Current Date

Search
Close this search box.
Search
Close this search box.

ആഴക്കടലിലെ ഇരുട്ടുകൾ

എം.എം.അക്ബർ – ഇ.എ.ജബ്ബാർ സംവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഖുർആനിലെ അന്നൂർ അദ്ധ്യായത്തിലെ ആഴക്കടലിലെ ഇരുട്ടുകളെക്കുറിച്ച സൂക്തം സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. ആറാം നൂറ്റാണ്ടിലെ അറബികൾക്കറിയാത്തതും ശാസ്ത്രം പിന്നീട് കണ്ടെത്തിയതുമായ എന്തെങ്കിലും അറിവ് ഖുർആനിലുണ്ടെന്ന് തെളിയിക്കാമോ എന്ന ജബ്ബാറിൻ്റെ പരസ്യ വെല്ലുവിളിക്കുള്ള മറുപടി ആയിട്ടാണ് അക്ബർ സാഹിബ് ഈ സൂക്തം ഉദ്ധരിച്ചത്. ഖുർആനിലെ മനുഷ്യനും പ്രപഞ്ചവുമായി ബന്ധപ്പെട്ട പല പരാമർശങ്ങളും ശാസ്ത്ര വിരുദ്ധമാണെന്ന് വാദിച്ചു കൊണ്ട് ഖുർആൻ ദൈവികമല്ല എന്ന് സ്ഥാപിക്കാനാണ് സംവാദത്തിലുടനീളം ജബ്ബാർ ശ്രമിച്ചത്. ഇതിനെ ശാസ്ത്രീയമായ അറിവുകൾ കൊണ്ട് അക്ബർ സാഹിബ് വിദഗ്ദ്ധമായി കൈകാര്യം ചെയ്തു. ആധികാരികമായ അറിവിൻ്റെയും സത്യസന്ധതയുടെയും മുന്നിൽ ജബ്ബാറിൻ്റെ നുണകളും ദുർവ്യാഖ്യാനങ്ങളും സ്ഥിരം ഉഡായിപ്പുകളും തകർന്നടിയുന്നതാണ് സംവാദത്തിൽ നേർക്ക് നേരെ കാണാനായത്. ആറാം നൂറ്റാണ്ടിലെ അറബികൾക്കറിയാവുന്ന കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമല്ലാതെ ഒന്നും ഖുർആനിലില്ല എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന ജബ്ബാർ താനുൾപ്പെടെയുള്ള നിഷേധികളെക്കുറിച്ച് ഖുർആൻ ഉപയോഗിച്ച അർത്ഥസമ്പുഷ്ടമായ ഒരു ഉപമ വിശദീകരിക്കാൻ വേണ്ടി തഫ്സീറുകൾ പരതുന്നത് കണ്ടപ്പോൾ സഹതാപം തോന്നി. ‘ആറാം നൂറ്റാണ്ടിലെ കെട്ടുകഥകൾ മാത്രമുള്ള’ ഒരു ഗ്രന്ഥത്തെ വിമർശിക്കാൻ വേണ്ടി ഇരുപത്തൊന്നാം നൂറ്റാണ്ടിലും തന്നെ പോലുള്ളവർ രാപ്പകൽ ഭേദമന്യേ പണിയെടുക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ് എന്നെങ്കിലും ജബ്ബാറിന് ആലോചിച്ച് നോക്കാമായിരുന്നു.

സംവാദമല്ല എൻ്റെ വിഷയം. ഖുർആൻ ദൈവപ്രോക്തമാണെന്ന് തെളിയിക്കാൻ ശാസ്ത്രസത്യങ്ങളുടെ പിന്തുണ ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഖുർആൻ്റെ ഭാഷയും ശൈലിയും ആശയങ്ങളും ലോകത്ത് അത് സൃഷ്ടിച്ച പരിവർത്തനവും മാത്രം മതി അതിന് തെളിവായി. ഒരു ശാസ്ത്ര കുതുകിയുടെ ചിന്തയെ തൊട്ടുണർത്തുന്ന ധാരാളം വിവരണങ്ങൾ ഖുർആനിലുണ്ട്. ശാസ്ത്രീയമായ അറിവുകൾ വെച്ച് കൊണ്ട് അത് പഠിക്കുകയും വായിക്കുകയും ചെയ്യാം. പക്ഷെ, ശാസ്ത്രമല്ല, ദൈവവചനമാണ് അറിവിൻ്റെ അന്തിമമായ ഉറവിടം എന്ന ബോധത്തോടെയായിരിക്കണം ഇത്തരം പഠനങ്ങൾ.

