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായി ടൂറിസം, സുസ്ഥിര വികസനം തുടങ്ങിയവയില്‍ ഇന്ത്യ വലിയ കരാറുകള്‍ ഒപ്പിടുമ്പോഴും പരിസ്ഥിതി സംരക്ഷണം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ എന്ത് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ കഴിയുന്നില്ല?. ടൂറിസത്തിന്റെ അനന്ത സാധ്യത പഠനങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്ന നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ട് വെച്ച പഠന റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ ഇതുവരെയും കൈകൊണ്ട തീരുമാനങ്ങള്‍ എന്തെല്ലാമെന്ന് പറയേണ്ട ധാര്‍മിക ചുമതല ഇവിടത്തെ മാറി വരുന്ന സര്‍ക്കാരുകള്‍ക്കുണ്ട്. അത് നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്നാണ് ഈ ഘട്ടത്തില്‍ പറയാനുള്ളത്.

Facebook Comments
Related Articles
Show More

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Close
Close