സൂറത്തുന്നൂറിലെ പരാമൃഷ്ട സൂക്തങ്ങളും അതിന് മുമ്പും ശേഷവുമുള്ള സൂക്തങ്ങളും വായിക്കേണ്ടതും അതിലൂടെ ആവിഷ്കരിക്കപ്പെടുന്ന ആശയത്തിൽ ശ്രദ്ധയൂന്നിക്കൊണ്ടാണ്. “അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും വെളിച്ചമാണ് ” എന്ന വചനം കൊണ്ട് തുടങ്ങുന്ന സൂക്തങ്ങൾ അല്ലാഹുവിൻ്റെ വെളിച്ചത്തെ മനോഹരമായ ഒരു ഉപമയിലൂടെ ചിത്രീകരിക്കുന്നു. “വെളിച്ചത്തിന് മേൽ വെളിച്ചം. അല്ലാഹു അവൻ ഇഛിക്കുന്നവരെ അവൻ്റെ വെളിച്ചത്തിലേക്ക് വഴി കാണിക്കുന്നു” (35) എന്ന് പറഞ്ഞ് കൊണ്ടാണ് ഈ ഉപമ അവസാനിക്കുന്നത്. തുടർന്ന് അല്ലാഹുവിൻ്റെ വെളിച്ചം കൊണ്ട് അനുഗൃഹീതരായ വിശ്വാസികളെക്കുറിച്ച് പറയുന്നു.

അല്ലാഹുവിൻ്റെ ഭവനങ്ങളിൽ രാവിലെയും വൈകുന്നേരവും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നവരത്രെ അവർ. “വ്യാപാരമോ കൊള്ളക്കൊടുക്കകളോ ഒന്നും അല്ലാഹുവിനെ സ്മരിക്കുന്നതിൽനിന്നും നമസ്‌കാരം നിലനിർത്തുന്നതിൽനിന്നും സകാത്തു നൽകുന്നതിൽനിന്നും അവരെ അശ്രദ്ധരാക്കുന്നില്ല. മനസ്സുകൾ താളംതെറ്റുകയും ദൃഷ്ടികൾ പതറിപ്പോവുകയും ചെയ്യുന്ന ഒരു ദിനത്തെ ഭയപ്പെടുന്നവരാണവർ.” (37) തുടർന്നു ദൈവനിഷേധികളെക്കുറിച്ചു പറയുന്നേടത്താണ് സംവാദത്തിൽ ഉദ്ധരിക്കപ്പെട്ട സൂക്തങ്ങൾ കടന്ന് വരുന്നത്‌. ആ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്‌:

“നിഷേധികളോ, അവരുടെ കർമങ്ങൾ മരുഭൂമിയിലെ കാനൽപോലെയാകുന്നു. ദാഹാർത്തൻ അത് വെള്ളമെന്നു നിനച്ചു. അതിലേക്ക് അടുത്തപ്പോഴോ ഒന്നും കണ്ടില്ല……. അല്ലെങ്കിൽ ആഴമേറിയ കടലിലെ ഇരുട്ടുകളെപ്പോലെ. തിരമാലകൾ (ആഴക്കടലിനെ) പൊതിയുന്നു. തിരകൾക്ക് മേൽ തിര. അതിനുമീതെ മേഘം. ഒന്നിനു മേൽ ഒന്നായി ഇരുട്ടിൻ്റെ പാളികൾ. ഒരാൾ കൈ പുറത്തെടുത്താൽ അതുപോലും കാണാനാവാത്തവിധം. അല്ലാഹു ആർക്കു വെളിച്ചം നൽകുന്നില്ലയോ, അവനു പിന്നെ ഒരു വെളിച്ചവുമില്ല” (39, 40)

നാസ്തികർ ഉൾപ്പെടെയുള്ള ദൈവനിഷേധികളുടെയും ദൈവ ധിക്കാരികളുടെയും അവസ്ഥയാണ് രണ്ട് ഉപമകളിലൂടെ ഖുർആൻ ആവിഷ്കരിക്കുന്നത്. ഒന്ന് സൂര്യ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന മരുഭൂമിയിലെ കാനൽജലം പോലെ വ്യർത്ഥമോഹങ്ങൾ, വൃഥാവിലായ കർമങ്ങൾ. പൊടുന്നനെ സൂര്യവെളിച്ചത്തിൽ നിന്ന് ആഴക്കടലിലെ കനത്ത ഇരുട്ടിലേക്ക് ഇമേജറി തെന്നി മാറുന്നു. വിരുദ്ധബിംബങ്ങളുടെ സമന്വയത്തിലൂടെ ഉപമയുടെ പരഭാഗശോഭ പതിൻമടങ്ങ് വർദ്ധിക്കുന്നു. ഇരുട്ടിൻ്റെ മേൽ ഇരുട്ട്. തിരമാലകൾക്ക് മേൽ തിരമാലകൾ. ഉപരിതലത്തിലെ തിരമാലകൾക്ക് മേൽ ഇരുട്ടിന് പിന്നെയും കട്ടി കൂട്ടുന്ന മേഘപാളികൾ. ആഴക്കടലിലെ ഇരുട്ടിനെയും തിരമാലകളെയും കുറിച്ച ശാസ്ത്രീയമായ അറിവ് ഇല്ലാത്തവർക്ക് പോലും ഒറ്റ വായനയിൽ ഭാവനയിലേക്ക് കടന്ന് വരുന്ന കനത്ത ഇരുട്ട്. വാക്കുകളുടെയും പദഘടനയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, വായിക്കുന്നവരുടെ അറിവും ചിന്തയുമനുസരിച്ച് പുതിയ അർത്ഥതലങ്ങൾ ഉരുത്തിരിഞ്ഞു വരുന്ന ആവിഷ്കാര ശൈലി. ശാസ്ത്രീയമായ പുതിയ അറിവുകൾക്കും കണ്ടെത്തലുകൾക്കും അനുപൂരകമായി ഭവിക്കുന്ന വിവരണങ്ങൾ. അതെസമയം ഏതെങ്കിലും കാലത്തെ അറിവിൽ തളച്ചിടാൻ കഴിയാത്ത തരത്തിലുള്ള കാലാതിവർത്തിയായ ഭാഷ. ഇതാണ് ഖുർആൻ്റെ വിവരണങ്ങളുടെ സവിശേഷത.

ചിന്തയെ മഥിക്കുന്ന ഉപമകളിലൂടെ, ഇമേജറികളിലൂടെ വിശ്വാസിയുടെയും അവിശ്വാസിയുടെയും അവസ്ഥകൾ തമ്മിലുള്ള അന്തരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് മേൽ സൂക്തങ്ങളിൽ. ആകാശഭൂമികളിലുടനീളം ഒളിവീശി നിൽക്കുന്ന അല്ലാഹുവിൻ്റെ വെളിച്ചത്തിൽ നിന്ന് മുഖം തിരിച്ചവനാണ് ദൈവനിഷേധി, നാസ്തികൻ. പ്രപഞ്ചതാളത്തിൽ നിന്ന് വ്യതിചലിച്ചവൻ. സ്രഷ്ടാവായ ദൈവം മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ സൃഷ്ടികളിലും സന്നിവേശിപ്പിച്ച സഹജമായ ദൈവബോധത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടവൻ. ഖുർആൻ തുടർന്ന് പറയുന്നത് ശ്രദ്ധിക്കുക: “നീ കാണുന്നില്ലെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് സ്തുതികീർത്തനം ചെയ്യുന്നത്. ചിറകു വിടർത്തിപ്പറക്കുന്ന പറവകളും. ഓരോന്നിനുമറിയാം അതിൻ്റെ സ്വലാത്തും തസ്ബീഹും. അവർ ചെയ്യുന്നതിനെക്കുറിച്ച് നന്നായി അറിയുന്നവനത്രെ അല്ലാഹു.” (41). ദൈവം എല്ലാ സൃഷ്ടികൾക്കും പഠിപ്പിച്ചു കൊടുത്ത പ്രാർത്ഥനയുടെ മന്ത്രങ്ങൾ പഠിച്ചെടുക്കാൻ കഴിയാതെ പോയവനാണ് ദൈവനിഷേധിയായ മനുഷ്യൻ. ധാർഷ്ട്യം കൊണ്ടും ധിക്കാരം കൊണ്ടും ദൈവത്തെ മാത്രമല്ല, സ്വന്തം പ്രകൃതത്തെയും നിഷേധിക്കുന്നവൻ. നിഷേധത്തിനും ധിക്കാരത്തിനും നുണകളിലൂടെയും കുബുദ്ധിയിലൂടെയും ന്യായീകരണം കണ്ടെത്തുന്നവൻ. ആഴക്കടലിലെ ഇരുട്ടു പോലെ ഇരുണ്ടുപോയിരിക്കുന്നു അവരുടെ ഹൃദയങ്ങൾ!

Related Articles